Saturday, April 28, 2012

സാഹചര്യങ്ങളുടെ മാറ്റിത്തീരലുകള്‍

ഒരാളെ നിര്‍മ്മിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നതില്‍ അയാളെ നിലവിലിരിക്കുന്ന സാഹര്യം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നത് മുഖ്യമാണ്. അത് സാമ്പത്തീകവും സാമൂഹികവും ആരോഗ്യകരവും മാനസ്സികവുമാണ്. എല്ലാവരും മനുഷ്യരായി ജനിക്കുന്നുവെങ്കിലും എല്ലാവരും മനുഷ്യന്റെ സ്വഭാവം പ്രകടിപ്പിക്കുന്നില്ല. പ്രതികൂലസാഹചര്യത്തില്‍ ഒരാള്‍ ദരിദ്രനും പാമരനും അനുകൂല സാഹചര്യത്തില്‍ ഒരാള്‍ സമ്പന്നനും പണ്ഡിതനും ആയിത്തീരുന്നു. സൃഷ്ടി പെട്ടെന്നും മാറ്റം സാവധാനത്തിലുമാണ് സംഭവിക്കുന്നത്. നമുക്ക് ഒരിക്കലും മറ്റുള്ളവരെ മാറ്റാന്‍ സാധിക്കില്ല. നമ്മള്‍ സ്വയം മാറുക. മറ്റുള്ളവരെ മാറ്റുന്നതിനെക്കാള്‍ എളുപ്പമാണ് സ്വയം മാറുന്നത്. മറ്റുള്ളവരുടെ സ്വഭാവവിശേഷത്തെ നേരിട്ടുമാറ്റുന്നതിനുപകരം അവരെ മാറ്റുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. 

കാഴ്ചകാര്‍ യാതൊന്നും നേടുന്നില്ല. അവര്‍ നഷ്ടപ്പെടുകമാത്രമാണ്. കാണിയില്‍ നിന്നും കാഴ്ചയിലേക്കുള്ള ദൂരം പിന്നിടുകയാണ് വേണ്ടത്. സ്വയം ആടിത്തിമര്‍ക്കുക. ആടുന്നവന്‍ ഒരിക്കലും കാണിയുടെ പരിവേഷം കെട്ടുന്നില്ല. അവന് കാഴ്ചക്കാരനാവാന്‍ സാധിക്കില്ല. മൃതദേഹം നല്‍കുന്നത് കാഴ്ചയുടെ നവവസന്തമാണ്. അത്രമേല്‍ ഔല്‍സുക്യം മറ്റൊരു അവസരത്തിലും ലഭ്യമായിട്ടുണ്ടാവില്ല. നവരസങ്ങളില്‍ മിന്നിമറയുന്ന കാഴ്ചയുടെ രസം അത് അവര്‍ണനീയമാണ്. മരണപ്പെട്ടവന് നല്‍കാവുന്ന അന്ത്യപ്രകടനം. നാട്യക്കാരന് ഉണ്ടാകുന്ന അനുഭവം ഇവിടെ സംജാതമാകുന്നില്ല. നാട്യക്കാരന്‍ കാണിയുടെ ആവാഹനത്തില്‍ പരിപൂര്‍ണ തൃപ്തി അടയുന്നു. പ്രതിബിംബം മുതല്‍ പ്രത്യുല്‍പ്പാദനം വരെ നാട്യകലയുടെ വിവിധ വര്‍ണരാചികളെ വിഭാവനം ചെയ്യുന്നു. ഇന്ദ്രിയങ്ങള്‍ മൂലമുളള അനുഭവം വിരസമാണ്. നിരന്തരമായ കാഴ്ചയും അതുപോലെത്തന്നെ. 

പ്രവര്‍ത്തനനൈരന്തര്യം അവിടെയാണ് യഥാര്‍ത്ഥ പ്രകടനം ഇരിക്കുന്നത്. കാഴ്ചക്കാര്‍ അകര്‍മകരും നാട്യക്കാര്‍ കര്‍മകരുമാണ്.നിഷ്‌കര്‍മത്തെ നോക്കിക്കാണുന്നതാണ് കാഴ്ച. കാഴ്ചയിലൂടെ അനുഭൂതി ലഭിക്കണമെങ്കില്‍ അത് അതീന്ദ്രിയമായിരിക്കണം. ആത്മദര്‍ശനം. കാണിയും കാഴ്ചയുമില്ലാത്ത അവസ്ഥ. ദൃശ്യത്തെ പ്രവര്‍ത്തനമാക്കുകയും അതിനെ അനുഭവമാക്കി അതീലൂടെ അനുഭൂതിയുടെ ആത്മാവിനെ അറിയുക. നമ്മള്‍ത്തന്നെ കാഴ്ചയും കാഴ്ചക്കാരനും.