Wednesday, November 27, 2013

അമൃതവര്‍ഷം

പ്രേമം അമൃതവര്‍ഷം
ആത്മാവുകളുടെ സംഗമം
ആനന്ദം അനിര്‍വചനീയം
പഞ്ചേന്ദ്രിയങ്ങളില്‍ ലയിച്ച്
അനൂഭൂതിയുടെ മഹാസാഗരം

സ്‌നേഹം പങ്കുവയ്ക്കല്‍
സമ്പൂര്‍ണ സമര്‍പ്പണം
ബലാബലങ്ങളില്ലാതെ
കുറ്റവുംകുറവുമില്ലാതെ
പരസ്പരപൂരകമത്രെ

നിന്നിലെ വിടവിനെ
നികത്തിയും അകറ്റിയും
വല്ലായ്മയും ഇല്ലായ്മയും
മനസ്സിന്റെ ആഴങ്ങളില്‍
സംസ്‌ക്കരിക്കുംമറവിയായ്

എത്ര കൂതൂഹലം ഇടവേള
തന്‍ സൗഹാര്‍ദതീരങ്ങള്‍
കാറ്റിലും മരുപ്പച്ചയിലും
തഴുകുന്ന കുളിര്‍രസം
മനസ്സില്‍ മാരിവില്ലായ്

നേരംപോക്കായി തോന്നും
നേരെ ചൊന്നാലതുപോലും
നേരം കളയാനില്ല നേരം
പറയണം പാടണം പതിയെ
നിന്‍ കാതുകളില്‍ മര്‍മരമായി

അഴകിന്‍നിലാവായി അഴലിന്‍
സൗരഭ്യമായി വരുമോ നിയെന്‍
ചാരെ, അനവധ്യസംഗീതമായി
ഒരുപാടുനാളായി കാത്തുനില്
ക്കയല്ലോ നിന്നിലലിയാനായി

എത്രഋതുക്കള്‍ പോയിമറയും
അത്രമേല്‍ സൗഭഗം ഈവേള
പൂമുല്ലമൊട്ടിന്‍ പല്ലരിവിടരും
നിന്‍ മന്ദഹാസകിലുക്കത്തില്‍
പൂത്തിടും ഒരു വസന്തകാലം

ഒരു വാക്കിനായിരമര്‍ഥങ്ങള്‍
ഒരു നോക്കില്‍ മി്ന്നിമറയും
ചിത്രശലഭവര്‍ണരാചികള്‍
ഒരു സ്പര്‍ശമേകും വിദ്യുത്
ചാലകപ്രവാഹവേഗം മനസ്സില്‍

തളരുന്നുതനം വളരുന്നുമനം
കാണുന്നു കാണാകാഴ്ചകള്‍
വിടരുന്നു ഭാവനകളനന്തമായി
തുടരുന്നു ജീവിതതാളമേളം
വന്യമാം പ്രകൃതിസമക്ഷത്തില്‍

നിന്നെവരിയുമാം ബലിഷ്ഠമാ
കൈകളില്‍ ഞരമ്പില്‍ തുടിക്കും
രക്തചംക്രമണം ദ്രുതം ചടുലം
പായും പാമ്പിന്‍വേഗശരമായി
തപിക്കുംഹൃദയറകള്‍ ശീതമായി

ഓരോ അണുവിലും രോമരാചികള്‍
ഉണരും ഉണര്‍വിന്‍ ഉന്മേഷമായി
തീര്‍ക്കും ചാലുകള്‍ വിയര്‍പ്പിന്‍
കണമായി ഒഴുകും നദിപോല്‍
ചുറ്റിലും സമുദ്രക്കടലായിപരക്കും

നിന്‍ നാഭിചുഴിയിലെ നനുത്ത
രോമചരിഞ്ഞാഗ്രസീമയില്‍
തഴുകും ചുണ്ടിന്‍ കുസൃതിയില്‍
പുളയും, ഗംഗയായി ഒഴുകും 
നീ ജടധാരിയെന്‍ പാതിയായി

ഒടുക്കം ഒടുങ്ങാത്ത രാവുപോല്‍
പുലരാത്ത പുലര്‍ക്കാലവേളയില്‍
പതിയെ കണ്ണിമവിടരും കുളിര്‍
കാറ്റിന്‍ ശീല്‍ക്കാരമണയുമ്പോള്‍
തെളിയും ഭൂമി,വാനവും മുന്നിലായി











Sunday, November 24, 2013

സംഹാരദുര്‍ഗ

നിര്‍മാണം മന്ദഗതി.
നാശം ത്വരിതം.
സൃഷ്ടി കാത്തിരിപ്പാണ്.
പൂര്‍ണതയില്‍ നിന്നും
പൂര്‍ണതയിലേക്കുള്ള
പുനരാവിഷ്‌ക്കാരം.
വിശുദ്ധിയിലെ ശുദ്ധി.
ഹൃദയത്തില്‍ നിന്നും
ഒഴുകിവരുന്ന രക്തം.

