Thursday, October 31, 2013

നവംബര്‍ ഒന്ന്

കേരളപ്പിറവി തന്‍
രാഗവിലോലമാം
മന്ദസ്മിതം തൂകും
കേളീരംഗം കാണ്‍കെ

തുടിക്കുന്നു മനസ്സ്
കളകളാരവംപോല്‍.
മൃദുഹര്‍ഷപുളകം
നിറയുന്നുമാത്മാവില്‍

പിറന്നകുഞ്ഞിന്‍ ചെറു
ചുണ്ടില്‍ വിരിയും
നറുതേനൂറും പുഞ്ചിരി-
പോല്‍വിടരുന്നു മലയാളം

ആദ്യാക്ഷരം 'അ 'യില്‍
തുടങ്ങി അമ്മയും
അന്ത്യാക്ഷരം 'മ 'യില്‍
ഒടുങ്ങി മലയാളവും

അമ്മതന്‍ സ്‌നേഹവും
ഭാഷതന്‍ ഗാംഭീര്യവും
എങ്ങനെ മറക്കിലും
തലമുറകള്‍ മറയുകിലും

നിന്നെ അറിഞ്ഞതും
എന്നെ തിരിച്ചറിഞ്ഞതും
അമ്മ മലയാളം പകരും
ചുടുചോരാക്ഷരങ്ങളില്‍

തളിര്‍ക്കണം കിളിര്‍ക്കണം
വാട്ടമേതുമില്ലാതെ
അനാദികാലത്തോളം
അവസാനശ്വാസത്തിലും

വാക്കിലും സ്വരത്തിലും
നിറദീപംപോല്‍ തെളിയണം
അക്ഷരക്കൂട്ടുകള്‍ 
വടിവിലും സ്ഫുടത്തിലും

കേള്‍വിക്കെന്തൊരനന്ദമാം
മലയാളമേ, നിന്‍ പദവല്ലരി!
ആനന്ദനൃത്തമാടുമാ-
മന്തരംഗം ഹൃദയതന്ത്രികളില്‍

ജയിക്കും മലയാളം നെറ്റിലും
ജനിക്കും മലയാളം പുറ്റിലും
സമസ്തലോക കോണിലും
പുനരഭി ജനന-മരണംപോല്‍






Thursday, October 10, 2013

അകംപൊരുള്‍

ആരോ ചോദിക്കുന്നു
മഹാഭാരതവും രാമായണവും
അറിയുമോയെന്ന്?

ക്രിസ്തുവിനേയും 
നബിതിരുമേനിയേയും
കണ്ടുവോയെന്ന്?

ദരിദ്രരാമനേയും
തെങ്ങില്‍ കയറിയ
ശങ്കരനേയും പരിചയമുണ്ടോയെന്ന്?

ഉടുമുണ്ടുമുറുക്കിയുടുക്കാന്‍
പഠിപ്പിച്ച രാഷ്ട്രപിതാവിനെ
മന:പാഠമാക്കിയോയെന്ന്?

നിന്റെ അച്ഛന്റെയച്ഛന്റെയച്ഛന്റെ
പിന്നെയും അച്ഛന്റെയച്ഛനെ
ഓര്‍ക്കുന്നുവോയെന്ന്?

നീ എന്താണെന്നും 
നീ ഇതല്ലെന്നും അതാണെന്നും 
അനുഭവിക്കുന്നുണ്ടോയെന്ന്?

നിന്റെ കാഴ്ചയും തോന്നലും
യഥാര്‍ത്ഥമല്ലെന്നും
അത് മായയാണെന്നും!

നീ വന്ന വഴിമറന്നെന്നാല്‍
നിന്റെ അമ്മയെ മറക്കലാണെന്നും
നിന്നെ മായ്ക്കലാണെന്നും!

കാടിനെ കണ്ടോ കടലിനെ തൊട്ടോ
കണ്ടതും കേട്ടതും പതിരല്ല
പൊരുളുണ്ട് അതിലേറെയായി!

കണ്ണെഴുതി, പൊട്ടുതൊട്ടും
കാതണിഞ്ഞും മാറിലാടയാഭരണങ്ങളില്‍
ശോഭിക്കും നീ അണഞ്ഞുപോം!

ഒരു കെടാവിളക്കിന്‍ തിരിനാളത്തെ
ഇരുകൈകളാല്‍ അണയാതെ
കാക്കുമാ നിന്‍ ഹൃത്തടം!

ഒരു ചാണ്‍നൂലിനാല്‍ കെട്ടിയപട്ടം
പോലെ, ഇരുതൂണിനാല്‍ പൂട്ടിയ
ചരടില്‍ നൃത്തമാടുന്നു നീ...