Friday, February 28, 2014

പച്ച മഞ്ഞ ചുകപ്പ്

പച്ചക്കുതിരപോലെ
ഓടിക്കിതച്ചുപോകും
മഞ്ഞുപോലെ ഉരുകി
ഒലിച്ച് ഒഴുകിപരക്കും
രക്തംതിളച്ചുആവിയായി
പതഞ്ഞുപൊന്തിമറിയും

പച്ചകത്തുന്നതുംനോക്കി
എത്രനേരം ചുകപ്പിന്റെ
മടുപ്പിനെ മഞ്ഞകൊണ്ടു
മറയ്ക്കണം മറവിയാക്കി

പച്ചകൊടിയെ നോക്കി
കുതച്ചുപായുന്ന വണ്ടിയെ
ഓര്‍മിക്കുക, പാളങ്ങള്‍
പലതുണ്ട് കടക്കാന്‍

പച്ചകത്തുമ്പോള്‍
പച്ചപാടത്തെ ഓര്‍ക്കും
മഞ്ഞയില്‍ മഞ്ഞപ്പൊടി
കൊണ്ടുകളംവരച്ച
പുള്ളുവപാട്ടിന്‍ഈണം
ചുകപ്പില്‍ ഉറയുന്ന
തെയ്യക്കോലങ്ങളുടെ
തോറ്റവും തിറയും

അണഞ്ഞുപോകുന്ന
നിറങ്ങളില്‍ ജീവന്റെ
ഹൃദയമിടിപ്പുകള്‍
കരുതിവയ്ക്കണം
നാളെയില്‍ വീണ്ടും
ഉണര്‍ന്നുകത്താന്‍

കവലകളില്‍ നിറംപിടിച്ച
അടയാളങ്ങള്‍ പ്രകാശിക്കുന്നു
ഒരടയാളം ബാക്കിവയ്ക്കാതെ
പോകരുതെന്നു ഓര്‍മിക്കാന്‍

മരിച്ചമനുഷ്യനെ ചുകപ്പിനാല്‍
പുതപ്പിച്ച് ചുടലയിലേക്ക്
എടുക്കുന്നതിനുമുന്‍പു
മുറിതേങ്ങയും മഞ്ഞനിലവിളക്കും
പച്ചയില്‍മുറിച്ച് ഉടലോടെ
വെട്ടിയിട്ട മാവിന്‍ ഞെരക്കം

മറക്കാന്‍ വെമ്പുന്ന ഓര്‍മകള്‍
പലനിറങ്ങളില്‍ നില്‍ക്കാതെ
കത്തുന്നു, കാവലില്ലാതെ..
നിര്‍ത്തിയവനെ തോണ്ടി
പച്ചവിളിക്കുന്നു കുതിക്കാന്‍.
മഞ്ഞയോടു പരിഭവം വേണ്ട
ചുകപ്പിന്റെ രൗദ്രത തെളിയും!

നിന്നെ ഓര്‍ക്കാന്‍ പച്ചമതി
ചുകപ്പ് പൊട്ടിയൊഴുകുന്നത്
അറപ്പും വെറുപ്പും ഉളവാക്കും
മഞ്ഞയില്‍ സൗന്ദര്യം വിളയും.

എത്ര ഓര്‍ക്കാതിരുന്നാലും
ചുകപ്പു കണ്ണിലേക്കു പതിയും
മൂക്കില്‍നിന്നും വായില്‍നിന്നും
ജലധാരയായിപൊട്ടിയൊഴുകും

സ്വപ്‌നം കറുത്തനിറത്തില്‍ 
ചുകപ്പും പൊട്ടുകള്‍പോലെ
ഒഴുകിനടക്കും ആകാശത്തില്‍
മഞ്ഞനക്ഷത്രം കെടുത്തി
ചുകപ്പുരാശികള്‍ പടരും

കറുപ്പും വെളുപ്പും ഭൂതകാല-
ത്തെ മങ്ങിയചിത്രംപോലെ
കറുപ്പും ചുകപ്പും മരണഭീതി-
യുടെ റോഡുകളെ കാട്ടിത്തരും
പച്ചയും മഞ്ഞയും കുട്ടിക്കാല-
ത്തെ പൂക്കാലം കൊണ്ടുവരും.

