Thursday, October 29, 2015

ആത്മനിര്‍വൃതി

ആത്മാവിനെ അറിയുക
കണ്ണുകൊണ്ടു കാണരുത്
കാതുകൊണ്ടു കേള്‍ക്കരുത്
മനസ്സുകൊണ്ട് അനുഭവിക്കുക
ശരീരത്തെ സ്പര്‍ശിക്കരുത്
മനസ്സിനെ സ്പര്‍ശിക്കുക
ശരീരസുഖം താല്‍ക്കാലികം
ആത്മനിര്‍വൃതി സ്ഥിതപ്രജ്ഞം
ഇന്ദ്രിയസുഖം ആത്മസുഖം
ആത്മസുഖം പരമാത്മസുഖം
ഇന്ദ്രിയങ്ങളെ ബന്ധിച്ച്
ആത്മാവിനാല്‍ ബന്ധിക്കുക
കണ്ണിലൂടെ ആത്മാവിലേക്ക്
ശരീരം അഴുകും വഴുകും
ആത്മാവ് തഴുകും ഒഴുകും
ആത്മ-പരമാത്മ ബന്ധനം
സായൂജ്യം സമ്പൂര്‍ണ്ണം മോക്ഷം




ഉന്മാദം

അപൂര്‍ണ്ണമാം ജന്മം
ഒന്നിനോടൊന്നു
ചേര്‍ന്നാലതു 
പൂര്‍ണ്ണമായിടും

കൂടിച്ചേരലിന്റെ ഉന്മാദം
വേര്‍പിരിയലിന്റെ വിഷാദം
ഒന്നുമില്ലാത്തവന്റെ നിസ്സംഗം
എല്ലാമുള്ളവന്റെ സര്‍വ്വസംഗം

ഉണ്മയിലേക്കുള്ള ആഗമനം
ഇല്ലായ്മയിലേക്കുള്ള നിര്‍ഗമനം
പിറവിയില്‍ കണ്ണേ തുറക്കൂക
മറവിയില്‍ കണ്ണേ മടങ്ങൂക

നൈരന്തര്യം അവിരാമം
നിശ്ചലത വിരാമം
സൃഷ്ടിയുടെ നിര്‍വൃതി
മൃത്യുവിന്‍ ആഹുതി

നാലുപേര്‍

രണ്ടുകാലുപോരാ
താങ്ങിനിര്‍ത്തുവാന്‍
നാലുപേര്‍ വേണം
എട്ടുകാലില്‍ താങ്ങുവാന്‍
എന്റെ കണ്ണാടിയാകുവാന്‍
നിന്നെ ക്ഷണിക്കുന്നു
പ്രതിബിംബത്തിനു
പ്രതിഫലം ചോദിക്കരുത്
നീ ഒരു കാന്തമായി
എന്നെ ആകര്‍ഷിക്കുന്നു
സജാതിയുടെ വികര്‍ഷണവും
വിജാതിയുടെ ആകര്‍ഷണവും
വികാരങ്ങളുടെ വേലിയേറ്റം
വിചാരങ്ങളുടെ വേലിയിറക്കം
ഏറ്റയിറക്കങ്ങളിലൂടെ യാത്ര
പ്രതലബലത്തില്‍ അലിയാന്‍

Tuesday, October 27, 2015

വേര്‍തിരിവ്

ആണിനെ പെണ്ണ്
നഗ്നത മറയ്ക്കാതെ
നഗ്നനായി മുളപ്പിച്ചു
അച്ഛനും അമ്മയും
നഗ്നസത്യങ്ങളായി
ചേച്ചിമാരോടൊത്തു
ഉണ്ടുംഉറങ്ങിയും

കൂട്ടുകാരുമായും
ഒന്നിച്ചുറങ്ങിയും
ഒന്നിനും രണ്ടിനും
ഒന്നിച്ചിറങ്ങി

പള്ളിക്കൂടം കുട്ടികളും
സമത്വസുന്ദരലോകം
മുകളില്‍ ആകാശം
താഴെ ഭുമിയും

ഇംഗ്ലീഷ് ക്ലാസില്‍
സ്റ്റുഡന്‍സും ടീച്ചറും
മലയാളം കഌസില്‍
വിദ്യാര്‍ത്ഥിയും
വിദ്യാര്‍ത്ഥിനിയുമായി
ടീച്ചറും മാഷും
വേഷം മാറി.

