Wednesday, November 27, 2013

അമൃതവര്‍ഷം

പ്രേമം അമൃതവര്‍ഷം
ആത്മാവുകളുടെ സംഗമം
ആനന്ദം അനിര്‍വചനീയം
പഞ്ചേന്ദ്രിയങ്ങളില്‍ ലയിച്ച്
അനൂഭൂതിയുടെ മഹാസാഗരം

സ്‌നേഹം പങ്കുവയ്ക്കല്‍
സമ്പൂര്‍ണ സമര്‍പ്പണം
ബലാബലങ്ങളില്ലാതെ
കുറ്റവുംകുറവുമില്ലാതെ
പരസ്പരപൂരകമത്രെ

നിന്നിലെ വിടവിനെ
നികത്തിയും അകറ്റിയും
വല്ലായ്മയും ഇല്ലായ്മയും
മനസ്സിന്റെ ആഴങ്ങളില്‍
സംസ്‌ക്കരിക്കുംമറവിയായ്

എത്ര കൂതൂഹലം ഇടവേള
തന്‍ സൗഹാര്‍ദതീരങ്ങള്‍
കാറ്റിലും മരുപ്പച്ചയിലും
തഴുകുന്ന കുളിര്‍രസം
മനസ്സില്‍ മാരിവില്ലായ്

നേരംപോക്കായി തോന്നും
നേരെ ചൊന്നാലതുപോലും
നേരം കളയാനില്ല നേരം
പറയണം പാടണം പതിയെ
നിന്‍ കാതുകളില്‍ മര്‍മരമായി

അഴകിന്‍നിലാവായി അഴലിന്‍
സൗരഭ്യമായി വരുമോ നിയെന്‍
ചാരെ, അനവധ്യസംഗീതമായി
ഒരുപാടുനാളായി കാത്തുനില്
ക്കയല്ലോ നിന്നിലലിയാനായി

എത്രഋതുക്കള്‍ പോയിമറയും
അത്രമേല്‍ സൗഭഗം ഈവേള
പൂമുല്ലമൊട്ടിന്‍ പല്ലരിവിടരും
നിന്‍ മന്ദഹാസകിലുക്കത്തില്‍
പൂത്തിടും ഒരു വസന്തകാലം

ഒരു വാക്കിനായിരമര്‍ഥങ്ങള്‍
ഒരു നോക്കില്‍ മി്ന്നിമറയും
ചിത്രശലഭവര്‍ണരാചികള്‍
ഒരു സ്പര്‍ശമേകും വിദ്യുത്
ചാലകപ്രവാഹവേഗം മനസ്സില്‍

തളരുന്നുതനം വളരുന്നുമനം
കാണുന്നു കാണാകാഴ്ചകള്‍
വിടരുന്നു ഭാവനകളനന്തമായി
തുടരുന്നു ജീവിതതാളമേളം
വന്യമാം പ്രകൃതിസമക്ഷത്തില്‍

നിന്നെവരിയുമാം ബലിഷ്ഠമാ
കൈകളില്‍ ഞരമ്പില്‍ തുടിക്കും
രക്തചംക്രമണം ദ്രുതം ചടുലം
പായും പാമ്പിന്‍വേഗശരമായി
തപിക്കുംഹൃദയറകള്‍ ശീതമായി

ഓരോ അണുവിലും രോമരാചികള്‍
ഉണരും ഉണര്‍വിന്‍ ഉന്മേഷമായി
തീര്‍ക്കും ചാലുകള്‍ വിയര്‍പ്പിന്‍
കണമായി ഒഴുകും നദിപോല്‍
ചുറ്റിലും സമുദ്രക്കടലായിപരക്കും

നിന്‍ നാഭിചുഴിയിലെ നനുത്ത
രോമചരിഞ്ഞാഗ്രസീമയില്‍
തഴുകും ചുണ്ടിന്‍ കുസൃതിയില്‍
പുളയും, ഗംഗയായി ഒഴുകും 
നീ ജടധാരിയെന്‍ പാതിയായി

ഒടുക്കം ഒടുങ്ങാത്ത രാവുപോല്‍
പുലരാത്ത പുലര്‍ക്കാലവേളയില്‍
പതിയെ കണ്ണിമവിടരും കുളിര്‍
കാറ്റിന്‍ ശീല്‍ക്കാരമണയുമ്പോള്‍
തെളിയും ഭൂമി,വാനവും മുന്നിലായി











Sunday, November 24, 2013

സംഹാരദുര്‍ഗ

നിര്‍മാണം മന്ദഗതി.
നാശം ത്വരിതം.
സൃഷ്ടി കാത്തിരിപ്പാണ്.
പൂര്‍ണതയില്‍ നിന്നും
പൂര്‍ണതയിലേക്കുള്ള
പുനരാവിഷ്‌ക്കാരം.
വിശുദ്ധിയിലെ ശുദ്ധി.
ഹൃദയത്തില്‍ നിന്നും
ഒഴുകിവരുന്ന രക്തം.

നാശം ഇല്ലായ്മയാണ്.
തെറ്റില്‍ നിന്നും തെറ്റിലേക്ക്,
കൂപ്പുകുത്തല്‍: ഓതിരംകടകം.
അശുദ്ധിയുടെ വിളനിലം
ദുര്‍ഗന്ധപൂരിതം മ്ലേച്ഛം
അന്യായത്തിന്റെ വിധിപറച്ചില്‍
അസത്യത്തിന്റെ വചനപ്രഘോഷം
ഹിംസയിലേക്കുള്ള കവാടം
പരാജയത്തിന്റെ പടുകുഴി.

തെറ്റ് ഗുരുത്വമാണ്
കീഴ്‌പ്പോട്ടാണ് സഞ്ചാരം.
ശരി ഗുരുത്വദോഷവും
സഞ്ചാരപഥങ്ങളെ ദേദിക്കും.
നിര്‍മാണം ഉയര്‍ച്ചയിലേക്കും
ഗുരുത്വബലത്തിന്റെ അപനിര്‍മിതി.
നാശം ഭൂമിയിലേക്കുള്ള പതനവും
പതനത്തിന് ശക്തികൂടും.
ഭൂമി വാപിളര്‍ന്ന മഹാമേരുവാണ്
എല്ലാത്തിനേയും വിഴുങ്ങും.
സൃഷ്ടിച്ചതിനൊക്കെയും 
സംഹരിക്കും, സംഹാരദുര്‍ഗയായി.