കറുപ്പുമഷിതേച്ചുതേഞ്ഞതില്‍
വെള്ളയില്‍ നിറവിന്റെ നിലാവ്
തെളിച്ചതു പിച്ചവച്ച ഇന്നലെയില്‍.
കളര്‍ചോക്കുകള്‍ മനസ്സില്‍ 
നൃത്തംവച്ചതും ചിത്രങ്ങളായതും,
ഉല്‍സവപിറ്റേന്ന് പുരത്തെ
ക്കുറിച്ചോര്‍ത്ത് ആര്‍ത്തുലസ്സിച്ച്,
ഭൂമിയില്‍ കാലുറയ്ക്കാതെ
ആകാശത്തില്‍ മനസ്സുപാറി
പറന്നുചിറകില്ലാതെ കൈമാത്രം
വീശി പറക്കാന്‍ ശ്രമിച്ചതും...

പച്ചയും മഞ്ഞയും ചുകപ്പും
തെളിക്കുന്നു മായാത്ത മങ്ങാത്ത
ഓര്‍മചിത്രങ്ങള്‍ മനസ്സിന്റെ
ഒടുങ്ങാത്ത പുറങ്ങളില്‍
എത്രചിന്തയാല്‍ കാടുകയറി
യിറങ്ങിയാലും പിന്നെയും
ബാക്കിയാവുന്നു അത്രമേല്‍.







Thursday, February 13, 2014

തൂപ്പുകാരി

ഇവള്‍ തൂപ്പുകാരിമരണയോഗ്യ
ചൂലുപോല്‍ തേഞ്ഞവള്‍
മഞ്ഞുപോല്‍ മാഞ്ഞവള്‍
വൃത്തിയിലും വെടിപ്പിലും
തൂത്തവള്‍, തോറ്റവള്‍
എനിക്കും നിനക്കും വേണ്ടി
തൂത്തവള്‍, തൂത്തുവാരിയവര്‍
കുളത്തിന്റെ ആഴങ്ങളില്‍
ആണ്ടവള്‍, വീണ്ടും തൂത്താന്‍
ഉയിര്‍ക്കുന്നവള്‍, സത്യമായ്
ആണ്‍വേഷം കെട്ടിയവര്‍
ഭരിക്കുന്നു വാഴുന്നു നാറ്റുന്നു
നാടാകെ; ഒക്കെ തൂക്കണം പിന്നെ!
ആണിന്റെ നിഴല്‍പറ്റി വസിക്കവര്‍
ആണിനെ വിശ്വസിച്ചു ശ്വസിച്ചവര്‍
അവസാനശ്വാസവും പറ്റിയവര്‍
നീതിക്കും നീതിപീഠത്തിനും
ചോദ്യമായി ഉയിര്‍ക്കുന്നു സ്ത്രീ
സത്യമായ് സ്വരമായ് ജ്വാലയായ്
എങ്ങനെ നീക്കണം ജീവിതം
എങ്ങനെ തീര്‍ക്കണം ജീവിതം
ഉടയോനെ അറുത്തും പിളര്‍ത്തും
ഉടയവളെ പകുത്തും പൊറുത്തും
വെള്ളം കോരിവെടിപ്പാക്കിയവള്‍
വേദന തിന്നും ചോദനമാറ്റിയവള്‍
ഭൂമിയെപോല്‍ സര്‍വം സഹയാം
തോറ്റുപോകും ധരിദ്രിയും ഒരുവേള
പീഡിപ്പിക്കപ്പെടാന്‍ ജനിച്ചവള്‍
പിതാവിനാല്‍ പുത്രനാല്‍ പതിയാല്‍
പൂക്കണം കൊന്നപോല്‍ സൗരഭ്യമായ്
കരിയണം വെണ്ണീറായി ഊതിമാറ്റാന്‍
നഗ്നയാക്കിയും തൂക്കിലേറ്റിയും
ഗളഹസ്തം ചെയ്തും വെട്ടികുത്തിയും
തീര്‍ക്കും അരിശം അതിശയമേതുമില്ലാതെ
ഒളിക്കും തെളിയും വിര്‍വികാരനായ്
വിജയിയായി ഊറ്റമായി നിന്‍ഹതഭാഗ്യം
പെണ്ണായി പിറന്നാല്‍ പിണമായി വരും
ഭോഗിക്കാം വെറും ഭോഗവസ്തുവായി
അണിയണം അഴിക്കണം കാഴ്ചയായി
നിന്‍സുഖം എന്‍സുഖമായി വരേണം
തടിക്കണം കൊഴുക്കണം വെണ്ണപോല്‍
അടച്ചുവയ്ക്കണം ഉറച്ചതാക്കോലുമായി
കാണരുത് കേള്‍ക്കരുത് അറിയരുത്
എത്രമേല്‍ തരുണം ഈ ദേഹവിശുദ്ധി
പൊന്നണിഞ്ഞും പൊന്നുപോല്‍വിളഞ്ഞും
എങ്ങനെ ഉടുക്കണം ഉറങ്ങണം ഉണ്ണണം
നീതിശാസ്ത്രവും നീതിബോധവും 
വേണ്ടുവോളം ചാര്‍ത്തികൊടുത്തവള്‍
ഉയിര്‍ക്കില്ല ഉണരില്ല എന്നിട്ടുമെന്തേ?
കാളക്കൂറ്റന്മാര്‍ മേഞ്ഞും തിമര്‍ത്തും
തീര്‍ന്നില്ല തീരില്ല മരണംവരുവോളം
ഉപ്പിലിട്ടമാങ്ങപോല്‍ രുചിയിലും 
ഉപ്പുവച്ച കലംപോല്‍ വിധിയിലും
മരിക്കാനായി ജനിച്ചവള്‍...മരിച്ചവള്‍!!











