Sunday, November 29, 2015

അന്ത്യനിദ്ര

ചിത എരിഞ്ഞടങ്ങുംമുമ്പേ
ആളുകള്‍ പിരിഞ്ഞുപോയി
ചിത എരിയുന്നു അനാഥമായി
കുടെപ്പിറപ്പുകള്‍ കുടെ വന്നവര്‍
കുട്ടുനില്‍ക്കാതെ ചിതയൊഴിഞ്ഞു
വാവിട്ടുനിലവിളി അകത്തളത്തില്‍
കൂടെ കരയുന്നു ഉറ്റവര്‍, ഉടയോര്‍
ഇന്നലെ സന്ധ്യക്ക് കുശലം പറഞ്ഞവര്‍
ചരമക്കോളത്തില്‍ ചിരിച്ചുനില്‍ക്കുന്നു
വിശ്വാസം പോരാഞ്ഞ് സംശയം തീര്‍ക്കുന്നു
ഓടിയടുക്കുന്നു ഒരുനോക്കുകാണുവാന്‍
മനസ്സില്‍ പിടയുന്നു മൊഴിഞ്ഞ വാക്കുകള്‍
ആരോ വിധിക്കുന്നു സമയമായെന്ന്
പോകാതെ തരമില്ല, നേരം നോക്കി.
അവസാനമായി ഒരുവാക്കു മൊഴിയാതെ
മറുവാക്ക് കേള്‍ക്കുവാന്‍ ചെവിതരാതെ
വീണിതാ കിടക്കുന്ന മണ്ണിതിന്‍ മാറില്‍
വിരിമാറ് വിരിച്ചു ഉറക്കം നടിച്ചങ്ങനെ
എത്ര വിളിച്ചിട്ടും വിളി കേള്‍ക്കണില്ലാ
ഉണരാത്ത ഉറക്കം ഉറങ്ങിത്തീര്‍ക്കുന്നു
ഉണര്‍ത്തുവാന്‍ വയ്യ അന്ത്യനിദ്രയെ
അടര്‍ത്തിമാറ്റുന്നു സഹശയ്യയില്‍
അടരാതെ പറ്റിപ്പിടിക്കുന്നു മനസ്സില്‍
ആത്മാവ് വിട്ടുപിരിഞ്ഞില്ല കൂടെയായ്
ജീവനായ് തെളിയുന്നു കെടാവിളക്കുപോല്‍
ദുസ്വപ്‌നംപോല്‍ കൊഴിയു്ന്നു നാളുകള്‍
പൂക്കുന്നു സ്മരണയില്‍ ഓര്‍മകള്‍
പിച്ചവയ്ക്കുന്നു ജീവിതം കുരുന്നുപോല്‍
അഗ്നിപര്‍വതംപോല്‍ തപിക്കുന്നു
ഉള്ളിലായ് ദു:ഖം ഖനീഭവിച്ചാവിയായ്
ഒതുക്കണം ഒതുങ്ങണം ഉള്ളിലായ്
ഒരുങ്ങണം പുതുക്കണം പുറമെയായ്





Monday, November 23, 2015

സൃഷ്ടിയുടെ പിറവി

ഗര്‍ഭപാത്രംപോല്‍ വിങ്ങുന്നു മാനസം
സൃഷ്ടിയുടെ പിറവിക്കായ്
ഇന്ന്, നാളെ എന്നിങ്ങനെ എണ്ണിയെണ്ണി
പ്രവചനാതീതം ആദിയും അന്ത്യവും
പിന്നെയും പിടയുന്നു തൊഴിക്കുന്നു
കാലിനാല്‍, മുഷ്ടിയാല്‍
മൃദുലമാം വീര്‍ത്തവയറിന്‍ ചുമരിലായ്
എത്രനാള്‍ കാക്കേണം പിറവിക്കായ്
പത്തുമാസം ചുമന്നൊരോരമ്മപോല്‍
വിയര്‍ക്കുന്നു തപിക്കുന്നു... ആശ്ലേഷം,
സൃഷ്ടിതന്‍സ്വരൂപം ദര്‍ശനമാത്രയില്‍.
പോരാ ആയിരം കണ്ണുകള്‍ കാണണം
പൊന്നമ്പിളിപോല്‍ വിളങ്ങണം മുഖപ്രസാദം
പൊന്നരഞ്ഞാണം തിളങ്ങണം അരയിലായ്
പിച്ചവച്ചും കൈകള്‍ ആകാശത്തിലായ് ചുഴറ്റിയും
മുന്നേറണം സഹൃദയഹൃത്തടങ്ങളില്‍
ലഭിക്കും ഓരോ നോക്കും വാക്കും,
പുളകിതമാക്കും അന്തരംഗം എത്രമേല്‍
അത്രമേല്‍ ഹര്‍ഷോന്മാദം അമ്മമനസ്സില്‍
തൊട്ടും തലോടിയും പിന്നെയും മിനുക്കുന്നു
എത്രവട്ടം കുത്തണം പൊട്ടും, ചുറ്റണം പുടവ
കണ്ണെഴുതിയും അത്തറുപൂശിയും
മലോകരെ ആസ്വാദനത്തിന്‍ കൊടുമുടി കയറ്റണം.

