Friday, January 27, 2012

സ്വപ്‌നത്തിലെ രാജകുമാരി

എന്റെ ഉറക്കത്തിലെ
ഇരുണ്ട ഇടനാഴിയില്‍
നേര്‍ത്ത നിഴലായി
അവള്‍ മറഞ്ഞുനില്‍ക്കുന്നു
ഇടനാഴിയില്‍ നിന്നും
പുറത്തുകടന്നാല്‍
എന്റെ സ്വപ്‌നത്തിലെ
സുവര്‍ണപൂങ്കാവനം
അവളെ കാത്തിരിക്കുന്നു
സ്വര്‍ഗത്തിലെ പൂന്തോട്ടം
കാടുകള്‍ അവസാനിച്ച്
മലമേടുകള്‍ ആരംഭിക്കുന്നിടത്ത്
നീലവസ്ത്രം വിരിയിട്ടപോലെ
പരന്നുകിടക്കുന്ന ആകാശം
ആകാശം നിറയെ കൊറ്റികള്‍
പക്ഷികള്‍ കൂകിയും 
പൂമ്പാറ്റകള്‍ പാറിയും
അവള്‍ ഇടനാഴിയില്‍
തന്നെ നില്‍ക്കുകയാണ്
ഇടനാഴിയിലെ ചുമരിലെ
ചെറുസുഷിരത്തിലൂടെ
അവള്‍ പുറത്തേക്ക് നോക്കുന്നു
എന്നിട്ട് അവള്‍ അവിടെനിന്നും
ലേശംപോലും അനങ്ങുന്നില്ല
അന്ധകാരത്തിലെ ഈര്‍പ്പം
അവള്‍ക്ക് എന്തുസുഖമാണ് 
നല്‍കുന്നത്
സ്വര്‍ണപ്രഭനിറഞ്ഞ
എന്റെ പൂന്തോട്ടത്തിലെ
കാഴ്ചകള്‍ ഇടനാഴിയിലെ
കറുത്ത ഈര്‍പ്പത്തെക്കാല്‍
സമ്പന്നമാകില്ലേ
വെളിച്ചംനിറഞ്ഞ
ഇവിടുത്തെ കാഴ്ച
എത്ര സുഖപ്രദമാണ്
ഇവിടെ മുഴുവന്‍ സുഗന്ധം
പരന്നുകിടക്കുകയാണ്
കുരുവികളുടെ കുറുകലും
കൊച്ചരുവിയുടെ കിലുക്കവും
അവളുടെ കേള്‍വിയെ
ആനന്ദത്തിലാഴ്ത്തും
പരന്നുകിടക്കുന്ന പച്ചമേലാപ്പു
പുതച്ച വിശാലമായ സമതലത്തിനു
ചുറ്റും വലിയ തടിയന്‍മരങ്ങളാണ്
ആ മരങ്ങളില്‍ തേന്‍പൊഴിയുന്ന
അരിമണി ചുകന്ന പുഷ്പങ്ങളാണ്
പക്ഷികള്‍ നേന്‍നുകര്‍ന്നു
അണ്ണാരക്കണന്‍ കായകവര്‍ന്നു
ഇവിടം വിട്ടുപോകുകയേയില്ല
ഈ സമതലത്തില്‍ മഴമേഘങ്ങള്‍
കൂട്ടംകൂട്ടമായി വന്നെത്തുമ്പോള്‍
മയിലുകള്‍ പീലിവിടര്‍ത്തി
നൃത്തം വയ്ക്കുകയും
കുയിലുകള്‍ ഓരേ സ്വരത്തില്‍
പാടുകയും ചെയ്യും
ഇവിടെയുള്ള തടാകത്തില്‍
ചെറുതുംവലുതുമായ 
പലനിറത്തിലുള്ള മത്സ്യങ്ങള്‍
നീന്തിതുടിക്കുന്നു.
ഈ തടാകത്തില്‍
ചുകപ്പും വെളുപ്പും നീലയും
നിറത്തില്‍ താമര വിരിഞ്ഞിനില്പുണ്ട്.
അവള്‍ ഇവയൊന്നും ഒരിക്കലും
കാണാന്‍ ഇടയില്ല
പിന്നെയെന്താണ് അവള്‍
അവിടെ തന്നെ നില്‍ക്കുന്നത്