മാലകോര്‍ത്ത്
ആണുപെണ്ണും
ബെഞ്ച് നൂലുപോലെ 
നടുവളഞ്ഞ്
ചൂരലുകൊണ്ട് 
കൈവെള്ള ചുകപ്പിച്ചു

സ്‌കൂളിനുവെളിയില്‍
ആണ്‍കുട്ടികള്‍ വരിയായും
പെണ്‍കുട്ടികള്‍ കുന്തിച്ചിരിന്നും
നിലം നനയ്ക്കും

ബസില്‍ പെട്ടിസീറ്റിനും
എഞ്ചിന്‍ബോക്‌സിനും
ചില്ലിനുമിടയില്‍
സ്ഥാനംപിടിക്കും
അമ്മ മുന്നിലും
അച്ഛന്‍ പിന്നിലും

സിനിമാകൊട്ടകയില്‍
ആണുംപെണ്ണും ഒന്നിച്ച്
തപിക്കും വിയര്‍ക്കും
കരഞ്ഞും പിഴിഞ്ഞും 

കുളക്കടവില്‍ 
അലക്കിയും മുക്കിയും
നേരംവെളുത്തുകറുക്കും
കുളിച്ചും നീന്തിയും 
മനസ്സും ശരീരവും വെളുക്കും

ഓതിരം കുത്തിയും
മലക്കും മറിഞ്ഞും
എടുത്തുചാടിയും
കുളംനിറയെ വെള്ളം
വെള്ളം നിറയെ മീനും
മതിവരാതെ നീയും 
മതിമറന്നു ഞാനും
മഴയത്തും വെയിലത്തും
നീലക്കണ്ണാടിപോല്‍
നീലജലത്തിനടിയില്‍

സ്ത്രീകളുടെ വാര്‍ഡിലും
പുരുഷന്മാരുടെ വാര്‍ഡിലും
തപ്പിയും തിരഞ്ഞും
ആശ്വാസനിശ്വാസം

ബാത്ത്‌റുമിനും
വാതിലിനും
സ്ത്രീബിംബവും
പുരുഷബിംബവും
കൊത്തിവച്ചു

ഏകകോശം
ബഹുകോശമായി
ഇടതും വലതും
പെണ്ണിടവും ആണിടവും
പഠനത്തിലും ജോലിയിലും

രക്തദാനം
അവയവദാനം
മഹാദാനം
വേര്‍തിരിവില്ലാതെ!














Sunday, October 4, 2015

കവിയുടെ പുല
-------------------------------
കവി
അവന്‍റെ പ്രണയം ഉദാത്തമാണ്
അവന്‍റെ പ്രണയം ആര്‍ദ്രമാണ് 
അവന്‍റെ പ്രണയം വികാരതീവ്രമാണ്
അവന്‍റെ പ്രണയം ഭാവനാസമ്പുഷ്ടമാണ്
അവന്‍റെ പ്രണയം കൊതിപ്പിക്കുന്നതാണ്
അവനാല്‍ പ്രണയിക്കപ്പെടാന്‍
അവനാല്‍ എഴുതപ്പെടാന്‍
അവന്‍റെ അക്ഷരങ്ങളിലൂടെ തലോലിക്കപ്പെടാന്‍
അവന്‍റെ അക്ഷരക്കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുവാന്‍
അവനെ പ്രണയിച്ചു പ്രണയിച്ചു അടിമപ്പെടുത്തുവാന്‍
അവനെ സ്വന്തമാക്കി എന്നഹങ്കരിക്കുവാന്‍ കഴിഞ്ഞാല്‍..
ഒടുവില്‍ ,
കാവ്യ ജീവിതം , യാഥാര്‍ത്ഥ്യങ്ങളെ നോക്കി പല്ലിളിക്കും
കാവ്യ ജീവിതം , ലോകത്തോട് പുലയാട്ടു നടത്തും
കവി , കടമകളുടെ , ബന്ധനങ്ങളുടെ കെട്ടുപൊട്ടിക്കും
കവി , വായിക്കപ്പെടാന്‍ ആരാധിക്കപ്പെടാന്‍ മാത്രമുള്ളവന്‍
കവിക്ക്‌ ജീവിതത്തോടു പുലയാണ് പോലും പുല ..

