Thursday, December 31, 2015

വര്‍ഷാവസാനക്കവിത


അമ്മതന്‍ വാല്‍സല്യവും
അച്ഛന്റെ സാമിപ്യവും
അടുത്തിരിക്കുവോളം
അത്രമേല്‍ വേറെന്തുവേണം

ആനയ്ക്കറിയില്ല വലിപ്പമെങ്കിലും
ആളുകളറിയുന്നു ആകാരം
ആദിയും അന്ത്യവും അന്ധകാരം
ആരറിയുന്നു ജഗത്തിന്‍രഹസ്യം

ഇന്നും ഇന്നലെയും നാളെയും
ഇഴചേര്‍ന്നു നെയ്യുന്നു ജീവിതം
ഇണപിരിയാതെ കഴിയേണം
ഇമയടയുന്നതുവരെയെങ്കിലും

ഈശ്വരനെ തേടിയലയുന്നു
ഈച്ചപോല്‍ പാറിപ്പറക്കുന്നു
ഈര്‍ച്ചവാളിന്റെ മൂര്‍ച്ചപോല്‍
ഈശ്വരന്റെ വിധിന്യായങ്ങള്‍

ഉണര്‍ന്നിരിക്കുന്നു മരണം
ഉറങ്ങുന്ന ജീവന്റെയരികില്‍
ഉച്ഛ്വാസനിശ്വാസങ്ങളില്‍
ഉറവപോല്‍ ഒഴുകുന്നു ജീവിതം

ഊഞ്ഞാലിലാടുന്ന പൈതല്‍
ഊറിയൂറിച്ചിരിക്കുന്നു വൃഥാ
ഊതീയരിക്കുന്നു കനലുകള്‍
ഊറിച്ചിരിക്കുന്നു കനവുകള്‍

ഋതുക്കള്‍ മാറീമറയുന്നു
ഋതുമതിപോല്‍ സുന്ദരം
ഋഷിവര്യനെപ്പോല്‍ വശ്യം
ഋഷഭംപോല്‍ സൗമ്യമീ ഭൂമി

എത്ര കരഞ്ഞാലും ചിരിച്ചാലും
എത്തുമോ ജീവന്റെ മറുകരയില്‍
എത്രനാള്‍ കൊതിച്ചിരുന്നാലും
എത്തുമോ ജീവിതലക്ഷ്യത്തിലായ്

ഏഴുസ്വരങ്ങളും മീട്ടിപ്പാടുന്നു പൈങ്കിളി
ഏഴുവര്‍ണ്ണങ്ങളും ചാലിച്ചെഴുതുന്നു വാനം
ഏണിയും പാമ്പും കളിക്കുന്നു ജീവിതം
ഏറിയാല്‍ പാമ്പിന്റെ വായിലായ് ജീവിതം

ഒന്നുചിരിക്കുവാന്‍ ഒന്നിച്ചിരിക്കുവാന്‍
ഒന്നായിത്തീരുവാന്‍ കൊതിക്കുന്നു
ഒടുങ്ങാത്ത ദാഹമായ് മോഹമായ്
ഒരുമാത്രയെങ്കിലും ജന്മസാഫല്യമായ്

ഓര്‍ക്കുവാനാവില്ലയെങ്കിലും
ഓര്‍ത്തെടുക്കുന്നു ഓര്‍മകള്‍
ഓമനിക്കുന്നു ഹൃദയത്തിലായ്
ഓരോ രാവിലും നിദ്രാവിഹീനമായ്

കവിതയായിത്തിരുന്നു ജീവന്‍
ഖരമായുള്ളത് ജലമായിമാറുന്നു
ഗതിയറിയാതെ ഗഗനചാരിയായ്
ഘടികാരപോല്‍ മിടിക്കുന്നു ഹൃദയം

ചരിത്രമാകുന്ന മനുഷ്യജന്മങ്ങള്‍
ഛിദ്രമാക്കുന്നു ചരിത്രശേഷിപ്പുകള്‍
ജീവിക്കുവാനായി നെട്ടോട്ടമോടുന്നു
ഝടുതിയില്‍ ആടുന്നു വേഷങ്ങള്‍

ടവറുകള്‍ പൊങ്ങുന്നു ആകാശത്തിലായ്
ഠേഠേ പൊട്ടുന്നു വെടി അതിര്‍ത്തിയില്‍
ഡ്രാക്കുള ചിരിക്കുന്നു മൊബൈലിലായ്
പ്രൗഢമായ് പറക്കുന്നു വാനില്‍ പതാക

തമസ്സില്‍ വിളങ്ങുന്നു പ്രത്യാശാകിരണം
കഥാകഥനംപോല്‍ ജീവിതഗാഥകള്‍
ദാനമായി കിട്ടിയ ജന്മം, നല്‍കണം
ധനമായും സ്‌നേഹമായും ജീവിതത്തില്‍

പാതിവെന്ത അരിപോല്‍ കഠിനം 
ഫലമില്ലാതെയീ ജീവിതചര്യകള്‍
ബോധമില്ലാതെ ബോധിയായിത്തീരുമോ
ഭംഗം വരുത്താതെ ഭോഗം ശമിക്കണം.