ഞാന്‍ അവളെ ഒരിക്കലും
വിളിക്കുകയോ നിര്‍ബന്ധിക്കുകയോ
കൂട്ടികൊണ്ടുവന്ന് കാണിക്കുകയോ ഇല്ല
അത് അവളില്‍ എന്നെക്കുറിച്ച്
നിരാസം ഉണ്ടാക്കും.
പിന്നെ ഈ പൂന്തോട്ടം കാണാനുള്ള
അവളുടെ ആഗ്രഹം ഇല്ലാതാകും
അവളെ എനിക്ക് ശരിക്കും
കാണാന്‍ സാധിക്കുന്നില്ല
അവളുടെ നേര്‍ത്ത വസ്ത്രതുമ്പിന്റെ
ഇളക്കം പാല്‍നിലാവില്‍ ഒഴുകുന്നത്
ഇവിടെനിന്നും കാണാം

ചെറിയ സുഷിരത്തിലൂടെ 
നിലാവെളിച്ചത്തില്‍
അവള്‍ അനങ്ങുന്നപോലെ
ആ സമയത്ത് അവളുടെ മുഖം
അല്പാല്പമായി എനിക്ക് കാണാം
അവള്‍ പൊട്ട് തൊടുകയോ 
കണ്ണെഴുതുകയോ ചെയ്തിട്ടില്ല
ചമയങ്ങളില്ലാത്ത അവളുടെ മുഖം
നിലാവുപോലെ വിളറിയിരുന്നു

പക്ഷെ അവള്‍ ഇനിയും അവിടെ
നില്‍ക്കുകയാണെങ്കില്‍
അവള്‍ക്കൊരിക്കലും എന്റെ 
സ്വപ്‌നതീരം കാണാന്‍ സാധിക്കില്ല
ഉറക്കത്തിന്റെ അഗാധമായ
പതനത്തില്‍ ഞാന്‍ ഞെട്ടിയുണരാം

ഈ വിറങ്ങലിച്ച നിശ്ശബ്ദതയില്‍
സമതലത്തിനപ്പുറത്തെ കാട്ടില്‍ 
പുലിയും സിംഹവും മുരളുന്നത്
ഒരു വിറയലായി ഇവിടെ കേള്‍ക്കാം
അതുകൊണ്ടാകുമോ അവള്‍
അവിടെതന്നെ നിന്നുകളഞ്ഞത്
ഇല്ല; അവള്‍ ഒരിക്കലും 
ഒരു മൂളലിലോ മുരള്‍ച്ചയിലോ
ഭയപ്പെടുകയില്ല.
അവള്‍ക്ക് പേടിയാണെങ്കില്‍
ഇരുണ്ട ഇടനാഴിയില്‍
ഇത്രമേല്‍നേരം നില്ക്കുകില്ല
ഈ നിമിഷമെങ്കിലും
ശുദ്ധവായുവും സുഗന്ധവും
നിറഞ്ഞ ഈ തീരത്തേക്ക്
വന്നിരുന്നെങ്കില്‍ എത്രമേല്‍ 
നന്നായിരുന്നു.
എന്താണ് അവളെ തടയുന്നത്
ഒരു വിളിപ്പാടകലെ പൂങ്കാവനം.
എന്റെ കൈകള്‍ വളരുമായിരുന്നെങ്കില്‍
അവളറിയാതെ, 
അവളുടെയടുത്തേക്ക് നീണ്ട്
ഒരു സ്പര്‍ശംപോലുംമേല്‍ക്കാതെ
അടര്‍ത്തിനീക്കാമായിരുന്നു
ഇടനാഴിയുടെ മൂന്നാംതിരിവുകഴിഞ്ഞാല്‍
എന്റെ പൂന്തോട്ടത്തെ അവള്‍ക്ക്
വ്യക്തമായി കാണുകയും 
ആസ്വദിക്കുകയും ചെയ്യാം
വെള്ളത്തിലൂടെ ഒഴുകുന്ന
നറുപുഷ്പത്തെ ഉടക്കിയ
കല്ലോ മുള്‍ച്ചെടിയോ പോലെ
അവളുടെ ഉടയാടയോ
പാദമോ ഉടക്കിയിരിക്കുമോ
ഇടനാഴിയിലേക്ക് ശക്തമായ
ഒരു വെള്ളച്ചാട്ടമോ
കൊടുങ്കാറ്റോ വന്നിരുന്നെങ്കില്‍
അവളെ അവിടുന്ന്
പറിച്ചുനീക്കാമായിരുന്നു
എന്റെ ഉറക്കം ഈ നിമിഷം
ഉണര്‍വിന്റെ തീരത്ത്
നങ്കൂരമിടുകയാണെങ്കില്‍
സുന്ദരമായ പൂങ്കാവനത്തെ
അവള്‍ക്കോ അതിനെക്കാള്‍
അതിസുന്ദരമായ അവളെയോ
എനിക്ക് കാണാന്‍ കഴിയില്ല
ഒരു മഞ്ഞായി ഒരു പുകയായി
അവള്‍ ഉരുകി ഉയര്‍ന്നുപോകും
എന്റെ ഉത്കണ്ഠ പിരമീഡുപോലെ
ഉയര്‍ന്നുവരികയാണ്
ആ മുനയില്‍ എനിക്കവളെ
കാണാന്‍ കഴിയുമോ
അവളുടെ സിന്ദൂരം തൊടാത്ത
വിടര്‍ന്ന നെറ്റിത്തടം
വെളുത്തനീണ്ട കൈകള്‍
നിശ്ശബ്ദമായ വളകിലുക്കം
നിരപരാധമായ വിരലുകള്‍
ധവളവസ്ത്രകൊണ്ടലങ്കരിച്ച
വളുടെ മാറിടവും
കൈകുടന്നയില്‍ ഒതുങ്ങുന്ന
ആലിലവയറും
പാദസരനാദമില്ലാത്ത
അവളുടെ പാദങ്ങളും
റോസാമൊട്ടുപോലെ
വരിയിട്ട കാല്‍വിരലുകളും

