Wednesday, December 12, 2012

ആത്മാവിന്റെ ചിറകടി

ആത്മാവിന്റെ ചിറകടി
ബന്ധനം കൂടുവിട്ടു
അപരാം അനന്തത
ജ്വലിക്കും സുര്യതേജസ്സ്

അനാഥം ശരീരം
കൂടൊഴിഞ്ഞു കിളികള്‍
പുതിയ കൂടുകള്‍ തേടി
ഒരുങ്ങണം പുതുശരീരം

കണക്കുകൂട്ടലുകള്‍
തലകുത്തിമറയുന്നു
വിചാരങ്ങള്‍ വെറും
കനലില്ലാചാരമാകുന്നു

ഓരോ കൂട്ടിലും അഭയമായി
കൂടും കൂട്ടരും ഭാരമായി
ബന്ധവും ബന്ധനവും
ബാധ്യതയുമില്ലാതെ

കാറ്റ് വീശിയകലുന്നു
തിരമാലപ്പൊട്ടിതറുന്നു
മരുഭൂമി മന്ത്രമുരുക്കുന്നു
മേഘങ്ങള്‍ തൊട്ടിലുറങ്ങുന്നു

സര്‍വ്വം സ്വതന്ത്രം
നിസ്സംഗം നിത്യവും
വേണം മന:ശ്ശാന്തി
ശരീരത്തിനുന്മേഷവും


കാര്യം നിസ്സാരം

കാണാത്ത കാര്യം 
പറയാതിരിക്കക
അറിയാത്ത കാര്യവും
പറയാതിരിക്കുക

അറിയേണ്ട കാര്യം
കേള്‍ക്കാതിരിക്കാതെ
കേള്‍ക്കേണ്ട കാര്യം
അറിയാതിരിക്കാതെ

വേണ്ടാത്ത കാര്യം
കേള്‍ക്കാതിരിക്കുക
കാണേണ്ട കാര്യം
കേള്‍ക്കാതിരിക്കുക

കാണേണ്ട കാര്യം
കാട്ടിക്കൊടുക്കുക
പറയേണ്ട കാര്യം
പറഞ്ഞുകൊടുക്കുക

കേള്‍ക്കേണ്ട കാര്യം
കേട്ടുകൊണ്ടിരിക്കുക
കാണേണ്ട കാര്യം
കണ്ടുകൊണ്ടിരിക്കുക

കാണാത്ത കാര്യം
അറിയാതെ പറയാതെ
കണ്ട കാര്യം
ഉച്ഛത്തില്‍ പറയുക

കേള്‍ക്കാതെ കാണാതെ
അറിയാതെ പോവാതെ
കണ്ടും കേട്ടും പറഞ്ഞും
ജീവിച്ചുകൊണ്ടിരിക്കുക

സൗന്ദര്യത്തിന്റെ ഉറവിടം

സൗന്ദര്യം എന്താണ്? എവിടെയാണ്?
നമ്മള്‍ സൗന്ദര്യത്തെ കണ്ണുകൊണ്ട് കാണുന്നു. മനസ്സുകൊണ്ടു ആസ്വദിക്കുന്നു. വിടര്‍ന്നു നില്‍ക്കുന്ന പുഷ്പത്തിലും ആഴക്കടലിലും സമുദ്രനിരപ്പിലെ നീലത്തിരമാലയിലും ഇടതിങ്ങിയ കാടിന്റെ ദൃശ്യത്തിലും മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ഉയര്‍ച്ചതാഴ്ചയിലും സൗന്ദര്യത്തിന്റെ മാസ്മരികതയാണ് വെളിവാക്കപ്പെടുന്നത്. ആ ദര്‍ശനത്തിന്റെ അനുഭവം മനസ്സില്‍ ഒരിക്കലും മായാത്ത അനുഭൂതിയുടെ രസം നിറയ്ക്കുന്നു. 
മനുഷ്യന്‍ മാത്രമാണല്ലോ സൗന്ദര്യത്തെ ആസ്വദിക്കുന്നത്? പ്രകൃതിയിലും അതിലെ ജീവജാലങ്ങളിലും മനുഷ്യനിലും ഒരു വേള തന്നെത്തന്നെയും സൗന്ദര്യത്തിന്റെ രൂപകങ്ങളെ ആസ്വദിക്കുന്നു. 
എന്താണ് ഈ സൗന്ദര്യം?