Thursday, November 21, 2013

പുന:സൃഷ്ടി

മനുഷ്യന്‍ പുതിയതാവുന്നത്
കുളിച്ചുജപിച്ചലകുമ്പോള്‍.
പഴമയുടെ മാറാലപോലെ,
അഴുക്കും അവശതയും.
ജീവിതത്തെ വര്‍ണമാക്കണം-
ഭാവനയുടെ നൂലുകൊണ്ട്
ചിത്രങ്ങള്‍ വരഞ്ഞുതീര്‍ക്കണം.
അറിവില്ലാത്ത അറിവിനെയും
അനുഭവിക്കാത്ത അനുഭൂതിയും
ബുദ്ധിയിലേക്കും ഹൃദയത്തിലേക്കും
ആവാഹിച്ചടുക്കണം അടയ്ക്കണം.
മനുഷ്യനോട് അസൂയതോന്നും
മറ്റുജീവികളുടെ അവസ്ഥകണ്ടാല്‍!
എന്നിട്ടും മനുഷ്യന്‍ എന്തേ ഇങ്ങനെ?
പറവകളെപോലെ ആകാശനീലിമയില്‍
പറന്നുയരാന്‍, ആഴിയുടെ ആഴങ്ങളില്‍
നീന്തിതുടിക്കാന്‍, ആഗ്രഹങ്ങളുടെ ആരവം
നിമിഷങ്ങളുടെ തീക്കനലുകളില്‍
തപിച്ചുകൊണ്ടിരിക്കുന്നത് മനസ്സാണ്.
സ്ഫുലിംഗങ്ങളുടെ കലവറയാണത്,
നിറചൈതന്യത്തിന്റെ കെടാവിളക്ക്.
പുന:പ്രകാശനവും; പുന:സൃഷ്ടിയും.

Wednesday, November 20, 2013

ശ്ലഥബിംബങ്ങള്‍

വാക്ക്, ശബ്ദം, പ്രവൃത്തി
പൊട്ടിച്ചിരിയുടെ അട്ടഹാസം
മൗനികള്‍ നിശ്ശബ്ദരും നിശ്ചലരും
ഒരു ചുവടു മുന്നോക്കം
ഒരു ചുവടു പിന്നോക്കം
ഒന്ന് ഭാവിയിലേക്കും
ഒന്ന് ഭൂതത്തിലേക്കും
കുതിച്ചുപായും ജീവിതം
മരണം, കൂര്‍ത്ത ദ്രംഷ്ട
അന്ധകാരം പിളര്‍ന്ന വായ
സ്പന്ദനം, ശ്വാസം, നിശ്ചലം
ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ച
തളര്‍ച്ചയില്ലാത്ത വിളര്‍ച്ച
മൂകത, ശുന്യത, ആരംഭം
സൂക്ഷ്മത്തില്‍ നിന്നും
സ്ഥൂലത്തിലേക്കും 
ഉണ്മയും മിഥ്യയും

*************
വികാരവും വിചാരവും
വികാരം നശ്വരം, 
വിചാരം അനശ്വരം
വളവുംതിരിവു-
മില്ലാത്ത വഴിത്താര
അനന്തം അനശ്വരം 
ദിവസവും ജന്മവും
ഉറക്കവും മരണവൂം
ഉണര്‍വ്വ് പുതുജന്മായി, 
പുനര്‍ജന്മമായ്
ചിന്തയും പ്രവൃത്തിയും 
ചിതയിലെരിയും
ഉറക്കത്തിന്റെ 
തരിശുനിലങ്ങളില്‍
ബാക്കിയാവുന്നത് 
ബാക്കിവച്ച
നന്മയുടെ 
തീനാവുകള്‍

**************

സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങി
ആകാശത്തിനുതാഴെ
നിഴലുപോലെ മരച്ചില്ലകള്‍
ജീവിതം മരുപ്പറമ്പുപോലെ
നിശ്ശൂന്യം, നിരര്‍ഥകം
മുളകളൊക്കെ കരിഞ്ഞുണങ്ങി
അവസാനത്തെ ജലകണവും
തീനാവിനാല്‍ തുടച്ചെടുത്തു
**********

മനുഷ്യന്‍ 
ഭൂമിയെക്കാള്‍ 
വലിയ പൂജ്യം, 
സംപൂജ്യന്‍
അര്‍ഥമില്ലാത്ത 
നിയമസംഹിത
അനുസരിപ്പിക്കാന്‍ 
അനുനയിക്കാന്‍
അനുസരിക്കാതെ 
അടിച്ചേല്‍പ്പിക്കാന്‍
കൊണ്ടതും കൊടുത്തതും
ഏതുനിയമത്തിലൂടെ?

പ്രപഞ്ചനിയമം
മനുഷ്യനിയമം
ജീവവായുപോലെ
നിനക്കും എനിക്കും
ശ്വസനവായുപോലെ
പ്രകൃതി നിയമം
ജനനവും മരണവും
വളര്‍ച്ചയും തളര്‍ച്ചയും
തലമുറകളായി
പലമുറകളായി
*********


Wednesday, November 13, 2013

നിരര്‍ഥകമായ വാക്ക്


വാക്കിന്റെ നിരര്‍ഥകത എത്ര ഭയാനകമാണ്. പറയുന്ന വാക്കു കേള്‍ക്കാന്‍ ചെവിടുവേണം. വാക്കുകള്‍ മറ്റുള്ളവര്‍ക്കു താല്‍പ്പര്യമുണ്ടാക്കുന്നില്ലെങ്കിലോ? മറ്റുള്ളവര്‍ക്കു അരോചകമുണ്ടാക്കുന്ന വാക്കുകള്‍ ഒരപശബ്ദമായി മാറുകയാണ് ചെയ്യുക. വാക്ക് സാര്‍ഥകമാകുന്നത് അത് കേള്‍ക്കുവാനും ആ കേട്ടതിന് പ്രതികരണമുണ്ടാകുമ്പോളുമാണ്.

എല്ലാവാക്കിന്റെയും ശബ്ദത്തിന്റെയും പ്രവൃത്തിയുടെയും മറുപുറം ഒരു പൊട്ടിച്ചിരിയുടെ അട്ടഹാസം മുഴങ്ങുന്നുണ്ട്. ആ മുഴക്കത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ അവിടെ മൗനം നിശ്ശബ്ദമായി നിശ്ചലമായിരിക്കുന്നു. ഓരോ ചലനത്തിനും ഒരു എതിര്‍ചലനം കുടിയിരിക്കും. അര്‍ഥങ്ങള്‍ക്കു വിപരീതാര്‍ഥം ഉടലെടുക്കുന്നതുപോലെ.

ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നതോടൊപ്പം മറുകാലു പിറകോട്ടു ചലിക്കുകയാണ്. ഒരു കാലിനെ പിന്നോക്കം തള്ളാതെ മറുകാലിന് മുന്നോക്കം പായാന്‍ സാധിക്കില്ല. ഭാവിയിലേക്ക് മുന്നേറുന്നതിനനുസരിച്ച് ഭൂതകാലത്തിലേക്കും ഒരു ചുവടു പിന്‍വാങ്ങുകയാണ്.

