Wednesday, March 27, 2013

സൃഷ്ടി സംഹാരം

ഓരോ ജന്മവും 
ഓരോ മരണവും
സൃഷ്ടി സംഹാരം
വിതയ്ക്കലും കൊയ്യലും

ജീവിതം സമുദ്രംപോലെ
ഒരു തുള്ളിയില്‍ ഉണര്‍ന്ന്
അരുവിയായി പുഴയായി
കടലായി സമൂദ്രമായി
ഉപ്പുനിറഞ്ഞ കണ്ണീരായി

സൃഷ്ടി ഒരു പുഞ്ചിരി
മരണം ഒരു തേങ്ങല്‍
ജന്മവും മരണവും
വിതുമ്പല്‍ വിങ്ങലായി

സൃഷ്ടി ഉണര്‍വ്വാണ്
മരണം സ്വപ്‌നവും
ഉണര്‍വ്വും സ്വപ്‌നവും 
ചേര്‍ന്നാല്‍ ജീവിതം

ഉണര്‍വ്വ് പുഞ്ചിരിയും
സ്വപ്‌നം ദു:ഖവും
ഉണര്‍വ്വും സ്വപ്‌നവും
ഇഴചേര്‍്ന്നും ഇണപിരിഞ്ഞും
വേര്‍പിരിയാതെ...

ജനിച്ചവന്റെ കുടെ
വിളിക്കാതെ പിന്തുടരും 
മരണവിളി കാഹളമായി
ശബ്ദമില്ലാത്ത ശബ്ദമായി

ഉണര്‍വ്വ് 
ഉറക്കത്തിലേക്കും
സ്വപ്‌നം 
വെളിച്ചത്തിലേക്കും

എല്ലാ പാതകളും
അവസാനിക്കും
അഗാധഗര്‍ത്തമരികെ
എല്ലാ ജന്മവും
അവസാനിക്കും 
മരണാന്ധകാരമരികെ

മനുഷ്യനും മൃഗവും

മനുഷ്യനും മനുഷ്യരും
ജനവും ജനക്കൂട്ടവും
ആളും ആള്‍ക്കൂട്ടവും
എവിടെ നോക്കിയാലും
മനുഷ്യക്കൂട്ടങ്ങള്‍
മൃഗങ്ങളെപ്പോലെ
അലഞ്ഞുംതിരിഞ്ഞും
കൂട്ടംകൂടിയും 
കൂട്ടംതെറ്റിയും
കൂട്ടത്തിലിരിക്കിലും
കൂടിനുള്ളിലായി
സ്വത്വത്തെ മറച്ചും
സ്വയം ഉയര്‍ത്തിയും
തിരിച്ചറിയാത്ത
കുറ്റവും കുറവും
ചിന്തയില്ലാതെ ചിരിക്കുന്നു
പന്തിയില്ലാതെ പറയുന്നു
കാണുന്നു അറിയുന്നു
അനുഭവിക്കുന്നു!
മനുഷ്യനും മൃഗവും
ഒരേ ത്രാസിലെ
രണ്ടുതൂക്കുകട്ടികള്‍.

Friday, March 22, 2013

ശ്രുതിഭംഗം

ജീവിതം വഞ്ചി
പോല്‍ ചഞ്ചലം
ശരീരവും മനസ്സും
പ്രക്ഷുപ്തം 
വികാരപ്രവഞ്ചം

പഞ്ചേന്ദ്രിയങ്ങള്‍
തിരമാലപോല്‍
ആര്‍ത്തലയ്ക്കും
പൊട്ടിച്ചിതറും

കുത്തിച്ചുപായും
കുതിരശ്ശക്തിയാല്‍
അസ്വസ്തം മനസ്സ്
ജീവനസ്തമിക്കും-
വരെയേക്കും.

വാതുവെച്ചും 
ബലംപിടിച്ചും
മനസ്സും ശരീരവും
ഏകവും ദൈ്വതവും
സ്വത്വവും ബോധവും

ശിഥിലമായ ചിന്ത
വാക്കുകള്‍ മാറുന്നു
മാറ്റുന്നു മറിക്കുന്നു
ശൂന്യമായി ലയിക്കുന്നു
ശബ്ദവുംനിറവുമില്ലാതെ

വളഞ്ഞും പുളഞ്ഞും
ഋജുരേഖയില്‍ 
എത്താത്ത മനസ്സ്
ചങ്ങലപോലെ
തീയടരായി പടര്‍ന്ന്
മോഹഭംഗം; മൂല്യച്ഛ്യുതി.










Thursday, March 21, 2013

സ്വയമര്‍പ്പണം

കല്ല് മണ്ണ് പാറ-
പര്‍വ്വതമലനിരകള്‍
പ്രകൃതിയുമായി
രമിച്ചും രസിച്ചും

ജലം വായു തീ
ലയിച്ചും ജ്വലിച്ചും
സസ്യവും വൃക്ഷങ്ങളും
പരന്നും ഉയര്‍ന്നും

ഉരഗവും പാറ്റയും
പക്ഷിമൃഗാദികള്‍
മനുഷ്യനന്ത്യവും
അടുത്തും അകന്നും
സ്ഥിരവും ചലനവും
പരിണയം പരിണാമം
വിനീതം വിധേയം 

പ്രകൃതി തന്‍മടിത്തട്ടിലും
വൃക്ഷ ശിഖിരത്തിലും
വളര്‍ന്നും വളഞ്ഞും
ഇണചേര്‍ന്നും ഇടപഴകിയും

ഇഴഞ്ഞും പറന്നും നീന്തിയും
നടന്നും ചാടിയും ഓടിയും
കാലിലും വാലിലും ചിറകിലും
പ്രകൃതി നിയമം ജീവനം

അടര്‍ന്നും പടര്‍ന്നും
ഊഷ്മളം ഉന്മാദം
ഇടതൂര്‍ന്നും ഇടതിങ്ങിയും
പച്ചയും നീലയും ചുകപ്പുമായി
വര്‍ണ്ണങ്ങളാല്‍ സഞ്ചിതം

സ്വാഭാവികം സ്വഭാവം 
അസാധാരണം അസ്വാഭാവികം
ഉയര്‍ന്നും വേറിട്ടും അകന്നും
ബുദ്ധി വിചാരം അറിവ്
മണ്ണില്‍ നിന്നും വിണ്ണില്‍ നിന്നും
മണ്ണോടുചേര്‍ന്നും 
വിണ്ണോടുയര്‍ന്നും
വിരേചിതം സ്വയമര്‍പ്പണം.