Tuesday, January 29, 2013

കണക്കുകൂട്ടലുകള്‍

ഉണര്‍ന്നിരിക്കും നാടകം
തിരശീലയായി ഉറക്കം
ജീവിതം വര്‍ണ്ണശഭളം
അവസാനത്തെ രംഗം.

ഒരിക്കലും ഉയരാത്ത
മരണമെന്ന തിരശ്ശീല
ആവര്‍ത്തന വിരസം
കളിയരങ്ങും കഥാപാത്രവും

അളവുതൂക്കമില്ലാത്ത
ആയുസ്സിന്‍ പുസ്തകം
കുറഞ്ഞും ഏറിയും
തര്‍ക്കമില്ല; പരാതിയില്ല

ആരോടുപറയും 
ആരുകേള്‍ക്കും
വിധിക്കുന്നവനും
ഒടുക്കം വിധി വരും

കത്തി തീരുന്ന
മെഴുകുതിരി വെട്ടം
ഓര്‍മ്മപോലും 
ബാക്കിയില്ലാതെ

അക്കങ്ങളുടെ വളര്‍ച്ച
ശരീരത്തിന്റെ തളര്‍ച്ച
കണക്കുകൂട്ടലുകള്‍
സം'പൂജ്യ'ാവസ്ഥയില്‍

ക്രയവിക്രയം തീര്‍ത്ത
പരമ്പര മനുഷ്യജീവിതം
ഋജുരേഖപോലെ
സമവാക്യം മൃഗജീവിതം

Monday, January 28, 2013

പ്രേമാര്‍ദ്രം

എത്രമേല്‍ പ്രേമാര്‍ദ്രം ഈ വരികള്‍....

മനസ്സില്‍ എന്നും പൂക്കാലം സൂക്ഷിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? വസന്തം വിരിയിച്ച പൂക്കാലത്തില്‍ നവ്യമായ പ്രേമം കവിഞ്ഞൊഴുകുന്ന ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും, പരിശുദ്ധമായ പ്രണയഗാനം പോലെ ഒരു നീരുറവ. 
സ്വപ്‌നങ്ങളാലും മോഹങ്ങളാലും തിങ്ങിവിങ്ങി പൊട്ടിപ്പുറപ്പെടാന്‍ പാകത്തില്‍..ആരെയോ കാത്തിരിക്കുന്ന വിരഹിണിയായ കന്യകയുടെ മനോമുകുരത്തില്‍ നിന്നും അടര്‍ന്നുവീഴുന്ന മുത്തുമണികള്‍ പോലെ തരളിതമായ വരികള്‍.
പ്രണയം ഒഴുകുന്നതു മനസ്സില്‍ നിന്നും മനസ്സിലേക്കാണ്. അതിനു രണ്ടുമനസ്സുകളെ ബന്ധിപ്പിക്കുന്ന സ്പന്ദന ആവേഗങ്ങളെ തിരിച്ചറിയാന്‍ കഴിയും. 
വാക്കുകളിലോ പേനത്തുമ്പില്‍ നിന്നും ഊര്‍ന്നുവീഴുന്ന മഷിയടയാളങ്ങള്‍ തീര്‍ക്കുന്ന അക്ഷരവരികളിലോ ഒതുങ്ങുന്നതല്ല ഹൃദയാന്തര്‍ഭാഗത്തുനിന്നും ഉറവയൊലിച്ചൊഴുകിവരുന്ന മധുരഗീതകം. ആ മനോഹരമായ പ്രേമവല്ലരി. 
ആര്‍ക്കാണ് ഇത്രയും ദൃഢമായ മന:സ്ഥൈര്യം. നിഷ്‌ക്കപടവും നിസ്വാര്‍ത്വവുമായ ഹൃദയത്തിനുടമകള്‍ക്കുമാത്രമേ ഇത്രയും ആര്‍ദ്രമായി നിശ്ശബ്ദരാഗം പോലെ ഊഷ്മളമായി തന്റെ പ്രിയതമനേ കാതോര്‍ക്കാന്‍ പറ്റുകയുള്ളൂ. ഒരാള്‍ക്ക് സ്വന്തമായി മാറ്റിവയ്ക്കപ്പെട്ട മധുരകനിയുടെ മൂല്യമാണ് ആ നിമിഷത്തിന്. 
നൂറായിരം പേര്‍ക്ക് വിളമ്പുന്ന സദ്യയെക്കാള്‍ രുചികരമാകും ഒരാള്‍ക്ക് മാത്രമായി വിളമ്പുന്ന പഴങ്കഞ്ഞിയുടെ രുചിക്ക്. 
പൂവുകള്‍ വാടുന്നതിനുമുമ്പായി തുമ്പിയും ചിത്രശലഭങ്ങളും മതിവരുവോളം മനം നിറയുവോളം തേന്‍ നുകരുന്നതിനുമുമ്പായി ഒരു പൂക്കാലം മുഴുവനായും മറ്റാര്‍ക്കും കാണുന്നതിനോ തൊടുന്നതിനോ പോലും സമ്മതിക്കാതെ ഒരാള്‍ക്ക് മാത്രം അധികാരപ്പെടുത്തിയ നിധിപോലെ. 
നിന്റെ മാത്രം, നിനക്കായ്, കാത്തിരിക്കുന്നു. പ്രേമഗായകാ നീ വരിക. പ്രേമഗായികയുടെ നിറഞ്ഞുതുളുമ്പിയ അനുരാഗമഴയില്‍ കുളിച്ചു നിര്‍വൃതിയടയുക.

