Friday, April 18, 2014

യോഗാസനം

സ്വപ്‌നവേഗങ്ങളില്‍ 
കുളിര്‍മഴയായി നീ..
ഗതകാലദുര്‍മുഖങ്ങളില്‍
തെളിനീരുറവപോല്‍
വിടരുന്നു നിന്‍മുഖം.
അഴിക്കുന്തോറും അഴിയാ
ക്കുരുക്കില്‍പ്പെട്ടുഴറും
മനവും തന്‍ശരീരവും.
എഴുനേല്‍ക്കുവാന്‍ വയ്യ:
രണ്ടുകാലിലായി വേണം,
താങ്ങായി രണ്ടുകാലുകൂടെ.
താങ്ങണം ശരീരം രണ്ടു
തണ്ടിലിലായി, താങ്ങണം
നാലാളുകള്‍ വേറെയായി.
നീണ്ടുനിവര്‍ന്നങ്ങനെ ശവാ-
സനത്തില്‍ യോഗാസനം.
പിന്നിലായി കൂട്ടമായാളുകള്‍
പിന്തുടരുന്നു മുന്‍പേ ഗമി-
ക്കുമാശവാസനത്തെ വിടാതെ..
കാണണം അവസാനപുകയും
ആവിയായി തീരുമാവേളയില്‍
പിന്നെ ശൂന്യമായി ഒരു നിഴല്‍
പ്പോലും ബാക്കിയില്ലാതെ...
തനിച്ചായി ഞാന്‍ മാത്രം
നിരൂപമായി നിര്‍വികാരമായി.


Thursday, March 6, 2014

വെള്ള വെള്ളം

വെള്ളമെങ്ങനെ പച്ചയായത്
സ്ഫടികവര്‍ണമായ് തെളിഞ്ഞ
വെള്ളംപിന്നെയെങ്ങനെ പച്ചയായത്
വെള്ളരിപ്രാവും പട്ടുപോലെ
വെള്ളിമേഘവും കോടമഞ്ഞും
കറുത്തബോര്‍ഡിലെ വെള്ളയക്ഷരം 
കുനുകുനെയെന്നു കറുകറുപ്പില്‍
വെളുത്തമോണയില്‍ വെളുക്ക
ചിരിക്കണ വെള്ളമുടിയുമായി
മുത്തശി; വെള്ളരിപ്പല്ലുകാട്ടി
ചുകന്നവായയില്‍ പുഞ്ചിരിക്കുന്നു
കൂഞ്ഞുവാവ, വെള്ളിയരഞ്ഞാണ
കൊലുസ്സുമായി, കുടുകുടെയെന്നു

പുലരി

ഈ പുലര്‍വെട്ടം കണ്‍കളെ
ഉണര്‍ത്തവേ, ആലസ്യം വിട്ടു
മാറാതെ തിരിഞ്ഞുമറിഞ്ഞു
കിടന്നുഴലവേ, കാണുന്നു
അര്‍ക്കന്റെ തേജോമയമാം 
മുഖകാന്തി, അത്രമേല്‍
ഉജ്വലം തീവ്രമാമലിംഗനം..
കിളികൂചനം, മന്ദസ്മിതം തൂകും
ചെറുപുഷ്പങ്ങള്‍ വാടിയില്‍
താങ്ങും പുലരിതന്‍ മഞ്ഞിന്‍
കണങ്ങളെ ഇതള്‍തുമ്പിലായി
ഒരു പുത്തനാവേശമായി വേഗ-
ത്തില്‍ ഒരുങ്ങി യാത്രയായി
വെട്ടിപ്പിടിക്കാന്‍ കീഴ്‌മേല്‍
മറിക്കാന്‍ ഈ ലോകഗോളം
ചെറുവിരലിനാല്‍ തിരിക്കാന്‍...