പ്രത്യക്ഷത്തില്‍ സൗന്ദര്യം ആസ്വദിക്കപ്പെടുന്നത് കാഴ്ചയുടെ/കണ്ണില്‍ എത്തപ്പെടുന്ന ദൃശ്യത്തിലൂടെയാണ് സാധ്യമാക്കപ്പെടുന്നത്. ആത്മാവുകൊണ്ട് ആസ്വാദ്യമാകുന്ന സൗന്ദര്യവും സൗന്ദര്യം തന്നെയാണ്. കേള്‍വിയുടെ രസവും സൗന്ദര്യത്തിന്റെ മേഖലയില്‍ വരുന്നു. രൂപത്തില്‍ മാത്രമല്ല വിരൂപത്തിലും സൗന്ദര്യത്തെ ദര്‍ശിക്കാന്‍ സാധിക്കും. ആത്മസ്വരൂപത്തെ അറിയുമ്പോഴാണ് യഥാര്‍ത്ഥ സൗന്ദര്യം എന്തെന്ന് അനുഭവവേദ്യമാവുക. ചിന്തയും വിചാരവും ബുദ്ധിയുടെ തലത്തില്‍ സൗന്ദര്യാത്മകമാകുന്നു.
സൗന്ദര്യത്തിന്റെ ഉറവിടം:
പ്രകൃതിയുടെ ചൈതന്യമാണ് യഥാര്‍ത്ഥ സൗന്ദര്യം. സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവ് മനുഷ്യന്റെ പ്രത്യേകതയാണെന്നതുകൊണ്ടുതന്നെ വികാര-വിചാര ആവേഗങ്ങളുടെ വ്യതിയാനത്തില്‍ സൗന്ദര്യാസ്വാദനത്തിനും ഏറ്റക്കുറച്ചലുകള്‍ ഉണ്ടാകും. ഭൗതീകമായതും ആത്മീയമായതുമായ സൗന്ദര്യരൂപങ്ങളുടെ ദൃശ്യപരത നല്‍കുന്ന ആസ്വാദനക്ഷമത ഓരോ വ്യക്തികളിലും വ്യത്യാസപ്പെടുന്നതും ഈ കാരണം കൊണ്ടാണ്. 
സൂര്യന്‍ ജ്വലിക്കൊണ്ടിരിക്കുന്നതാണ് അതിന്റെ സൗന്ദര്യം. സൂര്യവെളിച്ചം കെട്ടുപോയാല്‍/ ആ ചൈതന്യം ഇല്ലാതെപോയാല്‍ അത് ഇരുണ്ട ഗ്രഹങ്ങളുടെ അവസ്ഥയിലേക്ക് താഴ്ന്നുപോകും. സ്വയം പുറപ്പെടുവിക്കുന്ന പ്രകാശരശ്മികളുടെ കിരണങ്ങളാണ് നക്ഷത്രങ്ങള്‍ക്ക് ആസ്വാദ്യകത നല്‍കുന്നത്. 
സൗന്ദര്യത്തിന് നിദാനം:
സൗന്ദര്യാരാധന ഉണ്ടാകുന്നത് തന്നെ നമ്മുക്കില്ലാത്തത് മറ്റുള്ളവയില്‍ ദര്‍ശിക്കുമ്പോഴാണ്. സ്വന്തം കഴിവില്ലായ്മ മറ്റുള്ളവരിലെ കഴിവായി മാറുന്നു. കഴിവില്ലായ്മ വൈരൂപ്യമായും കഴിവിനെ സൗന്ദര്യമായും അനുഭവപ്പെടുന്നു. സ്വന്തം കഴിവില്ലായ്മയെ ഇഴക് ത്തുകയും മറ്റുള്ളവരുടെ കഴിവിനെ പുകഴ്ത്തുകയും ചെയ്യുക. മറ്റുള്ളതില്‍ കാണുന്ന കഴിവ് ആ വസ്തുവിന്റെ അയാളുടെ ചൈതന്യത്തെയാണ് വെളിവാക്കപ്പെടുന്നത്. അവരുടെ ചൈതന്യത്തിന്റെ പ്രകാശനമാണ് കഴിവായി പരിണമിച്ചത്. 
സൗന്ദര്യാരാധന എന്നത് ഓരേ സമയം ബലവും ദൗര്‍ബല്യവുമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അടിമത്തമാണ്. സ്വന്തം കഴിവുകേടിനെ അംഗീകരിക്കുകയും മറ്റുള്ളവരുടെ കഴിവില്‍ നമ്മിലില്ലാത്ത കഴിവിനെ കാണുകയും അവരുടെ ചൈതന്യമാകുന്ന പ്രകാശത്തില്‍ സ്വന്തം കഴിവില്ലായ്മയാകുന്ന ഇരുട്ടിനെ ഒളിക്കുകയും ചെയ്യുക. അങ്ങനെ സ്വന്തം ചൈതന്യത്തെ കെടുത്തുകയും മറ്റുള്ളവരുടെ ചൈതന്യത്തെ ഊതിവീര്‍പ്പിക്കുകയും ചെയ്യുന്നു. 