Tuesday, November 12, 2013

മനുഷ്യന്‍ ഭാരമാകുന്നത്



ഒരാള്‍ അയാള്‍ക്കും ഭൂമിക്കും
ഭാരമാകുന്നത് 
തന്റേതല്ലാത്ത കാരണത്താല്‍!
ജീവിതഭാരത്തില്‍ നി്ന്നും
ശരീരഭാരം കുറയ്ക്കുമ്പോള്‍
കിട്ടുന്നത്, 
ശിഷ്ടമോ ഫലമോ?
ഹരണഫലവും ശിഷ്ടവുമില്ലാതെയോ
പിറന്നപടി കാലുകള്‍ താങ്ങില്ല, സ്വന്തംഭാരം 
അതുപോലെ ജീവിതഭാരവും!
പിച്ചവച്ചും പിച്ചതെണ്ടിയും.
താങ്ങും തണലുമായി വേണം
ഒരു കൈത്താങ്ങ്.
ഭാരം ചുമയ്ക്കുന്നവനു അറിയാം
ഭാരമിറക്കുന്നവന്റെ ഭാരം!
തൂക്കുകട്ടയും തുലാസുമില്ലാത്ത
ജീവിതഭാരം എവിടെയിറക്കും
എന്റെ തലയില്‍നിന്ന് നിന്റെ തലയിലോ 
ഭാരം ചുമന്നവന് കിട്ടിയത് മുള്‍ക്കീരിടം!
വണ്ടിക്കാളയ്ക്കു ഭാരംതാങ്ങല്‍
സന്തുലിതാവസ്ഥയുടെ നുകംപേറലാണ്
വണ്ടിക്കാരന് അതിനെക്കാള്‍ വലിയ
ജീവിതഭാരം; ആരു താങ്ങൂം?
ഭാരം ചുമയ്ക്കുന്ന കഴുതയെപ്പോലെ
ജീവിതഭാരവുമായി മനുഷ്യക്കൂട്ടം
പലായനവും തിരിച്ചുവരവും
ഭാരം തൂക്കിയും ഇറക്കിയും 
നിതാഖാത്തിന്റെ ഇളവുപോലെ.
മരണത്തിലൂടെ ശിഷ്ടമില്ലാത്ത
ഇഷ്ടമില്ലാതെയൊരു ഹരണം
അവസാനശ്വാസത്തിന്റെ ഭാരമില്ലായ്മ
ഇതുവരെ സഹിച്ചതും സഹിപ്പിച്ചതും
ഒരു തൂക്കുക്കട്ടയുടെ പിന്‍ബലത്തില്‍
തുലാസും പെണ്‍ഡുലവും മാരണങ്ങള്‍
ഭാരമളയ്ക്കാനും സമയമിളയ്ക്കാനും
രണ്ടിനുമുണ്ട് സൂചിമുനകള്‍
ഹൃദയത്തെ തുളയ്ക്കുന്ന മുള്ളുപോലെ.


ഭ്രമണപഥം

സാഹചര്യംമൂലമുള്ള അടിമത്വത്തില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ സാമൂഹികമായി സംഘടിക്കേണ്ടി വരുന്നു. എന്നാല്‍ മാനസ്സികമായ അടിമത്വത്തില്‍ നിന്നും കരകയറുന്നതിനു സ്വയം തന്നെ അതിനെതിരെ പൊരുതേണ്ടിവരും. ശരീരം ഭോഗാവസ്ഥയിലും മനസ്സ് ആത്മീയാവസ്ഥയിലും വിമോചനം നേടുകയാണ്. മനസ്സ് ശരീരത്തെ വിഴുങ്ങണം. ശരീരം മനസ്സിനെ വിഴുങ്ങിയാല്‍ മനസ്സ് ശരീരത്തിനു അടിമയാകും. താല്‍ക്കാലികമായ സുഖം ലഭിക്കുന്നതു ശാരീരികമായ തോന്നലുകളിലൂടെയാണ്. സ്ഥിരമായ സൗഖ്യം ലഭിക്കണമെങ്കില്‍ ആത്മീയമായ ഔന്നത്യത്തില്‍ എത്തണം. മാനസ്സികമായ അടിമത്തം ഉണ്ടാകുന്നത് മനസ്സ് ശരീരത്തിനു കീഴടങ്ങുമ്പോഴാണ്. ആത്മീയചിന്തയില്‍ ഒരിക്കലും അടിമത്തമില്ല. ശാരീരികമായ ഭോഗാസക്തി മുന്നിട്ടുനില്‍ക്കുമ്പോള്‍മനസ്സിലെ ആത്മീയ ചൈതന്യം മങ്ങുകയും ആത്മാവ് നിര്‍ജീവമാവുകയും ശരീരം സജീവമാവുകയും ചെയ്യുന്നു. ശരീരത്തിന്റെ സജീവത താല്‍ക്കാലികവും ആത്മാവിന്റെത് സ്ഥിരവുമാണ്. മനസ്സിന്റെ സജീവതയില്‍ ആത്മാവും ശരീരവും ഒരുമിച്ചു ഉല്‍ക്കൃഷ്ടത പ്രാപിക്കുന്നു.

ജീവിതം നിരന്തരമായ പ്രവാഹമാണ്. ആ പ്രവാഹത്തിലെ ഒരു ബിന്ദുമാത്രമാണ് മനുഷ്യന്‍. ജീവിതത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ അതിന്റെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ സാധിച്ചെന്നുവരും. ജീവിതം ഒരു കറക്കുതൊട്ടിലുപോലെ അതിന്റെ ഉച്ഛിയില്‍ നിന്നും എടുത്തെറിയപ്പെടും. ആ സമയത്തു വയറില്‍ നിന്നുള്ള ആളലില്‍ എല്ലാം കത്തിയമരാം. തൊട്ടിലിന്റെ കറക്കം ഒരിക്കലും അവസാനിക്കുന്നില്ല. ഉയര്‍ച്ചതാഴ്ചകളുടെ മഹോല്‍സവം തുടര്‍ന്നുകൊണ്ടിരിക്കും. ശ്വാസഗതിയെ തടഞ്ഞും കുടലുമാല കൂടിക്കുഴഞ്ഞും കണ്ണൂകളില്‍ കാഴ്ചയുടെ തിരയോട്ടംമായി ഒരു നിഴലുപോലെ ജീവിതത്തിന്റെ തുരുമ്പെടുത്ത കൈപ്പിടിയില്‍ താങ്ങി.

