Sunday, July 22, 2018

മഴക്കാലം

ചന്നം ചിന്നം പെയ്യുന്നൂ മഴ
തന്നം പിന്നം കുളിരുന്നൂ മനം
ഛന്നം ഛിന്നം വെട്ടുന്നൂ ഇടി
അല്ലം വല്ലം പിളര്‍ക്കുന്നൂ മിന്നല്‍

തുഞ്ചത്തും തുമ്പത്തും തുള്ളി-
ക്കളിക്കുന്നു തുള്ളികള്‍ തള്ളലായ്
മാനത്തും മനസ്സിലും പെയ്യുന്നു
കുളിരായ് തളിരായ് തരളമായ്

ഋതുമതിയായ് ഭൂമിയും നാരിയും
വെമ്പുന്നു വിത്തിനായ് ആര്‍ദ്രമായ്
കൊമ്പുകോര്‍ക്കുന്നു കാലികള്‍
പാടവരമ്പിലായ് ചെളിയില്‍ പുതഞ്ഞ്

തുള്ളുന്നു മനം വിറയ്ക്കുന്നു തനുവും
കോമരം പോലെ, ചിലങ്കകള്‍ ചിലമ്പുന്നു
കാറ്റിലാടുന്നു പൂവുകള്‍ കായ്കള്‍
തുമ്പികള്‍ പാറിപ്പറക്കുന്നു വാനിലായി

വര്‍ഷംപോയ്മറഞ്ഞാലും മറക്കില്ല 
കതിരു കൊയ്യും മഴക്കാലം
വരണ്ടഭൂമിയെ തിരണ്ടുമാക്കാലം
തീണ്ടാരിയെപ്പോല്‍ പൊറുത്തകാലം.

ജീവിതപ്പാതകള്‍

മഴക്കുടയുമായ് മൂകമാം 
വഴിയിലൂടന്തമില്ലാ യാത്ര
കാടിന്‍ കറുപ്പും 
ചേറിന്‍ ചെമപ്പുമായ്
യാത്രകള്‍.. യാത്രികര്‍..
ജോലിയാം ഭാരവും 
കാലമോ ഘോരവും
കൂട്ടിനായി നിഴലുമായ്
ദൂരമായി നീണ്ടുപോം
ജീവിതപ്പാതകള്‍...
പതിയിരിക്കും മൃത്യുവോ
പതിവിലായ് പിന്നിലായ്
ഓര്‍ക്കുവാന്‍ കേള്‍ക്കുവാന്‍
മറന്നുപോയൊരാ വാക്കുകള്‍
തേഞ്ഞരഞ്ഞ വഴികളില്‍
വള്ളിപോയ ചെരുപ്പുകള്‍
കളഞ്ഞുപോയ സൗഹൃദം
തുന്നിയടര്‍ന്ന വിസ്മയം
പേക്കിനാവുകള്‍ നാവു
നീട്ടുന്നു, രുദ്രതാളം ചവിട്ടുന്നു
ഉണരുന്നു പ്രഭാതം വീണ്ടും
പാതിവെന്ത ശരീരമായ്
തുടിക്കുന്നു ഹൃദയം മന്ദമായ്
വിയര്‍പ്പുകണങ്ങളാല്‍ നനഞ്ഞ്...



ഗ്രാമ്യഭംഗി

പച്ചപ്പട്ടു പുതച്ചൊരു നാട്ടിന്‍പുറമൊരു
നന്മകള്‍ വാഴും ജനതതിപ്പെരുമയും
തെങ്ങിന്‍ചോലകള്‍ മറക്കുടയായ്
താറുവിരിച്ചൊരു പാതയിലൂടെ
അക്ഷരജ്ഞാനം ആവാഹിക്കാന്‍
വരിവരിയായി... നിരനിരയായി...
ശുദ്ധം - വായുവും തെളിനീര്‍ വെള്ളവും
കിളിയുടെ പാട്ടും കളിയുടെ കേളിയും
ഒത്തൊരുമിച്ചൊരു ഗാനം പാടി
ഉയിര്‍ക്കുക ഭൂമിയില്‍ പുതുനാമ്പായ്
ചേരുക സംഘം പുതുശക്തിക്കായ്
അഴകിന്നലയായ്, തുരുത്തായ് ഗ്രാമം
സ്വപ്‌നം വിതയ്ക്കും കൊയ്യും വയലുകള്‍
നാളെ പുലരും പുതിയൊരു പുലരി
കോര്‍ക്കുക കൈകള്‍ സ്‌നേഹച്ചരടില്‍...

താമരപ്പൊയ്ക

താമരപ്പൊയ്കയില്‍ താഴ്ന്നിറങ്ങി
ഒരു കയ്യില്‍ താമരപ്പൂവുമായി
മറുകയ്യില്‍ മാസ്മരചിത്രശലഭം
സുസ്‌മേരവദനയായ് നിന്നിടുന്നു

പച്ചയില്‍ ആമ്പലിനിലകളേറെ
സൂര്യകിരണത്താല്‍ വെയിലുകാഞ്ഞൂ
ആകാശനീലിമ പ്രതിച്ഛായയും
സ്‌നിഗ്ധം, മുഗ്ധമാം മുഖച്ഛായയും

എന്തൊരു കൗതുകമീ കാഴ്ചവട്ടം
കണ്ണിനാനന്തമാം കുളിരേകുന്നു
മുട്ടോളം വെള്ളത്തില്‍ അംഗനയും
തലയോളം വെള്ളത്തില്‍ നിഴലാട്ടവും

എന്തു മനോഹരമീ ഗ്രാമ്യഭംഗി
അനുഗ്രഹീതര്‍ നമ്മള്‍ അതിഥികള്‍
അമ്മയാം ഭൂമിയുടെ മടിത്തട്ടിലായ്
വസിക്കുക ആയുസ്സിന്‍ അറ്റംവരെ