Sunday, January 27, 2013

ജീവിതം ഒരു മരം

ജീവിതം ഒരു മരം
വേര് അനൂഭവം
ഭൂതകാലത്തിലേക്ക്
തടി ബോധം
വര്‍ത്തമാനത്തില്‍
ശാഖ സ്വപ്നം
ഭാവിയില്‍ പൂത്തുലഞ്ഞ്

വേരറിയാതെ അറുക്കും
കാണാതെ, അറിയാതെ
കാലത്തിന്റെ സ്പന്ദനം
യാഥാര്‍ത്ഥ്യം ആഴങ്ങളില്‍
ഭൂതകാലത്തിന്റെ അടിത്തറ
വര്‍ത്തമാനകാല ശക്തിയില്‍

അര്‍ദ്ധസത്യങ്ങളുടെ കൂടാരം
ശരി-തെറ്റുകളുടെ പാതികള്‍
ഒന്നുമല്ലാത്തവുന്‍ 
ഒന്നിമില്ലാത്ത അവസ്ഥ
സത്യവും മിഥ്യയുമായി
ഇരുവശങ്ങള്‍ ചരിഞ്ഞിരിക്കുന്നു

ജീവിതം ഒരു വശം
മരണം മറുവശം
അനുഭവിക്കുന്നുതും
അനുഭവിക്കാത്തതും
അറിയുന്നതും
അറിയപ്പെടാത്തതും
ഭോഗാവസ്ഥയും
വിരക്താവസ്ഥയും
ആത്മീയവും ഭൗതീകവും
ആസക്തിയും അര്‍ത്ഥവും
നിശൂന്യം അന്ധകാരം
ബാധയും ഭാരവുമില്ലാതെ
അസ്പര്‍ശ്യം അദൃശ്യം.

രൂപം നഷ്ടപ്പെട്ടവന്‍
അരൂപന്‍; മേഘരൂപന്‍
പ്രാകൃതം പ്രകൃതം
കാമനകളില്ലാതെ 
മാമലകള്‍ കടന്ന്
സ്വരൂപം തേടി
ഹിമയാനുകളില്‍
സൂചിമുനയുടെ
അകലത്തില്‍
കാലത്തിന്റെ
ഇരുണ്ട കോണില്‍
ഒരു തിരിവെട്ടമായി.
*********















വാര്‍ദ്ധക്യം

ബാല്യത്തില്‍ ഭയവും
കൗമാരത്തില്‍ ഉത്കണ്ഠയും
യൗവനത്തില്‍ കാമവും
വാര്‍ദ്ധക്യത്തില്‍ മടുപ്പും

കൗമാരം ഉന്മാദാവസ്ഥ
സന്തുഷ്ടം പരിപൂര്‍ണ്ണം
പക്ഷികളുടെ സ്വതന്ത്രത
ചിറകുകളില്‍ പാറിപ്പറന്ന്
ഭൂഗുരുത്വം നഷ്ടമായി
ഇന്ദ്രിയങ്ങളില്‍ കുതിരശക്തി
കടിഞ്ഞാണില്ലാതെ
കണ്ണും കാതുമില്ലാതെ

യൗവനം അന്ധമായി
മനസ്സ് മൃഗവാസനയില്‍
അലിഞ്ഞും അഴുകിയും
വിചാരവും വിവേകവും
കീഴ്‌മേല്‍ മറിഞ്ഞും മറഞ്ഞും
ഫണം വിടര്‍ത്തിയാടുന്നു
ഭോഗതൃഷ്ണയില്‍
ആസക്തിയില്‍ മുങ്ങിനിവര്‍ന്ന്

വാര്‍ദ്ധക്യം പടുകുഴിയില്‍ 
ശരീരത്തിന് ക്ഷയം
മനസ്സ് ചഞ്ചലം
ആശങ്കയും ഭയവും
മരണം മാടിവിളിക്കുന്നു
പോകണോ വേണ്ടയോ
ശങ്കിച്ചുനില്‍്ക്കാന്‍ 
നേരമില്ല; കാരണവുമില്ല.

രക്ഷയില്ല; സുരക്ഷയും
കുരുക്കഴിച്ചും കുടുക്കൊഴിഞ്ഞും
നിസ്സഹായന്‍: നിരാലംബന്‍
പ്രത്യാശയുടെ വെളിച്ചത്തില്‍
തപ്പിയും തടഞ്ഞും
അസ്തമിക്കാത്ത 
അന്ധകാരത്തില്‍.