ആരോഗ്യം ധനം വിദ്യ ഇതില്‍ ഏതെങ്കിലും ഒന്ന് പൂര്‍ണമായിരിക്കണം. അല്ലെങ്കില്‍ നമ്മള്‍ സമൂഹത്തിന് വിധേയമായി അടിമയായി ജീവിക്കേണ്ടിവരും. ആരോഗ്യമുണ്ടെങ്കില്‍ ധനവും ധനമുണ്ടെങ്കില്‍ വിദ്യയും കരസ്ഥമാക്കാം. ആരോഗ്യമാണ് പ്രധാനം. ധനമുണ്ടെങ്കില്‍ വിദ്യയും വിദ്യയുണ്ടെങ്കില്‍ ധനവും സ്വായത്തമാക്കാം. ധനവും വിദ്യയും പൂരകമാണ്. വിദ്യാധനം സര്‍വധനാല്‍ പ്രധാനമാകുന്നതും ഈ പൂരകാവസ്ഥയില്‍ നിന്നാണ്. 

മനുഷ്യന്‍ പൂര്‍ണനായിരിക്കുമ്പോഴാണ് സ്വതന്ത്രനാവുന്നത്. പൂര്‍ണത ആരോഗ്യപരവും മാനസികവുമാണ്. സ്വതന്ത്രത അടിമത്വത്തില്‍ നിന്നുള്ള മോചനമാണ്. ജീവിതം സ്വാശ്രയമായിരിക്കണം. അപ്പോള്‍ മാത്രമേ ജീവിതത്തിന്റെ എല്ലാവിധത്തിലുമുള്ള അനുഭവവും അനൂഭൂതിയും ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.

ആത്മവിശ്വാസമാണ് ഏറ്റവും വലിയ ശക്തി. സ്വയം തിരിച്ചറിയുകയും ആ തിരിച്ചറിവിനെ ജീവിതത്തിന്റെ ചാലകശക്തിയാക്കിമാറ്റുകയും ചെയ്യുക. ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ നിരാശ്രയരായി മാറും. ഏറ്റവും വലിയ ആശ്രയം സ്വാശ്രയമാണ്. സ്വയം രക്ഷ അതാണ് ഏറ്റവും വലുത്. ആദ്യം രക്ഷിക്കുക സ്വയം തന്നെയാണ്. അതില്‍ പരാജയപ്പെടുമ്പോല്‍ മാത്രമാണ് പരാശ്രയത്തെ കാംക്ഷിക്കുന്നത്. അത് അകലെയാണ്. കണ്ണാണ് കാഴ്ച. ചെവി കേള്‍വിയും തലച്ചോറു ബുദ്ധിയും ഹൃദയം മനസ്സുമാണ്. കൈ ആശ്രയമാണ്. കാല്‍ നിലനില്‍പ്പും. 

ആദ്യം സ്വയം അറിയുക, പിന്നെ ലോകത്തെയും. അടിമുതല്‍ മുടിവരെയും ആദിമുതല്‍ അന്ത്യംവരെയും അറിയുക. പിന്നെ മറ്റുള്ളതിനെയും ലോകത്തേയും. ആ അറിവാണ് ജീവിതത്തിന് വെളിച്ചവും മാര്‍ഗവുമാകുന്നത്. ഞാന്‍? നീ? നമ്മള്‍?

ഓരോരാളും അവരവരുടെ ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. അതില്‍ അതിക്രമിക്കാനോ ക്രമീകരിക്കാനോ മറ്റുള്ളവര്‍ക്കു സാധിക്കില്ല. സമയനഷ്ടപ്പെടുത്തലാണ് ഫലം. ന്യൂക്ലിയസ്സിനു അതിനു ചുറ്റുമാള്ള സംക്രമണവും. ഒരാളുടെ ഭ്രമണപഥം അവരുടെ സ്വതന്ത്രവും മോചനവുമാണ്. അവരുടെ മാര്‍ഗത്തിനു തടസ്സം സൃഷ്ടിക്കരുത്. 

ഒരാളെ നിര്‍മിക്കുക സാധ്യമല്ല. എന്നാല്‍ അയാളെ നിഷ്പ്രയാസം തകര്‍ക്കുക സാധ്യമാണ്. സൃഷ്ടി സ്വന്തവും നാശം പരവുമാണ്. നേട്ടം സ്വന്തം അവകാശപ്പെട്ടതാണ്. കോട്ടം കാരണങ്ങളുടെ ഫലവും. സൃഷ്ടിയുടെ സ്രഷ്ടാവ് അയാള്‍ തന്നെ. വിജയിക്കുമാത്രമാണ് വിജയത്തിനു അവകാശം.

ആര്‍ക്കും ആരെയും സൃഷ്ടിക്കാന്‍ സാധ്യമല്ല. സൃഷ്ടി സ്വയംഭൂവാണ്. അതുപോലെ ഒരാള്‍ മറ്റുള്ളവര്‍ക്ക് ഒരു മറവുകൂടിയാണ്. സ്വന്തം മാര്‍ഗം, ശ്വാസം, നോക്ക്, കേള്‍വി, ചലനം മറ്റുള്ളവര്‍ തടസ്സമാകുന്നു. വികര്‍ഷിക്കലാണ് മോചനം. ആകര്‍ഷണം ബന്ധമാണ്. ആശ്രയവും വിധേയവുമാണ്. വികര്‍ഷണം സ്വാശ്രയവും സ്വതന്ത്രവും പൂര്‍ണതയുമാണ്.

സൂര്യന്‍ ഓരോ ഗ്രഹത്തെയും ആകര്‍ഷിക്കുമ്പോള്‍ തന്നെ വികര്‍ഷിക്കുകയും ചെയ്യുന്നു. ഓരോ ഗ്രഹത്തനും അതിന്റെതായ ഭ്രമണപഥത്തില്‍ സ്വതന്ത്രവിഹാരം അനുവദിച്ചിരിക്കുകയാണ്. അതുപോലെ ഓരോ ഗ്രഹങ്ങള്‍ തമ്മിലും അകലങ്ങളും പരിധികളുമുണ്ട്. ഗ്രഹംപോലെയാണ് ഓരോ ജീവിതങ്ങള്‍. ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നതുപോലെ ഓരോരാളും അയാളുടെ ജീവിതകേന്ദ്രത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

Thursday, October 31, 2013

നവംബര്‍ ഒന്ന്

കേരളപ്പിറവി തന്‍
രാഗവിലോലമാം
മന്ദസ്മിതം തൂകും
കേളീരംഗം കാണ്‍കെ

തുടിക്കുന്നു മനസ്സ്
കളകളാരവംപോല്‍.
മൃദുഹര്‍ഷപുളകം
നിറയുന്നുമാത്മാവില്‍

പിറന്നകുഞ്ഞിന്‍ ചെറു
ചുണ്ടില്‍ വിരിയും
നറുതേനൂറും പുഞ്ചിരി-
പോല്‍വിടരുന്നു മലയാളം

