Wednesday, January 14, 2015

നഗ്നസത്യങ്ങള്‍

നഗ്നത മറയ്ക്കുമാം തുണിശീലമാറ്റിയാല്‍
കാണാം സ്വര്‍ഗവും നരകവും ഒരുപോലെ
പൊത്തിയും പൊതിഞ്ഞും എത്രനാളിങ്ങനെ?
അന്ത്യത്തില്‍ അഴിക്കും പിന്നെ പുതയ്ക്കും
ആറടിമണ്ണിന്റെ ആഴങ്ങളില്‍, ജ്വാലയായ്...

നഗ്നമാം മണ്ണിന്റെ മാറിടം ചുരന്നും ഉഴുന്നും
തുരന്നും വിസ്‌ഫോടനം തീര്‍ത്തും, പിച്ചിയും
മാന്തിയും കരനഖയന്ത്രച്ഛേദങ്ങള്‍ വരുത്തിയും
പൂക്കളും കായ്കളും നിന്നതില്ല സ്വയമേവ
എന്നിട്ടുംമെന്തേ കലിതീര്‍ക്കുന്നു ധരിത്രിയെ

നഗ്നയായി ചെറുശീലപോലുമില്ലാതെ കിടക്കും
പട്ടുമെത്തമേല്‍ ആരെയോ കാക്കുമാവേളയില്‍
എത്തി നിന്നരികിലായ്, തൊട്ടുരുമിത്തലോടി
നിന്‍വെണ്ണപോല്‍ മൃദുലമാം മേനിയില്‍ തരളമായി
കണ്‍പോളകള്‍ മെല്ലയായി തുറന്നുനീ സ്മിതംതൂകി

മാംസനിബദ്ധം മനസ്സിന്റെ ഭാവനാവിലാസം
ബുദ്ധിയുദിക്കവേ കാണാം ഇന്ദ്രിയാതിവര്‍ത്തിയാം
സത്യനിശ്വാസം സ്തബ്ധമാം നഗ്നസത്യങ്ങള്‍
സ്വയമായി വേണ്ടാതൊരു സ്വന്തമാം നഗ്നത
വേണം മുഴുവനായി മതിവരാതെ മര്‍ത്യരന്യര്‍ക്ക്!

സൗന്ദര്യം തീര്‍ക്കുമാകൃതി കൃത്യത എത്രമേല്‍
കണ്ണിനാനന്ദം, ആസ്വദിക്കാം സ്വയമേ മറന്നേപോം
മനസ്സിനുമുണ്ടാവണം സൗന്ദര്യം നന്മയായി നിര്‍മലം
ആകൃതി വിരൂപമെങ്കിലും മനസ്സിന്‍ കണ്ണാടിയില്‍
തിളങ്ങും രൂപം എത്രമേല്‍ വിജൃംഭിതം ശോഭിതം!

മൊത്തമായി സവിധത്തിലര്‍പ്പിച്ചുവെങ്കിലും
വേണമിനിയുമെന്തൊക്കെയോ ജീവിതത്തില്‍
കാണാം പൂരമൊക്കയും വര്‍ഷാവര്‍ഷങ്ങളില്‍
എന്നിട്ടുമെന്തേ മതിവരുന്നീല്ല പിന്നെയും
ഉടലോടെ വിഴുങ്ങുമാം പാമ്പിനെപോലെ

എന്നും പ്രഭാതകൃത്യവും കുളിയും അണിയി
ച്ചൊരിക്കലും പുത്തനുടുപ്പും ചേലയും കലളസവും
വൃത്തിയും വെടിപ്പുമായി അംഗലാവണ്യംതീര്‍ത്തും
ശുദ്ധിയായി കാക്കും ശരീരം സൂര്യന്‍മറയവേ
വീണ്ടും ദുഷിക്കും, വീണ്ടും കഴുകും അഴുക്കിനെ!

കാണേക്കാണേ വളര്‍ന്നുംതളിര്‍ത്തും കിളിര്‍ത്തും
എന്നിട്ടുമേന്തേ അറിഞ്ഞില്ല നോവും ഗദ്ഗദം...
ഓരോ രോമക്കുപമണ്‍തരിയിലും ചേറിലും
മുഖമമര്‍ത്തി തെളിമയുടെ നീലാകാശം വിരിയിച്ചു
പകുത്തു നല്‍കാനാവില്ല നിന്‍പൊന്‍മേനിയെ

