Sunday, November 29, 2020

വാടകവീട്

 വാടകവീട്

ആത്മാവില്ലാത്ത വീടാണ്.
അല്ലെങ്കില്‍ എത്രയോ ആത്മാക്കള്‍
കയറിയിറങ്ങിയ വീട്.
ശാപവാക്കുകളുടെ പിറുപിറുക്കല്‍
ചിലപ്പോഴെക്കെ കെട്ടഴിഞ്ഞു വീഴും
പുതിയൊരു ആത്മാവിനെ കുടിയിരുത്തണം
വീടിനകം മോടിപിടിപ്പിക്കണം.
സ്വന്തമല്ലെങ്കിലും സ്വന്തമെന്നപോലെ
അല്ലെങ്കില്‍ത്തന്നെ എന്തെങ്കിലും
സ്വന്തമായുണ്ടോ? എന്നൊരാശ്വാസം
മാസംകൂടുമ്പോള്‍ ഉള്ളിലൊരു
കാളലാണ്, മരണമണിമുഴക്കംപോലെ
ഒരിക്കല്‍ മാത്രമാണ് ചുമരിലൊരു ചായം പൂശല്‍
പിന്നീട് ചേറും കറയും കരിയുമായി മാറാലപിടിച്ച്
വീടൊഴിഞ്ഞാല്‍ വീടൊരുങ്ങും അടുത്തയാള്‍ക്കായ്
മുല്ലപ്പൂചൂടിയ തെരുവു കന്യകയെപ്പോലെ.
ദേഹവും ദേഹിയും പോലെയാണ് വാടകവീട്
ദേഹം വിട്ടൊഴിഞ്ഞാലും ആത്മാവ് ബാക്കിയാവും
വാടകവീടും അങ്ങനെത്തന്നെ!
താമസ്സക്കാര്‍ മാറിമാറി വരും
മാറാതെയായി വാടകവീടും.
സ്വപ്‌നങ്ങള്‍ക്കൊണ്ടൊരു കൊട്ടാരം
ഒരിക്കലും പൂര്‍ത്തിയാകാത്തത്.
ഭൂതകാലം പേറിയുള്ള യാത്ര
തേഞ്ഞുപോയ പാത്രങ്ങള്‍
ഇളകിമറിഞ്ഞ മേശ കസേര കട്ടിലുകള്‍
മുഷിഞ്ഞു നിറംമങ്ങിയ കിടക്കയും വിരിയും
എല്ലാം പേറണം പോരണം ഒന്നിച്ചായി
മരണക്കിടക്കയില്‍ നിവരുവോളം
പരോളില്ലാത്ത ജീവപര്യന്തം തടവുപോലെ