ആദ്യാക്ഷരം 'അ 'യില്‍
തുടങ്ങി അമ്മയും
അന്ത്യാക്ഷരം 'മ 'യില്‍
ഒടുങ്ങി മലയാളവും

അമ്മതന്‍ സ്‌നേഹവും
ഭാഷതന്‍ ഗാംഭീര്യവും
എങ്ങനെ മറക്കിലും
തലമുറകള്‍ മറയുകിലും

നിന്നെ അറിഞ്ഞതും
എന്നെ തിരിച്ചറിഞ്ഞതും
അമ്മ മലയാളം പകരും
ചുടുചോരാക്ഷരങ്ങളില്‍

തളിര്‍ക്കണം കിളിര്‍ക്കണം
വാട്ടമേതുമില്ലാതെ
അനാദികാലത്തോളം
അവസാനശ്വാസത്തിലും

വാക്കിലും സ്വരത്തിലും
നിറദീപംപോല്‍ തെളിയണം
അക്ഷരക്കൂട്ടുകള്‍ 
വടിവിലും സ്ഫുടത്തിലും

കേള്‍വിക്കെന്തൊരനന്ദമാം
മലയാളമേ, നിന്‍ പദവല്ലരി!
ആനന്ദനൃത്തമാടുമാ-
മന്തരംഗം ഹൃദയതന്ത്രികളില്‍

ജയിക്കും മലയാളം നെറ്റിലും
ജനിക്കും മലയാളം പുറ്റിലും
സമസ്തലോക കോണിലും
പുനരഭി ജനന-മരണംപോല്‍






Thursday, October 10, 2013

അകംപൊരുള്‍

ആരോ ചോദിക്കുന്നു
മഹാഭാരതവും രാമായണവും
അറിയുമോയെന്ന്?

ക്രിസ്തുവിനേയും 
നബിതിരുമേനിയേയും
കണ്ടുവോയെന്ന്?

ദരിദ്രരാമനേയും
തെങ്ങില്‍ കയറിയ
ശങ്കരനേയും പരിചയമുണ്ടോയെന്ന്?

ഉടുമുണ്ടുമുറുക്കിയുടുക്കാന്‍
പഠിപ്പിച്ച രാഷ്ട്രപിതാവിനെ
മന:പാഠമാക്കിയോയെന്ന്?

നിന്റെ അച്ഛന്റെയച്ഛന്റെയച്ഛന്റെ
പിന്നെയും അച്ഛന്റെയച്ഛനെ
ഓര്‍ക്കുന്നുവോയെന്ന്?

നീ എന്താണെന്നും 
നീ ഇതല്ലെന്നും അതാണെന്നും 
അനുഭവിക്കുന്നുണ്ടോയെന്ന്?

നിന്റെ കാഴ്ചയും തോന്നലും
യഥാര്‍ത്ഥമല്ലെന്നും
അത് മായയാണെന്നും!

നീ വന്ന വഴിമറന്നെന്നാല്‍
നിന്റെ അമ്മയെ മറക്കലാണെന്നും
നിന്നെ മായ്ക്കലാണെന്നും!

കാടിനെ കണ്ടോ കടലിനെ തൊട്ടോ
കണ്ടതും കേട്ടതും പതിരല്ല
പൊരുളുണ്ട് അതിലേറെയായി!

കണ്ണെഴുതി, പൊട്ടുതൊട്ടും
കാതണിഞ്ഞും മാറിലാടയാഭരണങ്ങളില്‍
ശോഭിക്കും നീ അണഞ്ഞുപോം!

ഒരു കെടാവിളക്കിന്‍ തിരിനാളത്തെ
ഇരുകൈകളാല്‍ അണയാതെ
കാക്കുമാ നിന്‍ ഹൃത്തടം!

ഒരു ചാണ്‍നൂലിനാല്‍ കെട്ടിയപട്ടം
പോലെ, ഇരുതൂണിനാല്‍ പൂട്ടിയ
ചരടില്‍ നൃത്തമാടുന്നു നീ...








Monday, September 23, 2013

നീയെന്‍ സഖീ......

ആകാശനീലിമ കാണ്‍കെ
മനതാരില്‍ മാരിവില്ലുദിക്കുന്നു
എന്നിട്ടും എന്തേ സഖീ
നീ വന്നില്ല, എന്‍മടിത്തട്ടില്‍

നിന്നോടൊരുപാട് സ്‌നേഹ-
മാണെന്നെങ്കിലും ഉരിയാടിയില്ല
ഞാന്‍ നിന്നോടൊരിക്കലും
അതെന്‍ തെറ്റുകുറ്റമോ?

എങ്കിലുമെനിക്കു സ്‌നേഹമാണൊ-
രിക്കലും തീരാത്ത സ്‌നേഹം
വരിയിലും വാക്കിലും ഒതുങ്ങാത്ത
മായാമയൂരംപോല്‍ മനോഹരം

ആദ്യമായി നിന്നെ കണ്ടതോര്‍മ്മ
മധുരമാമോര്‍മ്മ-അഞ്ചാം ക്ലാസില്‍
ജനാലയിലൂടെ നീ നടന്നകലുമാ-
നിന്‍ പാദസരമണിയാത്ത പാദങ്ങള്‍

അടുത്ത ബഞ്ചില്‍, കണ്‍മുന്നിലായ്
അരികിലായി നിന്‍ മന്ദസ്മിതം തൂകും
മുഖകാന്തിയെന്‍ മനസ്സില്‍ ഇന്നുമേ
മായാതെ മങ്ങാതെ തെളിവാര്‍ന്ന്

പിന്നെ കൂട്ടുകാരികള്‍ക്കൊപ്പം
നടന്നും ഓടിയും കിതച്ചും നീ
പോയ വഴികളിലൊക്കെയും ഞാന്‍
നിന്‍ നിഴലായി നിനക്കൊപ്പം

നീ കണ്ടതേയില്ല എന്‍ കാലടികള്‍
നിറയുമെന്‍ കണ്‍കോണുകള്‍
ഉരുകുമെന്‍ മനം; തകരുമെന്‍ ഹൃത്-
തടം, എങ്കിലും തളര്‍ന്നില്ല ഞാന്‍

കാലവും വര്‍ഷവും പെയ്‌തൊഴി-
ഞ്ഞെന്നാലും, വേനലില്‍ പുഴയും
തടാകവും വറ്റിയെന്നാലും, പാതി-
വഴിയില്‍ ഉപേക്ഷിച്ചില്ല നിന്നെ ഞാന്‍

ഇരുണ്ട നഭസ്സില്‍ തെളിയും നക്ഷത്ര
തിളക്കങ്ങളില്‍ കണ്ടു ഞാന്‍ നിന്‍
പുഞ്ചിരി പുളക മനോരഥ ചക്രം
എത്ര ഉന്മാദമാം ആകാശ കാഴ്ച

അമ്പലനടയിലായി തുളസിക്കതിര്‍
ചൂടി, വെള്ളമൂറും മുടിയലകളില്‍
സിന്ദൂരം പടരാതൊരാ നെറ്റിതട
ത്തില്‍ നീ ചാര്‍ത്തുമാ ചന്ദനക്കുറി

എത്ര മനോഹരം നിന്‍ മുഖചിത്രം
എത്ര മായിച്ചാലും തെളിവാര്‍ന്ന്
്അത്രമേല്‍ തരളിതം ലോലിതം
മറിക്കാനാവില്ലൊരിക്കലുമെനിക്ക്

നീ നടന്ന തൊടിയിലും വരമ്പിലും
മായാതെ മറയാതെ നില്‍ക്കുമാ
മന്ദസ്മിതം കലരുമാ സുഗന്ധം
എന്നില്‍ നിറയും മനം നിറയെ.