Thursday, November 12, 2015

തുമ്പികള്‍

പൂവിതള്‍ത്തുമ്പിലും 
പച്ചിലത്തുമ്പിലും
പച്ചോലത്തുമ്പിലും
ഊഞ്ഞലാടുന്നു
പാറിനടക്കുന്നു തുമ്പികള്‍

കുഞ്ഞിളം കൈയാല്‍
തുമ്പിയെ പിടിക്കുവാന്‍
മെല്ലെ ശ്രമിക്കവേ
ഒളികണ്ണെറിഞ്ഞു
പറ്റിച്ചുപാറിപ്പറന്നിടുന്നു


ഒന്നല്ല രണ്ടല്ല 
കൈക്കുമ്പിളിലെണ്ണിയാല്‍
ഒടുങ്ങില്ല തുമ്പികള്‍
മന്ത്രജാലംപോല്‍
പ്രത്യക്ഷരാവുന്നു

ആകാശസീമയില്‍
കാനനച്ഛായയില്‍
ആറ്റിന്‍കരയിലും
വയല്‍വരമ്പത്തും
പാറിക്കളിക്കുന്നു തുമ്പികള്‍

വെളിവെയിലില്‍ 
തീനാളമായ് വിളങ്ങിടും
ചാറ്റല്‍മഴയത്ത് 
കൂഞ്ഞുചിറകില്‍ പാറി
മിന്നിമറയുന്നു തുമ്പികള്‍

പാടത്തും മൈതാനിയിലും
ഒച്ചവച്ചുകളിക്കുന്ന
കുട്ടികള്‍ക്കൊപ്പമായ് 
പൊങ്ങിയുംതാഴ്ന്നും
നൃത്തം ചവിട്ടുന്നു


രണ്ടുചിറകിലും
നാലുചിറകിലും
ബഹുവര്‍ണനിറത്തിലും
കൊമ്പിലും കുഴലിലും
പലതരം തുമ്പികള്‍

തുമ്പിയെ കാണുമ്പോള്‍
മനംനിറയുന്നു
ഗൃഹാതുരമായൊരു
ഓര്‍മകള്‍ തുമ്പികളായ്
കാണാമറയത്ത് മറയുന്നു...

മധുരമീ ഓര്‍മച്ചിത്രങ്ങള്‍
മായുമോ മനുഷ്യായുസ്സില്‍
മാഞ്ഞാലും മറഞ്ഞാലും
പിന്നെയും പൂക്കുന്നു
തുമ്പികള്‍ പുനര്‍ജനിയായി....

Tuesday, November 10, 2015

ഭ്രമണം

അക്ഷരംകൊണ്ടു വാക്ക്
വാക്കിന് അര്‍ത്ഥാകാരം
വയറിന് ഭക്ഷണപോല്‍
നാക്കിന് വാക്കുകള്‍
എന്നെ അറിയുന്നത്
നിന്നെ അറിയുന്നത്
രഹസ്യങ്ങളുടെ നിലവറ
അജ്ഞാതദേഹങ്ങള്‍
അജ്ഞരാം ദേഹികള്‍
ഗ്രഹങ്ങളുടെ ഭ്രമണം
ഉല്‍ക്കകളുടെ പ്രവാഹം
എന്നിലൂടെയും നിന്നിലും
തലയുടെ ഭാരം കാലിന്
പാദങ്ങള്‍ ഭൂമിക്ക് ഭാരം
ഭാരമില്ലായ്മയുടെ ഭാരം
തൊട്ടുകൂടായ്മയുടെ
അകലം, എനിക്കും നിനക്കും
ആകര്‍ഷണം വികര്‍ഷണം
വലിയവനിലും ചെറിയവന്‍
ചെറിയവനിലും വലിയവന്‍
ആറടിയില്‍ കുത്തനെ
മണ്ണിനടിയില്‍ വിലങ്ങനെ
മുറവിളിയായ് ജനനം
നിലവിളിയായ് മരണം