Monday, November 5, 2012

പിറവി

പിറവി മുതല്‍ മരണംവരെ
അതിരുകള്‍ ഭേദിച്ച യാത്ര
ജീവനെ മുറുകെപിടിച്ച്
ആഴിയിലും ആകാശത്തിലും
വേനലില്‍ ഉരുകിയൊലിച്ച്
വിയര്‍പ്പില്‍ കുളിച്ചഴുകി
ഗര്‍ഭപാത്രത്തിലെ
ജീവന്റെ സ്പന്ദനം
ചലനം രുപം വളര്‍ച്ച
ഓര്‍മ്മയോ മറവിയോ. 
ഉദരം ഒഴിഞ്ഞു
സ്വാതന്ത്ര്യം മോചനം
ഭൂമിയെ പുല്‍കി
മാറിടത്തിന്റെ ചൂട്
മുലപ്പാല്‍ നുണഞ്ഞ്.
അമ്മയുടെ കൈകളില്‍
സുരക്ഷിതം; സുഖകരം
അനുഭവങ്ങളുടെ തീച്ചൂള
ആവിയും പുകയും
വളര്‍ച്ചയും അകല്‍ച്ചയും
മധുരത്തിനുള്ളിലെ കയ്പ്
മാതൃസ്‌നേഹം : പിതൃദ്വേഷം

ജ്വരബാധ

മാറാത്ത മുഖം
മായാത്ത മനസ്സ്
പഴയ വഴികളും
പഴകിയ പരിചയങ്ങളും
പുഞ്ചിരി നറുഭാഷണം
സൗഹൃദത്തിന് നനുത്ത സുഖം
വിരഹവും വേദനയും
ഹൃദയത്തിനുള്ളില്‍
ജീവല്‍സ്പന്ദനം
ചിറകടിച്ചുയരുന്നു
പ്രതീക്ഷകളും സ്വപ്‌നങ്ങളും
മരുഭൂമിയിലെ മരുപ്പച്ചപോലെ
മറവി ഓര്‍മ്മയായി 
പുനര്‍ജനിക്കുന്നു
ആശങ്കയും നൈരാശ്യവും
ആര്‍ത്തിരമ്പുന്ന തിരമാലപോലെ
അനിശ്ചിതം നിസ്സഹായം
ഓര്‍ക്കാതിരിക്കുമ്പോഴും
ഓര്‍മ്മയുടെ നുരയുംപതയും
പതഞ്ഞുപൊന്തുന്നു
കണ്ണുകളില്‍ ഉറക്കം
ജ്വരബാധയായി
ചിലന്തി, വലകെട്ടിയ ശരീരം
വെളിച്ചം പ്രത്യാശ
പുതുനാമ്പുകള്‍ കൂമ്പടഞ്ഞു
ചെവിടിന് ശബ്ദം കഠോരമായി
കണ്ണിന് കാഴ്ച വിഭ്രാന്തിയായി
പൂര്‍ണ്ണത സംതൃപ്തി
വിജയസോപാനം എവിടെ?