ഇവിടെ കവിത അവതരിപ്പിച്ച സന്തോഷ് കണ്ണൂര്‍,ഗിരീഷ് വീഎസ്,രാജ്മോഹന്‍ പള്ളിച്ചല്‍,സജിത ചന്ദ്രന്‍,ബൈജു വിളയില്‍,മിനി മോഹന്‍,ലിസ്സി ജെയിംസ്,ജ്യോതി പ്രകാശ്,പ്രകാശന്‍ പൂക്കാട്ടിരി,സതീഷ് ബാബു,ബിനീഷ് പിള്ള, ജയസുധ എന്നിവരുടെ കവിതകള്‍, ചിലവയില്‍ ആശയവ്യതിചലനം ചിലരീതിയില്‍ ഉണ്ടായിയെങ്കിലും, അതാതു രീതിയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവ തന്നെ.പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.

രാജ് മോഹന്‍ പറഞ്ഞതുപോലെ മനോഹരങ്ങളായ ബിംബങ്ങളും പ്രയോഗങ്ങളും മറ്റു കവിതകളിലും കാണാം.പ്രിയ ഉദയനെഴുതിയ ആ ഭാഗം എന്നെയും ആകര്‍ഷിച്ചതു തന്നെ ..അതുപോലെ
അര്‍ക്കന്റെ തേജോമയമാം
മുഖകാന്തി, അത്രമേല്‍
ഉജ്വലം തീവ്രമാമലിംഗനം(സന്തോഷ് കണ്ണൂര്‍)
കൂവുന്ന പൂവന്റെയോപ്പം പുലരുന്ന,
കൂടുവിട്ടുയരുന്ന കിളികള്‍ ചിലയ്ക്കുന്ന,
കുടമണികളിളകുന്ന പൈത്തൊഴുത്തുണരുന്ന,
കുളിരുന്ന തൂമഞ്ഞിലണയുന്ന പുലരികള്‍(സജിത ചന്ദ്രന്‍ ‍)


----Sreelakam Venugopal ഭാഗം2

Friday, February 28, 2014

പച്ച മഞ്ഞ ചുകപ്പ്

പച്ചക്കുതിരപോലെ
ഓടിക്കിതച്ചുപോകും
മഞ്ഞുപോലെ ഉരുകി
ഒലിച്ച് ഒഴുകിപരക്കും
രക്തംതിളച്ചുആവിയായി
പതഞ്ഞുപൊന്തിമറിയും

പച്ചകത്തുന്നതുംനോക്കി
എത്രനേരം ചുകപ്പിന്റെ
മടുപ്പിനെ മഞ്ഞകൊണ്ടു
മറയ്ക്കണം മറവിയാക്കി

പച്ചകൊടിയെ നോക്കി
കുതച്ചുപായുന്ന വണ്ടിയെ
ഓര്‍മിക്കുക, പാളങ്ങള്‍
പലതുണ്ട് കടക്കാന്‍

പച്ചകത്തുമ്പോള്‍
പച്ചപാടത്തെ ഓര്‍ക്കും
മഞ്ഞയില്‍ മഞ്ഞപ്പൊടി
കൊണ്ടുകളംവരച്ച
പുള്ളുവപാട്ടിന്‍ഈണം
ചുകപ്പില്‍ ഉറയുന്ന
തെയ്യക്കോലങ്ങളുടെ
തോറ്റവും തിറയും

അണഞ്ഞുപോകുന്ന
നിറങ്ങളില്‍ ജീവന്റെ
ഹൃദയമിടിപ്പുകള്‍
കരുതിവയ്ക്കണം
നാളെയില്‍ വീണ്ടും
ഉണര്‍ന്നുകത്താന്‍

കവലകളില്‍ നിറംപിടിച്ച
അടയാളങ്ങള്‍ പ്രകാശിക്കുന്നു
ഒരടയാളം ബാക്കിവയ്ക്കാതെ
പോകരുതെന്നു ഓര്‍മിക്കാന്‍

മരിച്ചമനുഷ്യനെ ചുകപ്പിനാല്‍
പുതപ്പിച്ച് ചുടലയിലേക്ക്
എടുക്കുന്നതിനുമുന്‍പു
മുറിതേങ്ങയും മഞ്ഞനിലവിളക്കും
പച്ചയില്‍മുറിച്ച് ഉടലോടെ
വെട്ടിയിട്ട മാവിന്‍ ഞെരക്കം

മറക്കാന്‍ വെമ്പുന്ന ഓര്‍മകള്‍
പലനിറങ്ങളില്‍ നില്‍ക്കാതെ
കത്തുന്നു, കാവലില്ലാതെ..
നിര്‍ത്തിയവനെ തോണ്ടി
പച്ചവിളിക്കുന്നു കുതിക്കാന്‍.
മഞ്ഞയോടു പരിഭവം വേണ്ട
ചുകപ്പിന്റെ രൗദ്രത തെളിയും!

