Saturday, September 29, 2012

മുക്തിയെവിടെ

മുക്തിയെവിടെ
മോചനമെവിടെ
ചിന്തകള്‍ക്ക്
തീപ്പിടിക്കുന്നു
ഓര്‍മ്മകള്‍
തികട്ടുന്നു
മരിച്ച
മറവികള്‍.
ഓര്‍മ്മ
കനലുപോലെ
ജ്വലിക്കുന്നു.
വൃക്ഷത്തോളം
വേരുകള്‍ 
ആഴ്ന്നിരിക്കും.
ഓര്‍മ്മയുടെ
വെള്ളിരേഖകള്‍
തലച്ചോറിനെ
വരിഞ്ഞുമുറുക്കും.
കുരുക്കഴിയാത്ത
പിരിമുറുക്കം.
പൂര്‍ത്തീയാകാത്ത
ആഗ്രഹങ്ങള്‍
പേടിസ്വപ്‌നങ്ങളായി.
ഉറക്കം
അഗാധമായ
പതനമാകുന്നു.
പൊള്ളുന്ന
മനസ്സ്.
തണുത്ത
മരണം.
തീരുന്ന
ദിനരാത്രങ്ങള്‍.
നിഷ്‌കാമം
നിഷ്‌കര്‍മ്മം
സമയവും 
കണക്കുകൂട്ടലും
വഴുതിമാറുന്നു.
സ്വസ്ഥത
നഷ്ടപ്പെട്ട 
മനസ്സ്.
നികത്തപ്പെടാത്ത
നഷ്ടങ്ങള്‍.
ചുറ്റിലും
ശൂന്യമായ
തമോഗര്‍ത്തങ്ങള്‍.
വാക്കുകള്‍ക്ക്
കയ്പുരസം.
പുഞ്ചിരിയില്‍
വേദനയുടെ
രക്തനനവ്.
നോക്കുകുത്തിയായി
മനുഷ്യക്കോലം.
ആത്മാവിനെ
വ്യഭിചരിച്ച്
മൃത്യു
ശരീരത്തില്‍
വാസമായി.
മൂകമായ ശബ്ദം.
നിഴല്‍ ഇരുട്ട്.
മരണമണി
മുഴങ്ങി.


മനസ്സ്‌

മരണമുഖം 
എത്ര ഭീകരം.
ആഗ്രഹങ്ങള്‍
സ്വപ്‌നങ്ങള്‍
നിമിഷബിന്ദുവില്‍
തകര്‍ന്നടിയും.
ജീവന്റെ 
അവസാനം വരെയും
ചിന്തകള്‍ 
നെയ്തുകൊണ്ടിരിക്കും.
ഒരിക്കലും
പൂര്‍ത്തിയാകാത്ത
ആഗ്രഹങ്ങള്‍
നീറിപ്പിടയും.
മരണം
മരിക്കുന്നവര്‍ക്ക്
നഷ്ടവും.
ജീവിച്ചിരിക്കുന്നവര്‍ക്ക്
ദു:ഖവും
സമ്മാനിക്കും.
മരണവ്യഥ
അതൊരിക്കലും
ശമിക്കില്ല,
മറക്കില്ല.
മരണം 
ചിലപ്പോള്‍
ജീവിതത്തെ
നടുക്കടലില്‍
ഉപേക്ഷിക്കലാണ്.
പൂര്‍ത്തിയാക്കാത്ത
ബാക്കിയിരുപ്പ്.
ജീവനെ
അറിയുന്നത്
മനസ്സാണ്,
മരണത്തെ
അറിയുന്നതും.
ശരീരത്തെ
ആരും ഓര്‍ക്കില്ല,
മനസ്സാണ്
സ്മരണയാകുന്നത്.
മരിക്കുന്നതും
മനസ്സാണ്.
നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകള്‍
മുഴുവനും
നീ എനിക്ക്
സമ്മാനിച്ച
നിന്റെ മനസ്സാണ്.

