Wednesday, January 6, 2021

ആത്മാവിന്റെ രോദനം



വിട നല്‍കുവാനാരുമില്ലാതെ
ഒറ്റയാം ദേഹം പെരുവഴിയിലെന്നപോല്‍
ഉറ്റവര്‍ ഉടയോരും തീണ്ടാപാടകലെയായ്
ഒറ്റയായ് നില്‍ക്കുന്നു ജീവച്ഛവങ്ങളായ്

മരിച്ചുമരവിച്ച ചുണ്ടിലൊരു തേങ്ങല്‍ വിറകൊണ്ടു
അകത്തെയിരുട്ടില്‍ ഉടക്കിയ തേങ്ങല്‍ വിങ്ങലായ്
അസ്പര്‍ശം മൃത്യുവിന്‍ ഭയാശങ്കകള്‍ തീര്‍ക്കും
കരുതല്‍ ഇത്രമേല്‍ ക്രൂരമാം വിധി ന്യായം.

ആത്മാവിന്‍ രോദനം ആരു കേള്‍ക്കാന്‍
കാണുവതല്ലോ ഒക്കെയും, കേള്‍ക്കയും
തിരസ്‌കൃതം എത്രമേല്‍ ഭയാനകം
പരിഷ്‌കൃതലോകത്തിന്‍ നീതിശാസ്ത്രം

ഒറ്റയും തെറ്റയുമായി ആളുകള്‍
മൂകം തളകെട്ടിയ വീട്ടുവഴികള്‍
ശോകം പടര്‍ന്ന മരച്ചോലകള്‍
പതുങ്ങിയും പമ്മിയും സഹജീവികള്‍

സ്മാര്‍ത്തവിചാരംപോല്‍ അകറ്റിയ ദേഹം
ആരുമേ വരിന്നില്ലരികിലായ്, അകന്നുമാറി പിറുപിറുത്ത്
എത്രയും വേഗം എടുക്കണേ തെക്കോട്ടെന്ന്
ആരൊക്കെയോ മന്ത്രിക്കുന്നതുപോലെ

അന്ത്യചുംബനത്തിനായി കൊതിക്കുന്നു ചുണ്ടുകള്‍
നിറകണ്ണിലായി കാണാന്‍ കൊതിക്കുന്നു,
പ്രിയതമയുടെ മിഴിനീരില്‍ കുതിര്‍ന്ന മുഖവും
പൊന്നുമകളുടെ കരവലയത്തിന്‍ ആശ്ലേഷവും

അനുവദിച്ചില്ല ആരുമേ ആരെയും
അനാഥം ജീവനറ്റൊരീ ശരീരം...
ഇനിയൊടുങ്ങാം ആറടിമണ്ണിലായ്
തിരിനാളത്തിന്‍ പൊള്ളുന്ന തണുപ്പിലായ്.