തെളിനീരുവറ്റാത്ത ഉറവപോല്‍
നിറയും, പടരും നിന്നോര്‍മകള്‍
ബസ്സിലും ട്രെയിനിലും പാത-
വഴിവക്കിലും കാണുന്നു നിന്നെ

ഒരുവേള ഭയപ്പെട്ടു ഞാന്‍ നിന്നെ
നീ അലിഞ്ഞില്ലാതാകുമോ ഈ
കാലപ്രവാഹത്തിന്‍ കുത്തൊഴിക്കില്‍
ഇല്ല, നീ വിടര്‍ന്നുപരിലസിക്കുന്നു.




















Friday, September 6, 2013

അലക്ക്

നാലുപേര്‍ വശങ്ങളില്‍
അലക്കിയും പിഴിഞ്ഞും
ഞെക്കിയും പിരിച്ചും
അലക്കുയന്ത്രംപോല്‍

ഉന്നംപിഴയ്ക്കാത്ത ചോദ്യം
ഉത്തരത്തിനായി ഉഴന്നും
തര്‍ക്കുത്തരം തടഞ്ഞും
കടക്കേണം കടമ്പകള്‍

തുണിപോല്‍ ചുളിഞ്ഞും
സോപ്പുപോല്‍ പതഞ്ഞും
ആവിപോല്‍ വിയര്‍ത്തും
ഒടുക്കം നീണ്ടുനിവര്‍ന്നും

ആചാരവെടിപോലെ
ഭരണിപ്പാട്ടുപോലെ
ഉരുളക്കുപ്പേരിയായി
ഉത്തരങ്ങളുടെ പെരുമഴ


കുറിക്കുകൊള്ളും ചോദ്യം
കുറിവരയ്ക്കാത്ത വദനം
മേമ്പൊടിക്കായി ചിരിമധുരം
കൈകോര്‍ത്ത് ഹസ്തദാനം

വിശപ്പും ദാഹവും മുറ്റി
ജയിക്കാനായി ജനിച്ചവന്‍
ഉടച്ചുവാര്‍ക്കും മുഖാമുഖം
അലക്കിവെളുത്ത മനസ്സ്

വിശ്വാസം ആശ്വാസമായി
തലനിറയെ ശുഭാപ്തി
ഒരു പിന്‍വിളിയ്ക്കായി
കാതോര്‍ത്ത;് കണ്‍പാര്‍ത്ത്







Tuesday, August 20, 2013

മൃത്യുഹോമം

ഉറങ്ങിയെന്‍ ആത്മാവിനെ
പുണര്‍ന്നൊരാഗ്നി നാളം.
കൊച്ചനിയത്തിയെ വാരി
പ്പുണര്‍ന്നുഞാന്‍ തലോടാന്‍
ശ്രമിക്കവെ ഒടുങ്ങിയവള്‍
ചാരമായി വിസ്മൃതിയില്‍.
അമ്മയെത്തൊട്ടുണര്‍ത്താന്‍
വെമ്പിയ കൈകള്‍ വായുവില്‍
ലയിച്ചുയര്‍ന്ന് ആവിയായി.
അച്ഛനരികില്‍ ഉണ്ടാവുമെന്ന
ശങ്കയില്‍ തല ഉയര്‍ത്തി ഞാന്‍
കണ്ടതു വെണ്ണീന്‍ ആള്‍രൂപമാ-
രൊള്‍ ഭൂമിയില്‍ പതിഞ്ഞമര്‍ന്ന്.
മണ്ണെണ്ണയുടെ രൂക്ഷമാം ഗന്ധം
ശ്വാസത്തെ തടസ്സപ്പെടുത്തിയ
വേളയില്‍ പിടഞെണീറ്റ ഞാന്‍,
എന്തുചെയ്യണമെന്നറിയാതെ
പ്രളയമായൊഴുകിയ തീയില്‍
കുളിച്ചു; ആര്‍ത്തനാദമായി രോദനം.
എത്രനാള്‍ പിന്നിയും ചീകിയും 
തുളസിയും മുല്ലയും അണിഞ്ഞ്
ഉല്ലാസമോഹവിലോല നഭസ്സില്‍
എത്രമേല്‍ ആനന്ദതരളിതയായ്.
കൊച്ചനിയത്തി കൂട്ടുകാരിയും
കൂടപ്പിറപ്പും, അമ്മതന്‍ വാത്സല്യ-
സ്‌നേഹവായ്പും പരിചരണവും.
എല്ലാമേ ഒരു നിമിഷാര്‍്ദ്ധബിന്ദുവില്‍
കത്തിചാരമായെന്നെനിക്കൊരി
ക്കലുമാവില്ല വിശ്വാസിപ്പാന്‍!
ലാളിച്ചും കൊഞ്ചിച്ചും ഇ്ത്രമേല്‍
ആഹ്ലാദചിത്തയായിമാറ്റിയ
അച്ഛനോ ഈ കൊടുപാതകം
ചെയ്തതു എന്നു ശ്ങ്കിക്കയെങ്ങനെ?
അമ്മയ്ക്കുമിതില്‍ പങ്കുണ്ടെന്നോ;
ആവില്ല അവര്‍ക്കൊരിക്കലും
ഈ കൊടുപാതകം ചെയ്യുവാന്‍.
എങ്കില്‍ ഇത്രമേല്‍ സ്‌നേഹം
പകര്‍ന്നു നല്‍കുമോ ഞങ്ങള്‍ക്കായ്.
കുഞ്ഞുടുപ്പും പട്ടുപാവടയും 
തീനാമ്പുകള്‍ വിഴുങ്ങീടുമ്പോള്‍
നടുങ്ങിപ്പോയി ഹൃദയവാഹിനി.
പെന്നും പെന്‍സിലും പുസ്തകവും
അക്ഷരക്കൂട്ടവും ബാഗും കുടയും
ഒന്നായി കത്തിയമരുന്ന വേളയില്‍
ഒരു തുള്ളി വെള്ളവും കണ്ടില്ല
അണയ്ക്കുവാന്‍; എണ്ണപോല്‍
കത്തുന്നു വെള്ളവും ജ്വാലയായ്.
നാലുവരയില്‍ കുറിതൊട്ടപോല്‍
കിടക്കുന്ന നിരാലംബമാം ഒരു
കുടുംബചിത്രം നാടിനെ നടുക്കി.
പത്രകോളങ്ങളില്‍ ചാനലില്‍
ബ്രേക്കിംഗായി വാര്‍ത്തകള്‍!