നക്ഷത്രശോഭ

ഒരായിരം നക്ഷത്രങ്ങള്‍
ആകാശകറുപ്പില്‍ 
എണ്ണിയാല്‍ ഒടുങ്ങാതെ
മിന്നിയും തെന്നിയും
ഓരേ വലുപ്പത്തില്‍
ഓരേ കാന്തിയില്‍
ഒരിക്കലും അണയാതെ
മുട്ടിയും ഉരുമിയും
ഒരുമയോടെ
നക്ഷത്രങ്ങളില്ലാത്ത
രാത്രി, സ്വപ്‌നങ്ങളില്ലാത്ത
രാവുപോലെ നിരര്‍ത്ഥകം
ഭൂമിയില്‍ പുഷ്പങ്ങള്‍
സുഗന്ധംപരത്തുംപോലെ
നക്ഷത്രങ്ങള്‍ ആകാശത്തില്‍
പ്രകാശം ചൊരിയുന്നു.

വരള്‍ച്ച


ആകാശം വിളറി
ഭൂമി വിണ്ടുകീറി
ആര്‍ദ്രതയുടെ
സ്പര്‍ശത്തിനായി
നോമ്പുനോല്‍ക്കുവര്‍
കുണ്ടും കുളവും
കിണറും ശൂന്യമായി
ഒരു തുള്ളി ജലത്തിനായി
നാഴികള്‍ താണ്ടുു,
മരുപ്പച്ചയുടെ കാഴ്ചതേടി.
പക്ഷികള്‍ തളരുു.
നാടും നഗരവും തോടും
വയലും പുഴകളും കട്
കരിഞ്ഞ ചിറകടിയൊച്ച
അയവിറക്കാന്‍ 
പുല്‍ക്കൊടിയില്ലാതെ
പശുക്കളും വലയുു.
കാരുണ്യം വറ്റിയ 
മനുഷ്യമനസ്സുപോലെ,
ഭൂമിയുടെ മനസ്സും
നിര്‍ജലമായി
നിരാര്‍ദ്രമായി.