നാശം ഇല്ലായ്മയാണ്.
തെറ്റില്‍ നിന്നും തെറ്റിലേക്ക്,
കൂപ്പുകുത്തല്‍: ഓതിരംകടകം.
അശുദ്ധിയുടെ വിളനിലം
ദുര്‍ഗന്ധപൂരിതം മ്ലേച്ഛം
അന്യായത്തിന്റെ വിധിപറച്ചില്‍
അസത്യത്തിന്റെ വചനപ്രഘോഷം
ഹിംസയിലേക്കുള്ള കവാടം
പരാജയത്തിന്റെ പടുകുഴി.

തെറ്റ് ഗുരുത്വമാണ്
കീഴ്‌പ്പോട്ടാണ് സഞ്ചാരം.
ശരി ഗുരുത്വദോഷവും
സഞ്ചാരപഥങ്ങളെ ദേദിക്കും.
നിര്‍മാണം ഉയര്‍ച്ചയിലേക്കും
ഗുരുത്വബലത്തിന്റെ അപനിര്‍മിതി.
നാശം ഭൂമിയിലേക്കുള്ള പതനവും
പതനത്തിന് ശക്തികൂടും.
ഭൂമി വാപിളര്‍ന്ന മഹാമേരുവാണ്
എല്ലാത്തിനേയും വിഴുങ്ങും.
സൃഷ്ടിച്ചതിനൊക്കെയും 
സംഹരിക്കും, സംഹാരദുര്‍ഗയായി.

Thursday, November 21, 2013

പുന:സൃഷ്ടി

മനുഷ്യന്‍ പുതിയതാവുന്നത്
കുളിച്ചുജപിച്ചലകുമ്പോള്‍.
പഴമയുടെ മാറാലപോലെ,
അഴുക്കും അവശതയും.
ജീവിതത്തെ വര്‍ണമാക്കണം-
ഭാവനയുടെ നൂലുകൊണ്ട്
ചിത്രങ്ങള്‍ വരഞ്ഞുതീര്‍ക്കണം.
അറിവില്ലാത്ത അറിവിനെയും
അനുഭവിക്കാത്ത അനുഭൂതിയും
ബുദ്ധിയിലേക്കും ഹൃദയത്തിലേക്കും
ആവാഹിച്ചടുക്കണം അടയ്ക്കണം.
മനുഷ്യനോട് അസൂയതോന്നും
മറ്റുജീവികളുടെ അവസ്ഥകണ്ടാല്‍!
എന്നിട്ടും മനുഷ്യന്‍ എന്തേ ഇങ്ങനെ?
പറവകളെപോലെ ആകാശനീലിമയില്‍
പറന്നുയരാന്‍, ആഴിയുടെ ആഴങ്ങളില്‍
നീന്തിതുടിക്കാന്‍, ആഗ്രഹങ്ങളുടെ ആരവം
നിമിഷങ്ങളുടെ തീക്കനലുകളില്‍
തപിച്ചുകൊണ്ടിരിക്കുന്നത് മനസ്സാണ്.
സ്ഫുലിംഗങ്ങളുടെ കലവറയാണത്,
നിറചൈതന്യത്തിന്റെ കെടാവിളക്ക്.
പുന:പ്രകാശനവും; പുന:സൃഷ്ടിയും.

