Thursday, June 27, 2013

അര്‍ദ്ധവിരാമം

എങ്ങനെ ഞാന്‍ മറക്കേണ്ടു നിന്നെ
എങ്ങനെ ഞാന്‍ ഓര്‍ക്കേണ്ടു നിന്നെ
നീയേകിയ മധുരമാം ഓര്‍മകള്‍നല്‍കും
നിന്‍ പുഞ്ചിരിതൂകുമാമുഖചിത്രപടം

രാവിന്‍ ഓരംപറ്റി ഞാന്‍ ഉറങ്ങിടുംന്നേരം
നിന്‍ ഓര്‍മ്മകള്‍ തഴുകും എന്‍ മനതാരില്‍
ഉറക്കമിളച്ചു ഞാന്‍ നിന്‍ മിഴികളില്‍
നോക്കവേ, കാണ്മൂ നിന്‍ പുഞ്ചിരികുതൂഹലം

ഓരോ വാക്കിലും നോക്കിലും നിറഞ്ഞ
നിന്‍ ആര്‍ദ്രമാം നിമിഷങ്ങളെയെണ്ണി
ഞാന്‍ സൂക്ഷിച്ചുവച്ചുയെന്‍ ഹൃദയറകളില്‍
പാഴല്ലയിതു രത്‌നവൈര്യമാണെന്‍ സമ്പാദ്യം

ചിന്തകള്‍ മേഞ്ഞവഴികളില്‍ നടക്കവേ
നിന്‍ നിഴലെന്‍നിഴലിനെ പുണര്‍ന്നപോല്‍
എന്റെ വഴികളെ പിന്തുടര്‍ന്നകലുന്നതു
നിറകണ്ണാല്‍ മറയ്ക്കാന്‍ ശ്രമിക്കുഞാന്‍

നിന്‍ പാതിയാം എന്‍മകളെ വാരിപ്പുണര്‍ന്നു
ഞാന്‍ നിന്‍ ഊഷ്മളകാന്തിയെ പുല്‍കവേ
ചോദ്യങ്ങളായി കുമിളകള്‍ നിറയുന്നു കാതില്‍
അച്ഛനുണ്ടായിരുന്നെങ്കിലോ ചാരത്തായി

നിന്‍ മുഖചിത്രമിരിക്കും ചുമരിലെ ചിത്രത്തില്‍
ചാര്‍ത്തും കണ്ണീരില്‍ കുതിര്‍ന്നൊരാ മുല്ലമാല
എന്റെ ചുടുനിശ്വാസത്തിനാശ്വാസമായിവരും
വാകചാര്‍ത്തുപോല്‍ എന്‍ പുഷ്പാജ്ഞലി

നീ പിരിഞ്ഞൊരാദിനസന്ധ്യയില്‍ അറിഞ്ഞില്ല
ഞാന്‍ നിന്‍ വിയോഗസത്യം; എങ്കിലാനിമിഷം
ഞാന്‍ വിടയേകുമീലോകവാസം നിനക്കായി,
എന്നെ പ്രാണന്റെ പ്രാണനായി കരുതിയോന്‍.

എങ്കിലും ഞാന്‍ കരുതുന്നു നിനക്കായി
ഒരുദിനം; നമ്മുടെ മകളെ കാക്കണം നാളെ
വരെയെന്ന സത്യം മറന്നുപോയിടാതെ
വേവുന്ന ഹൃത്തിനാല്‍ എരിയുന്നു ഞാന്‍.

നീ വരില്ലെന്ന നിത്യതയെന്നെ കാര്‍ന്നു
തിന്നുന്നു പതിവായി, പരിഭ്രമം നിറയ്ക്കുന്നു
എങ്കിലും ഞാന്‍ ആശ്വസിപ്പിതു - ഒരിക്കല്‍
ഞാന്‍ എത്തും നിന്‍ സ്വര്‍ഗവാതിക്കല്‍...

നീ നല്‍കിയ ഉന്മാദഹര്‍ഷപുളകങ്ങള്‍
ഒരു വേഴാമ്പലിന്‍ ദാഹമായി എന്നെ
കാര്‍ന്നുതിന്നുന്ന വേളയില്‍ തപിക്കുന്നു
നിന്‍ ഹൃദയമിടിപ്പിന്‍ വേഗതാളംകിതപ്പില്‍

കാണുന്നു നിന്നെ പ്രകൃതിയില്‍ ഭുമിയില്‍
പൂവില്‍ കായ്കനികളില്‍ മധുരമായി
പല നിറങ്ങളായി വലുപ്പചെറുപ്പത്തില്‍
നേടുന്നു അലൗകീകമാം സുഖസുഷുപ്തി.