ഇപ്പോള്‍ നിലാവ്മാറി
വെള്ളിക്കീറിതുടങ്ങും
ഉറക്കം ആയുസ്സൊടുങ്ങി
ഉണര്‍ന്നെണീക്കും
അവസാനനിമിഷമെങ്കിലും
ഞാന്‍ എന്താണ് ചെയ്യുക
അവളവിടുന്ന് എന്തുകൊണ്ടാണ്
പുറത്തുവരാത്തതെന്ന ചോദ്യം
ഒരു അഗ്നിപര്‍വ്വതമായി
മനസ്സില്‍ വിതുമ്പിനില്‍ക്കുന്നു
അവളുടെ അലസമായ നിസ്സംഗത
എന്നെ വീര്‍പ്പുമുട്ടിക്കും
ഈ സുന്ദരതീരത്തെക്കുറിച്ച്
അവള്‍ക്ക് ഉത്സാഹമോ 
സന്തോഷമോ കാണുകില്ലേ
അവള്‍ ചിത്രശലഭങ്ങളെ 
കണ്ടിരിക്കാം; എന്നാല്‍
ഇത്രമേല്‍ വലിയ കൊമ്പും മീശയും
വര്‍ണങ്ങളും നിറഞ്ഞ ശലഭത്തെ
അവള്‍ കണ്ടിരിക്കില്ല
ഇവിടുത്ത സുന്ദരഭംഗി
എത്ര വര്‍ണിച്ചാലാണ് 
അവള്‍ക്ക് ബോധ്യമാവുക
എന്റെ ഉറക്കത്തിലെ 
ഏതുയാമത്തിലാണ്
അവള്‍ ഇടനാഴിയില്‍ 
പ്രത്യക്ഷമായത്
സുഖനിദ്രയുടെ ഏതോ
ഉന്മാദാവസ്ഥയിലാണല്ലോ
സ്വപ്‌നതീരം പിറവിയെടുത്തത്
ഇന്നലെ അവള്‍ ഉണങ്ങാതിരുന്നോ
അവളുടെ കണ്ണിലെ ഉറക്കത്തിന്റെ
ആലസ്യത്തില്‍ നിന്നും
അവളെ എനിക്ക് ഉണര്‍ത്താനാവില്ലേ
എല്ലാം വേഗം വേണം 
ഇപ്പോള്‍ നേരം പുലരാറായി