Wednesday, December 23, 2015

ചെറ്റകളുടെ ലോകം


നാളെയവന് പുതുവര്‍ഷമാണ് -
ഇന്നലെ ക്രൂരമായി വേട്ടയാടിയ
നിര്‍ഭയയാം ജ്യോതിര്‍സിംഗിന്റെ
കൊലയാളിയാം പേപ്പട്ടിയുടെ
ത്യാഗത്തിന്റെ സ്മരണപോലെ
നീതിദേവതയുടെ കണ്ണുകെട്ടിയതാരാണ്?
നീതി തേടിയവന്റെ കണ്ണുകെട്ടാനോ
എരിഞ്ഞമര്‍ന്ന ഞരമ്പുകളുടെ വേദന
നീതിപീഠത്തിന്റെ കാവലാളുകള്‍ മറന്നുവോ
എന്തിനീ നിയമാവലി, ഹൃദസ്ഥ്യം, മന:പാഠം
എന്നിട്ടും എന്തിനീ വിവേചനം.
വയസ്സറിയിക്കുന്നതിന് സമയമോ കാലമോ
ലിംഗോദ്ദാരണം ശുകഌവിസര്‍ജനം
പ്രായപൂര്‍ത്തിയും കാമപൂര്‍ത്തിയും
കുത്തഴിച്ചു തിമര്‍ത്താടിയവര്‍
നിയമത്തിന്റെ കാണാച്ചരടില്‍
കച്ചിത്തുരുമ്പിന്റെ മോക്ഷപ്രാപ്തിയില്‍
കുത്തിക്കെട്ടുക പുറംചട്ടകള്‍
നിയമാവലിയുടെ നൂലാമാലകള്‍
ജീവനുവേണ്ടി കേണവള്‍
ജീവിക്കാന്‍ ഒരുമ്പെട്ടവള്‍
വിധിയുടെ കണക്കുകൂട്ടലില്‍
ജീവിതത്തില്‍ പുറംതള്ളിയവള്‍
പേരില്ലാതെ പേരെടുത്തവള്‍
പെരുമയുള്ള നാട്ടിന്റെ പൊന്നോമന
എന്നിട്ടും ചതിയുടെ ലീലാവിലാസം
നീതിപീഠത്തിന്റെ വിശ്വാസ്യത
വിശ്വാസം അതല്ലേ എല്ലാമെന്ന്
നൂറുവട്ടം ഓതിപ്പഠിക്കുക!
മാറ്റണം ചട്ടങ്ങള്‍, മാറണം മനുഷ്യനും
ശിക്ഷകള്‍ രക്ഷയ്‌ക്കെത്തിയില്ലെങ്കില്‍
നിയമത്തിനെന്തുവിലയാണുള്ളത്
എഴുതിയ നിയമത്തിന്‍ മഷിയുണങ്ങും-
മുമ്പേ ഒലിക്കുന്നു രക്തപ്രവാഹം
മായുന്നു നിയമത്തിന്‍ നീതിബോധം
ബലഹീനരാവുന്നു അബലകള്‍
തെരുവിലായ്, പീഡനവഴികളില്‍
പുല്‍ക്കൊടി കണക്കെ പിഴുതെടുക്കുന്നു
ശ്വാസം നിലയ്ക്കുന്നു, കണ്ഠം ഇടറുന്നു
ലോകം കീഴ്‌മേല്‍ മറിയുന്നു
പടികള്‍ തെറ്റുന്നു പിടികള്‍ അയയുന്നു
ചുടുരക്തം ഒഴുകുന്ന ഞെരമ്പുകള്‍
പിടയുന്നു, മുഷ്ടികള്‍ ചുരുട്ടുന്നു
ആകാശം ഇരുളുന്നു, കൊടുങ്കാറ്റടിക്കുന്നു
ക്രോധംകൊണ്ടലറി വിളിക്കുന്നു
പുലമ്പുന്നു, പെരുമ്പറ കൊട്ടുന്നു
ശോകമൂകമാം കറുത്തനിഴലാട്ടങ്ങള്‍
നിരാലംബരീ മനുഷ്യജന്മങ്ങള്‍
വീണടിയുന്നു ആറടിഭാരമായി
ഭൂമിമാതാവിന്‍ നെഞ്ചകത്തില്‍
നിര്‍ഭയരല്ലവര്‍ ഭയചകിതരാണിവര്‍
തെല്ലൊരഭയത്തിനായി യാചിക്കുന്നവര്‍.