Friday, November 2, 2012

ദു:ഖച്ചുടല

നിന്റെ ദു:ഖം എന്റേതുകൂടിയാണ്
നിന്റെ ഹൃദയറകളില്‍
ഉരുകിയൊലിക്കുന്ന ലാവ
എന്റെ കണ്ണിലൂടെ തിളച്ചൊഴുകും.
നിഷ്‌ക്കളങ്കമായ നിന്റെ പുഞ്ചിരിയില്‍
ഞാന്‍ ഈ ലോകത്തെ മറന്നുറങ്ങും.
നിന്റെ വിരലുകളുടെ നിരപരാധിത്വം
എന്റെ ഹൃദയഭിത്തികളെ കോറിയിടും.
നിന്റെ മനസ്സ് കണ്ണാടിചില്ലിലൂടെ
കാണുന്ന നീലാകാശംപോലെയാണ്.
എനിക്ക് നിന്നോട് പറയാന്‍ വാക്കുകളില്ല
എന്റെ വാക്കുകള്‍ക്ക് സത്യത്തിന്റെ,
പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ,
കൂര്‍ത്തമുനകളാണ്.
നിന്റെ മനസ്സിനെ അത് കൊളുത്തിവലിക്കും.
ചുട്ടുപൊള്ളുന്ന തീക്കട്ടപോലെ,
ആര്‍ദ്രമായ നിന്റെ മനസ്സിനെ
ആ വാക്കുകള്‍ കരിയിച്ചുകളയും,
കല്ലില്‍ കൊത്തിവച്ച ചിരിയാണ് എന്റേത്
അതിന് ഭാവഭേദങ്ങളില്ല-
മരിച്ച മനുഷ്യന്റെ പുഞ്ചിരിപോലെ.
ചിരിച്ചുകൊണ്ടു ആളുകള്‍ തിക്കിതിരക്കും,
ആ മന്ദസ്മിതം ഒരുനോക്കുകാണാന്‍.
മരിച്ചവന്റെ രൂപം എന്റെ മനസ്സിലാണ്
അതുകൊണ്ട് അവന്റെ ജീവനുള്ള
പുഞ്ചിരിയെ ഞാന്‍ താലോലിക്കും
നിന്റെ കണ്ണുകളില്‍ ലോകം 
സൗമ്യവും ദീപ്തവുമായിരിക്കും.
നീ അറിയരുത്: ലോകം കത്തിയെരിയുന്ന 
ദു:ഖചുടലയാണെന്ന്!

പ്രേതരൂപം

പ്രഭാതം മദ്ധ്യാഹ്നം സായന്തനം
രാക്കിളികള്‍ കൂടുവിട്ടകന്നു
കാര്‍മേഘതിരശീലയാല്‍
ചന്ദ്രബിംബം മറഞ്ഞു
നിശ്ശബ്ദതയുടെ കറുത്ത നിഴല്‍
ഒറ്റയായും കൂട്ടമായും
നാല്‍വഴികളില്‍ പലായനം
എവിടെയും എത്താതെ
നഷ്ടമായ തിരിച്ചറിവുകള്‍.
ബോധത്തിലും അബോധമയക്കം
നിസ്സഹായം അനശ്ചിതം.
പാടവും വരമ്പും വിരിമാറു
പിളര്‍ന്നു നിലവിളിക്കുന്നു.
കൊടുമുടികള്‍ക്ക് പ്രേതരൂപം
പ്രതീക്ഷയുടെ കാത്തിരിപ്പിന്
അതൃപ്തിയുടെ വിങ്ങല്‍.
കൊടുങ്കാറ്റിന്റെ രൗദ്രമായ അലര്‍ച്ച
ഇലകൊഴിഞ്ഞ ശിഖരങ്ങള്‍
കാര്‍മേഘം മൂടിയ ആകാശം
സൂര്യന്‍ നേരത്തെ മടങ്ങി
മഴ ചാറി പെരുമഴയായി.