Thursday, January 26, 2012

മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം

പരസ്പരമുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നത് പരസ്പരം 
തുറന്നുകാട്ടപ്പെടുമ്പോഴാണ്. ബന്ധത്തിന്റെ അടിസ്ഥാനം തന്നെ 
അതിന്റെ മറനീക്കലിലാണ്. ഒളിച്ചുവച്ച ബന്ധങ്ങള്‍ കൂടുതല്‍ വാഴുകയില്ല. 
പരസ്യമായ രഹസ്യമാണ് ബന്ധനത്തിന് ആവശ്യം. സ്വകാര്യത 
പരസ്പരമുള്ള ബന്ധങ്ങളില്‍ കരിനിഴല്‍ വീഴ്ത്തും. 
മുറിഞ്ഞവാക്കുകളുടെ സമാഹാരമാണ് സ്വകാര്യതയില്‍ തീര്‍ത്ത 
ബന്ധങ്ങളില്‍ നിര്‍മ്മിക്കപ്പെടുക. നഗ്നത എല്ലാവിധത്തിലും പുര്‍ണസ്വാതന്ത്ര്യത്തെ 
ഉല്‍ഘോഷിക്കുന്നു. വന്‍മതിലുകള്‍ തീര്‍ക്കുന്നത് ഒരിക്കലും പറയപ്പെടാത്ത 
രഹസ്യങ്ങളെ മറയ്ക്കുന്നതിനുവേണ്ടിയാണ്. പിറന്നുവീഴുന്ന കുഞ്ഞ് 
നൂലിഴയുടെ ബന്ധനമില്ലാതെയാണ് ജന്മമെടുക്കുന്നത്. അവസാനത്തെ 
പൊക്കിള്‍ക്കൊടി ബന്ധനവും മുറിച്ചുമാറ്റപ്പെടുമ്പോള്‍ അനുഭവിക്കുന്ന 
സ്വാതന്ത്ര്യത്തിന്റെ പരിപൂര്‍ണത പിന്നീട് മരണത്തിന്റെ വിടവാങ്ങലില്‍ 
മാത്രമാണ് അനുഭവവേദ്യമാകുന്നത്. മരണത്തിനുശേഷമുള്ള കുളിച്ചൊരുക്കലും
വസ്ത്രധാരണവും മരണത്തിലും സ്വാതന്ത്ര്യത്തെ വെറുതെ വിടില്ല എന്ന 
അസ്വാതന്ത്ര്യത്തിന്റെ ഇരുണ്ടമുഖമാണ് വെള്ളയില്‍ പുതപ്പിച്ചുകിടത്തുന്നതിലൂടെ
മറനീക്കുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും. വെളിച്ചത്തില്‍ നിന്നും 
ഇരുട്ടിലേക്കുമുള്ള വെച്ചുമാറലാണ് സ്വാതന്ത്ര്യം.

മനസ്സും ശരീരവും തുറന്നുകാട്ടുമ്പോള്‍ അവിടെ ദുരുഹതയോ സംശയമോ 
അല്പംപോലും ബാക്കിയാവുന്നില്ല. പറയാതെ പോയ വാക്കുകള്‍ 
സംശയത്തിന്റെ വിത്തുപാകലാകും. മനസ്സില്‍ ഒരു വാക്കോ ചിന്തയോ 
ബാക്കിവെക്കരുത്. ഒഴിഞ്ഞയിടമാകണം മനസ്സ്. അതുപോലെ ശരീരത്തിലെ 
നുല്‍ബന്ധമറുത്തുനല്‍കുന്നത് നിങ്ങളുടെ ബാഹ്യമായുള്ള ദുരുഹതയേയും 
വെളിച്ചത്തുകൊണ്ടുവരും. ദുരൂഹതയുടെ കാര്‍മേഘം ഒഴിഞ്ഞാല്‍ 
മഴപെയ്‌തൊഴിഞ്ഞ ആകാശംപോലെ പരസ്പരം മനസുകള്‍ തെളിഞ്ഞുനില്‍ക്കും. 
തുറന്നുകാണിക്കപ്പെടുന്നവര്‍ പരസ്പരം അടുക്കും. അവര്‍ അകന്നാലും 
അവരുടെ അടുപ്പം അതേപടി അകലാതിരിക്കും. മറ്റൊരര്‍ത്ഥത്തില്‍ പരസ്പരമുള്ള 
കീഴടങ്ങലാണിത്. വിധേയത്വവും യജമാനത്വവും പരസ്പരപൂരകമായിരിക്കുക.
പിന്നെ ആരെയാണ് ഭയക്കേണ്ടത്. നിന്നെപ്പോലെ ഞാനും എന്നെപ്പോലെ നീയും. 
കൂടുതലായി ഒന്നുമില്ല. കുറഞ്ഞും. ഉള്ളതും ഇല്ലാത്തതും വെളിവായിരിക്കുന്നു. 
ഇതുവരെ മൂടിക്കെട്ടിയതും ഗൂഢമാക്കപ്പെട്ടതുമായ വിചാരവികാരങ്ങളാല്‍ 
തീര്‍ത്ത ഭണ്ഡാരമാണ് തുറക്കപ്പെട്ടത്. ഒരു വിഴുപ്പുഭാണ്ഡത്തിന്റെ അഴുക്ക് 
ഒഴുകിയപോലെ ശുദ്ധമാണവിടെ. 