സമതുലനം

അസ്തിത്വത്തിന്റെ ഭാരം
മജ്ജയും മാംസവും മൂടിയ
അസ്ഥികൂടം, സുന്ദരദേഹം
പിളര്‍ന്ന കാലുകള്‍
തൂങ്ങിയാടുന്നു കൈകള്‍
ശരീരത്തിലേക്ക് 
ആഴ്ന്നിറങ്ങുന്ന നവദ്വാരങ്ങള്‍
തുറിച്ചുനോക്കുന്ന കണ്ണുകള്‍
പാതിമുറിഞ്ഞ കുടപോല്‍
ഇരുചെവികള്‍
ചലിച്ചുകൊണ്ടിരിക്കുന്ന വായ
തൂങ്ങിയൊലിക്കുന്ന മാംസപിണ്ഡം
മുല, പൃഷ്ടം, പുരുഷലിംഗങ്ങള്‍
കാടുമൂടിയ രോമസഞ്ചയം
അരോചകം, ബീഭല്‍സം
ദിനന്തോറും അഴുകും
അഴുകുന്തോറും കഴുകും
ഭക്ഷിക്കുന്നതിനെക്കാല്‍
വിസര്‍ജിക്കുന്നത്
മണവും രുചിയും ദുര്‍ഗന്ധപൂരിതം
വള്ളിപോല്‍ പടരുന്ന രോഗം
കൊതുകുപോല്‍ മൂളുന്ന മരണം
ചോരയൊഴുകുന്ന ശരീരം
ചോരയൊലിക്കുന്ന ശവശരീരം
കൊന്നുതിന്നുന്ന പാപഭാരം
കാഴ്ചയുടെ വേഴ്ചപോല്‍ 
അനന്തതയില്‍ ദൃഷ്ടികള്‍
തലയറുത്തുവച്ച നാല്‍ക്കാലികള്‍
കമ്പിയില്‍ കോര്‍ത്ത മാംസച്ഛേദങ്ങള്‍
ഇന്നുഞാന്‍ നാളെ നീയായി
കൊന്നുതീരാതെ കൊതി തീരാതെ
കൊന്നുതിന്നവന്‍ കൊന്നുതള്ളുന്നു
സസ്യബുക്കും മാംസബുക്കും
പുസ്തങ്ങളുടെ ഭാരവും പേറി
കൂഞ്ഞുപൈതങ്ങള്‍ താണ്ടുന്നു 
അര്‍ത്ഥങ്ങള്‍ തേടുന്നു
നിരര്‍ത്ഥകജീവിതത്തില്‍