നിസ്വനായി ശൂന്യമാം കണ്‍കളാല്‍ വെട്ടിനില്‍ക്കും
എന്തുചെയ്യും ഇനി എല്ലാം സഹിക്കുമാം നിമിഷം
ഇല്ല, പാടില്ല അനര്‍ഥങ്ങള്‍ ക്രുദ്ധമാം ക്രൂരത.
നിസ്സഹായം ചെറുപ്പമെന്ന നദി നീന്തിക്കടക്കണം
ഒരുകൈസഹായം മാത്രംമതി കുളിര്‍തെന്നലായി

എത്രവികൃതമാണീശരീരശീലങ്ങള്‍ ദുസ്സഹം
ഒരുമാത്രവൈകിയാല്‍ അഴുകും വ്രണങ്ങള്‍
എത്രമേല്‍ വെറുക്കുമ്പോഴും പിന്നെയും ബാക്കി
യാവുന്നു ആത്മാവിന്‍ അനന്തമാം ചൈതന്യം
തോല്‍ക്കുന്നു പിന്നെയും ബുദ്ധിയും വിചാരവും

മരണം താണ്ഡവമാടും ഇന്നും നാളെയായി
എണ്ണത്തിലും വണ്ണത്തിലും ചേതമില്ലാതെ
ആരോ പറയുന്നു ആരോ മരിച്ചെന്നും കൊന്നെന്നും
മരിച്ചവരോ അറിയുന്നില്ല ജീവിച്ചിരിപ്പവരുടെ
ഭ്രാന്തജല്‍പ്പനങ്ങള്‍, വിഭ്രാന്തികള്‍, കെട്ടുകാഴ്ചകള്‍.

ചരിത്രം പുരാതനം എത്രമേല്‍ പിന്നോട്ടുതിരിയണം
ആദിയുടെ അകംപൊരുള്‍ അറിയുവാന്‍
ഭാവിയുടെ കാണാക്കയങ്ങളില്‍ തമോഗര്‍ത്തങ്ങള്‍
ഇരുളിലും വെളിച്ചത്തിലും തിളങ്ങും ജീവിതം
പടികള്‍ക്കയറുന്ന താളത്തില്‍ കൊരുക്കുന്നു.

ശവമഞ്ചങ്ങള്‍പ്പേറി യാത്രയാവുന്നു ആളുകള്‍
ബാക്കിയാവുന്നു നിശ്ശബ്ദമാം സങ്കടക്കലടുകള്‍
തോരുന്ന മഴപോല്‍ മിഴികളില്‍ തൂവുന്നു കണ്ണീര്‍
പുത്തന്‍പ്രഭാതം കണികണ്ടുണരുന്ന വേളയില്‍
എഴുന്ന മനസ്സും ശരീരവും ആര്‍ക്കോവേണ്ടിയോ

ജീവന്റെ പാതിവെന്ത രുപം ബാക്കിയിരിപ്പായി
ഇനിയും എത്രനാള്‍ തിന്നും കുടിച്ചും ശയിച്ചും
ചരമങ്ങള്‍ ദിനേനയന്യ നടക്കുന്നു നാട്ടിലായി
എന്നിട്ടും ബാക്കിയാവുന്നു ജനം നദിപോല്‍
ഒഴുകുന്നു താണ്ടുന്നു ജീവിതക്കടലിലേക്ക്.....













Monday, January 12, 2015

അന്ത്യചുംബനം


അന്ത്യചുംബനം, പരസ്യചുംബനം പോലെ
ചൂടും ചൂരും കുറയും കാണുന്നവന്
പ്രിയപ്പെട്ടവര്‍ക്കു നല്‍കുവാനുള്ളത്
ചോരയൂറ്റും കഴുകന്‍ കണ്ണുകള്‍ക്ക്
ചോരത്തിളപ്പില്‍ നെഞ്ചുവിരിച്ചാടി്ല്ല
ഒരുപൊലീസുകാരനും തടയാന്‍ വരില്ല
കാണുന്നവരെയും ചെയ്യുന്നവരെയും