Friday, September 28, 2012

എഴുതിത്തീരാത്ത വരികള്‍

അവളുടെ
കണ്ണുകളില്‍
ആകാശനീലിമ.
പുഞ്ചിരിയില്‍
വെള്ളിനിലാവ്.
പ്രകൃതിയുടെ 
രൂപലാവണ്യം.
നിഷ്‌ക്കളങ്കം
ഈമുഖശ്രീ.
ആയിരംതിരികളില്‍
ജ്വലിക്കുന്ന
ദേവീചൈതന്യം.
അഭിലാഷങ്ങള്‍ക്കും
ആഗ്രഹങ്ങള്‍ക്കും
ഭൂതകാലത്തിന്റെ
കരിനിഴല്‍
മറഞ്ഞിരുന്നില്ല.
-------------
എന്റെ സ്വപ്‌നങ്ങളില്‍
അവള്‍ നിറഞ്ഞുനിന്നു.
സ്മരണകള്‍ക്ക്
മധുരംപകര്‍ന്നു.
എന്റെ ശ്വാസമായി
സ്പന്ദനമായി
ജീവനായി
അവള്‍ ജ്വലിച്ചുനില്ക്കുന്നു.
കാലത്തിന്റെ 
കറുത്തരാത്രികള്‍ക്ക്
അവള്‍ വെളിച്ചമായി.
ഒരിക്കലും
വാടാത്ത
അടരാത്ത
നിത്യചൈതന്യം.
--------------
ഇന്നലെയവള്‍
ദേവതയായി
ഇന്നവള്‍
മാലാഖയായി
സൗന്ദര്യരൂപമായി.
അടുക്കുന്തോറും
അകന്നകന്ന്...
ഒരു നിഴലായി
അശരീരിപോല്‍.
ശബ്ദങ്ങളൊക്കെ
ഉറഞ്ഞുകൂടി
മഞ്ഞുപോലുറച്ച്.
കൈമാടി വിളിച്ചിട്ടും
ഒച്ചയിട്ടലറിയിട്ടും
കാണാമറയത്ത്
മറഞ്ഞകന്നു.
കാര്‍ക്കൂന്തലില്‍
മുല്ലപ്പൂ ചൂടി
വെള്ളിമണി
കൊലസണിഞ്ഞ്
കണ്ണുകളില്‍
കുസൃതി നിറച്ച്
കാതിലെ കടുക്കനില്‍
സൂര്യനെ നിറച്ച്
മഴവില്ലിന്‍ ഏഴഴകായി.
അവളുടെ 
കാലടികളെ
പിന്തുടര്‍ന്ന്
ആകാശത്തില്‍
പറന്ന്
വെള്ളത്തിലൂടെ
നീന്തിതുടിച്ച്
കരയിലൂടെ
ഓടിതിമര്‍ത്ത്....
ഒടുവില്‍
യവനികയ്ക്കുള്ളില്‍
നിറംമങ്ങിയ രൂപമായി.
സ്മരണയില്‍ 
തീര്‍ത്ഥജലമായി!
---------------
എന്നെമറന്നവള്‍.
കളിപ്പാട്ടമായി
ഉപേക്ഷിച്ചവള്‍.
പരിഭവമോ
പരാതിയോ
ഏതുമില്ലാതെ-
ആളുന്ന ജീവനില്‍
കൂര്‍ത്ത മുനകളില്‍
കോര്‍ക്കപ്പെട്ടവന്‍.
വാക്കുകള്‍
കൂരമ്പായി
ഹൃദയഭിത്തിയെ
തുളച്ചിരിക്കാം?
ബലഷ്ഠമായ
കൈകളാല്‍
ബന്ദിയാക്കില്ല.
അബോധത്തിന്റെ
കരങ്ങളാല്‍
ഞെരുക്കില്ല.
ഏതുശിക്ഷയ്ക്കും
പ്രാപ്തനായവന്‍
വിധേയന്‍.
കണ്ണുകള്‍ 
ചൂഴ്‌ന്നെടുക്കാം.
നാവിനെ 
പിഴ്‌തെടുക്കാം.
മൂര്‍ച്ചയേറിയ 
കഠാരയാല്‍
ഗളച്ഛേദമാകാം.
കാതുകളില്‍
തീകനല്‍ കോരിയിടാം.
കൈകാലുകള്‍
അറുത്തുമാറ്റാം.
തിരമാലകള്‍
വാപിളര്‍ക്കും.
കൊടുങ്കാറ്റിരമ്പും
മരുഭൂമി കത്തിയാളും
ഭൂമി വിണ്ടുകീറും.
മരണത്തിന്റെ 
അട്ടഹാസവും
ജനനത്തിന്റെ
ആര്‍ത്തനാദവും.
എന്നോട് ക്ഷമിക്കുക-
ജീവിതത്തിന്റെ
തീച്ചൂളയില്‍ 
