Wednesday, May 9, 2012

സഖാവ് ടി.പി. ചന്ദ്രശേഖരന്‍-

സ്മരണയില്‍ ജ്വലിക്കുന്ന രക്തതാരകം

വിരിമാറില്‍ മരണത്തെ എതിരേറ്റ്
ഹൃദയത്തില്‍ ചുകന്നപൂ പേറി
സുഗന്ധം പരത്തി നാടിനാകെ.
ഓടിയൊളിച്ചില്ല; മാറിനടന്നില്ല
സ്‌നേഹിച്ചു നാടിനെ നാട്ടുകാരെ.
കൊലക്കത്തി, ബോംബ്, വടിവാള്‍
ധാര്‍ഷ്്ട്യം കൊലവിളി, പരിഹാസ്യം
എന്നിട്ടും സ്‌നേഹിക്കമാത്രംചെയ്തു
വെറുപ്പില്ല; പകയില്ല; പ്രതികാരമില്ല
വീറോടെ പതറാതെ വിജയത്തിനായി
ഉറങ്ങാതെ ഉണ്ണാതെ ഓടിനടന്നു.
ഇരുട്ടിലും മറവിലും കൊലവിളിയൊച്ച,
താരാട്ടുപാട്ടായി ഉണര്‍വിനുന്മേഷമായി
കരഞ്ഞില്ല; വിരണ്ടില്ല; തളര്‍ന്നില്ല
മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുത്തില്ല
തോരണം തൂക്കിയും കൊടിമരംനാട്ടിയും
മുദ്രാവാക്യവും വിപ്ലവഗീതവും 
തിളച്ചു രക്തം, രക്തസാക്ഷിത്വസ്മരണയില്‍
മറന്നില്ല ഇന്നലെ പെയ്ത ചുകന്നമഴകളെ
മറന്നില്ല ഒഴുക്കിയ ചോരചാലുകള്‍
വഴിപ്പിഴച്ചോടുന്ന മാതൃപാര്‍ട്ടിയെ
നേരിന്റെ നേരിനെക്കാട്ടികൊടുത്തു
വെട്ടിപ്പിളര്‍ന്നൊരാ തലയോട്ടില്‍
പ്രകമ്പനം കൊള്ളുന്നു നാടും നഗരവും
ഹൃദയത്തില്‍ പതിഞ്ഞൊരാമുഖചിത്രം
എത്രമായിച്ചാലും വെട്ടിക്കളഞ്ഞാലും
ഓര്‍മതന്‍ ചെപ്പില്‍ മിന്നും വിളക്കായി
അമ്മയും പെങ്ങളും സോദരങ്ങളും
അലറിവിളിക്കില്ല നഷ്ടബോധത്താല്‍
അലറിവരും തിരമാലയെപ്പോലെ
നീ ഉയര്‍ത്തിയ രക്തപതാകയുമായി
ജനിക്കും ആയിരം മനുഷ്യപുഷ്പങ്ങള്‍
നിന്‍ ജനിമൃതിയുടെ അടയാളമായി
കുനിയില്ല തല ഒരിക്കലും നിന്നെയോര്‍ത്ത്
നീപടുത്തുയര്‍ത്തി ചുകപ്പിച്ച കോട്ടയ്ക്കു
കാവലായി വിരിമാറുമായി മനുഷ്യസഹസ്രം
നിന്റെ വഴിത്താരയില്‍ ചെമ്പനിനീര്‍പൂവുകള്‍
നാടിന്റെ സുഗന്ധമായി നിന്റെ ഓര്‍മയ്ക്കായി.