Monday, November 5, 2012

പിറവി

പിറവി മുതല്‍ മരണംവരെ
അതിരുകള്‍ ഭേദിച്ച യാത്ര
ജീവനെ മുറുകെപിടിച്ച്
ആഴിയിലും ആകാശത്തിലും
വേനലില്‍ ഉരുകിയൊലിച്ച്
വിയര്‍പ്പില്‍ കുളിച്ചഴുകി
ഗര്‍ഭപാത്രത്തിലെ
ജീവന്റെ സ്പന്ദനം
ചലനം രുപം വളര്‍ച്ച
ഓര്‍മ്മയോ മറവിയോ. 
ഉദരം ഒഴിഞ്ഞു
സ്വാതന്ത്ര്യം മോചനം
ഭൂമിയെ പുല്‍കി
മാറിടത്തിന്റെ ചൂട്
മുലപ്പാല്‍ നുണഞ്ഞ്.
അമ്മയുടെ കൈകളില്‍
സുരക്ഷിതം; സുഖകരം
അനുഭവങ്ങളുടെ തീച്ചൂള
ആവിയും പുകയും
വളര്‍ച്ചയും അകല്‍ച്ചയും
മധുരത്തിനുള്ളിലെ കയ്പ്
മാതൃസ്‌നേഹം : പിതൃദ്വേഷം

ജ്വരബാധ

മാറാത്ത മുഖം
മായാത്ത മനസ്സ്
പഴയ വഴികളും
പഴകിയ പരിചയങ്ങളും
പുഞ്ചിരി നറുഭാഷണം
സൗഹൃദത്തിന് നനുത്ത സുഖം
വിരഹവും വേദനയും
ഹൃദയത്തിനുള്ളില്‍
ജീവല്‍സ്പന്ദനം
ചിറകടിച്ചുയരുന്നു
പ്രതീക്ഷകളും സ്വപ്‌നങ്ങളും
മരുഭൂമിയിലെ മരുപ്പച്ചപോലെ
മറവി ഓര്‍മ്മയായി 
പുനര്‍ജനിക്കുന്നു
ആശങ്കയും നൈരാശ്യവും
ആര്‍ത്തിരമ്പുന്ന തിരമാലപോലെ
അനിശ്ചിതം നിസ്സഹായം
ഓര്‍ക്കാതിരിക്കുമ്പോഴും
ഓര്‍മ്മയുടെ നുരയുംപതയും
പതഞ്ഞുപൊന്തുന്നു
കണ്ണുകളില്‍ ഉറക്കം
ജ്വരബാധയായി
ചിലന്തി, വലകെട്ടിയ ശരീരം
വെളിച്ചം പ്രത്യാശ
പുതുനാമ്പുകള്‍ കൂമ്പടഞ്ഞു
ചെവിടിന് ശബ്ദം കഠോരമായി
കണ്ണിന് കാഴ്ച വിഭ്രാന്തിയായി
പൂര്‍ണ്ണത സംതൃപ്തി
വിജയസോപാനം എവിടെ?

Friday, November 2, 2012

ദു:ഖച്ചുടല

നിന്റെ ദു:ഖം എന്റേതുകൂടിയാണ്
നിന്റെ ഹൃദയറകളില്‍
ഉരുകിയൊലിക്കുന്ന ലാവ
എന്റെ കണ്ണിലൂടെ തിളച്ചൊഴുകും.
നിഷ്‌ക്കളങ്കമായ നിന്റെ പുഞ്ചിരിയില്‍
ഞാന്‍ ഈ ലോകത്തെ മറന്നുറങ്ങും.
നിന്റെ വിരലുകളുടെ നിരപരാധിത്വം
എന്റെ ഹൃദയഭിത്തികളെ കോറിയിടും.
നിന്റെ മനസ്സ് കണ്ണാടിചില്ലിലൂടെ
കാണുന്ന നീലാകാശംപോലെയാണ്.
എനിക്ക് നിന്നോട് പറയാന്‍ വാക്കുകളില്ല
എന്റെ വാക്കുകള്‍ക്ക് സത്യത്തിന്റെ,
പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ,
കൂര്‍ത്തമുനകളാണ്.
നിന്റെ മനസ്സിനെ അത് കൊളുത്തിവലിക്കും.
ചുട്ടുപൊള്ളുന്ന തീക്കട്ടപോലെ,
ആര്‍ദ്രമായ നിന്റെ മനസ്സിനെ
ആ വാക്കുകള്‍ കരിയിച്ചുകളയും,
കല്ലില്‍ കൊത്തിവച്ച ചിരിയാണ് എന്റേത്
അതിന് ഭാവഭേദങ്ങളില്ല-
മരിച്ച മനുഷ്യന്റെ പുഞ്ചിരിപോലെ.
ചിരിച്ചുകൊണ്ടു ആളുകള്‍ തിക്കിതിരക്കും,
ആ മന്ദസ്മിതം ഒരുനോക്കുകാണാന്‍.
മരിച്ചവന്റെ രൂപം എന്റെ മനസ്സിലാണ്
അതുകൊണ്ട് അവന്റെ ജീവനുള്ള
പുഞ്ചിരിയെ ഞാന്‍ താലോലിക്കും
നിന്റെ കണ്ണുകളില്‍ ലോകം 
സൗമ്യവും ദീപ്തവുമായിരിക്കും.
നീ അറിയരുത്: ലോകം കത്തിയെരിയുന്ന 
ദു:ഖചുടലയാണെന്ന്!