Friday, January 25, 2013

മരണാവശേഷം

മനുഷ്യന്‍ ആദ്യന്തികമായി തന്റെ സ്വന്തം അസ്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുവാനാണ് ശ്രമിക്കുന്നത്. ജീവിച്ചിരിക്കുക എന്നത് പ്രാഥമികമായ ഒരാവശ്യമാത്രമായി തീര്‍ന്നിരിക്കുന്നു. 
ജീവിച്ചിരിക്കുന്നവരും മരിച്ചവരും. സത്യത്തില്‍ ഈ രണ്ടുവര്‍ഗങ്ങളേ സമൂഹത്തില്‍ ഉള്ളൂ. 
ആര്‍ക്കും സ്വന്തം മരണത്തെ സങ്കല്പിക്കാന്‍ പോലുമാവില്ല. അതിന് ശ്രമിക്കാറുമില്ല എന്നതാണ് സത്യം. മരിക്കും എന്ന ഉറപ്പുള്ള അവസ്ഥയില്‍പോലും അങ്ങനെ സംഭവിക്കില്ല എന്ന ഒരു ഉറപ്പ് മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്ന് മന്ത്രിച്ചുകൊണ്ടിരിക്കും. 
ഭൂമിയില്‍, പ്രകൃതിയുടെ ഭാഗമായി ഈ നിമിഷത്തിലും ഇന്നിലും ഈ കാലത്തിലും ജീവിക്കുക. അത് മാത്രമാണ് ഇപ്പോഴെത്തെ ആശ. അതിനുശേഷം പ്രളയമായാലും പ്രശ്‌നമില്ല. 
സഹജീവികളുടെ മരണത്തില്‍ എത്രമേല്‍ ദു:ഖം അനുഭവിക്കാന്‍ സാധിക്കും എന്നുള്ളതിന് ഒരു അളവുകോല്‍ നിലവിലില്ലാത്തത് കണ്ടുപിടുത്തങ്ങളുടെ പരമ്പരയ്ക്ക് ഒരു പോരായ്മ തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ അപരന്റെ മരണത്തില്‍ അഗാധമായ ഞെട്ടലും വിറയലും രേഖപ്പെടുത്തുന്നവന്റെ തോത് ഒന്ന് അളന്നുനോക്കാന്‍ സാധിക്കുമായിരുന്നു. 
മനസ്സില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ ഒരു കനലായി എരിഞ്ഞികൊണ്ടിരിക്കുന്നു. ശവക്കുഴിയിലേക്ക് ഒന്നിച്ചു ദഹിപ്പിക്കാന്‍ കൂട്ടിയിട്ട ശരീരങ്ങളെപ്പോലെ. മരിച്ചവര്‍ ഒഴിഞ്ഞുപോയിട്ടും അവരുടെ ഓര്‍മ്മകള്‍ വേട്ടയാടുന്നു. ഓര്‍മ്മ തപ്പിത്തടഞ്ഞും ചില ഓര്‍മ്മകള്‍ നല്‍കുന്ന നിരാശയും മറ്റുചിലവ, നഷ്ടപ്പെട്ട നല്ല കാലത്തിന്റെ ഗന്ധവും രുചിയും അറിയിച്ചും കടന്നുപോകുന്നു. ഓര്‍മ്മകള്‍ക്ക് ഇടിമിന്നലിന്റെ വെള്ളിവെളിച്ചം നല്‍കുന്ന മരണം, ജീവനുള്ളവരുടെ സാന്നിദ്ധ്യം നല്‍കുന്ന ഇടപെടലിനെക്കാള്‍ ഭയാനകരമായ ഒരു പ്രഹേളികയായി മാറുകയും ചെയ്യുന്നു. മരണം എത്രവേഗത്തിലാണ് ഒരാളുടെ നാമത്തെയും നാമവിശേഷണത്തെയും ഇല്ലാതാക്കുന്നത്. ജീവന്റെ അസാന്നിദ്ധ്യത്തില്‍ ഒരാള്‍ ജഡമായും, ബോഡിയായും, മൃതദേഹമായും പ്രേതമായും അവസാനം ശവമായും മാറപ്പെടുന്നു. പിന്നീട് അവനോ, അവളോ അയാളോ ബാക്കിയാവുന്നില്ല!
അപരന്റെ മരണം/തീര്‍ത്തും അപരിചിതരായവരുടെ മരണം, ഒരിക്കലും യാതൊരു ഭാവഭേദവും സൃഷ്ടിക്കാത്തത് എന്തുകൊണ്ടാണെന്നതിന്റെ പൊരുള്‍ ഒരു അസ്വസ്തമായ കാര്‍മേഘം കണക്കെ മനസ്സില്‍ മൂടിക്കെട്ടിനില്‍ക്കും. തന്റെ ശരീരത്തിന്റെ ജീവാവസ്ഥ മറ്റൊരാളിന്റെ ശരീരത്തിന്റെ മൃതാവസ്ഥയില്‍ നിന്നും വ്യത്യസ്തമായും ഉയര്‍ന്നും നില്‍ക്കുന്നു. പരാജിതന്റെ മുന്നില്‍ നില്‍ക്കുന്ന ഒരു ജേതാവിന്റെ ഭാവവും മരിച്ചവനെക്കാള്‍ ഊര്‍ജ്ജവും വേഗതിയും ആ സമയത്ത് കൈവരികയും ചെയ്യും.
ഏതുവിധത്തിലും എവിടെ ആയാലും സുഖമായി ജീവിച്ചിരിക്കുക എന്ന ലഘുവായ സൂത്രവാക്യത്തില്‍ എത്തിനില്‍ക്കുന്ന മനുഷ്യാവസ്ഥ. ഈ നിമിഷം എത്രയും ഭംഗിയായി, ദു:ഖമോ കഷ്ടതയോ സഹിക്കാതെ തൃപ്തിയടയുക. നാളെയെക്കുറിച്ച് വ്യാകുലപ്പെടാന്‍ സമയമോ മനസ്സോ അനുവദിക്കുന്നില്ല. ഇന്നലെത്തെ ജീവിതത്തെയും പാടെ മറന്നുകളയുന്നു. സ്വന്തം ജീവിതം നാളെയും നില്‍ക്കണമെന്നും സുഖപ്രദമായിരിക്കണമെന്നുമുള്ള ചിന്തയില്ല. ഇന്നത്തെ സുഖത്തില്‍ ലയിച്ച് നാളെയിലെ ദുരന്തം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 

പ്രകൃതി

പ്രകൃതിയെത്ര സമര്‍ത്ഥ!
താന്‍ സൃഷ്ടിച്ച ജീവികള്‍
തന്‍ അടിമകള്‍; വിധേയര്‍
ആജ്ഞ അനുസരിക്കുവോര്‍
ദു:ഖ-ദുരിത പര്‍വ്വത്തില്‍
വസിക്കും മനുഷ്യര്‍ 
ഏതുജീവിയ്ക്കും വേണം
ശരീരസുഖം; മനുഷ്യനോ
വേണം മന:ശ്ശാന്തിയും.
ജീവിച്ചിരിക്കാന്‍ തന്ത്രപ്പാടു-
മായി ഓടും നരജന്മം
ഒരുവേള എരിഞ്ഞിടാം കാത്തു-
സൂക്ഷിച്ചൊരാജീവനാളം
പ്രകൃതിയൊരുക്കും ആകൃതി
ഇഴഞ്ഞും നടന്നും പറന്നും
പിന്നെ നീന്തി തുടിച്ചും 
കൊന്നും തിന്നും അയവിറക്കിയും
കാലം പാഞ്ഞ വഴിയിലൂടെ
തെളിക്കും ജീവപാത
ഇടപഴകിയും ഇണചേര്‍ന്നും
പിറന്നും വളര്‍ന്നും 
വിതച്ചുംകൊയ്തും 
ചരിത്രം രചിച്ചും ചരിത്രമായും
വര്‍ഷവും യുഗവും 
ഇഴചേര്‍ന്ന് അറ്റുപോം കണികള്‍.