വേണ്ടയിനിയൊരു മംഗല്യസൂക്തനടനം
മകളേ നിനക്കായി ജീവിക്കും ഞാന്‍
ചടുലമായി ഝടുതിയില്‍, ഒരോര്‍മമാത്രം
ലക്ഷ്യമായി വിടരുന്നു എന്‍ നഭസ്സില്‍.









Thursday, June 20, 2013

വിടരാതെ പോയ കുസുമം

മകളേ നിന്നെയോര്‍ത്തു ഞാന്‍
കരയാത്ത രാവില്ല; പകലില്ല
എത്രമേല്‍ നിന്നെ ചുമന്നുഞാന്‍
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി

നിന്‍ പൊന്‍മുഖം ദര്‍ശിക്കുവാന്‍
നിന്‍ സ്വരം കേട്ടു പുളകമണിയാന്‍
ഒക്കെ വെറുതെയെന്നു നിനയ്ക്കാന്‍
ആവതില്ലെനിക്കീ ജന്മം കഴിഞ്ഞാലും

നീ പിറക്കാതെ പിറന്ന പൊന്‍കുടം
പേര്‍ത്തും പാര്‍ത്തും കഴിഞ്ഞൊരാ
നാളുകള്‍ ഇന്ന് വെറുമോര്‍മകള്‍
മാത്രമായി, കരിഞ്ഞ സ്വപ്‌നങ്ങള്‍

ഞാനറിഞ്ഞീല്ലാ വിധിയുടെ മേലാപ്പ്
ഇത്രമേല്‍ എന്‍ ശിരസ്സില്‍ പതിക്കുമെന്ന
നഗ്നസത്യം, എങ്കില്‍ ഇത്രമേല്‍ 
ആശിക്കില്ലായിരുന്നു എന്നതുസത്യമോ?

ഒന്നുരണ്ടെന്നെണ്ണി കഴിഞ്ഞൊരാ-
നാളുകള്‍, ഇനി തിരിച്ചുവരില്ലെന്ന
യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവില്ല
യെങ്കിലും മകളേ ഞാന്‍ അറിയുന്നു

അറിയാത്ത അറിവുകളുടെ നൂലാമാല-
കള്‍ത്തീര്‍ക്കും കുരുക്കുകള്‍
അഴിക്കുന്തോറും കുരുക്കായി നിറയുമീ
ജീവിത സായന്തന വേപഥു.

കോണിയും പാമ്പും കളിക്കും കുഞ്ഞു-
കുസൃതിപോല്‍ ജീവനെ വട്ടംകറക്കും
ഇതോ വിധി, ദൈവഹിതം, ആരാണ്
ഉത്തരവാദിയും പ്രതിയും വാദിയും?

കേട്ടില്ലേ, വിധിയുടെ കരാളമാം താണ്ഡവം
ഏല്‍ക്കാത്തെ ജന്മങ്ങള്‍ എത്ര വിരളം
ഇന്നു ഞാന്‍ നാളെ നീ യെന്ന ആപ്ത-
വാക്യം പൂരണം ചെയ്യുമെന്‍ ജീവിതം

ആരെ കുറ്റം പറയേണ്ടൂ ഞാന്‍, ആര്
കുറ്റം മേല്‍ക്കുമെന്നറിയില്ല, സ്വയം
ശാപവാക്കുകള്‍ പിറുപിറുത്തങ്ങനെ
ഹോമിക്കും ഈ ശരീരഭാണ്ഡവും.








Tuesday, June 18, 2013

നിനക്കായി

മകളെ മാനസേ എന്തുപറയേണ്ടു
ഞാന്‍ നിന്‍ കരതലം മുത്തവേ
എന്‍ മനം പിടയുമീ നിദ്രതന്‍
ഇടവേളയില്‍, നിന്നെയോര്‍ത്ത്

നീ അറിഞ്ഞീലേ ഈ ലോകമാം
രഥചക്രവേഗ - മത്സരലോകം
എത്തീടേണം മുമ്പിലായ്....
കയറീടേണം ഉയരത്തിലായ്...

തുറക്കുക വാതായനങ്ങളത്ര
എളുപ്പമല്ലെന്ന ചിന്ത മതിക്കേണം
മനസ്സില്‍, കത്തുന്ന പ്രഭാപൂരം
കണക്കെ ജ്വലിക്കണം സദാ...