നിന്നെ ഓര്‍ക്കാന്‍ പച്ചമതി
ചുകപ്പ് പൊട്ടിയൊഴുകുന്നത്
അറപ്പും വെറുപ്പും ഉളവാക്കും
മഞ്ഞയില്‍ സൗന്ദര്യം വിളയും.

എത്ര ഓര്‍ക്കാതിരുന്നാലും
ചുകപ്പു കണ്ണിലേക്കു പതിയും
മൂക്കില്‍നിന്നും വായില്‍നിന്നും
ജലധാരയായിപൊട്ടിയൊഴുകും

സ്വപ്‌നം കറുത്തനിറത്തില്‍ 
ചുകപ്പും പൊട്ടുകള്‍പോലെ
ഒഴുകിനടക്കും ആകാശത്തില്‍
മഞ്ഞനക്ഷത്രം കെടുത്തി
ചുകപ്പുരാശികള്‍ പടരും

കറുപ്പും വെളുപ്പും ഭൂതകാല-
ത്തെ മങ്ങിയചിത്രംപോലെ
കറുപ്പും ചുകപ്പും മരണഭീതി-
യുടെ റോഡുകളെ കാട്ടിത്തരും
പച്ചയും മഞ്ഞയും കുട്ടിക്കാല-
ത്തെ പൂക്കാലം കൊണ്ടുവരും.

കറുപ്പുമഷിതേച്ചുതേഞ്ഞതില്‍
വെള്ളയില്‍ നിറവിന്റെ നിലാവ്
തെളിച്ചതു പിച്ചവച്ച ഇന്നലെയില്‍.
കളര്‍ചോക്കുകള്‍ മനസ്സില്‍ 
നൃത്തംവച്ചതും ചിത്രങ്ങളായതും,
ഉല്‍സവപിറ്റേന്ന് പുരത്തെ
ക്കുറിച്ചോര്‍ത്ത് ആര്‍ത്തുലസ്സിച്ച്,
ഭൂമിയില്‍ കാലുറയ്ക്കാതെ
ആകാശത്തില്‍ മനസ്സുപാറി
പറന്നുചിറകില്ലാതെ കൈമാത്രം
വീശി പറക്കാന്‍ ശ്രമിച്ചതും...

പച്ചയും മഞ്ഞയും ചുകപ്പും
തെളിക്കുന്നു മായാത്ത മങ്ങാത്ത
ഓര്‍മചിത്രങ്ങള്‍ മനസ്സിന്റെ
ഒടുങ്ങാത്ത പുറങ്ങളില്‍
എത്രചിന്തയാല്‍ കാടുകയറി
യിറങ്ങിയാലും പിന്നെയും
ബാക്കിയാവുന്നു അത്രമേല്‍.