പ്രേതരൂപം

പ്രഭാതം മദ്ധ്യാഹ്നം സായന്തനം
രാക്കിളികള്‍ കൂടുവിട്ടകന്നു
കാര്‍മേഘതിരശീലയാല്‍
ചന്ദ്രബിംബം മറഞ്ഞു
നിശ്ശബ്ദതയുടെ കറുത്ത നിഴല്‍
ഒറ്റയായും കൂട്ടമായും
നാല്‍വഴികളില്‍ പലായനം
എവിടെയും എത്താതെ
നഷ്ടമായ തിരിച്ചറിവുകള്‍.
ബോധത്തിലും അബോധമയക്കം
നിസ്സഹായം അനശ്ചിതം.
പാടവും വരമ്പും വിരിമാറു
പിളര്‍ന്നു നിലവിളിക്കുന്നു.
കൊടുമുടികള്‍ക്ക് പ്രേതരൂപം
പ്രതീക്ഷയുടെ കാത്തിരിപ്പിന്
അതൃപ്തിയുടെ വിങ്ങല്‍.
കൊടുങ്കാറ്റിന്റെ രൗദ്രമായ അലര്‍ച്ച
ഇലകൊഴിഞ്ഞ ശിഖരങ്ങള്‍
കാര്‍മേഘം മൂടിയ ആകാശം
സൂര്യന്‍ നേരത്തെ മടങ്ങി
മഴ ചാറി പെരുമഴയായി.

കയ്പനുഭവങ്ങള്‍



മനസ്സ് വികാരപ്രവപഞ്ചത്തില്‍
ചീഞ്ഞളിയുന്നു.
അശുദ്ധിയുടെ വിളനിലം.
ചഞ്ചലം ദുര്‍ബലം അസ്വസ്ഥം.
ഏകാഗ്രത്തിന് ആയിരം
വഴിത്തിരിവുകള്‍.
നഷ്ടസ്മൃതികള്‍
കയ്പനുഭവങ്ങള്‍
നാശത്തില്‍ നിന്നും
നാശത്തിലേക്ക്.
അധ:പതനത്തിന്റെ
അഗാധ ഗര്‍ത്തം.
കത്തിയെരിഞ്ഞ ചാരം.
പഴുതുകളില്ലാത്ത പിഴ.
പിന്നോട്ട് തള്ളിയ കാലടികള്‍
കാലത്തിന്റെ ചവറ്റുകുട്ടയില്‍.
ചിന്തകളില്‍ വേദനയുടെ നീറ്റല്‍
ഓര്‍മ്മകളില്‍ ഭയത്തിന്റെ വിഹ്വലത
ഭാവനയ്ക്ക് കയ്പുനീര്‍ രസം
അവിശ്വാസത്തിന്റെ കാര്‍മേഘം
അപരിചയം തീര്‍ത്ത വിടവുകള്‍
വാക്കുകളില്‍ കപടത
വിധേയത്വം നല്‍കിയ വിറയലുകള്‍
ശരീരം ഭാരമായി, മാര്‍ഗതടസ്സമായി
ജീവിതം മരണത്തില്‍ തട്ടിനില്‍ക്കുന്നു!

അനന്തം അജ്ഞാതം അവര്‍ണ്ണനീയം

വാക്ക് ചിന്ത പ്രവൃത്തി
നഷ്ടം ലാഭം നിസ്സംഗം
ശൂന്യത ഇരുട്ട് വെളിച്ചം
വികാരം വിചാരം വിവേകം
അറിവ് ഓര്‍മ്മ മറവി
കേള്‍വി കാഴ്ച ബുദ്ധി
ആശ നിരാശ വിരക്തി
മൃഗം മനുഷ്യന്‍ ദൈവം
മനസ്സ് ശരീരം ആത്മാവ് 
കളവ് സത്യം നിത്യത
ചലനം നിശ്ചലം അനന്തം
ശബ്ദം നിശബ്ദം മൗനം
കര കടല്‍ പ്രളയം
ഭൂമി സൂര്യന്‍ പ്രപഞ്ചം
സ്ത്രീ പുരുഷന്‍ പ്രകൃതി
അജ്ഞത ജ്ഞാനം മുക്തി
ദു:ഖം സന്തോഷം മോക്ഷം
ജനനം ജീവിതം മരണം