Monday, July 8, 2013

വേട്ട

ഇരയും വേട്ടക്കാരനും
ഇര ഞാനോ നീയോ
അത് ഇന്നോ നാളെയോ
ഇരയൊരിക്കലും വേട്ടയാടില്ല

ഇരയാവാന്‍ പിറന്നവന്‍
ഇരന്നു ജീവിക്കുന്നവന്‍
നടുങ്ങും ഹൃദയവും
ഇരുണ്ട മനസ്സും മുഖവും

ഹൃദയമിടിപ്പിന്‍ താളം
ഘനീഭവിക്കും; നിലയ്ക്കും
ചൂട് ഉയര്‍ന്നുപൊങ്ങും
മുഖവും ശിരസ്സും കടന്ന്

ആളിയ വയറില്‍ ദഹിക്കും
വിശപ്പും ദാഹവും ദേഹവും
ഉണര്‍വ്വിലും ഉറക്കത്തിലും
വേട്ടയുടെ ഓര്‍മ്മ ഞെടുക്കമായ്

അഴിക്കകത്തും കത്തിമുനയിലും
വാള്‍ത്തലപ്പിന്റെ വെളിച്ചത്തിലും
കൊലവിളിയുമായി കൊലവെറി.
കൊലച്ചോര്‍ ആവിയായി പതയുന്നു

ഒരു തട്ടലും മുട്ടലും ശബ്ദമായി
ചെവി വട്ടത്തില്‍ മുഴക്കമായി
വാതില്‍ അടയ്ക്കാതെ അടച്ചും
വാതില്‍ തുറയ്ക്കാതെ തുറന്നും

കണ്‍പാര്‍ത്തും ചെവികോര്‍ത്തും
നിമിഷബിന്ദുകളെ മാലകോര്‍ത്ത്
കതിനവെടിയുടെ മരുന്നുമായ്
ഇരുണ്ട മൂലയില്‍ ഇരുന്നമര്‍ന്ന്

കാല്‍പ്പെരുമാറ്റം പെരുമ്പറയായ്
ഇഴഞ്ഞിഴഞ്ഞ് തണുത്ത് വിറച്ച്
സിരകളില്‍ ചുടുചോര വേഗമാര്‍ന്ന്
തലച്ചോറില്‍ മിന്നല്‍പ്പിണരുകള്‍

ഓടിയൊളിക്കാന്‍ ഒരിടംതേടി
ഓടിയലഞ്ഞ ഒളിയിടങ്ങള്‍
പിന്നില്‍ കറുത്ത കരവുമായി
നീതിയുടെ തുലാസും കണ്‍കെട്ടും!