- RadhaMeera's Poem


കവി എന്താണെന്നും എന്താകണമെന്നും ഉള്ള വെളിപാടിനു ഇതില്‍പ്പരം മറ്റെന്താണ്? ഇത്രമേല്‍ ഒരു കവിയെ തിരിച്ചറിയാന്‍ ആ കവി മനസ്സിനെ ആവാഹിച്ചെടുക്കാന്‍ മറ്റൊരു കവിക്കുപോലുമാകുമെന്ന് തോന്നുന്നില്ല, ഇത് ദൈവവചനം ഉരുവിടുന്ന പ്രബോധകന്റെ വാക്കുകളാണ്. ഉദാത്തവും ആര്‍ദ്രവും വികാരഭരിതവും ഭാവനാസമ്പുഷ്ടവുമായ ഒരു പ്രണയത്തെ ആര്‍ക്കാന്‍ സങ്കല്പിക്കാന്‍ കഴിയുക. ഒരു ഉറവപോലെ പൊട്ടിയോലിക്കുന്ന സ്‌നേഹപ്രവാഹമാണ് കവിയുടെ പ്രണയം. അത് നില്‍ക്കാതെ തോരാതെ പെയ്യുന്ന മഴയുടെ താളബോധത്തിലേക്ക് നമ്മെ ഉണര്‍ത്തും. തടഞ്ഞുവച്ചാലും ഊറിയൊലിക്കുന്ന മധുരാമൃതംപോലെ രസദീപ്തമാണ് കവിയുടെ വരികളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഭാവപ്രപഞ്ചം. അതിനെ ഇഷ്ട്‌പെടാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക. മനസ്സില്‍ പ്രണയത്തിന്റെ ഒരു നുറുങ്ങുവെട്ടമെങ്കിലും കത്തിയെരിയുന്ന മനുഷ്യമനസ്സാണെങ്കില്‍ കവിയില്‍ ജന്മകൊള്ളുന്ന അക്ഷരക്കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ കൊതിവരാതിരിക്കില്ല. അതിനെ ലാളിക്കാന്‍ അതില്‍ ലയിച്ചു ഹര്‍ഷപുളകിതമാകാന്‍. പ്രണയം അടിമയുടെ വിനീത വിധേയത്വം നല്‍കുന്ന സുഖമാണ് പ്രദാനം ചെയ്യുന്നു. അടിമയുടെ സുഖം ഒരു അടിമയോടുതന്നെ ചോദിച്ചറിയേണ്ട വികാരമാണ്. യജമാനന്റെ വാക്കിലും നോക്കിലും തേന്‍ തിരയുന്ന ഒരു വണ്ടിനെപ്പോലെ, സ്വയം മറന്നുഇല്ലാതാകുന്ന സുഖം. തന്റെ പെരുവിരലില്‍ താങ്ങിനിര്‍ത്തുന്ന അഹംബോധത്തിന്റെ എരിഞ്ഞടങ്ങുന്ന ചാരസമാനമായ ഭാരമില്ലായ്മ. അതാണ് കവിയുമായുള്ള സമഭാവനയില്‍ ഉരുത്തിരിയുന്ന കാന്തികപ്രഭാവം. മസില്‍ പെരുപ്പിച്ചു ലോകത്തെ വെല്ലുന്ന വില്ലാളി വീരന്റെ ധൈര്യവും ധാര്‍ഷ്ട്യവും ഒരു കവിയില്‍ എത്രമാത്രം നിസ്സാരമായാണ് ദര്‍ശനമായി വിളങ്ങുന്നത്. മനസ്സിന്റെ നൈര്‍മല്യവും ശരീരത്തിന്റെ സ്‌നിഗ്ദ്ധതയും കവിയുടെ സാന്നിധ്യത്തെ അസ്പര്‍ശ്യമാക്കുന്നു. പൊള്ളുന്ന തീനാമ്പില്‍ വിരലോടിക്കുന്ന, ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന ആയുധത്തെ തലോടുന്ന, ബന്ധനങ്ങളില്‍ ബന്ധിക്കപ്പെടാത്ത അതിലോലവും തരളിതവുമായ ആ മനസ്സിനെ എന്തിനോടാണ് ഉപമിക്കുക. ഹിമവല്‍ശിഖരത്തിന്റെ രൗദ്രനൃത്തമാടുന്ന ജടധാരിയായ ശിവനാമത്തോടെ, കലിപൂണ്ടു പ്രതികാരദാഹിയായ കാളീരൂപത്തോടോ, സര്‍വം സഹയായ ഭൂമിദേവിയോടോ.... കവിക്കു ജീവിതം പുലകുളിയടിന്തിരമാകുന്നു. അത് ഉച്ഛാടനം ചെയ്യാനല്ല, ആ ജീവിതത്തെ തന്നിലേക്ക് ആവാഹിച്ച് ശ്മശാനകാവക്കാരനെപ്പോലെ എരിയുന്ന ജീവന്റെ ആത്മാവില്‍നിന്നു ഒരിക്കലും അണയാത്ത ഊര്‍ജത്തെ സ്വായത്തമാക്കാനാണ്. മരണംപോലും ഉല്‍സവമാകുന്ന ജീവിതം, പുലകുളിഅടിയന്തിരം.