വെന്തുരുകിയവന്‍.
അതുകൊണ്ടാവാം
എന്റെ വാക്കുകള്‍ക്ക്
ഇത്രയും മൂര്‍ച്ച.
-------------
സ്വരമാണവള്‍
ശക്തിയാണവള്‍
ആശ്വാസമാണവള്‍
അശരണതയില്‍
അഭയമാണവള്‍
തളര്‍ച്ചയില്‍
താങ്ങായി
വിഴ്ചയില്‍
ഉയര്‍ച്ചയായി.
അവള്‍ 
പോയവഴിയേത്?
പിന്തുടരുവാന്‍
കാല്പാടുകള്‍
മാഞ്ഞുപോയി.
കരിവളകിലുക്കവും
കാല്‍ചിലങ്കനാദവും
നിലച്ചുപോയി.
അസ്വസ്തം 
അതിജീവനം
അനാഥം 
അതിവിദൂരം!
-----------
എന്റെ ചോദ്യങ്ങള്‍
പരിഭ്രമത്തിന്റെ
കൊടുങ്കാറ്റുയര്‍ത്തും
ചോദ്യശരങ്ങളെ
തടുക്കാന്‍ 
ഉത്തരങ്ങളുടെ
കവചങ്ങളില്ല.
അമൃത്‌പൊഴിയുന്ന
പുഞ്ചിരിയില്‍
ഉരുകിയൊലിക്കും.
നിഗൂഢമായ
കരിമിഴിനോട്ടത്തില്‍
ഒളിപ്പിച്ചെന്താണ്?
വാക്കുകളില്‍
സ്വരമാധുരി
നിറഞ്ഞുതുളുമ്പി
ചലനത്തിന്
പ്രകൃതിയുടെ
ലയ-താള സമന്വയം
നിന്റെ നിശ്വാസത്തില്‍
ആശ്വാസത്തിന്റെ
ഊഷ്മളത.
ദീപ്തമാം
തളിര്‍മേനിയില്‍
നിഴല്‍വീഴിലൊരിക്കലും.
--------------------
ദൗര്‍ബല്യമായി
മുള്‍കിരീടം.
എരിഞ്ഞുകത്തുന്ന
നൈരാശ്യം.
കൂരമ്പുകളാകുന്ന
പരിഹാസം.
ഇടിത്തീപിളര്‍ക്കുന്ന
അപകര്‍ഷത.
അത്ഥശൂന്യമായ
ചോദ്യാവലികള്‍.
--------------
അടുത്തായിട്ടും
കാതങ്ങളുടെ 
അകലം
കണ്ണിനുദൃശ്യമായി
വിരല്‍തുമ്പിന്‍
സ്പര്‍ശമായി
ഗന്ധമായി 
കേള്‍വിയായി
എന്നിട്ടും,
യാഗാന്തരങ്ങളുടെ
കാലദൈര്‍ഘ്യം
ധ്രുവങ്ങളുടെ
അകലവും.
---------
കാലിനെ തഴുകി
ഒഴുകുന്ന ജലം
ഉറവിടവും
ഒടുക്കവും
അജ്ഞാതം.
സ്വപ്‌നത്തില്‍
രമിച്ചും സുഖിച്ചും
പുലര്‍വേളയില്‍,
ഒറ്റപ്പെടലിന്റെ
വേപഥു.
വസന്തത്തില്‍
ആരാമങ്ങള്‍
പൂത്തുല്ലസിക്കും
തേന്‍നുകര്‍ന്ന്
വണ്ടുകള്‍ 
മൂളിപ്പാടും
കുളിര്‍ക്കാറ്റ്
സുഗന്ധം
പടര്‍ത്തും
--------
കണ്ണെഴുതിയ
കരിമിഴിയും
പാദങ്ങളില്‍
കിലുങ്ങുന്ന
പാദസരത്തിന്‍
നാദവും
കാഴ്ചയ്ക്ക്
സായൂജ്യം
കേള്‍വിക്ക്
നിര്‍വൃതി
-------
ഒരോ യാത്രയും
സമാഗമത്തില്‍
ആനന്ദമാകുന്നു
കൂടിച്ചേരലും
വേര്‍പിരിയലും
വാക്കുകളില്‍
ഒതുങ്ങാതെ,
ഭാവനയില്‍
സങ്കല്പിക്കാന്‍
കഴിയാതെ,
രമ്യം സൗമ്യം ദീപ്തം
അനശ്വര അപൂര്‍വ്വ
നിമിഷബിന്ദുക്കള്‍.
സ്വര്‍ണ്ണത്തിന്റെ മാറ്റ്
തങ്കത്തിന്റെ തിളക്കം
വജ്രത്തിന്റെ കാഠിന്യം.
---------------------------