വാക്കിലൂടെ മനസ്സും വസ്ത്രത്തിലൂടെ ശരീരവും തുറക്കുകയും അടയ്ക്കുകയും 
ചെയ്യുന്ന വാതിലുപോലെയാണ്. വാതിലുകള്‍ അകത്തുകടക്കുന്ന 
ശുദ്ധവായുവിനെ തടയുന്നതുപോലെ അകത്തു സൂക്ഷിക്കപ്പെടേണ്ടതായവയെ 
ഭദ്രമാക്കുകയും മറച്ചുവയ്ക്കുകയും അതിന്റെ സുരക്ഷിതത്തം പാലിക്കുകയും 
ചെയ്യുന്നുണ്ട്. തുറന്നിട്ട വാതില്‍ ഒരേ സമയം ഭയമുളവാക്കുകയും
അതേ സമയം ഭയത്തിന്റെ ആധിയെ അകറ്റുകയും ചെയ്യാം. 
എന്തുകൊണ്ടെന്നാല്‍ അടച്ചിട്ട വാതിലിനുള്ളില്‍ ഭയപ്പെടേണ്ട എന്തോ ഉണ്ടാകും. 
തുറന്നിടം ഭയക്കുന്നതെന്തിന്. ഒളിക്കാനുള്ളവര്‍ക്കേ ഭയമുണ്ടാവുകയുള്ളൂ. 
പോലീസിനെ കാണുമ്പോള്‍ ഭയക്കുന്ന കള്ളനും, ചാരിത്ര്യത്തെ ഭയക്കുന്ന സ്ത്രീയും, 
ജീവനെയും കീശയിലെ പണത്തെയും ഭയക്കുന്ന പുരുഷനും 
അവസാനിക്കാത്ത ആധിയുമായി ചുറ്റിവരിഞ്ഞവരാണ്. 
കയ്യില്‍ കനംഉള്ളവനേ ഭയം ഉണ്ടാവുകയുള്ളൂ എന്നു പറയുന്നതുപോലെ.

മാന്ത്രികം

മനസ്സ് ശൂന്യയിരിക്കുമ്പോഴു-
മത് നിറഞ്ഞുകൊണ്ടേയിരിക്കും
നാക്ക് നിശ്ചലമായിരിക്കുമ്പോഴു-
മത് ചലിച്ചുകൊണ്ടേയിരിക്കും
അജ്ഞതയില്‍ മുങ്ങിയിരിക്കുമ്പോഴു-
മറിവ് പൊങ്ങിക്കൊണ്ടേയിരിക്കും
വിരക്തിയില്‍ ഉറങ്ങിയിരിക്കുമ്പോഴു-
മാസക്തി ഉണര്‍ന്നേയിരിക്കും
ചൂണ്ടുവിരല്‍ പലതായി വേര്‍പിരിയു-
മൊരു ചോദ്യത്തില്‍ നിന്നു-
മായിരം നാക്കുകള്‍ പുളയുന്നു.
ഏതുവഴിക്കുപോയാലു-
മെത്തിച്ചേരുന്നത് ഒരിടത്തുതന്നെ.
വിഭ്രാന്തിയാല്‍ വഴികള്‍ മറന്നു
തിരിച്ചെടുക്കാന്‍ വയ്യാതെ വാക്കുകള്‍
തിരുത്താന്‍ കഴിയാത്ത തെറ്റുകള്‍-
ഒഴുകിപ്പോയ മഴജലം പോലെ
ശരിയുടെ നിഴലുപറ്റിയ തെറ്റുകള്‍
അറിയാത്ത ശരികളുടെ ആവര്‍ത്തനം
തെറ്റുകള്‍ മുള്ളുപോലെ കുത്തിക്കീറും
ജീര്‍ണവും നിര്‍മലവുമായ ശരീരം
അഴുകുന്തോറും ഉറവയെടുക്കുന്നത്
നവജീവനില്‍ മൃതകോശങ്ങള്‍
മായയായി മനസ്സും ശരീരവും
മാന്ത്രികന്റെ കൈവഴക്കംപോലത്