പ്രാര്‍ത്ഥിക്കുക മനമുരുകി സ്വയം,
കൃതാര്‍ത്ഥയാവുക നിന്‍ അറിവിന്‍
വെളിച്ചം പകരുമാ ഉജ്ജ്വലകാന്തിയില്‍
തേടേണ്ട മറ്റൊന്നുമേ ഈയിഹത്തില്‍

വിദ്യതന്നെയമൃതവും ശരണവും യജ്ഞവും
മറ്റൊന്നില്ല മാര്‍ഗം ഈയിഹലോകത്തെ
ജയിക്കുവാന്‍, വെല്ലുവാന്‍, യശസ്സുയര്‍ത്താന്‍
അതിനായി വരേണം തന്‍-മന:ആത്മാത്യാഗം

ഉയരണം നാടാകെ; ഉണരണം ചുറുക്കോടെ
എത്തണം വേഗത്തില്‍; നേടണം തൃപ്തമായ്
കരുതിയിരിക്കുക, പ്രേത-ഭൂത-പിശാചിനെ-
യല്ല, മനുഷ്യനാം നരഭോജികളാം മൃഗത്തെ!

എനിക്കായി നല്‍കാന്‍ ഇല്ല കൈകളില്‍
നിനക്കായി, എങ്കിലും ഈ ഹൃദയതാളം
ഉള്‍ക്കൊള്‍ക നീ മകളേ രുദ്രതാളമായി
നടനംകൊള്‍ക; ശിവഝടുതിമേളത്തില്‍

ലക്ഷ്യം തീര്‍ക്കുമീ മാര്‍ഗദൂരത്തെ
താണ്ടണം കര്‍മ്മരഥത്തിലേറി
കളങ്കമേല്‍ക്കാതെ; പതറാതെ
ബലിഷ്ഠമാം പദസഞ്ചലനം തുടരുക.

ഈ മഹാപ്രപഞ്ചസാഗരം തീര്‍ക്കും
ബ്രഹ്മാണ്ഡകടാഹത്തില്‍ തിളങ്ങണം
ഋതു ഗ്രീഷ്മ നക്ഷത്രരാശിയില്‍
കാലമേറെ കഴിഞ്ഞാലുമോര്‍ക്കാന്‍

ഞാന്‍ പിരിയുമാക്കാലം വരുമെങ്കിലും
നിന്നെക്കുറിച്ചുള്ള ഓര്‍മ്മതീര്‍ക്കും
ചിത്രമെന്‍ മനംനിറയ്ക്കും വര്‍ണ്ണമായി
അവസാന നാടകരംഗ തിരശ്ശീലയില്‍.








Friday, June 14, 2013

ദീപ്തസ്മരണ

ഒരു മഴക്കാലവും പെയ്തിറങ്ങുന്നു
നിന്നോര്‍മ്മകളില്‍ ചെളിപുരളാതെ
നവംനവം തുടിക്കും നിന്‍കര്‍മ്മവീര്യം
നല്‍കിയ ചുടുനിശ്വാസജ്വാലകള്‍ 

മറക്കുവാനാവില്ല വെള്ളമെത്രമേല്‍
ഒലിച്ചുപോയാലും ധീരസഖാവേ....
നിന്നോര്‍മ്മകള്‍ നല്‍കുന്നു ശക്തിക്ഷയ-
ഉന്മേഷഹര്‍ഷപുളകങ്ങള്‍ സിരകളില്‍.

നിന്നെ വെട്ടിയ ആദ്യവെട്ടിന്റെ നടുക്കം
ഇന്നും ഹൃദയഭിത്തിയെ ഞടുക്കുന്നു.
കരാളം, ആ ഹസ്തമേല്പിച്ച ആഘാതം
കിരാതം, ആ ചതിക്കുഴി ചക്രവ്യൂഹം.

നീ വിതച്ച വിത്തുകള്‍ മുളക്കും നാളെയില്‍
കാക്കണം ഇന്നിനെ സുരക്ഷയിലതുവരെ 
ഉണരുന്നുറങ്ങുന്നു നിന്‍ ദീപ്തസ്മരണയില്‍
തിളങ്ങുന്നു നിന്‍ ധീരരക്തസാക്ഷിത്വം.