ഋണം

മനം പിരട്ടും
ജനം വിരട്ടും
കടം കൊണ്ടും
കടം കൊടുത്തും
ജീവിതം മായുന്നു
ഇഹപരലോകത്തില്‍

പണം കായ്ക്കും
മരം വേണം 
വരം നല്‍കാന്‍
ദൈവം വേണം
ഭാഗ്യം കടാക്ഷിക്കാന്‍
യോഗം വേണം

കുലം മുടിക്കും
കുടം ഉടയ്ക്കും
കരണം പൊളിക്കും
മരണം വിളിക്കും
കുടുംബം വെളുക്കും
ഹത്യയാം ആത്മത്യാഗം

കൊടുക്കരുത് വാങ്ങരുത്
ചിന്തിക്കരുത് പറയരുത്
അളന്നു തിന്നണം
അറിഞ്ഞു കളയണം
മോഹിക്കരുത്
മോഷ്ടിക്കരുത്

നല്‍കുന്നതിനെക്കാള്‍
ലഭിക്കണം അതിലേറെ
വരവിനെക്കാള്‍
കവിയരുത് ചിലവ്
പകുത്തു മാറ്റണം
അറിഞ്ഞു തൂറ്റണം

കാണാക്കയം പോലെ
തീരാ കടം കയറി
ഉണര്‍വിലും ഉറക്കിലും
വിറയലും നടുക്കവും
ഉണ്ണാതെ ഉറങ്ങാതെ
ഉച്ചിയില്‍ കനം കയറി

അവധിവച്ചും അടവുവച്ചും
ദിനവാരമാസങ്ങള്‍
ഒഴിഞ്ഞു മാറിയും 
അറിഞ്ഞു മാറിയും
വീടുവിറ്റും നാടുവിട്ടും
ഋതുക്കള്‍ പലതുമാറി

തെറിപറഞ്ഞും പഴികേട്ടും
വഴിപ്പുറത്തും അഴിക്കകത്തും
ചോദ്യം ചെയ്തും ഭേദ്യം ചെയ്തും
കിട്ടാമുതലും കൂട്ടുപലിശയും
നിരപരാധിയാം അപരാധി
താങ്ങി നിന്നു ഉത്തരത്തില്‍!







Monday, July 8, 2013

വേട്ട

ഇരയും വേട്ടക്കാരനും
ഇര ഞാനോ നീയോ
അത് ഇന്നോ നാളെയോ
ഇരയൊരിക്കലും വേട്ടയാടില്ല

ഇരയാവാന്‍ പിറന്നവന്‍
ഇരന്നു ജീവിക്കുന്നവന്‍
നടുങ്ങും ഹൃദയവും
ഇരുണ്ട മനസ്സും മുഖവും

ഹൃദയമിടിപ്പിന്‍ താളം
ഘനീഭവിക്കും; നിലയ്ക്കും
ചൂട് ഉയര്‍ന്നുപൊങ്ങും
മുഖവും ശിരസ്സും കടന്ന്

ആളിയ വയറില്‍ ദഹിക്കും
വിശപ്പും ദാഹവും ദേഹവും
ഉണര്‍വ്വിലും ഉറക്കത്തിലും
വേട്ടയുടെ ഓര്‍മ്മ ഞെടുക്കമായ്

അഴിക്കകത്തും കത്തിമുനയിലും
വാള്‍ത്തലപ്പിന്റെ വെളിച്ചത്തിലും
കൊലവിളിയുമായി കൊലവെറി.
കൊലച്ചോര്‍ ആവിയായി പതയുന്നു

ഒരു തട്ടലും മുട്ടലും ശബ്ദമായി
ചെവി വട്ടത്തില്‍ മുഴക്കമായി
വാതില്‍ അടയ്ക്കാതെ അടച്ചും
വാതില്‍ തുറയ്ക്കാതെ തുറന്നും

കണ്‍പാര്‍ത്തും ചെവികോര്‍ത്തും
നിമിഷബിന്ദുകളെ മാലകോര്‍ത്ത്
കതിനവെടിയുടെ മരുന്നുമായ്
ഇരുണ്ട മൂലയില്‍ ഇരുന്നമര്‍ന്ന്

കാല്‍പ്പെരുമാറ്റം പെരുമ്പറയായ്
ഇഴഞ്ഞിഴഞ്ഞ് തണുത്ത് വിറച്ച്
സിരകളില്‍ ചുടുചോര വേഗമാര്‍ന്ന്
തലച്ചോറില്‍ മിന്നല്‍പ്പിണരുകള്‍

ഓടിയൊളിക്കാന്‍ ഒരിടംതേടി
ഓടിയലഞ്ഞ ഒളിയിടങ്ങള്‍
പിന്നില്‍ കറുത്ത കരവുമായി
നീതിയുടെ തുലാസും കണ്‍കെട്ടും!

Thursday, June 27, 2013

അര്‍ദ്ധവിരാമം

എങ്ങനെ ഞാന്‍ മറക്കേണ്ടു നിന്നെ
എങ്ങനെ ഞാന്‍ ഓര്‍ക്കേണ്ടു നിന്നെ
നീയേകിയ മധുരമാം ഓര്‍മകള്‍നല്‍കും
നിന്‍ പുഞ്ചിരിതൂകുമാമുഖചിത്രപടം

രാവിന്‍ ഓരംപറ്റി ഞാന്‍ ഉറങ്ങിടുംന്നേരം
നിന്‍ ഓര്‍മ്മകള്‍ തഴുകും എന്‍ മനതാരില്‍
ഉറക്കമിളച്ചു ഞാന്‍ നിന്‍ മിഴികളില്‍
നോക്കവേ, കാണ്മൂ നിന്‍ പുഞ്ചിരികുതൂഹലം

ഓരോ വാക്കിലും നോക്കിലും നിറഞ്ഞ
നിന്‍ ആര്‍ദ്രമാം നിമിഷങ്ങളെയെണ്ണി
ഞാന്‍ സൂക്ഷിച്ചുവച്ചുയെന്‍ ഹൃദയറകളില്‍
പാഴല്ലയിതു രത്‌നവൈര്യമാണെന്‍ സമ്പാദ്യം