കയ്പനുഭവങ്ങള്‍



മനസ്സ് വികാരപ്രവപഞ്ചത്തില്‍
ചീഞ്ഞളിയുന്നു.
അശുദ്ധിയുടെ വിളനിലം.
ചഞ്ചലം ദുര്‍ബലം അസ്വസ്ഥം.
ഏകാഗ്രത്തിന് ആയിരം
വഴിത്തിരിവുകള്‍.
നഷ്ടസ്മൃതികള്‍
കയ്പനുഭവങ്ങള്‍
നാശത്തില്‍ നിന്നും
നാശത്തിലേക്ക്.
അധ:പതനത്തിന്റെ
അഗാധ ഗര്‍ത്തം.
കത്തിയെരിഞ്ഞ ചാരം.
പഴുതുകളില്ലാത്ത പിഴ.
പിന്നോട്ട് തള്ളിയ കാലടികള്‍
കാലത്തിന്റെ ചവറ്റുകുട്ടയില്‍.
ചിന്തകളില്‍ വേദനയുടെ നീറ്റല്‍
ഓര്‍മ്മകളില്‍ ഭയത്തിന്റെ വിഹ്വലത
ഭാവനയ്ക്ക് കയ്പുനീര്‍ രസം
അവിശ്വാസത്തിന്റെ കാര്‍മേഘം
അപരിചയം തീര്‍ത്ത വിടവുകള്‍
വാക്കുകളില്‍ കപടത
വിധേയത്വം നല്‍കിയ വിറയലുകള്‍
ശരീരം ഭാരമായി, മാര്‍ഗതടസ്സമായി
ജീവിതം മരണത്തില്‍ തട്ടിനില്‍ക്കുന്നു!

അനന്തം അജ്ഞാതം അവര്‍ണ്ണനീയം

വാക്ക് ചിന്ത പ്രവൃത്തി
നഷ്ടം ലാഭം നിസ്സംഗം
ശൂന്യത ഇരുട്ട് വെളിച്ചം
വികാരം വിചാരം വിവേകം
അറിവ് ഓര്‍മ്മ മറവി
കേള്‍വി കാഴ്ച ബുദ്ധി
ആശ നിരാശ വിരക്തി
മൃഗം മനുഷ്യന്‍ ദൈവം
മനസ്സ് ശരീരം ആത്മാവ് 
കളവ് സത്യം നിത്യത
ചലനം നിശ്ചലം അനന്തം
ശബ്ദം നിശബ്ദം മൗനം
കര കടല്‍ പ്രളയം
ഭൂമി സൂര്യന്‍ പ്രപഞ്ചം
സ്ത്രീ പുരുഷന്‍ പ്രകൃതി
അജ്ഞത ജ്ഞാനം മുക്തി
ദു:ഖം സന്തോഷം മോക്ഷം
ജനനം ജീവിതം മരണം

Thursday, October 25, 2012

ആലസ്യം

വികാരങ്ങളുടെ പ്രവാഹം
അശുദ്ധിയിലെ കളങ്കം
ചെകുത്താന്റെ വാസം
ദൈവം കുടിയൊഴിഞ്ഞു
കര്‍മ്മയോഗത്തിന്റെ പാപഫലം
പാപിയുടെ കര്‍മ്മഫലമായി
അര്‍ത്ഥശൂന്യമായ സംസാരം
സ്പര്‍ശം കോരിത്തരിപ്പായി
വ്യര്‍ത്ഥമായ വ്യവഹാരം
വിദൂരതകള്‍ അലഞ്ഞുതാണ്ടി
ശരീരം കാഴ്ചവസ്തുവായി
ജഡത്തിന്റെ അലക്ഷ്യത
സംഭവങ്ങളില്‍ വിഭവങ്ങള്‍
നുണഞ്ഞും അയവിറക്കിയും
ആസക്തിയും വിരക്തിയും
കാഴ്ചയുടെ വിസര്‍ജ്ജ്യങ്ങള്‍
രാത്രിയുടെ ഉറക്കയിടങ്ങളില്‍.


