Friday, October 15, 2010

ഉണ്ണികുട്ടന്‍

നനുത്ത നിലാവില്‍ ഒരു മഞ്ഞുതുള്ളിയായി നീ എന്നില്‍ നിറയുന്നു. ആ നിറവില്‍ എന്റെ ഭാരമെല്ലാം നഷ്ടപ്പെട്ട് ഒരു പൂമ്പാറ്റയെപോലെ പറന്ന്. എത്ര സുന്ദരമാണീ ലോകം. എത്ര മനോഹരം ഈ ജീവിതം. പക്ഷെ....

ഒരു കാലഘട്ടത്തില്‍ ശരിവച്ച നിയമം മറ്റൊരു കാലത്ത് തെറ്റും, മറ്റൊരാള്‍ വിധിയ്ക്കുന്ന ശിക്ഷക്ക്, നിലനിന്നിരുന്ന നിയമത്തിന് കീഴില്‍ ഭരണം നടത്തിയ വ്യക്തി ഇരയാവുകയും ചെയ്യുക എന്നുള്ളത് ഒരുക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒരാള്‍ക്കെതിരെ ശത്രുത തോന്നുന്നതും അയാള്‍ക്കെതിരെ ശിക്ഷ വിധിക്കുന്നതും ഒരിക്കലും ഒരു നിയമത്തിന്റെ പിന്‍ബലത്തില്‍ ആയിരിക്കരുത്. അങ്ങനെ ആകുമ്പോള്‍ നിയമത്തിന് സാമൂഹ്യമായ അംഗീകാരം ഉണ്ടായിരിക്കുകയില്ല.

തുലാവര്‍ഷം വീണ്ടും സജീവമായത് ഒരു ശുഭസൂചകമായാണ് ഉണ്ണിക്കുട്ടന് തോന്നിയത്. ഈവര്‍ഷം പൊതുവെ നല്ല മഴ ലഭിച്ചിരുന്നു. അതുകൊണ്ട് വേനല്‍ ചൂട് കുറയുമെന്ന് വിശ്വസിക്കാം. മനസ്സിനും അതൊരു സ്വാസ്ഥ്യം നല്‍കുമെന്ന് കരുതാം. നല്ല കാലാവസ്ഥയില്‍ ജീവിതം കുറച്ചുകൂടി സുരക്ഷിതമായി തോന്നും.

കാടുകള്‍ക്ക് മുകളില്‍ മരചില്ലകളിലുടെ നടന്നകലുന്ന പഥികന്‍ ആരാണ്, തലമുടിയും ദീക്ഷയും നീട്ടിവളര്‍ത്തി തൂവെള്ള പുതപ്പണിഞ്ഞ് അനന്തതയില്‍ അക്ഷിയൂന്നി, ശിരസ്സുയര്‍ത്തി ഒരു മേഘശകലമായി ഒഴുകി..........ഭൂമിയില്‍ നിന്ന് ആകാശം വഴി പ്രവഞ്ചത്തിന്റെ മഹാവിഹായസ്സിലേക്ക് മോക്ഷപ്രാപ്തിയിലേക്കെന്നപോലെ.

ചിക്കുന്‍ഗൂനിയ പടന്‍ന്ന് പന്തലിച്ച് നൂറോളം മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്തു. നല്ല മൂത്തുപഴുത്ത വിളവെടുപ്പുപോലെ. ഭരണകൂടം നല്‍കിയ ജനസേവനം ഇങ്ങനെയും സ്വീകരിക്കേണ്ടി വരുമെന്ന ദുരവസ്ഥ. പരിസ്ഥിതി ശുചീകരണവും ആരോഗ്യവും നിലനിര്‍ത്തേണ്ടതും, ജനങ്ങളില്‍ ശുചിത്വബോധം വളര്‍ത്തേണ്ടതും ജനങ്ങളെ നയിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും അവര്‍ നയിക്കുന്ന ഭരണകൂടത്തിന്റെയും ചുമതലതന്നെയാണ്.

ഭീതിതമായ സ്വപ്നത്തിന്റെ ഞെട്ടലിലുണ്ടായ ഞെരങ്ങലും മൂളലും കഴിഞ്ഞാണ് ഉണ്ണി ഉണര്‍ന്നത്. തലയും വാലുമില്ലാത്ത ഏതോ ഒരു ജീവിയെപോലെ തോന്നിച്ചു ആ സ്വപ്നത്തിന്റെ ഓര്‍മ്മ. വീണ്ടും വീണ്ടും ചികഞ്ഞിട്ടും അത് അരൂപമായിത്തന്നെ കിടന്നു. പിന്നെ ഒരു മറവിയുടെ സാന്ത്വനത്തില്‍ അഭയം തേടുകയായിരുന്നു.
ഉണ്ണിക്ക് ഒരിക്കലും ഉറങ്ങാന്‍ കഴിയുന്നില്ല. ഉറക്കം വരാതെ ഉറക്കം നടിക്കുന്നതെങ്ങനെ! അതുകൊണ്ട് ഉണ്ണികുട്ടന്‍
ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നു.

2006/07