Wednesday, November 20, 2013

ശ്ലഥബിംബങ്ങള്‍

വാക്ക്, ശബ്ദം, പ്രവൃത്തി
പൊട്ടിച്ചിരിയുടെ അട്ടഹാസം
മൗനികള്‍ നിശ്ശബ്ദരും നിശ്ചലരും
ഒരു ചുവടു മുന്നോക്കം
ഒരു ചുവടു പിന്നോക്കം
ഒന്ന് ഭാവിയിലേക്കും
ഒന്ന് ഭൂതത്തിലേക്കും
കുതിച്ചുപായും ജീവിതം
മരണം, കൂര്‍ത്ത ദ്രംഷ്ട
അന്ധകാരം പിളര്‍ന്ന വായ
സ്പന്ദനം, ശ്വാസം, നിശ്ചലം
ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ച
തളര്‍ച്ചയില്ലാത്ത വിളര്‍ച്ച
മൂകത, ശുന്യത, ആരംഭം
സൂക്ഷ്മത്തില്‍ നിന്നും
സ്ഥൂലത്തിലേക്കും 
ഉണ്മയും മിഥ്യയും

*************
വികാരവും വിചാരവും
വികാരം നശ്വരം, 
വിചാരം അനശ്വരം
വളവുംതിരിവു-
മില്ലാത്ത വഴിത്താര
അനന്തം അനശ്വരം 
ദിവസവും ജന്മവും
ഉറക്കവും മരണവൂം
ഉണര്‍വ്വ് പുതുജന്മായി, 
പുനര്‍ജന്മമായ്
ചിന്തയും പ്രവൃത്തിയും 
ചിതയിലെരിയും
ഉറക്കത്തിന്റെ 
തരിശുനിലങ്ങളില്‍
ബാക്കിയാവുന്നത് 
ബാക്കിവച്ച
നന്മയുടെ 
തീനാവുകള്‍

**************

സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങി
ആകാശത്തിനുതാഴെ
നിഴലുപോലെ മരച്ചില്ലകള്‍
ജീവിതം മരുപ്പറമ്പുപോലെ
നിശ്ശൂന്യം, നിരര്‍ഥകം
മുളകളൊക്കെ കരിഞ്ഞുണങ്ങി
അവസാനത്തെ ജലകണവും
തീനാവിനാല്‍ തുടച്ചെടുത്തു
**********

മനുഷ്യന്‍ 
ഭൂമിയെക്കാള്‍ 
വലിയ പൂജ്യം, 
സംപൂജ്യന്‍
അര്‍ഥമില്ലാത്ത 
നിയമസംഹിത
അനുസരിപ്പിക്കാന്‍ 
അനുനയിക്കാന്‍
അനുസരിക്കാതെ 
അടിച്ചേല്‍പ്പിക്കാന്‍
കൊണ്ടതും കൊടുത്തതും
ഏതുനിയമത്തിലൂടെ?

പ്രപഞ്ചനിയമം
മനുഷ്യനിയമം
ജീവവായുപോലെ
നിനക്കും എനിക്കും
ശ്വസനവായുപോലെ
പ്രകൃതി നിയമം
ജനനവും മരണവും
വളര്‍ച്ചയും തളര്‍ച്ചയും
തലമുറകളായി
പലമുറകളായി
*********


Wednesday, November 13, 2013

നിരര്‍ഥകമായ വാക്ക്


വാക്കിന്റെ നിരര്‍ഥകത എത്ര ഭയാനകമാണ്. പറയുന്ന വാക്കു കേള്‍ക്കാന്‍ ചെവിടുവേണം. വാക്കുകള്‍ മറ്റുള്ളവര്‍ക്കു താല്‍പ്പര്യമുണ്ടാക്കുന്നില്ലെങ്കിലോ? മറ്റുള്ളവര്‍ക്കു അരോചകമുണ്ടാക്കുന്ന വാക്കുകള്‍ ഒരപശബ്ദമായി മാറുകയാണ് ചെയ്യുക. വാക്ക് സാര്‍ഥകമാകുന്നത് അത് കേള്‍ക്കുവാനും ആ കേട്ടതിന് പ്രതികരണമുണ്ടാകുമ്പോളുമാണ്.

എല്ലാവാക്കിന്റെയും ശബ്ദത്തിന്റെയും പ്രവൃത്തിയുടെയും മറുപുറം ഒരു പൊട്ടിച്ചിരിയുടെ അട്ടഹാസം മുഴങ്ങുന്നുണ്ട്. ആ മുഴക്കത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ അവിടെ മൗനം നിശ്ശബ്ദമായി നിശ്ചലമായിരിക്കുന്നു. ഓരോ ചലനത്തിനും ഒരു എതിര്‍ചലനം കുടിയിരിക്കും. അര്‍ഥങ്ങള്‍ക്കു വിപരീതാര്‍ഥം ഉടലെടുക്കുന്നതുപോലെ.

ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നതോടൊപ്പം മറുകാലു പിറകോട്ടു ചലിക്കുകയാണ്. ഒരു കാലിനെ പിന്നോക്കം തള്ളാതെ മറുകാലിന് മുന്നോക്കം പായാന്‍ സാധിക്കില്ല. ഭാവിയിലേക്ക് മുന്നേറുന്നതിനനുസരിച്ച് ഭൂതകാലത്തിലേക്കും ഒരു ചുവടു പിന്‍വാങ്ങുകയാണ്.

Tuesday, November 12, 2013

മനുഷ്യന്‍ ഭാരമാകുന്നത്



ഒരാള്‍ അയാള്‍ക്കും ഭൂമിക്കും
ഭാരമാകുന്നത് 
തന്റേതല്ലാത്ത കാരണത്താല്‍!
ജീവിതഭാരത്തില്‍ നി്ന്നും
ശരീരഭാരം കുറയ്ക്കുമ്പോള്‍
കിട്ടുന്നത്, 
ശിഷ്ടമോ ഫലമോ?
ഹരണഫലവും ശിഷ്ടവുമില്ലാതെയോ
പിറന്നപടി കാലുകള്‍ താങ്ങില്ല, സ്വന്തംഭാരം 
അതുപോലെ ജീവിതഭാരവും!
പിച്ചവച്ചും പിച്ചതെണ്ടിയും.
താങ്ങും തണലുമായി വേണം
ഒരു കൈത്താങ്ങ്.
ഭാരം ചുമയ്ക്കുന്നവനു അറിയാം
ഭാരമിറക്കുന്നവന്റെ ഭാരം!
തൂക്കുകട്ടയും തുലാസുമില്ലാത്ത
ജീവിതഭാരം എവിടെയിറക്കും
എന്റെ തലയില്‍നിന്ന് നിന്റെ തലയിലോ 
ഭാരം ചുമന്നവന് കിട്ടിയത് മുള്‍ക്കീരിടം!
വണ്ടിക്കാളയ്ക്കു ഭാരംതാങ്ങല്‍
സന്തുലിതാവസ്ഥയുടെ നുകംപേറലാണ്
വണ്ടിക്കാരന് അതിനെക്കാള്‍ വലിയ
ജീവിതഭാരം; ആരു താങ്ങൂം?
ഭാരം ചുമയ്ക്കുന്ന കഴുതയെപ്പോലെ
ജീവിതഭാരവുമായി മനുഷ്യക്കൂട്ടം
പലായനവും തിരിച്ചുവരവും
ഭാരം തൂക്കിയും ഇറക്കിയും 
നിതാഖാത്തിന്റെ ഇളവുപോലെ.
മരണത്തിലൂടെ ശിഷ്ടമില്ലാത്ത
ഇഷ്ടമില്ലാതെയൊരു ഹരണം
അവസാനശ്വാസത്തിന്റെ ഭാരമില്ലായ്മ
ഇതുവരെ സഹിച്ചതും സഹിപ്പിച്ചതും
ഒരു തൂക്കുക്കട്ടയുടെ പിന്‍ബലത്തില്‍
തുലാസും പെണ്‍ഡുലവും മാരണങ്ങള്‍
ഭാരമളയ്ക്കാനും സമയമിളയ്ക്കാനും
രണ്ടിനുമുണ്ട് സൂചിമുനകള്‍
ഹൃദയത്തെ തുളയ്ക്കുന്ന മുള്ളുപോലെ.