എവിടെ?


പൂര്‍ണ്ണതയെവിടെ
ആശ്രയമെവിടെ
രക്ഷയെവിടെ
രക്ഷകനെവിടെ
സുഖമെവിടെ
ശാന്തിയെവിടെ
സമാധാനമെവിടെ
പുഞ്ചിരിയെവിടെ
സന്തോഷമെവിടെ
ആനന്ദമെവിടെ
അനുഭൂതിയെവിടെ
ആഹ്ലാദമെവിടെ
സുഷുപ്തിയെവിടെ
മോക്ഷമെവിടെ
മുക്തിയെവിടെ
സായൂജ്യമെവിടെ
സൗന്ദര്യമെവിടെ
സുഗന്ധമെവിടെ
ഭംഗിയെവിടെ
മനോഹാരിതയെവിടെ
സ്വപ്‌നമെവിടെ
നിര്‍വൃതിയെവിടെ
സ്മരണയെവിടെ
ഭാവനയെവിടെ
സങ്കല്പമെവിടെ
യാഥാര്‍ത്ഥ്യമെവിടെ
വഴിയെവിടെ
ശരിയെവിടെ
ലക്ഷ്യമെവിടെ
മാര്‍ഗമെവിടെ
ശബ്ദമെവിടെ
കേള്‍വിയെവിടെ
കാഴ്ചയെവിടെ
കാരണമെവിടെ
കാര്യമെവിടെ
ഉണ്മയെവിടെ
ഉണര്‍വെവിടെ
സ്വത്വമെവിടെ
ബോധമെവിടെ
പ്രജ്ഞയെവിടെ
ബുദ്ധിയെവിടെ
അറിവെവിടെ
ജ്ഞാനമെവിടെ
സത്യമെവിടെ
വ്യക്തിയെവിടെ
ബന്ധമെവിടെ
സ്‌നേഹമെവിടെ
സഹാനുഭൂതിയെവിടെ
സഹിഷ്ണുതയെവിടെ
ക്ഷമയെവിടെ
സഹനമെവിടെ
ബലമെവിടെ
ശക്തിയെവിടെ
നിയതാവെവിടെ
ചിന്തയെവിടെ
വാക്കെവിടെ
പ്രവൃത്തിയെവിടെ
കര്‍മ്മമെവിടെ
കര്‍മ്മഫലമെവിടെ
ജനനമെവിടെ
ജീവിതമെവിടെ
മരണമെവിടെ
ആദിയെവിടെ
അന്ത്യമെവിടെ
അമരനെവിടെ
അമൃതെവിടെ
ആത്മാവെവിടെ
ബ്രഹ്മമെവിടെ
ആത്മീയതയെവിടെ
ഉയര്‍ച്ചയെവിടെ
ഉന്നതിയെവിടെ
വിജയമെവിടെ
സൃഷ്ടിയെവിടെ
കലയെവിടെ
സാഹിത്യമെവിടെ
ഉല്‍കൃഷ്ടതയെവിടെ
മനസ്സെവിടെ
മര്‍മ്മരമെവിടെ
ഹൃദയമെവിടെ
മൗനമെവിടെ
ശുദ്ധിയെവിടെ
നൈര്‍മല്യമെവിടെ
അനന്തതയെവിടെ
അനശ്വരതയെവിടെ
സ്വരമെവിടെ
നാദമെവിടെ
കിളിയെവിടെ
കൂചനമെവിടെ
പ്രകൃതിയെവിടെ
പ്രപഞ്ചമെവിടെ
സൂര്യനെവിടെ
നക്ഷത്രങ്ങളെവിടെ
ഭൂമിയെവിടെ
വെളിച്ചമെവിടെ
ശോഭയെവിടെ
പ്രഭയെവിടെ
ആഴിയെവിടെ
ആകാശമെവിടെ
അന്ധകാരമെവിടെ
അന്തകനെവിടെ
അമ്മയെവിടെ
ലാളനയെവിടെ
ലാളിത്യമെവിടെ
സുഹൃത്തെവിടെ
സഹൃദയനെവിടെ
പ്രേമമെവിടെ
പ്രേയസിയെവിടെ
മാലാഖയെവിടെ
ഗന്ധര്‍വനെവിടെ
ഞാനെവിടെ
നീയെവിടെ
മനുഷ്യനെവിടെ
ദൈവമെവിടെ