Thursday, January 24, 2013

അനുമോളുടെ കവിതയോട് ചേര്‍ത്ത് വായിക്കുക

ചോദ്യശരങ്ങളില്‍ മുറിവേറ്റു വിഴുന്നത് ഉത്തരങ്ങളാണ്. അല്ലെങ്കില്‍ ഉത്തരം പറയാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരും. ചോദ്യം ചെയ്യപ്പെടുന്നതില്‍ നിന്നുള്ള മോചനമാണ് - മനസ്സില്‍ ജനനം മുതല്‍ സ്വരുകൂട്ടിയ, രാകി മിനുക്കിയ, ആവനാഴിയിലെ അമ്പുപോലെ കരുതി വച്ച, നമ്മുടെ സ്വന്തമായ ചോദ്യശരങ്ങളുടെ ആയുധപുര. അതിനൊന്നു തീ കൊളുത്തുകയെ വേണ്ടൂ ആളിപ്പടരാന്‍. ഇതുവരെ ചോദിച്ച ചോദ്യങ്ങള്‍ക്കോ, പറഞ്ഞ ഉത്തരങ്ങള്‍ക്കോ ബദലാവില്ല മനസ്സിലെ അണയാത്ത തീച്ചൂളയില്‍ നിന്നും ആളി ഉയരുന്ന ചോദ്യശരങ്ങള്‍ക്ക്.

മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും വര്‍ണ്ണത്തിന്റെയും, 
അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത മനുഷ്യനിര്‍മ്മിത ബങ്കറുകള്‍ തീര്‍ത്ത കുഴിയിടങ്ങളില്‍ നിന്നും, 
ചോദ്യം ചെയ്തും ഉത്തരം പറയുന്നതിനുമുമ്പ് വിധി പ്രസ്താവിക്കുകയും ചെയ്ത മനുഷ്യന്റെ കറുത്ത കാലം. ചോദ്യം ചോദിച്ച് വിയര്‍പ്പിക്കുകയും ആ വിയര്‍പ്പില്‍ ശരീരത്തെ കുളിപ്പിച്ചു നിര്‍ത്തുകയും ആ കാഴ്ചയെ നേരംപോക്കിന്റെ കോട്ടുവായിടലില്‍ കരുതലാക്കിയും മനുഷ്യന്‍ ആഘോഷമാക്കുന്നു. 

ആദ്യം പേര് ചോദിച്ചും പിന്നെ ഇന്റര്‍വ്യൂ നടത്തിയും ചോദ്യങ്ങളെ നേരിടാന്‍ പ്രാപ്തമാക്കുന്ന സമൂഹവും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ വിധിക്കപ്പെട്ട പാവം മനുഷ്യക്കോലങ്ങളും. 

ചോദ്യങ്ങള്‍ക്ക് ഉത്തരം പോലെ തന്നെ ഉത്തരത്തിന്റെ അളവിലും തൂക്കത്തിലും തല്‍കാന്‍ സാധിക്കുമാകുന്ന മറുചോദ്യങ്ങള്‍ക്ക് പറയാനുള്ളത് നഷ്ടപ്പെട്ട തന്റെ ശക്തിയും ക്ഷയവുമാണ്. നിങ്ങള്‍ക്ക് ഒരാളെ ഉത്തരം പറഞ്ഞ് സന്തോഷിപ്പിച്ച് തൃപ്തിപ്പെടുത്താവുന്നതുപോലെ മറുചോദ്യങ്ങളുടെ കയ്പനീര്‍കൊണ്ടു ഒരു പരാജിതന്റെ സ്ഥാനത്ത് വിജേതാവിനെ പ്രതിഷ്ഠിക്കാമെന്നുള്ള സൂത്രമാണ്. ഉത്തരങ്ങളൊക്കെ ആദ്യമേ പാകചെയ്ത കലവറയാണ് മനസ്സ്. അതില്‍ കവിഞ്ഞ ഒരു ഉത്തരം പ്രതീക്ഷിക്കുകയുമരുത്. എന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യവുമായി ഭേധ്യം ചെയ്യുന്ന സങ്കടകരമായ കാഴ്ച നെഞ്ചുപൊള്ളുന്നതാണ്. 

തുറന്നുവച്ച ഹൃദയത്തെ കാണാതെ പോകുകയും വീണ്ടും വീണ്ടും മുട്ടുവിന്‍ തുറക്കപ്പെടും എന്ന അര്‍ത്ഥത്തില്‍ മണ്ടിനടക്കുന്ന അവസ്ഥയില്‍, ഒരു വാക്കിനാല്‍ കൊളുത്തി വയ്ക്കാന്‍ പറ്റാത്ത മറ്റൊരു അവസ്ഥയും. സ്വന്തം ഹൃദയത്തെ ചെമ്പരത്തിപ്പൂവാണെന്ന് ധരിക്കുന്ന മൗഢ്യം. മറ്റൊരാളുടെ ഹൃദയത്തെ അറിയാന്‍ കഴിയാത്തതും സ്വന്തം ഹൃദയത്തെ അറിയിക്കാന്‍ പറ്റാത്തതുമായ തുലാസിന്റെ യാന്ത്രികത്വം എത്രമേല്‍ ശ്വാസഗതിയെ ബന്ധനത്തിലാക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. കണ്ണാടിക്കൂടുകള്‍ ദൃശ്യമാക്കുന്ന മായികപ്രപഞ്ചത്തില്‍, അതിനേക്കാള്‍ മാന്ത്രികമായ മാനസ്സിക പ്രപഞ്ചത്തെ ഒതുക്കാന്‍ ആര്‍ക്കാണ് സാധിക്കുക. മൗനം ഭജിച്ച്, പാതിയടഞ്ഞ കണ്ണുമായി തന്റേതു മാത്രമായവര്‍ക്കുമുന്നില്‍ താല്‍ക്കാലികമായ നിര്‍വ്വികാരതയുടെ തോടുനുള്ളില്‍ കരുതിയിരിക്കുമ്പോഴും, ആ തോടിനെ അടര്‍ത്തുന്ന ഒരു ശബ്ദത്തെ, പ്രാര്‍ത്ഥനയാല്‍ മനസ്സുകൊണ്ടു ധ്യാനിക്കുന്ന, ഒരപൂര്‍വ്വനിമിഷത്തെയും വരഞ്ഞെടുക്കുക പ്രയാസമായിരിക്കും. 