Wednesday, September 26, 2012

വിസ്മൃതമാകുന്ന ജന്മങ്ങള്‍

ഓരോ തുള്ളിയിലും 
സമുദ്രം വിളങ്ങുന്നു
ഓരോ പൂഴിത്തരിയിലും
മരുഭൂമി പൊള്ളുന്നു
ഓരോ ശ്വാസവും
ശബ്ദമായി ചിലമ്പുന്നു
ഓരോ പ്രകാശകണികയും
അഗ്നിസ്ഫുലിംഗമാകുന്നു
ഓരോ നിമിഷവും 
അടുത്തനിമിഷം ഒടുങ്ങുന്നു
ഓരോ ജനനവും
ഓരോ മരണത്തെ ക്ഷണിക്കുന്നു
ഓരോ നിമിഷവും
അനര്‍ഘമായി ജ്വലിക്കുന്നു
ഓരോ ജീവനിലും
കലയുടെ സ്രോതസ്സിരിക്കുന്നു
കാലം കടന്നുപോകുന്നു
വിസ്മൃതമാകുന്ന ജന്മങ്ങള്‍
ചരിത്രം സൃഷ്ടിച്ചവര്‍
സ്മരണയില്‍ ജ്വലിച്ചുനില്ക്കും
നമുക്കുശേഷം പ്രളയമില്ല
ഭൂമി കറങ്ങിക്കൊണ്ടിരിക്കും
അനുഭവങ്ങളും വികാരങ്ങളൂം
ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും
മനുഷ്യന്‍ മാറ്റമില്ലാതെ 
കറുത്തപാറപോലെ ഉറച്ചിരിക്കുന്നു
ചരിത്രം മാറ്റത്തിന് തെളിവായും
കാലം സാക്ഷിക്കൂട്ടിലും
മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി
പ്രകൃതിക്കുവിധേയം മനുഷ്യന്‍
മാറാത്ത ജീവിതവീക്ഷണവും
മാറിമറിയുന്ന സംസ്‌ക്കാരവും
അപൂര്‍ണ്ണത മാറിക്കൊണ്ടിരിക്കും
പൂര്‍ണ്ണമായത് സ്ഥിതം ബ്രഹ്മം

----------#






അവസാനവഴി

അകന്നുപോയവരില്‍ 
ആരും അവശേഷിച്ചില്ല
വേര്‍പിരിയലുകള്‍
വിരഹവേദന നല്കി
അസ്തിത്വമില്ലാത്ത 
അസ്ഥിപജ്ഞരം
തനിയെ നില്ക്കുന്നവര്‍
മറ്റുള്ളവരിലേക്ക് ഇഴുകും
പൂര്‍ണ്ണമാവാതെ അപൂര്‍ണ്ണത.
സ്വന്തമായി അഗുലീപരിമിതം
അന്യരായി അനേകായിരം.
ശൂന്യമായ കൈതലം
ഈടുവെക്കാതെ തിരിച്ചെടുക്കുന്നു.
ആഗ്രഹിച്ചതൊക്കെ അപഹരിച്ചു.
അനേകം വഴികള്‍ ഒരുവഴിയിലേക്ക്.
സ്വന്തം വഴിയില്‍ വേലികെട്ടി
അന്യന്റെ വഴിയില്‍ വേലിചാടി
അന്യമാകുന്ന വഴിയാത്രകള്‍.
സ്വന്തം വഴിയില്‍ സ്വതന്ത്രമായി
അവസാനവഴിയില്‍ ഒറ്റയാളായി.