വര്‍ഷങ്ങള്‍ക്കുമുമ്പെ

വര്‍ഷങ്ങള്‍ക്കുമുമ്പെ ഞാന്‍ എവിടെയായിരുന്നു. 
ഇനി വര്‍ഷങ്ങള്‍ക്കുശേഷവും. 
കാലത്തിന്റെ പൊന്‍ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ 
മാത്രമല്ലേ നമ്മളില്‍ ഓരോരുത്തരും. നമ്മുക്ക് മുമ്പെ നടന്നവര്‍ 
എത്രയെത്ര പേരാണ് കാലം തീര്‍ത്ത യവനികയ്ക്കുള്ളിലേക്ക് 
മറഞ്ഞുപോയിരിക്കുന്നത്. എന്നിട്ടും വീണ്ടും വീണ്ടും ജന്മവും 
ജീവിതവും അല്ലലില്ലാതെ അലട്ടലില്ലാതെ ദിനരാത്രങ്ങളെ പുല്‍കിയമരുന്നു. 
പൊന്‍ചരടായി കാലം നീണ്ടുപോകുകയാണ്. ഒരിക്കലും അവസാനിക്കാതെ. 
എന്നാല്‍ ഒരിക്കല്‍ അവസാനിക്കില്ലേ. 
ഈ കാലത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ജീവനുകള്‍. 
ഭൂമി മറ്റൊരു ഗോളം പോലെ പൊടിപ്പിച്ച് മണ്ണായി മാത്രം. 
ആരുമില്ലാതെ, ഒച്ചയോ അനക്കമോ ഇല്ലാതെ. 

മനുഷ്യന്‍ എത്രവേഗമാണ് ഇഴുകിച്ചേരുന്നത്. 
അഴുകുന്നതിന്റെ സുഖമാണത്. മറ്റുള്ളവരിലേക്ക്
സ്വന്തം അസ്തിത്വത്തെ ഇഴുകി അഴുക്കിചേര്‍ക്കുക.
മറ്റുള്ളവരില്‍ തങ്ങളുടെ വ്യക്തിത്വത്തെ ദര്‍ശിക്കുകയാണ് 
ചെയ്യുന്നത്. അങ്ങനെ അയാളുമായി സംസര്‍ഗം സ്ഥാപിക്കുന്നു. 
പരസ്പരം പുഞ്ചിരിക്കുകയും സംസാരിക്കുകയും ചെയ്യുക. 
കൈകള്‍ കോര്‍ത്ത് ചങ്ങലയിലെ കണ്ണികളായി ഇണങ്ങിച്ചേരുന്നു. 
അവര്‍ക്ക് ചിരിക്കാതിരിക്കാനും, സംസാരിക്കാതിരിക്കാനും, 
കൈകള്‍ ഇണയ്ക്കാതിരിക്കാനും കഴിയില്ല. 
പരസ്പരബന്ധിതമാണ് ഓരോരുത്തരും. 
എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. 
യാതൊന്നു ചെയ്യാതിരിക്കാനാന്‍ കഴിയില്ല. 
അതിനാണ് പ്രയാസം. മൗനത്തിന്റെ വ്യാളിമുഖം അവരെ 
അസ്വസ്തരാക്കും. ശരീരത്തിന്റെ വളര്‍ച്ചയില്‍ ഈ ബന്ധനവും 
വളര്‍ന്നുവലുതാകും. പുഞ്ചിരി പൊട്ടിച്ചിരിയിലും പിന്നെ അട്ടഹാസത്തിലും 
അവസാനിക്കും. സംസാരം പുലമ്പലായും ബന്ധങ്ങള്‍ അഴിയാക്കുരുക്കായി 
ശരീരത്തെയും മനസ്സിനെയും ജീവിതത്തെയും മരണത്തേയും 
കെട്ടിവരിയും. ആര്‍ക്കും ഒരിക്കലും സ്വതന്ത്രരാവാന്‍ കഴിയുന്നില്ല. 
സ്വയം തീര്‍ത്ത ബന്ധനത്തില്‍പ്പെട്ട് ഉഴലുക. തല വാലിനെ 
വിഴുങ്ങുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടാവുന്നത്. 
വാലിനെ വിഴുങ്ങി ഉടലുംകടന്ന് അവസാനം തലയെത്തന്നെയും 
തലവിഴുങ്ങും. സ്വയം അടര്‍ന്നുവിഴുന്നവരായി മാറുകയാണ് 
ഓരോരുത്തരും. ശൂന്യതമാത്രം ബാക്കിയാകുന്നു. 
ഒരു പുക, ഒരു ചൂട്, പിന്നെ ഒരു സ്പര്‍ശം. 
നിസ്സംഗതയുടെ നിത്യമായ നിഴലുപോലെ.

