Wednesday, August 29, 2018

അമ്മയോര്‍മ

അമ്മയോര്‍മ

അമ്മയൊഴുകുന്നു
പുഴയായി കടലായി
അലിയുന്നു കാറ്റായി
പെയ്യുന്നു മഴയായി
കുളിരായി കൂട്ടായി
മണമായി മലരായി
തെളിനീരിന്‍ കണ്ണാടിപോല്‍
തൊട്ടുനില്‍ക്കുന്നു
ഹൃദയത്തിനടുത്തായി
വിരല്‍സ്പര്‍ശമായി
ഒഴുകുന്ന ചോരപോല്‍
ചൂടായി ചുറ്റിവരിയുന്നു
സനേഹത്തിന്‍പാല്‍ക്കടല്‍..
മറവിതന്‍ ആഴങ്ങളില്‍
പോയിമറഞ്ഞാലും 
ഉയരുന്നു ഓര്‍മതന്‍
ഓളപ്പരപ്പില്‍ നിഴലായി
ഉണര്‍വിലും ഉറക്കിലും...

വെള്ളപ്പൊക്കം

മനസ്സിലെ
അഴുക്കത്രേയും
ഒലിച്ചേപോയി..
നാടും നഗരവും
നിറഞ്ഞേപോയി..
ഉച്ചനീചത്വങ്ങൾ
അലിഞ്ഞേപോയി..
വെറുപ്പും വിദ്വേഷവും
മറഞ്ഞേപോയി..
ശങ്കരൻ തെങ്ങേന്ന്
ഇറങ്ങി വന്നേ..
കുന്പിളിൽ കോരന്
വയർ നിറഞ്ഞേ..
വറ്റിയ പുഴയെല്ലാം
നിറഞ്ഞേ കവിഞ്ഞേ..
പാടത്ത് പണിഞ്ഞാല്
വരന്പത്ത് കൂലിയാണേ..
മണ്ണീനേം പെണ്ണീനേം
മറന്നാല് ഭൂമിയിൽ
പ്രളയം വന്നേപോം...