ദേശാടനക്കിളികളുടെ മനോഭാവത്തോടെ ഭൂമിയുടെ അധീശത്വത്തില്‍ നിന്നും മുക്തരായി, ആകാശത്തിന്റെ അധിപന്മാരായി, മേഘശഖലങ്ങളില്‍ പാറിപ്പറക്കുന്ന തുമ്പികളുടെ ഭാരമില്ലായ്മ തീര്‍ക്കുന്ന ആവാലതികളെ കേള്‍ക്കാതിരിക്കുന്നതും പറഞ്ഞുതീര്‍ക്കാനാവുന്നതല്ല. കാത്തിരിപ്പിന്റെ വേദനയെ എത്രമേല്‍ നഖക്ഷതമേല്‍പ്പിച്ച് മുറിപ്പെടുത്തിയാലും, ചിലപ്പോള്‍ അത് ഉണങ്ങികരിഞ്ഞ കമ്പളം പുതച്ചാലും തിരിച്ചറിയപ്പെടാതെ പോകുന്ന ദുര്‍നിമിഷം. സ്‌നേഹം വഴിവാണിഭക്കാരുടെ ചാക്കുകെട്ടുകളിലോ അവരുടെ പണപ്പെട്ടിയ്ക്കകത്തോ അന്വേഷിച്ച് വിലപ്പട്ടികയുടെ പ്രാസം തെറ്റാതെയുള്ള വടിവൊത്ത അക്ഷരവും അക്കങ്ങളും സമ്മേളിക്കുന്ന കറുത്ത ബോര്‍ഡിന്റെ ചുറ്റളവില്‍ കണ്ടെത്താന്‍ സാധിക്കുന്നതല്ല. 

എന്നിട്ടും, ഇത്രയായിട്ടും വീണ്ടും വീണ്ടും സ്വന്തം നഷ്ടപ്പെടലിന്റെ ത്യാഗമനസ്സോടെ, കവര്‍ന്നെടുക്കാനുള്ള ത്വരയടങ്ങാത്ത വാഗ്ദാനപ്പെരുമഴയ്ക്കുപകരമായി, സ്വന്തം മനസ്സിനെ നിന്റെ നഷ്ടപ്പെട്ട ബാല്യ-കൗമാര-യൗവനകാന്തിയ്ക്ക് വരവുവയ്ക്കാനായി, എന്റെമാത്രമായി കരുതി വയ്ക്കപ്പെട്ട അമൂല്യനിധികളായ വളപ്പൊട്ടുകള്‍ മുതല്‍ നിദ്രാവിഹീനരാവുകളില്‍ കണ്ട സ്വപ്‌നങ്ങള്‍ വരെ മജ്ജയും മാംസവുമായി പങ്കിടാനോ മുഴുവനായും തീറെഴുതാനും തയ്യാറാകുന്ന കീഴടങ്ങലിന്റെ പരിപൂര്‍ണ്ണത. ആ വിവശത എത്രമേല്‍ സംതൃപ്തവും സായൂജ്യവും പ്രദാനം ചെയ്യുമെന്ന് ബലിക്കല്ലില്‍ ഒഴുകിയൊലിച്ച ചോരമണം മാറാത്ത സത്യമായി വിളിച്ചുപറയുന്നു. 

അതിനുപകരമായി നല്‍കേണ്ടതു മറ്റൊന്നുമല്ല. ഒരിക്കലും ഋതുഭേദങ്ങളില്‍ മാറിയൊളിക്കാത്ത സ്‌നേഹത്തിന്റെ പരിമളം തൂകുന്ന, ഹൃദയമിടിപ്പിനെ സാന്ദ്രമാക്കുന്ന ഒരു മഞ്ഞുകാലം. പൂവിലും പുല്ലിലും ഉറഞ്ഞിരിക്കുന്ന മഞ്ഞുകണത്തിന്റെ നൈര്‍മല്യം പോലെ, മനസ്സിന്റെ അകതാരില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചുകന്ന സ്ഫടികതാരകമായി ജ്വലിച്ചുനില്‍ക്കണം-നിന്നോടുകൂടെ എന്നേക്കുമായി.