Monday, November 9, 2015

തൃഷ്ണ

ഉറവയില്‍ ഉടല്‍പൊട്ടി
പിറക്കുന്നു പുതുജന്മം
പാമ്പിനെപ്പോല്‍ ഇഴയുന്നു
അഗാധമാം ഗര്‍ത്തത്തില്‍
മതിവരാത്ത രതിമൂര്‍ച്ചയില്‍
തേനൂറും വിരിഞ്ഞറോസാദളം
അനുഭൂതിയാം വെണ്‍മുത്തുകള്‍
അജ്ഞാതം, അതീന്ദ്രിയം
ചലനം നിശ്ചലം പാറപോല്‍
വചനം നിശ്ശബ്ദം മന്ത്രംപോല്‍
ശൂന്യമാം നിമിഷബിന്ദുക്കള്‍
പ്രകൃതി തകൃതി വികൃതി!
അന്ധരായ്, ബന്ധിരരായ്
മൂകരായ് അസ്പൃശ്യരായ്
മറവിയായ് നിര്‍വൃതി
വാക്കുകള്‍ വറ്റിവരണ്ടു
ഗന്ധമില്ല, രുചിയില്ല, അറിവില്ല
ഒന്നുമല്ലാത്ത ഒന്നുമില്ലാത്ത
ഒന്നായരോര്‍മപോല്‍
മധുരം ദീപ്തം സംതൃപ്തം!
വീണ്ടും വരളുന്നു ഭൂമി
വര്‍ഷത്തിനായി നോറ്റ്
ഹര്‍ഷപുളകിതം നിന്‍മുഖം
മനോരഥമേറുന്നു വിണ്ണിലായ്
ഉറയുന്നു കന്മദംപോല്‍
കരിമ്പാറക്കെട്ടിലായ് നീര്‍ജലം
ഊറുന്നു മതിജലം വിടവിലായി
ഒഴുകുന്നു ഭൂമിയില്‍ വൃഥാ
സംഗമം സുരഭിലം സമ്മോഹനം
വീണ്ടും വീണ്ടും കൊതിക്കുന്നു
പ്രാണന്റെ തൃഷ്ണപോല്‍...



ഉയിര്‍ത്തെഴുനേല്‍പ്

ജീവിതം അസംബന്ധനാടകം
ഒറ്റുകാരുടെ താവളം, കാവല്‍
പേറ്റുനോവിന്റെ നിലവിളി
അറ്റുപോയ മാതൃവിലാപം
വിലപേശുന്ന വിവാഹമേള
വിഷംപുരട്ടിയ പ്രണയാധരം
ഒടുക്കത്തെ രംഗം തുടങ്ങി
അവസാന അങ്കം മുറുകി

ആഗ്രഹങ്ങളുടെ വേലിയേറ്റം
സ്വപ്‌നങ്ങളായി വേലിയിറക്കം
അറുതിയില്ലാത്ത ആവര്‍ത്തനം
അര്‍ഹമായത് അനര്‍ഹര്‍ക്ക്
ഭാഗ്യം തീണ്ടാത്ത ഒറ്റസംഖ്യ
അകന്നുപോകുന്ന മരീചിക
അഭയമില്ലാത്ത തുരുത്ത്
അന്യനിന്നുപോയ മനുഷ്യത്വം

സൃഷ്ടിയും സൃഷ്ടികര്‍ത്താവും
അതിജീവനത്തിന്റെ സാകല്യം
ചെറുത്തുനില്‍പിന്റെ വിജയം
പ്രതിരോധത്തിന്റെ ഉണര്‍വ്
മരിച്ചവന്റെ ഉയിര്‍ത്തെഴുനേല്‍പ്
നീലഞെരമ്പില്‍ കൈക്കരുത്ത്
വിയര്‍പ്പുകണങ്ങളില്‍ നെഞ്ചുറപ്പ്
ജയിക്കാനായി ജനിച്ചവരവര്‍.

Sunday, November 8, 2015

വിസ്മയം

വെട്ടിമാറ്റപ്പെട്ട 
പൊക്കിള്‍ക്കൊടി ബന്ധം.
ജീവിക്കന്നത് ഔദാര്യമല്ല
വായ കീറിയവന്,
അന്നം മുട്ടിയില്ല.
ജീവിതം യുദ്ധക്കളമായി
പോരാളിയും എതിരാളിയും
മല്ലയുദ്ധത്തിലെ ബലിഷ്ഠത
തോല്‍ക്കുന്നതും വിജയിക്കുന്നതും
ഒരുകൈ മറ്റേതിനെ ഉയര്‍ത്തും
വിജയത്തിന്റെ കരഘോഷം
ഇരുചെവിയറിയാതെ.

വിജൃംഭിച്ചെയ്ത ശരരേതസ്സ്
സുഷുപ്തിയില്‍ ലയിച്ച്
ഒരു ജന്മത്തിന്റെ പാപഭാരം
സൃഷ്ടിച്ചതിന്‍ പേറ് ഉപേക്ഷ
അസ്തിത്വത്തിന്റെ കാവലാള്‍
ഒന്നിനെ പിറക്കുമ്പോള്‍
മരണവും കൂടെപ്പിറക്കും.
ജനിപ്പിച്ച സുകൃതവും
കൊല്ലിച്ച പാപവും
എത്രമായ്ച്ചാലും മായാത്ത
മുറിവായി കനലായ് എരിയുന്നു.

