Sunday, April 19, 2015

വീഴ്ച


വീണിതാ കിടക്കുന്നു ധരണിയില്‍
അടിതെറ്റി വീണൊരു ആനയെപ്പോല്‍

തെന്നി കിണറ്റിന്‍ വക്കിലായ്
വീണിതാ കിടക്കുന്നു ഉടഞ്ഞ ബക്കറ്റുമായ്

പിന്നെയും വീണു ഒരു കാല്‍ നീട്ടിയും 
പിണഞ്ഞും കിടന്നുമറിഞ്ഞും പലതായ്

വീണിടം വിഷ്ണുലോകമാക്കിയില്ല
വീണുതെരഞ്ഞില്ല, വീഴ്ചയെ വീഴ്ത്താന്‍

തൊലിയില്‍ ചവിട്ടി വഴുതിയവനെപ്പോല്‍
സൈക്കിളില്‍നിന്നു വീണവന്റെ ചിരിയുമായ്

പലനാള്‍ വീണു നടക്കാന്‍ പഠിച്ചിട്ടും 
പിന്നെയും വീഴുന്നതിന്റെ പൊരുളറിയാന്‍

വീണുകൊണ്ടേയിരിക്കുന്നു വീണ്ടുമായ്
കൈകുത്തിയും തലകുത്തിയും ചന്തികുത്തിയും

നാലുകാലില്‍ വീഴണം പൂച്ചയെപ്പോല്‍
ഇരുകാലിയാണെങ്കിലും മനുഷ്യജന്മം

സ്വപ്‌നത്തില്‍ വീണു ഞെട്ടിയുണര്‍ന്നപ്പോള്‍
അതാ കിടക്കുന്നു നീണ്ടുനിവര്‍ന്നങ്ങനെ!

പാലം പണികഴിഞ്ഞുദ്ഘാടനത്തിനുമുന്‍പേ
വീണിതാ കിടക്കുന്ന വെള്ളത്തില്‍ ഉടലോടെ

മന്ത്രിസഭ വീണുവീണില്ലായെന്നമട്ടില്‍ 
മൂക്കറ്റം കുടിച്ചു ബാറില്‍ നിന്നിറങ്ങിയവന്‍

ഒരുമാത്രകൊണ്ടിതാ വീണുകിടക്കുന്നു
പാതവക്കിലും പീടികത്തിണ്ണയിലും

വേണം കാലുകള്‍ നാലെണ്ണം വീഴാതിരിക്കാന്‍
ഒരിക്കലും വീഴില്ലാ നാല്‍ക്കാലിയെപ്പോല്‍.