ജീവവായു

നിസ്സംഗം ജീവിതം
വികാരരൂപം
ചഞ്ചലം മനസ്സ്.
ശുദ്ധം, ശാന്തം
സ്ഥിതപ്രജ്ഞം.
ഭൂതം കഴിഞ്ഞു,
ഭാവി വരാനുള്ളത്.
വര്‍ത്തമാനം:
ജീവനുള്ളത്
ജീവിക്കുന്നത്
ജീവിച്ചിരിക്കേണ്ടതും.
കണ്ണിയറ്റബന്ധം
ഭൂതകാലം.
കണ്ണിച്ചേര്‍ക്കേണ്ടത്
ഭാവികാലം.
നഷ്ട-ലാഭക്കണക്കുകള്‍
വിസ്മരിച്ചീടുക.
ഹൃദയമിടിപ്പിന്റെ താളവും
നിമിഷസൂചിയുടെ ചലനവും
ഒരു ചുടുസത്യമായി
അറിഞ്ഞീടുക.
ഓരോ ശ്വസനവും
അറിയാതെ പോകരുത്.
വിസ്മൃതം ജീവിതം
ഉച്ഛ്വാസം ഭോഗം 
നിശ്വാസം വിസര്‍ജ്യം.
വര്‍ത്തമാനകാലത്തിന്‍
വിസര്‍ജ്യം ഭൂതകാലം.
സംഭരിക്കാനാവില്ല ഭാവിയെ
സംഭവിക്കില്ല ചിലപ്പോഴത്!
നിറഞ്ഞുനില്‍ക്കും ജീവവായു
മൂല്യമാവില്ല സ്വന്തമല്ലാതാര്‍ക്കുമേ,

സൗന്ദര്യഭാവം

വൈരുപ്യമില്ലെങ്കില്‍ 
സൗന്ദര്യമെവിടെ.
അപൂര്‍ണ്ണതയില്ലെങ്കില്‍
പൂര്‍ണ്ണതയെവിടെ.
ചെളിയില്‍ വിടരും
ചെന്താമര.
മുള്‍ച്ചെടിയിലെ
പനിനീര്‍പ്പുഷ്പം.
കരിങ്കല്ലില്‍ തീര്‍ക്കും
ദേവീചൈതന്യം.
ശില്പി ശിലയില്‍
ജീവനുള്ള ശില്പം തീര്‍ക്കും.
മണ്ണില്‍ പൊന്നുവിളയിക്കും
കര്‍ഷകന്‍,
തരിശുനിലത്തെ
പച്ചപ്പട്ടുടുപ്പിക്കും.
ബലിഷ്ഠമാം
പുരുഷദേഹം,
തരളിതമാം
നാരീയുടയാടകള്‍.
മനസ്സിലിരിക്കും
സൗന്ദര്യഭാവം
ദര്‍ശനസുഖം തരും.
വീണ്ടും പ്രാപിക്കും
വൈരൂപ്യം തഥ.
വാടിക്കരിയുന്ന
പുഷ്പദളങ്ങളും
ചുക്കിച്ചുളിഞ്ഞും
ചീഞ്ഞളിഞ്ഞും
സുന്ദരദേഹമിത്.
മനസ്സ് ശില്പിയും
ശരീരം ശിലയും
പ്രവൃത്തി ശില്പവും.
എല്ലാചേര്‍ന്നൊരു
സുന്ദരശില്പമായിടും.