പലതുള്ളിയായ് പെരുവെള്ളത്തില്‍
ആവിയായി ആകാശമായി
പരമാണുവില്‍ അലിഞ്ഞ്
ബ്രഹ്മമായി സ്ഥിതമായി കാലമായി
പുനര്‍ജനിയില്ലാത്ത ജനനം
ഊര്‍ജപ്രവാഹത്തിന്റെ
ജീവോല്‍പ്പത്തിയും
ജീവന്‍മുക്തിയില്‍ മോക്ഷവും
ബ്രഹ്മാണ്ഡതേജസ്സില്‍
കരുവായി കാലപ്രവാഹത്തില്‍
തിളങ്ങും നക്ഷത്രതേജസ്സായി

മരണം മറവിയായിത്തീര്‍ന്നതും
മറവി മറയായിത്തീര്‍ന്നതും
ജീവിതം കൊരുത്ത സമവാക്യം
ഇന്നത്തെ ജീവശരീരം
നാളത്തെ ശവശരീരം
ആത്മാവോ ഇന്നലെയും,
നാളെയും കാലഭേദങ്ങളില്ലാതെ.

എത്ര വിരൂപമാം ശരീരം
എത്ര സുന്ദരമാം മനസ്സ്
പഞ്ചേന്ദ്രിയങ്ങളാല്‍
ചുംബിച്ചുണര്‍ത്തുന്നു.
സ്വപ്‌നംപോലെ മായയായി
സ്വര്‍ഗംപോലും മിഥ്യയായി
വീര്‍ത്ത ബലൂണുപോല്‍
പൊട്ടാനായി കിളിര്‍ത്തവര്‍
സസ്സുഖം വാഴുക മരണവരെ
കൂട്ടിക്കിഴിച്ചാല്‍ ലഭിപ്പതുശിഷ്ടം.

സ്ത്രീയും പുരുഷനും 
എത്രമേല്‍ ആശ്ചര്യഹേതുക്കള്‍
ആണിനു പെണ്ണും
പെണ്ണിനു ആണും
തൊട്ടും തലോടിയും
ആലോചനാമൃതം നുകര്‍ന്നും
ഭാഗങ്ങള്‍ അടയാളപ്പെടുത്തും
ലോകമാം മാപ്പില്‍ വിരലുകള്‍
എത്ര നോക്കിയിട്ടും കണ്ടില്ല 
തിരയുന്ന ചോദ്യത്തിന്‍
ഉത്തരസാരാംശ രേഖകള്‍
അടയാളപ്പെടുത്താന്‍ 
പെരുവിരലിലും തലനാരിഴയിലും.
ഒന്നായിരിക്കിലും വിസ്മയം
പ്രകൃതിപോല്‍ വിഭിന്നം.

Friday, November 6, 2015

ബോധോദയം

നിന്റെ വസ്ത്രങ്ങളെ ഞാന്‍ ഉരിയാം
എന്റേത് നീയും, മൃഗത്തൊലിപോലെ
നഗ്നമാക്കപ്പെട്ട ഉടലുകളെ
പരസ്പരം തഴുകിയുണര്‍ത്താം
മജ്ജയും മാംസവും പങ്കുവയ്ക്കാം
അയ്യായ്യിരം പേര്‍ക്കല്ല, രണ്ടുപേര്‍ക്കായ്

ബോധിമരച്ചുവട്ടില്‍ ബോധോദയം
ഇണപിരിഞ്ഞിഴയുന്ന പാമ്പുകള്‍
സ്വര്‍ഗവാതില്‍ തുറക്കുന്ന നീലാകാശം
മണ്ണില്‍ മണ്ണിരയായി, 
ആകാശത്തില്‍ പറവയായും
ജലരാശിയില്‍ മല്‍സ്യകന്യക
നിശാസ്വപ്നംപോലെ ജീവിതം
ഉദിച്ചസ്തമിക്കുന്ന ഉത്തരായനം