Monday, January 23, 2012

എന്റെ മകള്‍

ഉറങ്ങാന്‍ പപ്പ വേണം
പാട്ടുപാടണം 
ഉണ്ണിവാവാവോ 
വാവേ വാവാവോ
പിന്നെ
രാരീരാരീരം രാരീരാരീരം
രാരോ..രാരാരോ
അവളുടെ മൃദുലമാം മേനിയില്‍
വിരലോടിച്ച്
മുടിയികളെ തഴുകി
കണ്ണുകളെ തലോടി
അവളുടെ അരികെ
അവള്‍ ഉറങ്ങുന്നതുവരെ
ഞാന്‍ ഉറങ്ങാതിരിക്കും
എന്റെ നേരത്തെ 
അവള്‍ പുതച്ചുറങ്ങും

രാവിലെ 
പ്രാതല്‍ കഴിക്കണം
പാലുകുടിക്കണം
ബാലവാടിയില്‍ പോകണം
കുളിപ്പിക്കണം
പൊട്ടുതൊടണം
പുരികം വരയണം
കണ്ണെഴുതണം
കുളിക്കാന്‍ കുഴമ്പുതേക്കണം
എന്റെ നേരത്തെ 
അവള്‍ കുളിപ്പിച്ചുകിടത്തും


രാത്രിയില്‍ 
അവളുമായി ഓടിത്തിമര്‍ക്കണം
ചാടണം പാടണം ആടണം
ആന മയില്‍ ഒട്ടകം കുതിര
ടീച്ചറും കുട്ടികളും
അവള്‍ ടീച്ചര്‍
ഞാന്‍ കുട്ടികള്‍
അവള്‍ പാട്ടുപാടും
ഞാന്‍ ഏറ്റുപാടും
ഞാന്‍ കഥ പറയും
അവള്‍ കേട്ടിരിക്കും
ആമ്മയും മുയലും
മുതലയും കുരങ്ങനും
കള്ളനും പോലീസും
എന്റെ നേരത്തെ
അവള്‍ ഉറക്കിക്കിടത്തും

പകലും രാത്രിയും
അവള്‍ ബിസ്സിയാണ്
ഓരോ നിമിഷത്തിലും
ഓരോ ശ്വാസത്തിലും
കാലിലും കൈയിലും
്അവള്‍ ഓടിയും പാറിയും
കരഞ്ഞും ചിരിച്ചും
ടിവിയും റിമോട്ടും
അവളുടെ കളിപ്പാട്ടം
കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍
അവള്‍ താളംപിടിക്കും
സ്ലെയിറ്റും പുസ്തകവും
ചോക്കും പെന്‍സിലും
വരയും കുറിയും
എഴുതിയും മായിച്ചും
വരഞ്ഞും തെരഞ്ഞും
അക്കവും അക്ഷരവും
ചാപിള്ളയെപ്പോലെ
രൂപമറ്റും രൂപമാറിയും
വഴക്കവും തഴക്കവും
വിരിഞ്ഞും വിടര്‍ന്നും
അപശബ്ദങ്ങളില്‍
ശബ്ദങ്ങളെ തിരഞ്ഞ്
കണ്ടതും കേട്ടതും
വായിച്ചും എഴുതിയും
അറിവിന്റെ മാലപ്പടക്കം
കൊളുത്തണം തീ
തുടങ്ങണം ഒരറ്റംമുതല്‍
അനന്തം അജ്ഞാതം
എന്റെ കൈകള്‍ താങ്ങായി
അവള്‍ എനിക്ക് താങ്ങായി