ഭ്രമണപഥം

സാഹചര്യംമൂലമുള്ള അടിമത്വത്തില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ സാമൂഹികമായി സംഘടിക്കേണ്ടി വരുന്നു. എന്നാല്‍ മാനസ്സികമായ അടിമത്വത്തില്‍ നിന്നും കരകയറുന്നതിനു സ്വയം തന്നെ അതിനെതിരെ പൊരുതേണ്ടിവരും. ശരീരം ഭോഗാവസ്ഥയിലും മനസ്സ് ആത്മീയാവസ്ഥയിലും വിമോചനം നേടുകയാണ്. മനസ്സ് ശരീരത്തെ വിഴുങ്ങണം. ശരീരം മനസ്സിനെ വിഴുങ്ങിയാല്‍ മനസ്സ് ശരീരത്തിനു അടിമയാകും. താല്‍ക്കാലികമായ സുഖം ലഭിക്കുന്നതു ശാരീരികമായ തോന്നലുകളിലൂടെയാണ്. സ്ഥിരമായ സൗഖ്യം ലഭിക്കണമെങ്കില്‍ ആത്മീയമായ ഔന്നത്യത്തില്‍ എത്തണം. മാനസ്സികമായ അടിമത്തം ഉണ്ടാകുന്നത് മനസ്സ് ശരീരത്തിനു കീഴടങ്ങുമ്പോഴാണ്. ആത്മീയചിന്തയില്‍ ഒരിക്കലും അടിമത്തമില്ല. ശാരീരികമായ ഭോഗാസക്തി മുന്നിട്ടുനില്‍ക്കുമ്പോള്‍മനസ്സിലെ ആത്മീയ ചൈതന്യം മങ്ങുകയും ആത്മാവ് നിര്‍ജീവമാവുകയും ശരീരം സജീവമാവുകയും ചെയ്യുന്നു. ശരീരത്തിന്റെ സജീവത താല്‍ക്കാലികവും ആത്മാവിന്റെത് സ്ഥിരവുമാണ്. മനസ്സിന്റെ സജീവതയില്‍ ആത്മാവും ശരീരവും ഒരുമിച്ചു ഉല്‍ക്കൃഷ്ടത പ്രാപിക്കുന്നു.

ജീവിതം നിരന്തരമായ പ്രവാഹമാണ്. ആ പ്രവാഹത്തിലെ ഒരു ബിന്ദുമാത്രമാണ് മനുഷ്യന്‍. ജീവിതത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ അതിന്റെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ സാധിച്ചെന്നുവരും. ജീവിതം ഒരു കറക്കുതൊട്ടിലുപോലെ അതിന്റെ ഉച്ഛിയില്‍ നിന്നും എടുത്തെറിയപ്പെടും. ആ സമയത്തു വയറില്‍ നിന്നുള്ള ആളലില്‍ എല്ലാം കത്തിയമരാം. തൊട്ടിലിന്റെ കറക്കം ഒരിക്കലും അവസാനിക്കുന്നില്ല. ഉയര്‍ച്ചതാഴ്ചകളുടെ മഹോല്‍സവം തുടര്‍ന്നുകൊണ്ടിരിക്കും. ശ്വാസഗതിയെ തടഞ്ഞും കുടലുമാല കൂടിക്കുഴഞ്ഞും കണ്ണൂകളില്‍ കാഴ്ചയുടെ തിരയോട്ടംമായി ഒരു നിഴലുപോലെ ജീവിതത്തിന്റെ തുരുമ്പെടുത്ത കൈപ്പിടിയില്‍ താങ്ങി.

ആരോഗ്യം ധനം വിദ്യ ഇതില്‍ ഏതെങ്കിലും ഒന്ന് പൂര്‍ണമായിരിക്കണം. അല്ലെങ്കില്‍ നമ്മള്‍ സമൂഹത്തിന് വിധേയമായി അടിമയായി ജീവിക്കേണ്ടിവരും. ആരോഗ്യമുണ്ടെങ്കില്‍ ധനവും ധനമുണ്ടെങ്കില്‍ വിദ്യയും കരസ്ഥമാക്കാം. ആരോഗ്യമാണ് പ്രധാനം. ധനമുണ്ടെങ്കില്‍ വിദ്യയും വിദ്യയുണ്ടെങ്കില്‍ ധനവും സ്വായത്തമാക്കാം. ധനവും വിദ്യയും പൂരകമാണ്. വിദ്യാധനം സര്‍വധനാല്‍ പ്രധാനമാകുന്നതും ഈ പൂരകാവസ്ഥയില്‍ നിന്നാണ്. 

മനുഷ്യന്‍ പൂര്‍ണനായിരിക്കുമ്പോഴാണ് സ്വതന്ത്രനാവുന്നത്. പൂര്‍ണത ആരോഗ്യപരവും മാനസികവുമാണ്. സ്വതന്ത്രത അടിമത്വത്തില്‍ നിന്നുള്ള മോചനമാണ്. ജീവിതം സ്വാശ്രയമായിരിക്കണം. അപ്പോള്‍ മാത്രമേ ജീവിതത്തിന്റെ എല്ലാവിധത്തിലുമുള്ള അനുഭവവും അനൂഭൂതിയും ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.