പെണ്‍ഉടലുകള്‍



എനിക്കത്രയൊന്നും കൗതുകം തോന്നാത്ത 
എന്നുടലിനോട് എന്താണിത്ര കൗതുകം..!
നിങ്ങള്‍ നഗ്‌നമാക്കിയെന്നുടലിനകത്ത്
നഗ്‌നമാകാത്തൊരു മനസ്സുണ്ടെന്നറിയുക..
***** നിന്റെ ഉടലഴകിന്റെ സംഗീതം
അതില്‍ ഉരുകിയൊലിക്കുന്നു
ലോകായുസിന്റെ പുസ്തകം
അത്രമേല്‍ ചൂടും ചൂരുമാണ്

നിന്റെ ഉടലളവിന്റെ ത്രിമാനചിത്രം
കാഴ്ചകളില്‍ മുങ്ങിനിവരുന്നു
കളിക്കോപ്പിനും പടക്കോപ്പിനും
എത്രമേല്‍ ചേര്‍ന്നിരിക്കുന്നു

എന്റെ ഉടലിലേക്ക് ഒലിച്ചിറങ്ങിയ
വിയര്‍പ്പുകണങ്ങള്‍ ആരുടെതാണ്?
കുളിര്‍മഴ കാത്തുനിന്ന എന്നെ
ചുടുമഴയാല്‍ കുളിപ്പിച്ചതാരാണ്?

ഉടലുരിഞ്ഞ് കമ്പിയില്‍ കോര്‍ത്ത
ബലിമൃഗത്തിന്റെ ചോരയും നീരും
അടിമച്ചന്തയില്‍ വില്‍പ്പനയ്ക്കുവച്ച
ഉടലുകളില്‍ തിരയുന്ന കണ്ണുകള്‍

എത്ര ഭോഗിച്ചാലും മതിവരാത്ത
ഉടലുകള്‍, വ്രണങ്ങളാല്‍ പഴുത്തവ
അടിമയുടെ ചാരിത്ര്യത്തിന് വില-
പറയുന്ന ഉടമവര്‍ഗത്തിന്റെ കൗശലം

ആണുടലിനെക്കാള്‍ പൊള്ളുംവില
പെണ്ണുടലിന്റെ തൂക്കത്തിനു ഗുണത്തിനും
കമ്പോളത്തിലെ അവസാനിക്കാത്ത
ആരവം, ആള്‍ക്കൂട്ടം, നിലവിളി...

ഉടലുകളെ പിളര്‍ത്തിയ വാള്‍ത്തല
ഉടലുകളില്‍ ആഴ്ത്തിയ ലോഹതെണ്ട്
അലര്‍ച്ചകളില്‍ ആര്‍ത്തിരമ്പുന്ന
ആണുടലുകളുടെ സംഹാരതാണ്ഡവം

പെണ്‍ഉടലുകള്‍ വേവുന്ന രാത്രികള്‍
അഴകിന്റെ അലിവിന്റെ രതിരാത്രങ്ങള്‍
നിഴലിന്‍മറയിലായി തേങ്ങുന്ന കണ്ണുകള്‍
ഒഴുകുന്നു വിലാപം, ശപിക്കുന്നു ജന്മം

വിട്ടൊഴിയുക പെണ്‍ഉടലിന്റെ പുഴുജന്മം
ആവാഹിക്കുക പുതുജന്മം. നശിച്ച
ഉടലിന്റെ ശേഷക്രിയകള്‍ നടത്തുക
പുല്‍കുക കാളീദേവിതന്‍ രൗദ്രഭാവം...




Wednesday, December 16, 2015

കുട 2




പെയ്യുന്നു മഴ വികൃതിയായ്
തിരയുന്നു കുട തകൃതിയായ്
മറന്നുവച്ചെന്ന് മനസ്സ് പറയുന്നു
എവിടെ വച്ചെന്ന് ഓര്‍മയുമില്ല
ഷാപ്പിലും ഷോപ്പിലും ചോദിച്ചു
വായനശാലയിലും ചായക്കടയിലും
കണ്ടവരോടും വന്നവരോടും
പോയവരോടും തന്നോടുതന്നെയും
ദിവസങ്ങള്‍ മാസങ്ങള്‍ - വര്‍ഷവും
വേനലും വസന്തവും ഗ്രീഷമവും
ഋതുക്കള്‍ മാറിമറിഞ്ഞുപോയ്
കുടപോയ വഴി കുടംപോയ വഴിയോ
കാണുന്ന കുടയും കുടയുടെ പിടിയും
എത്തിനോക്കിയും ഒത്തുനോക്കിയും
വള്ളിയും പുള്ളിയും ചിത്രങ്ങളില്‍
പിടിയില്ല ഒന്നുമേ വടിയായിത്തീരുന്നു
കുടപോയ സങ്കടം കുടഞ്ഞെറിഞ്ഞെങ്കിലും
കുടപോലെ നിവരുന്നു സങ്കടം പിന്നെയും
മൂലയ്ക്കിരിക്കുന്ന കറുപ്പു ബാഗിലായി
മൂലയ്ക്കിരിക്കുന്നു ചുരുണ്ടുകൂടിയങ്ങനെ
കാലനെപേടിച്ച കാലത്തെപോലെവേ
നെഞ്ചോടുചേര്‍ത്തും കയ്യിലൊതിക്കിയും
തുറന്നും നിവര്‍ത്തിയും കമിഴ്ത്തിയും
കണ്ണോടുകണ്‍ചേര്‍ത്തും പാര്‍ത്തും
നോക്കിയിരുന്നു മഴവില്ലഴകിനെ....