നീലക്കണ്ണാടിയിലെ നീലവെളിച്ചം
നിഴലുപോലെ ശരീരങ്ങള്‍
മതിവരാത്ത അതിരാത്രമായി
വിയര്‍പ്പുകണങ്ങളില്‍ ഊളിയിട്ട്
തളര്‍ച്ചയുടെ രതിവേഗങ്ങളില്‍
മയക്കത്തിന്റെ നീരാളിപ്പിടിത്തം

സ്വപ്‌നമോ മായയോ യാഥാര്‍ത്ഥ്യമോ
അതിരില്ലാത്ത വേര്‍തിരിവുകള്‍
ജീവിതമേ നീയെത്ര ധന്യാത്മകം
സ്വര്‍ഗം തോല്‍ക്കുമുലകം
നഗ്നത തേടുന്ന സ്വാതന്ത്ര്യം
അഴിച്ചിട്ടും അഴിയാത്ത മതിലകങ്ങള്‍
കൊട്ടിയടച്ച വാതിലുകള്‍
ഭയം ചിതലറിച്ചുകയറുന്നു
ഞെരുങ്ങിക്കരഞ്ഞ് തുറക്കാതടഞ്ഞ്
തുറന്ന പുസ്തകമായി ജന്മം
പൊതിഞ്ഞുകെട്ടി മൃത്യുദേഹം

സ്വാതന്ത്ര്യമേ അഴിക്കുക
പാരതന്ത്ര്യത്തിന്‍ മുഖാവരണം
തേടുക സ്വച്ഛവായും ജലവും
വിതറുക നവോന്മേഷം സുഗന്ധമായ്
പരക്കട്ടെ തേനൂറും ജലധാര ഭൂമിയില്‍

നിന്നിലലിയുന്ന വേളയില്‍
തെളിയുന്ന ഞാനെന്‍ സ്വരൂപം
എന്‍ ശക്തിയുടെ ഗാംഭീര്യം
നിന്‍ സുഖസുഷ്പിയില്‍ തെളിയുന്നു.




തിരിച്ചറിവ്

സൗന്ദര്യം
ആന്തരികം, ബാഹ്യം
ആത്മാവ്, ശരീരം
മനസ്സ്, ബുദ്ധി
രുപം, വൈരുപ്യം

ജീവന്‍
സ്വത്വം, ബോധം
ജീവിതം, അജീവിതം
ഭ്രാന്ത്, ഭ്രാന്തന്‍
അഭിമാനം, അപമാനം
മാനം ആകാശം പരുന്ത്

പൂര്‍ണത
മിഥ്യ തഥ്യ
അസ്ഥിത്വം അഹംബോധം
സൃഷ്ടി -സ്ഥിതി -സംഹാരം.

മരണം
കാഴ്ച, ദര്‍ശനം
ജീവനം ചിരഞ്ജീവി
പരാജയം, വിജയി
പ്രഭാവലയം സംരക്ഷണം
ആകാശത്തിലേക്ക്
പടികള്‍ ചവി'ുക.

ജീവിതം
അറിവ്-തിരിച്ചറിവ്
എന്തിന്, എങ്ങനെ, എന്ത്?
ഞാന്‍, എന്റെ നിഴല്‍
കണ്ണ് മുില്‍,
കാത് പിില്‍,
കാല് അടിയില്‍,
തല മുകളില്‍.

ശരീരം
അലങ്കാരം
ഘോഷയാത്ര
വിഗ്രഹം...പ്രദര്‍ശനം
ആത്മസായൂജ്യം!

ദിനരാത്രം -
ഉറങ്ങുക, ഉണരുക
ഭോഗം, ത്യാഗം
ഉണര്‍വ്ജനനം
ഉറക്കംമരണം
രാത്രി പകല്‍
സംഭോഗം വിയോഗം
ആവേഗം തളര്‍ച്ച
കീഴടക്കല്‍ പരാജയം
കയറ്റം ഇറക്കം
കാഴ്ചയുടെ പൊലിമ,
വാഴ്ചയുടെ തെളിമ!

ഭൂതം
പിന്തിരിഞ്ഞു നോക്കരുത്!
പിന്‍പേ മരിച്ചവര്‍,
മുന്‍പേ ഗമിപ്പവര്‍.
അതേ വികാരം,
അതേ വിചാരം.
ജയിക്കാന്‍,
ഇനിയും അങ്കമേറെ
തോല്‍ക്കാനും.