ചിന്തകള്‍ മേഞ്ഞവഴികളില്‍ നടക്കവേ
നിന്‍ നിഴലെന്‍നിഴലിനെ പുണര്‍ന്നപോല്‍
എന്റെ വഴികളെ പിന്തുടര്‍ന്നകലുന്നതു
നിറകണ്ണാല്‍ മറയ്ക്കാന്‍ ശ്രമിക്കുഞാന്‍

നിന്‍ പാതിയാം എന്‍മകളെ വാരിപ്പുണര്‍ന്നു
ഞാന്‍ നിന്‍ ഊഷ്മളകാന്തിയെ പുല്‍കവേ
ചോദ്യങ്ങളായി കുമിളകള്‍ നിറയുന്നു കാതില്‍
അച്ഛനുണ്ടായിരുന്നെങ്കിലോ ചാരത്തായി

നിന്‍ മുഖചിത്രമിരിക്കും ചുമരിലെ ചിത്രത്തില്‍
ചാര്‍ത്തും കണ്ണീരില്‍ കുതിര്‍ന്നൊരാ മുല്ലമാല
എന്റെ ചുടുനിശ്വാസത്തിനാശ്വാസമായിവരും
വാകചാര്‍ത്തുപോല്‍ എന്‍ പുഷ്പാജ്ഞലി

നീ പിരിഞ്ഞൊരാദിനസന്ധ്യയില്‍ അറിഞ്ഞില്ല
ഞാന്‍ നിന്‍ വിയോഗസത്യം; എങ്കിലാനിമിഷം
ഞാന്‍ വിടയേകുമീലോകവാസം നിനക്കായി,
എന്നെ പ്രാണന്റെ പ്രാണനായി കരുതിയോന്‍.

എങ്കിലും ഞാന്‍ കരുതുന്നു നിനക്കായി
ഒരുദിനം; നമ്മുടെ മകളെ കാക്കണം നാളെ
വരെയെന്ന സത്യം മറന്നുപോയിടാതെ
വേവുന്ന ഹൃത്തിനാല്‍ എരിയുന്നു ഞാന്‍.

നീ വരില്ലെന്ന നിത്യതയെന്നെ കാര്‍ന്നു
തിന്നുന്നു പതിവായി, പരിഭ്രമം നിറയ്ക്കുന്നു
എങ്കിലും ഞാന്‍ ആശ്വസിപ്പിതു - ഒരിക്കല്‍
ഞാന്‍ എത്തും നിന്‍ സ്വര്‍ഗവാതിക്കല്‍...

നീ നല്‍കിയ ഉന്മാദഹര്‍ഷപുളകങ്ങള്‍
ഒരു വേഴാമ്പലിന്‍ ദാഹമായി എന്നെ
കാര്‍ന്നുതിന്നുന്ന വേളയില്‍ തപിക്കുന്നു
നിന്‍ ഹൃദയമിടിപ്പിന്‍ വേഗതാളംകിതപ്പില്‍

കാണുന്നു നിന്നെ പ്രകൃതിയില്‍ ഭുമിയില്‍
പൂവില്‍ കായ്കനികളില്‍ മധുരമായി
പല നിറങ്ങളായി വലുപ്പചെറുപ്പത്തില്‍
നേടുന്നു അലൗകീകമാം സുഖസുഷുപ്തി.

വേണ്ടയിനിയൊരു മംഗല്യസൂക്തനടനം
മകളേ നിനക്കായി ജീവിക്കും ഞാന്‍
ചടുലമായി ഝടുതിയില്‍, ഒരോര്‍മമാത്രം
ലക്ഷ്യമായി വിടരുന്നു എന്‍ നഭസ്സില്‍.









Thursday, June 20, 2013

വിടരാതെ പോയ കുസുമം

മകളേ നിന്നെയോര്‍ത്തു ഞാന്‍
കരയാത്ത രാവില്ല; പകലില്ല
എത്രമേല്‍ നിന്നെ ചുമന്നുഞാന്‍
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി

നിന്‍ പൊന്‍മുഖം ദര്‍ശിക്കുവാന്‍
നിന്‍ സ്വരം കേട്ടു പുളകമണിയാന്‍
ഒക്കെ വെറുതെയെന്നു നിനയ്ക്കാന്‍
ആവതില്ലെനിക്കീ ജന്മം കഴിഞ്ഞാലും

നീ പിറക്കാതെ പിറന്ന പൊന്‍കുടം
പേര്‍ത്തും പാര്‍ത്തും കഴിഞ്ഞൊരാ
നാളുകള്‍ ഇന്ന് വെറുമോര്‍മകള്‍
മാത്രമായി, കരിഞ്ഞ സ്വപ്‌നങ്ങള്‍

ഞാനറിഞ്ഞീല്ലാ വിധിയുടെ മേലാപ്പ്
ഇത്രമേല്‍ എന്‍ ശിരസ്സില്‍ പതിക്കുമെന്ന
നഗ്നസത്യം, എങ്കില്‍ ഇത്രമേല്‍ 
ആശിക്കില്ലായിരുന്നു എന്നതുസത്യമോ?

ഒന്നുരണ്ടെന്നെണ്ണി കഴിഞ്ഞൊരാ-
നാളുകള്‍, ഇനി തിരിച്ചുവരില്ലെന്ന
യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവില്ല
യെങ്കിലും മകളേ ഞാന്‍ അറിയുന്നു

അറിയാത്ത അറിവുകളുടെ നൂലാമാല-
കള്‍ത്തീര്‍ക്കും കുരുക്കുകള്‍
അഴിക്കുന്തോറും കുരുക്കായി നിറയുമീ
ജീവിത സായന്തന വേപഥു.

കോണിയും പാമ്പും കളിക്കും കുഞ്ഞു-
കുസൃതിപോല്‍ ജീവനെ വട്ടംകറക്കും
ഇതോ വിധി, ദൈവഹിതം, ആരാണ്
ഉത്തരവാദിയും പ്രതിയും വാദിയും?

കേട്ടില്ലേ, വിധിയുടെ കരാളമാം താണ്ഡവം
ഏല്‍ക്കാത്തെ ജന്മങ്ങള്‍ എത്ര വിരളം
ഇന്നു ഞാന്‍ നാളെ നീ യെന്ന ആപ്ത-
വാക്യം പൂരണം ചെയ്യുമെന്‍ ജീവിതം

ആരെ കുറ്റം പറയേണ്ടൂ ഞാന്‍, ആര്
കുറ്റം മേല്‍ക്കുമെന്നറിയില്ല, സ്വയം
ശാപവാക്കുകള്‍ പിറുപിറുത്തങ്ങനെ
ഹോമിക്കും ഈ ശരീരഭാണ്ഡവും.