Wednesday, October 24, 2012

മാസ്മരികം

നമ്മള്‍ 
യുഗങ്ങള്‍ക്കുമുമ്പേ
പിറവികൊണ്ടവര്‍.
ആടിയും പാടിയും,
ഭൂമിയിലും
ആകാശത്തിലും.
ഞാനും നീയും
നളനും ദമയന്തിയും
കൃഷ്ണനും രാധയും.
വര്‍ണ്ണങ്ങളില്‍ ലയിച്ചും,
ശ്രുതിയില്‍ അലിഞ്ഞും.
മധുരമൂറും
മലരുകള്‍ത്തോറും
ചിത്രശലഭമായി.
വിടര്‍ന്ന മാന്‍മിഴിയും,
നിറപുഞ്ചിരിയും,
നിഗൂഢമാം നാസിക,
അലയാഴിപോല്‍
കാര്‍ക്കൂന്തല്‍.
നിറങ്ങളില്‍ ഒതുങ്ങാത്ത,
വരികളില്‍ കവിയുന്ന,
നിന്നില്‍ നിറയുന്ന
കാന്തികപ്രഭാവം.
മോഹലാവണ്യം
നിന്റെ രൂപത്തില്‍,
പ്രകൃതി വിസ്മൃതമാകും.
ഇന്നലെയില്‍ നിന്നും,
ഇന്നിലൂടെ നാളെയിലേക്ക്
പുനര്‍ജ്ജനിക്കുന്നു നീ.
നിന്റെ ചുടുനിശ്വാസത്തിന്
സുഗന്ധംനിറഞ്ഞ തണുപ്പാണ്
ശബ്ദം, ദൃശ്യം, ചലനം
അഭൗമം; മാസ്മരികം.

പ്രയാണം

എന്താണ് ജീവിതം
അറിവാണ് ജീവിതം
ജനിച്ചതുകൊണ്ട്
ജീവിതമാകില്ല
ജനനത്തെ അറിയണം
അറിവ് വേദനയാകരുത്
ചിന്തയാണതിന്‍ ഊര്‍ജം
അറിവ് അനുഭവം
അനുഭവം മുക്തി
ദു:ഖത്തില്‍ നിന്നും
സുഖത്തില്‍ നിന്നും
സംതൃപ്തി, നിര്‍വൃതി
അറിവില്ലാത്തവന്‍
മരിക്കുന്നു; 
അറിഞ്ഞവന് മരണമില്ല.
ജനനവും ജീവിതവും
പിന്നെ മരണവും
മുത്തുമണികള്‍
കോര്‍ത്ത ചരടുപോലെ
അബോധത്തില്‍ നിന്നും
ബോധത്തിലേക്കുള്ള
ഉണര്‍വ്വാണ് ജീവന്‍.
ബോധത്തില്‍ നിന്നുള്ള
അറിവാണ് ജീവിതം.
അറിവില്‍ നിന്നുള്ള
അനുഭൂതിയാണ് മരണം.
ജീവിതം ഒരു മാര്‍ഗമാണ്
അറിവിന്റെ മഹാസാഗരം
നീന്തിക്കയറാനുള്ളത്.
ഇല്ലായ്മയില്‍ നിന്നും
ഉണ്മയെ കണ്ടെത്തുന്നത്.
ഇല്ലാതായാലും 
ഇല്ലാതാകുന്നത്
അതാണ് അറിവ്.
ജീവന്റെ ലക്ഷ്യവും.
മൃഗവാസന
മരണബോധം.
മനുഷ്യനില്‍ നിന്നും 
പടികള്‍ ചവിട്ടിക്കയറി
ആകാശത്തിന്റെ 
മൂര്‍ദ്ദാവിലേക്കുള്ള
പ്രയാണം.