Wednesday, January 16, 2013

സ്ത്രിയും പുരുഷനും



മനസ്സിന്റെ സങ്കുചിതത്വം മറ്റുള്ളവരിലേക്ക് പകരുകയും സമൂഹത്തിന്റെ ഇരുണ്ട ഗലികളിലേക്ക് തള്ളപ്പെടുകയും ചെയ്യും. മനസ്സില്‍ സങ്കുചിതാവസ്ഥ/ജീര്‍ണ്ണത കടന്നുകൂടുന്നത് കാലത്തിന്റെ കറുത്ത പ്രവാഹത്തിലൂടെയാണ്. മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തിന്റെ വ്യവസ്ഥയ്ക്കനുസരിച്ച് ഓരോ വ്യക്തിയും പാകപ്പെടേണ്ടിയിരിക്കുന്നു. അത് അറിയാതെയും അറിഞ്ഞും സംഭവിക്കുന്നതാണ്. 

മനുഷ്യന് സമൂഹത്തില്‍ നിന്നും വേറിട്ട് ഒരു നിലനില്‍പ്പില്ല. പരസ്പരമുള്ള അല്ലെങ്കില്‍ ഏകപക്ഷിയ ബന്ധത്തിന്റെ നൈരന്തര്യത്തില്‍ നടക്കുന്ന സൂക്ഷ്മ പ്രതിപ്രവര്‍ത്തനത്തിന്റെ അനന്തരഫലമാണ് ബന്ധങ്ങളുടെ ഉല്‍പ്പത്തിയ്ക്ക് കാരണമാകുന്നത്. 

മനസ്സ് എപ്പോഴും സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്. അവിടെ ബന്ധങ്ങളുടെ ബീജാവാപം സ്വാതന്ത്ര്യത്തിന്റെ നിര്‍മ്മലമായ പ്രവാഹത്തെ തടസ്തപ്പെടുത്തുന്ന ബാധ്യതകളാണ്. ബന്ധത്തില്‍ വിട്ടുവീഴ്ചയും നീക്കുപോക്കും അനിവാര്യമാണ്. എന്നാല്‍ സര്‍വ്വസ്വതന്ത്രത ആഗ്രഹിക്കുന്ന മനസ്സ് ചില നിമിഷങ്ങളില്‍ ഇങ്ങനെയുള്ള ഇടപാടുകള്‍ക്ക് വഴങ്ങിയെന്നുവരില്ല. അവിടെ ബന്ധങ്ങളുടെ ഇഴകള്‍ വലിഞ്ഞുമുറുകുകയും ആ വിടുതല്‍ ഒരു പൊട്ടിത്തെറി അനിവാര്യമാക്കുകയും ചെയ്യുന്നു.

എല്ലാ ജീവികളും സ്വാതന്ത്രത്തിന്റെ സ്വച്ഛവായുവിലാണ് പിറവികൊള്ളുന്നത്. ആ സമയത്ത് യാതൊരു ബന്ധത്തിന്റെയോ ബന്ധനത്തിന്റെയോ ബാധ്യതയുടെയോ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ജീവികള്‍ പ്രകൃതിയൊരുക്കിയ നിലനില്‍പ്പിന്റെ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. അതിനാവശ്യമായ ജീവവായുവും ഭക്ഷണവും പ്രകൃതി തന്നെ ഒരുക്കിയിട്ടുമുണ്ട്. ഓരോ ജന്മവും ഓരോ അതിഥിയാണ്. പ്രകൃതിയാണ് ആതിഥേയന്‍. അതിഥിയ്ക്ക് ആതിഥേയരോട് മാത്രമേ വിധേയത്വം ആവശ്യമുള്ളൂ. അതിഥികള്‍ക്ക് പരസ്പരം ബന്ധത്തിന്റെ ആവശ്യമുണ്ടോ? 

അനന്തതയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ജന്മങ്ങള്‍ അനന്തതയില്‍ തന്നെ മോക്ഷം പ്രാപിക്കുന്നു. ജന്മം ഒരിക്കലും ബന്ധനമോ ബാധ്യതയോ അല്ല. സ്വയംമല്ലാതെ ഒരിക്കലും ഒരു ഭാരം തലയില്‍ വന്നുകയറില്ല. അതുപോലെ ഒരു ബന്ധനത്തിലും സ്വയമല്ലാതെ അകപ്പെടുകയുമില്ല. സ്വയം സൃഷ്ടിച്ചതിനെ സഹിക്കുകതന്നെ വേണം.

പ്രകൃതിയൊരിക്കലും മനുഷ്യന് ബന്ധനമോ ഭാരമോ ആകുന്നില്ല. നമ്മള്‍ പ്രകൃതിയിലേക്ക് അടുക്കുന്തോറും നമ്മുടെ ഭാരവും ബന്ധനവും കുറഞ്ഞുവരികയാണ് ചെയ്യുന്നത്. പ്രകൃതി സ്വാതന്ത്രമാണ്. അവിടെ ഒരിക്കലും ബന്ധനമില്ല. മനുഷ്യന്‍ പ്രകൃതിയെ ആശ്രയിക്കാതെ മനുഷ്യനെ തന്നെ ആശ്രയിക്കുമ്പോഴാണ് ബന്ധനവും ബാധ്യതയും അടിമത്വവും അനുഭവിക്കുന്നത്.