Friday, January 20, 2012

സ്വതന്ത്രര്‍

ആഗ്രഹങ്ങള്‍ക്കുപിന്നാലെ
ആര്‍ത്തിയോടെ
ഓടിയുംചാടിയും
വിയര്‍ത്തുംകയര്‍ത്തും
കിതച്ചും തളര്‍ന്നും
പാഴായ ഊര്‍ജ്ജം

ആകാശത്തിലെ പറവകള്‍ 
താണും ഉയര്‍ന്നും
നിയന്ത്രണമില്ലാതെ
കടലിലെ തിരമാലകള്‍
ആര്‍ത്തലച്ചുയര്‍ന്ന്
വെള്ളനുരയില്‍ പതഞ്ഞ്
പാറക്കെട്ടില്‍ പൊട്ടിച്ചിതറി
വീശിയടിക്കുന്ന കാറ്റ്
ഏഴുലോകത്തിലും ചുറ്റി
ആശയില്ല; ആഗ്രഹമില്ല
സര്‍വ്വതന്ത്രസ്വതന്ത്രര്‍

സ്വയം തീര്‍ത്ത
മതിലിലും അതിരിലും
കിടങ്ങിലും ചങ്ങലയിലും
ചടങ്ങിലും ചിട്ടയിലും
ചുഴിയില്‍ അകപ്പെട്ടപോല്‍
അഴിയുന്തോറും കുരുങ്ങി
ഉണങ്ങാത്ത പുണ്ണുപോലെ
മാന്തിമാന്തിപുണ്ണാക്കി


ഏകാന്തത

ഏകാന്തതയുടെ സുഖം
മരണത്തിന്റെ ആഘോഷം
കൂട്ടത്തില്‍ നിന്നുമകന്ന്
സ്വന്തം സ്വത്വത്തിലേക്ക്

ആമയുടെ പുറംന്തോടുപോലെ
ചുറ്റുപാടില്‍ നിന്നുള്ള രക്ഷ
ഗര്‍ഭപാത്രത്തിലെ സുരക്ഷ
സ്വകാര്യതയിലെ ആനന്ദം
നിഴലുകള്‍ തണലാകും

പാമ്പുകല്‍ പടംപൊഴിക്കുന്നത്
സ്വയം ഇല്ലാതാവുകയാണ്
ത്യാഗത്തില്‍ ഉപേക്ഷയരുത്
ഇല്ലായ്മയില്‍ ഉണ്മവിടരും
മുക്തിയിലൂടെയാണ് മോക്ഷം
ആത്മാവിന്റെ സ്വാതന്ത്ര്യം
ശരീരത്തിന്റെ ത്യാഗത്തിലൂടെ

ഓരോ ജന്മവും നഗ്നമാണ്
ഭൂമിയെ പ്രകൃതിയും
ശരീരത്തെ മനുഷ്യനും
ഉടയാടകള്‍ അണിയിക്കും

സത്യം നഗ്നമാണ്
നഗ്നമായ സത്യത്തെ
ലോകം തിരിച്ചറിയും
മാറ്റം എല്ലാത്തിനേയും 
മറനീക്കി നഗ്നമാക്കും
സ്വന്തം നഗ്നതയിലെ 
ആനന്ദം ആഘോഷമായി

സ്വാതന്ത്ര്യം ചിലപ്പോള്‍
മറയില്ലാതെ വീര്‍പ്പുമുട്ടും
വെയിലില്‍ തണല്‍ തേടും
മഴയില്‍ മറതേടുപോലെ

ചവച്ചരച്ച ഭക്ഷണം
അയവിറയ്ക്കലാകും
അത് തികട്ടിവരും
ചവച്ചാല്‍ അരയാത്ത
കടിച്ചാല്‍ പൊട്ടാത്ത
നട്ടാല്‍ മുളക്കാത്ത
അങ്ങനെ എന്തെങ്കിലും?
അടച്ചുവച്ചതിനെ
അനാവരണം ചെയ്യുക
ഭദ്രമായി അടച്ചുവയ്ക്കുന്നത്
സുഖമാണ് ചിലപ്പോഴൊക്കെ
സ്വന്തമായി പരസ്യമായ 
രഹസ്യംപോലെ
അപരിചിതരിലെ പരിചയവും
പരിചിതരിലെ അപരിചിതവും