Wednesday, August 22, 2018

പ്രളയപ്രഹേളിക

പ്രളയപ്രഹേളിക
പ്രളയം ഇരമ്പിയാര്‍ത്ത് നടവഴിയിലൂടെ
ഉറക്കത്തിന്റെ കറുത്ത ഇടനാഴിയില്‍
രൗദ്രഭാവം പൂണ്ട് ഗര്‍ജ്ജിക്കുന്നു
പുഴയും കടന്നു ഇടവഴി നിറച്ച് പാതയിലും
വയലും വരമ്പും കടന്നു പറമ്പിലൂടെ
പടിപ്പുരവാതില്‍ തച്ചുടച്ച് കലമ്പിയാര്‍ത്ത്
വെട്ടിപ്പിടിച്ചും നക്കിത്തുടച്ചും ചെളി ഛര്‍ദിച്ച്...
നാടും നഗരവും പിന്നെ ഗ്രാമത്തിന്‍ തരളിതമാം
സ്വച്ഛതയും, സംഹാരതാണ്ഡവത്തിന്‍
കരാളഹസ്തത്താല്‍ ഗളഹസ്തം ചെയ്തു
നിലവിളിയും തേങ്ങലും മുളയിലേ നൂള്ളി
മാംസപിണ്ഡങ്ങളെ കോരിയെടുത്ത്
മണ്ണിലൂടെ ഉരുട്ടിയും മലയിലൂടെ വരട്ടിയും
ജീവിതം തച്ചുടച്ചും ജീവനെ കവര്‍ന്നും...
ഇരുകാലിയും നാല്‍ക്കാലിയും ജീവനെ
പുണര്‍ന്നു, കൂടെപ്പിറപ്പിനെ കൊക്കിലായൊതുക്കി
പിറന്ന നാടിനും വീടിനും യാത്ര ചൊല്ലാതെ
കദനങ്ങള്‍ വാരിവിതറി വറുതിയെ കൂട്ടിരുത്തി...
അന്ത്യയാമത്തിലെ കളകളഗര്‍ജനം കേട്ടുണര്‍ന്ന
പൈതലിന്‍ കഴുത്തോളമാം വെള്ളക്കെട്ടുമായി
ഞെട്ടിയുണര്‍ന്ന അമ്മതന്‍ വെപ്രാളവും
ചാടിയെണീറ്റു കുഞ്ഞിനെ വാരിപ്പുണര്‍ന്ന്
കിട്ടിയ ഏറ്റംപ്രിയമാം വസ്തുവകയുമായി
ഇരുട്ടിന്‍ കയത്തിലേക്ക് ചാടിപ്പുറപ്പെട്ടു..
എരിതീയില്‍നിന്ന് വറച്ചട്ടിയിലേക്കെന്നപോല്‍
ചുറ്റിലും ഇരുട്ടും പ്രളയത്തിന്‍ കുത്തൊഴുക്കും
ഒറ്റരാവിലായ് തീര്‍ത്തു കരയിലായ് കടലുകള്‍
പുഴകള്‍ വീര്‍ത്തുചത്തൊരു പശുവിന്‍രൂപമായ്
കാനനഛായകള്‍ വെറിപൂണ്ട യക്ഷിയായ്
മണ്ണിലായ് തേറ്റകള്‍ ആഴ്ത്തി ചോരയൂറ്റുന്നു..
അണ്ണാക്ക് തുറന്നണകള്‍ ഒന്നൊന്നായ് ചീറ്റി
ആഴിത്തീര്‍ത്തൊരു ചുഴികളായ് ചുറ്റിലും
അമ്മയും മക്കളും വേറെവേറെയൊഴുകി
കിട്ടിയ കച്ചിത്തുരുമ്പില്‍ ജീവനെ കോര്‍ക്കാന്‍
ഏന്തിവലിഞ്ഞു വിഫലമായി തളര്‍ന്നൊരാ
പൊന്‍വളയിട്ട കൈകള്‍ വാഴത്തണ്ടുപോല്‍
വാര്‍ധക്യം തളര്‍ത്തിയ ജന്മങ്ങള്‍ എന്തു
ചെയ്യേണ്ടെന്നു ഗണിക്കാതെ മിഴിച്ച കണ്ണുമായ്
പരസഹായത്തിനായി കേഴുന്നു ഒച്ചയില്ലാതെ..
സ്വപ്‌നങ്ങള്‍ തീര്‍ത്തൊരാ സൗധങ്ങളും
വിറ്റുപെരുക്കിത്തീര്‍ത്തൊരാ നാലുചുമരും
ക്ഷണനേരം കാണ്‍കെ മണ്ണോടുചേരുന്നു
അല്പജീവനാം പ്രാണികള്‍ മൃഗങ്ങളും
തേങ്ങുന്നു പ്രാണന്റെ കണക്കുതീര്‍പ്പിനായ്
പൊങ്ങുന്നു ജലം ആശങ്കയായ് മലയോളം
ഉരുള്‍പൊട്ടി ഉരുളയായ് മണ്ണും മരങ്ങളും
പ്രകൃതിയുടെ വസ്താക്ഷേപം കണക്കെ
ആരോ അഴിക്കുന്നു ചേലയായ് ചോലയും
മണ്ണും പാറയും വെള്ളവും കുത്തഴിഞ്ഞ്...
ധൃതരാഷ്ട്രാലിംഗനംപോല്‍ പിളരുന്നു ഭൂമി
പാടവും പാതയും വയല്‍ വരമ്പും തൊടികളും
മാനമോ മേഘാവൃതം ഒറ്റകൊമ്പനെപ്പോല്‍
അലറുന്നു മസ്തകം ചുഴറ്റി നാലുദിക്കിലായി
നാഴികകളങ്ങനെ കഴിഞ്ഞിടുന്നു ദിവസങ്ങളായി
പൊന്തുന്നു ശവങ്ങള്‍ ഭീതിയായ് പിന്നെയും
എണ്ണുന്നു പെരുകുന്നു ശതം ദശകങ്ങളായി
സഹായഹസ്തങ്ങള്‍ നിര്‍ലോഭം ലഭിച്ചീടിലും
മറവിലായി മറയിലായി ബാക്കിയാവും തേങ്ങല്‍!
ഒത്തൊരുമിച്ചു തീര്‍ത്തൊരാ രാവണക്കോട്ട
പേര്‍ത്തും ചേര്‍ത്തും രക്ഷിച്ചു ജീവനെ
സ്‌നേഹത്താല്‍ തീര്‍ത്തൊരാ ആശ്വാസഭവനത്തില്‍
ദരിദ്രാധനികരെന്ന വേര്‍തിരിവുകള്‍ മാഞ്ഞു
തെളിഞ്ഞു മാനവസ്‌നേഹത്തിന്‍ തിളക്കം
വൃദ്ധസദനത്തില്‍ കാണാതെ പോകയാം
വൃദ്ധരാം മാതാപിതാക്കളെ, വീടുകള്‍ വിട്ടു
പോയൊരാ മക്കള്‍ കണീരോടാശ്ലേഷിപ്പിതു..
വെറുപ്പിന്റെ കോട്ടകള്‍ കെട്ടിയ സഹോദരര്‍
എത്തിയാലംബം തീര്‍ത്ത ശരണാലയങ്ങളില്‍
ഒത്തുതീര്‍ക്കുന്നു ദേഷ്യവും കോപവും...
ലക്ഷവും കോടിയുമായി പണപ്രവാഹം
ലോകത്തിന്‍ നാനാതുറകളില്‍നിന്നുമായി
കെട്ടണം പണിയണം പുതിയൊരു കേരളഭൂമി
താഴെയായല്ല; ഭാരതഭൂവിന്‍ നെറുകയിലായി
കേരളമെന്നു കേട്ടാല്‍ തിളക്കുന്ന ചോര
ഒഴുകണം ഭാരതമാതാവിന്‍ ഞരമ്പുകളില്‍...!