Thursday, February 13, 2014

തൂപ്പുകാരി

ഇവള്‍ തൂപ്പുകാരിമരണയോഗ്യ
ചൂലുപോല്‍ തേഞ്ഞവള്‍
മഞ്ഞുപോല്‍ മാഞ്ഞവള്‍
വൃത്തിയിലും വെടിപ്പിലും
തൂത്തവള്‍, തോറ്റവള്‍
എനിക്കും നിനക്കും വേണ്ടി
തൂത്തവള്‍, തൂത്തുവാരിയവര്‍
കുളത്തിന്റെ ആഴങ്ങളില്‍
ആണ്ടവള്‍, വീണ്ടും തൂത്താന്‍
ഉയിര്‍ക്കുന്നവള്‍, സത്യമായ്
ആണ്‍വേഷം കെട്ടിയവര്‍
ഭരിക്കുന്നു വാഴുന്നു നാറ്റുന്നു
നാടാകെ; ഒക്കെ തൂക്കണം പിന്നെ!
ആണിന്റെ നിഴല്‍പറ്റി വസിക്കവര്‍
ആണിനെ വിശ്വസിച്ചു ശ്വസിച്ചവര്‍
അവസാനശ്വാസവും പറ്റിയവര്‍
നീതിക്കും നീതിപീഠത്തിനും
ചോദ്യമായി ഉയിര്‍ക്കുന്നു സ്ത്രീ
സത്യമായ് സ്വരമായ് ജ്വാലയായ്
എങ്ങനെ നീക്കണം ജീവിതം
എങ്ങനെ തീര്‍ക്കണം ജീവിതം
ഉടയോനെ അറുത്തും പിളര്‍ത്തും
ഉടയവളെ പകുത്തും പൊറുത്തും
വെള്ളം കോരിവെടിപ്പാക്കിയവള്‍
വേദന തിന്നും ചോദനമാറ്റിയവള്‍
ഭൂമിയെപോല്‍ സര്‍വം സഹയാം
തോറ്റുപോകും ധരിദ്രിയും ഒരുവേള
പീഡിപ്പിക്കപ്പെടാന്‍ ജനിച്ചവള്‍
പിതാവിനാല്‍ പുത്രനാല്‍ പതിയാല്‍
പൂക്കണം കൊന്നപോല്‍ സൗരഭ്യമായ്
കരിയണം വെണ്ണീറായി ഊതിമാറ്റാന്‍
നഗ്നയാക്കിയും തൂക്കിലേറ്റിയും
ഗളഹസ്തം ചെയ്തും വെട്ടികുത്തിയും
തീര്‍ക്കും അരിശം അതിശയമേതുമില്ലാതെ
ഒളിക്കും തെളിയും വിര്‍വികാരനായ്
വിജയിയായി ഊറ്റമായി നിന്‍ഹതഭാഗ്യം
പെണ്ണായി പിറന്നാല്‍ പിണമായി വരും
ഭോഗിക്കാം വെറും ഭോഗവസ്തുവായി
അണിയണം അഴിക്കണം കാഴ്ചയായി
നിന്‍സുഖം എന്‍സുഖമായി വരേണം
തടിക്കണം കൊഴുക്കണം വെണ്ണപോല്‍
അടച്ചുവയ്ക്കണം ഉറച്ചതാക്കോലുമായി
കാണരുത് കേള്‍ക്കരുത് അറിയരുത്
എത്രമേല്‍ തരുണം ഈ ദേഹവിശുദ്ധി
പൊന്നണിഞ്ഞും പൊന്നുപോല്‍വിളഞ്ഞും
എങ്ങനെ ഉടുക്കണം ഉറങ്ങണം ഉണ്ണണം
നീതിശാസ്ത്രവും നീതിബോധവും 
വേണ്ടുവോളം ചാര്‍ത്തികൊടുത്തവള്‍
ഉയിര്‍ക്കില്ല ഉണരില്ല എന്നിട്ടുമെന്തേ?
കാളക്കൂറ്റന്മാര്‍ മേഞ്ഞും തിമര്‍ത്തും
തീര്‍ന്നില്ല തീരില്ല മരണംവരുവോളം
ഉപ്പിലിട്ടമാങ്ങപോല്‍ രുചിയിലും 
ഉപ്പുവച്ച കലംപോല്‍ വിധിയിലും
മരിക്കാനായി ജനിച്ചവള്‍...മരിച്ചവള്‍!!