ആത്മവിശ്വാസമാണ് ഏറ്റവും വലിയ ശക്തി. സ്വയം തിരിച്ചറിയുകയും ആ തിരിച്ചറിവിനെ ജീവിതത്തിന്റെ ചാലകശക്തിയാക്കിമാറ്റുകയും ചെയ്യുക. ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ നിരാശ്രയരായി മാറും. ഏറ്റവും വലിയ ആശ്രയം സ്വാശ്രയമാണ്. സ്വയം രക്ഷ അതാണ് ഏറ്റവും വലുത്. ആദ്യം രക്ഷിക്കുക സ്വയം തന്നെയാണ്. അതില്‍ പരാജയപ്പെടുമ്പോല്‍ മാത്രമാണ് പരാശ്രയത്തെ കാംക്ഷിക്കുന്നത്. അത് അകലെയാണ്. കണ്ണാണ് കാഴ്ച. ചെവി കേള്‍വിയും തലച്ചോറു ബുദ്ധിയും ഹൃദയം മനസ്സുമാണ്. കൈ ആശ്രയമാണ്. കാല്‍ നിലനില്‍പ്പും. 

ആദ്യം സ്വയം അറിയുക, പിന്നെ ലോകത്തെയും. അടിമുതല്‍ മുടിവരെയും ആദിമുതല്‍ അന്ത്യംവരെയും അറിയുക. പിന്നെ മറ്റുള്ളതിനെയും ലോകത്തേയും. ആ അറിവാണ് ജീവിതത്തിന് വെളിച്ചവും മാര്‍ഗവുമാകുന്നത്. ഞാന്‍? നീ? നമ്മള്‍?

ഓരോരാളും അവരവരുടെ ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. അതില്‍ അതിക്രമിക്കാനോ ക്രമീകരിക്കാനോ മറ്റുള്ളവര്‍ക്കു സാധിക്കില്ല. സമയനഷ്ടപ്പെടുത്തലാണ് ഫലം. ന്യൂക്ലിയസ്സിനു അതിനു ചുറ്റുമാള്ള സംക്രമണവും. ഒരാളുടെ ഭ്രമണപഥം അവരുടെ സ്വതന്ത്രവും മോചനവുമാണ്. അവരുടെ മാര്‍ഗത്തിനു തടസ്സം സൃഷ്ടിക്കരുത്. 

ഒരാളെ നിര്‍മിക്കുക സാധ്യമല്ല. എന്നാല്‍ അയാളെ നിഷ്പ്രയാസം തകര്‍ക്കുക സാധ്യമാണ്. സൃഷ്ടി സ്വന്തവും നാശം പരവുമാണ്. നേട്ടം സ്വന്തം അവകാശപ്പെട്ടതാണ്. കോട്ടം കാരണങ്ങളുടെ ഫലവും. സൃഷ്ടിയുടെ സ്രഷ്ടാവ് അയാള്‍ തന്നെ. വിജയിക്കുമാത്രമാണ് വിജയത്തിനു അവകാശം.

ആര്‍ക്കും ആരെയും സൃഷ്ടിക്കാന്‍ സാധ്യമല്ല. സൃഷ്ടി സ്വയംഭൂവാണ്. അതുപോലെ ഒരാള്‍ മറ്റുള്ളവര്‍ക്ക് ഒരു മറവുകൂടിയാണ്. സ്വന്തം മാര്‍ഗം, ശ്വാസം, നോക്ക്, കേള്‍വി, ചലനം മറ്റുള്ളവര്‍ തടസ്സമാകുന്നു. വികര്‍ഷിക്കലാണ് മോചനം. ആകര്‍ഷണം ബന്ധമാണ്. ആശ്രയവും വിധേയവുമാണ്. വികര്‍ഷണം സ്വാശ്രയവും സ്വതന്ത്രവും പൂര്‍ണതയുമാണ്.

സൂര്യന്‍ ഓരോ ഗ്രഹത്തെയും ആകര്‍ഷിക്കുമ്പോള്‍ തന്നെ വികര്‍ഷിക്കുകയും ചെയ്യുന്നു. ഓരോ ഗ്രഹത്തനും അതിന്റെതായ ഭ്രമണപഥത്തില്‍ സ്വതന്ത്രവിഹാരം അനുവദിച്ചിരിക്കുകയാണ്. അതുപോലെ ഓരോ ഗ്രഹങ്ങള്‍ തമ്മിലും അകലങ്ങളും പരിധികളുമുണ്ട്. ഗ്രഹംപോലെയാണ് ഓരോ ജീവിതങ്ങള്‍. ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നതുപോലെ ഓരോരാളും അയാളുടെ ജീവിതകേന്ദ്രത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.