ആര്‍ക്ക് ആരെയാണ് ചുംബിക്കാന്‍
പാടില്ലാത്തത്, വേദപുസ്തകത്തിലും
നിയമപുസ്തകത്തിലും തപ്പിനോക്കി
ഒരിടത്തും ചുംബനത്തെപ്പറയുന്നില്ല
പിറന്നപടിയില്‍ ആദ്യം ലഭിച്ച സമ്മാനം
സന്തോഷവും ആഹ്ലാദവും നിറഞ്ഞത്
മനംനിറഞ്ഞു പുഴയായി ആശ്ലേഷം.
അന്നൊന്നും ആരും ചുംബനത്തെ
എതിര്‍ത്തില്ല, പുച്ഛിച്ചില്ല, പരിഹസിച്ചില്ല
ഇന്നു കഥമാറി കളംമാറി മറയായി
ആദവും ഹവ്വയും പോലെ വിജനത-
യില്‍ ആരുമില്ലാതെ, ആരുമറിയാതെ
കാടുവിട്ടും കൂടുവിട്ടും സ്വാതന്ത്ര്യം
ആരാന്റെ കയ്യിലെ പിടിവിടാചരടില്‍
സ്വാതന്ത്ര്യം പ്രവചിക്കുന്നതു ഭൂരിപക്ഷത്തിന്റെ
ന്യായവിധി: സദാചാരം, കൈവെട്ടല്‍, തലവെട്ടല്‍.
സ്വതന്ത്രനായിരിക്കുമ്പോഴും അദൃശ്യകണ്ണുകള്‍
പിന്തുടരും, ഒറ്റുകൊടുക്കും, ഒളിച്ചുനോക്കും.
ശരികളുടെ നൂലാമാലകള്‍, അഴിക്കുന്തോറും
അഴിയാക്കുരുക്ക്. നിന്റെ ജാതകം കുറിക്കുന്നത്
മറ്റുള്ളവരുടെ സമയവും കാലവും നോക്കി.
മനുഷ്യനെന്തിനു മനുഷ്യനായിരിക്കണം.
നായയോ പൂച്ചയോ ഒന്നുമല്ലെങ്കില്‍ കഴുതയോ
ആകാമായിരുന്നു. സ്വാതന്ത്ര്യചഷകം
മോഹിച്ചു നുണയേണ്ടിവരില്ലായിരുന്നു.
നാല്‍ക്കാലിയുടെ സൈ്വരവിഹാരം
ഇരുകാലിക്കു കൈവിലങ്ങും കാല്‍ത്തളയും
രണ്ടുകാലിലാണെങ്കിലും നാലുകാലി
ലജ്ജിക്കും, നോക്കരുത്, തട്ടരുത്, മുട്ടരുത്
വയ്യയീ വയ്യാവേലി, കണ്ണുകെട്ടിയും കാതടച്ചും
പുരയ്ക്കകത്തും വേലിക്കെട്ടിലും ഒടുങ്ങണം
കൊതിക്കും ഒരന്ത്യചുംബനം നുകരാന്‍...

ഉറുമ്പുകളുടെ രോദനം

ഉറുമ്പുകള്‍ക്ക് ചെവിയുണ്ടായിരു-
ന്നെങ്കിലവയുടെ കലപില ശബ്ദം
നമുക്കു കേട്ടിടാകുമൊരുപക്ഷേ
കാലടിക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന
അനേകായിരം പ്രാണിജന്മങ്ങളെ...
ആരുണ്ടിവിടെ പ്രത്യുത്തരന്ത്യാഞ്ജലി
അര്‍പ്പിച്ചീടാന്‍, മാപ്പപേക്ഷിപ്പാന്‍
ഘടോല്‍ക്കജജന്മങ്ങളായ
മനുഷ്യപാദങ്ങള്‍, ഞൊടിയിടയില്‍
തീര്‍ക്കുന്ന അന്ത്യശ്വാസത്തിന്റെ
വിങ്ങലുകള്‍ ആരോരുമറിയാതെ
മണ്ണിലലിഞ്ഞുചേരും നിശ്ശബ്ദമായി
റാണിയും രാജനും ഭടന്മാരും പ്രജകളും
വാഴുന്ന തമോഗര്‍ത്ത സ്ഥലികളില്‍
സുരക്ഷിതം സുസ്‌മേരവദനം ജീവിതം
എന്നിട്ടും സൂര്യവെളിച്ചത്തിലടുക്കലോ
ജീവന്റെ പാതിയോ മുഴുവനോ കവരും
മനുഷ്യപിശാച്ചുക്കള്‍ പ്രേതാല്‍മാക്കള്‍.
ചെരിപ്പും ബൂട്‌സും എത്രമേല്‍ കഠോരം
മൃദുപാദസ്പര്‍ശനമാത്രയില്‍ ജീവന്റെ
കരങ്ങളെകോര്‍ത്തു രക്ഷിപ്പതോ ദൈവം!
വരിവരിയായി കുനുകുനെയെന്നോണം
തുടക്കമോ ഒടുക്കമോ കാണാത്ത വഴിയില്‍
ശ്രീഘ്രമാസഞ്ചാരം ലക്ഷ്യമതുതന്നെ
പ്രാണന്റെ നിയോഗവും പൂര്‍ണതയും.