Sunday, September 16, 2018

പരാന്നഭോജികള്‍

പരാന്നഭോജികള്‍ നമ്മള്‍!
പരാന്നഭോജികള്‍ നമ്മള്‍!
കട്ടുമുടിച്ചും വിറ്റുതുലച്ചും
സുഖിച്ചുവാഴും കള്ളന്മാര്‍.
കള്ളുകുടിച്ചും പെണ്ണുപിടിച്ചും
അടക്കിവാഴും കൂതറകള്‍...
വയല്‍ നികത്തി.. മലകളിടിച്ചു..
വയര്‍ നിറയ്ക്കും മല്ലന്മാര്‍.
കുതികാല്‍ വെട്ടി മറുതലചാടി
നീണാള്‍ വാഴും രാജന്മാര്‍.
ചൈനക്കാരുടെ പേരുപറഞ്ഞു
പെറ്റുപെരുകും വ്യാജന്മാര്‍.
കൈകൂപ്പിയും താണുവണങ്ങിയും
വെളുക്കെച്ചിരിക്കും നേതാക്കള്‍.
പ്രളയദുരന്തം വന്നേപ്പിന്നെ
ഇരന്നിരിക്കും ഭരണക്കാര്‍..
പിച്ചച്ചട്ടിയില്‍ കയ്യിട്ടങ്ങനെ
ജനങ്ങളെവയറ്റത്തടിക്കുന്നു
കുടിയന്മാരുടെ പള്ളയ്ക്കിട്ടും
കൊടുത്തൊരുതള്ള് പ്രളയത്തില്‍.
പെട്രോളിന്റെ വിലയതുപിന്നെ
റോക്കറ്റുപോലെ കുതിക്കുന്നു...
നികുതിയിനത്തില്‍ കൊള്ളയടിക്കും
ജനദ്രോഹികളാം സര്‍ക്കാരും
വിഷം നിറച്ചൊരു പച്ചക്കറിയും
വിഷം പുരട്ടിയ കടല്‍മീനും
വിലയ്‌ക്കെടുക്കും മലയാളി
ഒരുനേരത്തെ ആഹാരത്തില്‍
ജീവിതകാലം ആതുരകാലം
നേരംകളയാന്‍ സീരിയലും
നേരംകൊല്ലാന്‍ കോമഡിയും
വിഡ്ഢികളാക്കും ചാനലുകള്‍
വാര്‍ത്തകള്‍ കേള്‍ക്കാന്‍,കാണാനും
ചാനലൊന്നു തുറന്നാലോ
പരസ്യം പരസ്യം ബഹളമയം
പ്രളയക്കെടുതി നടമാടുമ്പോള്‍
വെള്ളംപോലെ പരസ്യപ്രളയം
സ്‌പോണ്‍സര്‍മാരുടെ ഉള്ളംകയ്യില്‍
മറിയും ലോകം കീഴ്‌മേലായ്
വര്‍ഗീയതയുടെ പേരുപറഞ്ഞു
ജനങ്ങളെ ഭാഗം വയ്ക്കുന്നു.
സ്വന്തംകാര്യം നേടിയെടുക്കാന്‍
അന്യനെ ബലിയാടാക്കുന്നു..
പരാന്നഭോജികള്‍ നമ്മള്‍!
പരാന്നഭോജികള്‍ നമ്മള്‍!






Friday, September 7, 2018

മാനവികതയുടെ പുതിയ മുഖങ്ങള്‍

മനുഷ്യന്‍ മരിച്ചിട്ടില്ല; മനുഷ്യത്വവും
ജരാനരകള്‍ തിങ്ങിവിങ്ങിയ മനസ്സില്‍
നുരയ്ക്കും സ്‌നേഹത്തിന്‍ ജ്വാലാഗ്നി
കാമനകളടര്‍ന്നു മാനവികതയുടെ
മഹാകാവ്യം രചിക്കും പുതുമുഖങ്ങള്‍
അപരിചിതമാം മുഖങ്ങള്‍ ഞൊടിയിട
വേളയില്‍ മിത്രമായി ബന്ധുവായി
ഹൃദയഭിത്തിയെത്തൊട്ടു ചെരുവിരലാല്‍
ദേശഭേദം, ലിംഗഭേദം മറന്നൂ പുരുഷാരം
സഹജീവികള്‍ കൂടപ്പിറപ്പിനെപ്പോല്‍ 
നെഞ്ചോടുചേര്‍ത്തും മുറുകെപ്പിടിച്ചും..
എങ്ങനെ മറക്കും കാലാന്തരത്തില്‍
മഹാമാരിപോല്‍ പെയ്തിറങ്ങിയ
ദുരന്തമേ.. ഇഹലോകം വിട്ടുപോയോര്‍
ഉറ്റവര്‍ കുടപ്പിറപ്പുകള്‍ മറക്കുമോ
ആയുസ്സൊടുങ്ങുമാ നാള്‍വരെ
വെറുപ്പില്ല, സ്‌നേഹമാണമഖിലം...
പച്ചമൂടിയ പ്രകൃതിയെ ചുരന്നൊഴുകും
ചെറുനീര്‍ത്തടപ്രവാഹം വേഗമായി
പുഴയായി നദിയായി ഞൊടിയിടനേരം
കടലായി ചുഴിയായി ചുഴറ്റിയെറിഞ്ഞു-
ആയുഷ്‌കാലം സ്വരുകൂട്ടിയ സ്വപ്‌നങ്ങള്‍.
മനുഷ്യദേഹം ചെളിയില്‍ പുരണ്ടാലും
തെളിനീര്‍പോല്‍ പരിശുദ്ധമാം ആത്മ-
സ്വരുപം കണക്കെ തെളിയുമാം മന്ദസ്മിതം
പൂവും തളിരില കായ്ക്കും ചില്ലകള്‍
ആനന്ദനൃത്തമാടും കാനനച്ഛായകള്‍
മാനും മയിലും അരുമയാം മുയലും
ഗര്‍ജിക്കും സിംഹരാജനും വിഹരിക്കുമാ
ശുദ്ധവായുനിരഞ്ഞൊരാ കൊടുങ്കാടും
പൂര്‍വികര്‍ ജനിമൃതികള്‍ തീര്‍ത്തൊരാ
സ്ഥലികള്‍, സര്‍പ്പങ്ങള്‍ കുടിപ്പാര്‍ക്കും
കാവും നെയ്വിളക്കിന്‍ ചെറുനാളവും
എത്രമേല്‍ സ്‌നിഗ്ധമാം ഓര്‍മകള്‍
അമ്മയെ മറന്നൊരുജീവിതം കാമിപ്പാന്‍
വയ്യന്നൊരു വിധിനിര്‍ണയം സത്യമായി
പ്രകൃതിയാം സത്യസ്വരൂപം തന്‍മക്കളെ
കാക്കും സ്വയംഹത്യചെയ്തന്നാകിലും
കാക്കണം നിന്നെ ഏല്പിച്ചൊരാച്ചുമതല
വരുംതലമുറയ്ക്കു കാണിക്കപോല്‍..
പോറലേക്കരുത് ഒരുമാത്രയെങ്കിലും
മറവിയായ് മനുഷ്വത്വമെന്ന ചതുരാക്ഷരം.