Tuesday, February 4, 2014

അരവ്

വരിവരിയായി ബലിഷ്ഠമായി
തേങ്ങ, മുളക്, മസാല ചേരുവക
പുഴുവിനെപ്പോല്‍ നിമിഷങ്ങളെ
തിന്നുതിന്ന് വെറുതെയിരിക്കാതെ
അരവുകാര്‍ എപ്പോഴും പുറംപ്പോക്ക്
അരച്ചുവച്ച കറിക്കൂട്ടുകളില്‍ അവരെ
എണ്ണാറേയില്ല; ഏമ്പക്കത്തില്‍ ഉണ്ടാവും
അവരൊഴുക്കിയ വിയര്‍പ്പിന്റെ ഉപ്പുരസം.
അരയ്ക്കാനുള്ള യോഗ്യത ഇരിത്തമാണ്
നിനയ്ക്കാവില്ലെങ്കില്‍ മറ്റവള്‍ക്കാവും.
ഒന്നുംമിണ്ടാതെ തിന്നാതെ അരയ്ക്കണം
കലവറ നിറയുവോളം: വിളമ്പിത്തീരുവോളം
കുശുമ്പും കുന്നായ്മയും ചേര്‍ത്ത് അരവിന്റെ 
ആയാസത്തിനു വെള്ളംചേര്‍ക്കലാവാം
ജന്മം മുഴുവന്‍ അരഞ്ഞുതീരേണ്ടവള്‍
വെപ്പാശാന്റെ നിഴലായി നിറവായി എന്നും
കൂടെവേണം. നീയില്ലെങ്കില്‍ മറ്റവളായാലും.
എണ്ണത്തില്‍ കൂടാത്തവര്‍ വണ്ണത്തിലുള്ളവര്‍
അരഞ്ഞിട്ടും വിയര്‍ത്തിട്ടും അടങ്ങാത്തവര്‍

Thursday, January 9, 2014

ഓര്‍ക്കാപ്പുറത്ത്‌

അവളെ കാണുമെന്നൊരിക്കലും കരുതിയില്ല
എങ്കിലുംമെന്തേ അവള്‍ക്കരികിലായി
ആഗ്രഹങ്ങളുടെ അമിതാവേഗത്തില്‍.
കാലുകളാല്‍ ചലിപ്പിക്കുന്നത്
കാരണവും നിമിത്തവും 
ഭൂമിയും സൂര്യനുപോലെ

വൃത്തവും ഭാവവും സംഗതിയും 
മതിലുകള്‍ പൊളിയുതും ഇടിഞ്ഞുവീഴുതും
ഒരിക്കലും മാറാത്ത മാറ്റത്തിന്റെ തിയറിയാണ്
എങ്ങനെ ഉറങ്ങണം എന്ന് ആര്‍ക്കാണ് 
വാശിപ്പിടിക്കാനാവുക. 56 അക്ഷരങ്ങളില്‍
ചുരുണ്ടും നീട്ടിയും കുറുകിയും പുലരുവോളം.

ഒരു ഹിമാലയം തരൂ ചുമക്കട്ടെ; 
ഉത്തുംഗത്തിലേക്കു കയറെട്ട!
കയറി കയറി പോയവര്‍ തിരികെ ഇറങ്ങാത്തവര്‍
മഞ്ഞുപാളികളില്‍ മമ്മിയായതും
കുണ്ഡലിയെ ഉണര്‍ത്തി ഉന്മാദംകൊണ്ടതും

മുന്‍പേ പറയാന്‍ തള്ളിയ വാക്കുകളുടെ
സൂനാമി തൊണ്ടയില്‍ കിതക്കുന്നു
പറയാന്‍ ഒരു കടലോളം
കടലമണിയോളം മിണ്ടിയാല്‍ നന്ന്
പൊട്ടിച്ചിരിച്ചു നിശബ്ദയാവുന്നത്
ചിന്നിച്ചിതറുന്ന വെള്ളിത്തിരമാലപോല്‍

മുഖകാന്തിയെക്കാള്‍ ഞാന്‍
ഇഷ്ടപ്പെടുന്നത് സ്ഫടികസമാനമായ
തുടര്‍ചലനങ്ങള്‍ നല്‍കുന്ന പൊട്ടിച്ചിരിയാണ്
കര്‍ണാമൃതം, മാസ്മരികം ചിരി തരംഗം.