Tuesday, February 4, 2014

അരവ്

വരിവരിയായി ബലിഷ്ഠമായി
തേങ്ങ, മുളക്, മസാല ചേരുവക
പുഴുവിനെപ്പോല്‍ നിമിഷങ്ങളെ
തിന്നുതിന്ന് വെറുതെയിരിക്കാതെ
അരവുകാര്‍ എപ്പോഴും പുറംപ്പോക്ക്
അരച്ചുവച്ച കറിക്കൂട്ടുകളില്‍ അവരെ
എണ്ണാറേയില്ല; ഏമ്പക്കത്തില്‍ ഉണ്ടാവും
അവരൊഴുക്കിയ വിയര്‍പ്പിന്റെ ഉപ്പുരസം.
അരയ്ക്കാനുള്ള യോഗ്യത ഇരിത്തമാണ്
നിനയ്ക്കാവില്ലെങ്കില്‍ മറ്റവള്‍ക്കാവും.
ഒന്നുംമിണ്ടാതെ തിന്നാതെ അരയ്ക്കണം
കലവറ നിറയുവോളം: വിളമ്പിത്തീരുവോളം
കുശുമ്പും കുന്നായ്മയും ചേര്‍ത്ത് അരവിന്റെ 
ആയാസത്തിനു വെള്ളംചേര്‍ക്കലാവാം
ജന്മം മുഴുവന്‍ അരഞ്ഞുതീരേണ്ടവള്‍
വെപ്പാശാന്റെ നിഴലായി നിറവായി എന്നും
കൂടെവേണം. നീയില്ലെങ്കില്‍ മറ്റവളായാലും.
എണ്ണത്തില്‍ കൂടാത്തവര്‍ വണ്ണത്തിലുള്ളവര്‍
അരഞ്ഞിട്ടും വിയര്‍ത്തിട്ടും അടങ്ങാത്തവര്‍