അറിവുകെട്ട വര്‍ഗ്ഗവഞ്ചകപരിഷകള്‍
അറിയുന്നില്ല നാളെയിലെ പുതുസൂര്യോദയം
പിളര്‍ക്കും ഭൂമിയെ; തകര്‍ക്കും കോട്ടകൊത്തളം
പണക്കൊഴുപ്പില്‍ തീര്‍ത്ത മണിമന്ദിരങ്ങള്‍.

സത്യം, നേരിന്റെ നെരിപ്പോടായി വിളങ്ങും
മനുഷ്യസ്‌നേഹം ദീപ്തമായ ജനതയില്‍
ഒഞ്ചിയം കൊളുത്തിയ ദീപശിഖാപ്രയാണം
പടരും ജനമനസ്സുകള്‍ കൈമാറി രാജ്യമാകെ.






Wednesday, June 12, 2013

മഴ

ഇരുണ്ട കാര്‍മുകിലിനാല്‍
ഇരുളണഞ്ഞ ഭൂമിതന്‍
മാറിടം പച്ചയാല്‍ പുതഞ്ഞും
മണ്ണും മനസ്സും കുളിര്‍ത്തും.

എത്ര സൗഭഗം ഈ തനുത്ത
കുളിര്‍ത്ത പുലര്‍വേളതന്‍
സൗരഭം നല്‍കുമീ ഉണര്‍വ്വ്.
സ്വച്ഛം സാന്ദ്രമീ പ്രഭാതം.

ചാറിയും പാറിയും കനത്തും
നേര്‍ത്തും നൂലിഴകളാല്‍ തീര്‍ത്ത
ഈ മഴക്കാലദിനരാവുകള്‍
എത്രമേല്‍ സ്വാസ്ത്യമേകും.

മനസ്സും ശരീരവും ആത്മാവും
ഒരുപോല്‍ കുളിര്‍കൊള്ളവേ
വേപഥുപോലും അലഞ്ഞീല്ലാതാ-
വുമീ ജലാശയഓളങ്ങളില്‍.

കിളിര്‍ക്കും തളിരിലകളില്‍ 
തളിര്‍ക്കും പൊന്‍മേനിയില്‍ 
ആയിരം ഉന്മാദനിമിഷ സാഗരം
നിമിഷം വാചാലം വാഗ്മയം.

മൂടിപുതച്ചും കൂനിക്കുടിയും
മഴനിലാവിനെ കണ്‍പാര്‍ത്തും
ഹൂങ്കാരമുഴക്കും മഴപെയ്ത്തിനെ
കണ്‍ക്കണ്ടും മതിവരാതെ.

ജനാലയ്ക്കരികിലും അമ്മതന്‍
വസ്ത്രതുമ്പിലും പിച്ചവച്ചങ്ങനെ
എത്രനേരം നോക്കിനിര്‍ന്നിമേഷം
ഈ ശീതളച്ഛായയില്‍ മുഴുകിനില്ക്കും.

മഴനനഞ്ഞും മഴയില്‍ കുളിച്ചും
മഴയില്‍ നീന്തി തുടിച്ചും കളിച്ചും
ഓര്‍മ്മകള്‍ ഓളംതുള്ളി ഓടിയണയും
തോടിലും തൊടിയിലും ചളിയിലും
കാല്‍പാദം നനച്ചും അഴുക്കിയും.

ഉടയാടകള്‍ നനഞ്ഞും പിഴിഞ്ഞും
ഒട്ടിയ ശരീരവടിവുകള്‍ കൈവെള്ളയാല്‍
മറച്ചും ചരിച്ചും ഒതുക്കിയും ഒതുങ്ങിയും
മനസ്സില്‍ തിളയ്ക്കും യൗവനകാന്തിയില്‍
രമിച്ചും രസിച്ചും എത്രനാള്‍ സുഖിച്ചതും.

നിന്നെ തലോടിയും വാരിപ്പുണര്‍ന്നും
ഈ മനോഹരനിദ്രതന്‍ മഴതണുപ്പില്‍
ചെറുചൂടില്‍ മയങ്ങിയുറങ്ങി തമ്മില്‍
ഉണരാതെ ഉണര്‍ത്താതെ ഉണാതെ!

വയ്യ എനിക്കീ മഴക്കാലരാവിനെ വിട
പറയുവാന്‍, അത്രമേല്‍ കൊതിക്കുന്നു
ഈ പ്രകൃതി തന്‍ ശീതോഷ്മാവിന്‍
നവരാഗം തീര്‍ക്കും അനുരാഗവല്ലിയെ.