മഹാകാലം

കണ്ണുനീരിനാല്‍ കാഴ്ച നഷ്ടപ്പെട്ടവന്‍
പെയ്‌തൊഴിയാത്ത പെരുമഴപോല്‍
കണ്ണൂനീര്‍ ദു:ഖതിരമാലകളാല്‍
ഉയര്‍ന്നും പൊങ്ങിയും അലറിയും.
ഹൃദയറകള്‍ നിറഞ്ഞുകവിഞ്ഞ
കണ്ണീര്‍ചാലുകള്‍ നിപതിക്കും
ഭൂമിയുടെ മാറിടം പൊള്ളിച്ച്
അരുവിയായി കീറിമുറിച്ചും
പുഴയായി തിരിഞ്ഞും പിരിഞ്ഞും
കടലിരമ്പത്തിന്‍ അഗാധത; നിശ്ശബ്ദം
ശാന്തിതേടിയലയും മര്‍ത്ത്യനിവന്‍
സമാധാനം സംതൃപ്തം ജീവിതലക്ഷ്യം
മിഥ്യയാല്‍, നിഴലായി, മരീചികപോല്‍
ഗോളാകൃതം ഭൂമി മറച്ചിടം ഭീതിതം
കാല്പാടുകള്‍ പതിയാത്ത വെള്ളച്ചാലുകള്‍
പതിയുംകാല്പാടുകള്‍ തൂക്കും ജലഅലകള്‍
യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നു
നിഷ്ഫലസ്വപ്‌ന സഞ്ചാരവീഥികള്‍
മൗനത്തെ ഭേദിക്കും ഘനശബ്ദവിചികള്‍
ഭൂമിയോളം ഉടലും - കൈകാലുകള്‍
ചിറകും വാലുമായി ചലിപ്പിച്ചീടിനാല്‍
ബ്രഹ്മാണ്ഡം നീന്തിക്കടക്കാന്‍ ശ്രമിക്കും
മനുഷ്യജന്മങ്ങള്‍ ഒരേ വിചാരവികാരമായി
മുന്നില്‍ ഉയര്‍ന്നുനില്ക്കും മഹാകാലവും.








നിന്നറിവ്‌

ലോകം അപ്പൂപ്പന്‍താടിപോലെ
കണ്‍പീലിയാല്‍ അളന്ന്
പുഞ്ചിരിയില്‍ ഒതുക്കി
കനമില്ലാതെ പറന്നുയര്‍ന്ന്
സുന്ദര മധുരസ്വപ്‌നമായി
വാക്കുകളില്‍ ആജ്ഞാശ്ശക്തി
സംസാരം സംഗീതമായി
ശബ്ദം ലളിതം സുഖദായകം
സൂര്യകാന്തി പ്രഭയാല്‍ 
തിളങ്ങും മുഖകാന്തി
കണ്ണുകളില്‍ തെളിഞ്ഞ
ആകാശനീലിമ
ഇളങ്കാറ്റിന്റെ ശീതളിമപോല്‍
ചലിക്കും ഉടലും ആടയും
മൗനം പ്രപഞ്ച നിഗൂഢതയായ്
സ്വപ്‌നങ്ങള്‍ക്ക് ബഹുവര്‍ണചാരുത
ഉറക്കം മഞ്ഞുപൊഴിയുന്ന താഴ്‌വര
ഉണര്‍വ്വ് ശുഭസൂചകം രക്തതിലകം
ഏഴുകടലില്‍ ഇഴചേര്‍ന്ന വിചാരധാര
പ്രകൃതിനിയമംപോല്‍ അനസ്യൂതം
സമയബന്ധിതം കര്‍മ്മകാണ്ഡം
നക്ഷത്രരാശിയില്‍ വിളങ്ങി
രചതതാരകത്തിന്‍ കണ്‍ചിമിഴും
അഗ്നിയായി ജലമായി
ജ്വലനവും ശമനവും
പഞ്ചേന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും
ഒന്നായറിഞ്ഞും ഒന്നായലിഞ്ഞും.