ഒരുവേള ചൈനീസ് പടക്കം അസൂയപ്പെടും

പിന്നീടുള്ള നിശ്ശബ്ദതയില്‍; വീണ്ടും 
ചിരിയുടെ വരവിനായി വിങ്ങി വിങ്ങി
പറഞ്ഞുതുളിമ്പിയ വാക്പ്രവാഹത്തില്‍
എത്ര വട്ടം പൊട്ടിച്ചിരിച്ചു
ഓര്‍ത്തെടുക്കുന്നു, മനസ്സില്‍ മാലപ്പടക്കമായി

രക്തതിളപ്പും പ്രവാഹവും നിലയ്ക്കാറായി
എല്ലാം വേഗം വേണം: ശണ്ഠയും ശുണ്ഠിയും
ചെയ്തുതീര്‍ക്കാന്‍ ഒത്തിരി; ഒരുപാടുപോലെ
കിതയ്ക്കുന്നു കിതയ്ക്കാതെ
ചാകാതിരിക്കാന്‍ ആവില്ലെന്ന ആവലാതി
ക്യൂവില്‍ നിന്നു തള്ളുകയ്ല്ല; 
ക്യൂവിലേക്കു തള്ളുകയാണ്
മാരണംപോലെ മരണമണി; കാത്തിരിപ്പ്!

കാണാന്‍ കൊതിച്ചവരൊക്കയും മുന്നിലൂടെ; 
അവര്‍ക്കു പിന്നിലൂടെ എന്നിലേക്ക്.
മറവി ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കില്ല
ഓര്‍മയായി തിരിച്ചുവരും, പെരുവഴിയില്‍!
അവസാനശ്വാസത്തോടൊപ്പം
ആശ്വാസത്തിന്റെ നിശ്വാസപെരുമയില്‍
അന്ത്യകുദാശയും അന്ത്യത്താഴവും.

പിന്നെയും പിന്നെയും ഓര്‍ത്തുപോവുന്നു
ഓര്‍ക്കാപ്പുറത്തെ തുറക്കാത്ത വാതില്‍
ഒരു ചൂണ്ടക്കുരുക്കുപോലെ
ചൂണ്ടയിലേക്ക് ആകര്‍ഷിക്കുതും
അണ്ണാക്കിനെ കൊളുത്തിപ്പിളര്‍ക്കുന്നതും
വേദനയാല്‍ പിടഞ്ഞു പൊട്ടിക്കരയുന്നതും.





Sunday, January 5, 2014

നഷ്ടങ്ങളുടെ പെരുങ്കണക്കില്‍

നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന് 
നഷ്ടത്തെക്കുറിച്ചു വ്യാകുലതയില്ല

ഇന്നുവരെ, ഈനിമിഷം വരെയും
നേട്ടങ്ങളുടെ ആഘോഷമാണ്

നേടുന്നതൊക്കെയും ശരീരമാണ്
മനസ്സിന് നേട്ടമോ കോട്ടമോ ഇല്ല

എല്ലാ നഷ്ടങ്ങളുടെ പെരുങ്കണക്കില്‍
ജീവന്റെ നഷ്ടത്തിനാണ് ഫുള്‍മാര്‍ക്ക്

ജീവനില്ലാത്ത ശരീരം ആര്‍ക്കുവേണം
ചത്തതിനൊക്കുമേ ജീവിച്ചിരിന്നാലും

സ്വന്തം കാലിലും കണ്ണിലും വിശ്വസിക്ക
കാലിടറാതെ കണ്ണടരാതെ കാത്തിരിക്ക

സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കാതെ,
മുറുകെപ്പിടിക്കുക; കാറ്റുകൊണ്ടുപോകും.

സ്വതന്ത്രനായിരിക്കുക; ശുദ്ധവായുപോലെ
അപര്യമേയമായ ഈ ലോകക്രമത്തില്‍

വഴിത്തിരിവാകുന്നതാണ് യഥാര്‍ഥവഴി
വഴിതെറ്റിയവന് വഴിപിഴച്ച പതനം

സൗന്ദര്യവും സൗഭാഗ്യവും അനുഗ്രഹീതം
അറിവ് ആര്‍ജിക്കുന്നവന്‍ ബുദ്ധിമാന്‍