മനുഷ്യന്‍ തന്റെ രണ്ടുകാലിലാണ് നടക്കേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ രണ്ടുകാലും ചേര്‍ത്ത് നാലുകാലില്‍ നടന്നാല്‍ എവിടെയും എത്തുകയില്ല. മൃഗത്തിന്റെ അവസ്ഥയിലേക്ക് അധപതിക്കുകയാവും ഫലം. സ്വന്തം നാശത്തിലേക്കാണ് ആ യാത്ര അവസാനിക്കുക.

നമുക്ക് എല്ലാം രണ്ടായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത് ശരീരവും മനസ്സും. കണ്ണ്, മൂക്ക്, ചെവി, കൈകാലുകല്‍, വൃക്ക, ശ്വാസകോശം തുടങ്ങിയ മിക്ക അവയവങ്ങളും രണ്ടു പ്രവൃത്തികള്‍ നിവര്‍ത്തിക്കുന്നു. ഒന്ന് ശരീരത്തെയും മറ്റൊന്ന് ആത്മാവിനെയും പ്രതിനിധീകരിക്കുന്നു. ഒരു കണ്ണുകൊണ്ട് കാണുന്നത് മറ്റേ കണ്ണുകൊണ്ട് നിയന്ത്രിക്കണം. കാണുന്നതിന്റെ മറുവശം കാണാനുള്ള കഴിവ്. ഒരു കൈ കൊണ്ടുസ്വീകരിക്കുന്നത് മറ്റേ കൈകൊണ്ടു നല്‍കുകയും വേണം. ഒരു കാല്‍ തെറ്റിയാല്‍ മറ്റേ കാല്‍ വീഴാതെ നിയന്ത്രിക്കും. ശരീരത്തെ മനസ്സ് നിയന്ത്രിക്കുന്നതുപോലെ. ഓരോ വ്യക്തിയും അയാളുടെ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.

സ്ത്രിയും പുരുഷനും പരസ്പരം സുരക്ഷയും പൂര്‍ണ്ണതയുമാണ് തേടുന്നത്. അരക്ഷിതരും അപൂര്‍ണ്ണരുമായവര്‍. പുരുഷന്‍ സുരക്ഷയും സ്ത്രീ പൂര്‍ണ്ണതയും നല്‍കുന്നു. അപ്പോഴാണ് സംതൃപ്തിയുണ്ടാകുന്നത്. ഈ ആശ്രയത്വം വിധേയത്വം സൃഷ്ടിക്കുന്നു. 

സ്ത്രീ സുരക്ഷയാണ് പുരുഷനില്‍ നിന്നും പ്രാഥമികമായി തേടുന്നത്. പുരുഷന്‍ തന്റെ പൂര്‍ണ്ണതയും. പുരുഷന് കണ്ണിലാണ് സൗന്ദര്യമിരിക്കുന്നത്. സ്ത്രീ അത് മനസ്സുകൊണ്ട് ആവാഹിക്കുന്നു. യഥാര്‍ത്ഥസ്‌നേഹം സൗന്ദര്യം മനസ്സിലാണ്. ആത്മാവിഷ്‌കാരമാണത്. സ്ത്രീ സൗന്ദര്യം അനുഭവിക്കുന്നത് ശാരീരികമായ സ്പര്‍ശനത്തിലൂടെയാണ്. സ്ത്രീ സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ കാംക്ഷിക്കുന്നത് സുരക്ഷയാണ്. സുരക്ഷയ്ക്കുവേണ്ടി സ്ത്രീ പുരുഷനോട് എത്ര വിധേയമായും പെരുമാറുന്നു. ആത്മാര്‍ത്ഥമായ സ്‌നേഹത്തിന് അവിടെ സ്ഥാനമില്ല. തന്റെ സ്വത്വബോധത്തെ ത്യജിച്ചും സ്ത്രീ അവളുടെ സുരക്ഷയ്ക്കുവേണ്ടി പുരുഷനെ ആശ്രയിക്കുന്നു. പുരുഷന്‍ സ്ത്രീയില്‍ സൗന്ദര്യവും പൂര്‍ണ്ണതയുമാണ് ആഗ്രഹിക്കുന്നത്. തന്റെ അപൂര്‍ണ്ണതയെ സ്ത്രീയുടെ അസ്തിത്വം കൊണ്ട് പൂര്‍ത്തീകരിക്കുന്നു. 

സ്ത്രീ വള്ളിയും പുരുഷന്‍ തടിവൃക്ഷവുമാണ്. വള്ളി തന്റെ ലതകളാലും പുഷ്പങ്ങളാലും മരത്തിന് സൗന്ദര്യവും സൗരഭ്യവും പ്രദാനം ചെയ്യുന്നു. വൃക്ഷം തന്റെ ദൃഢമായ ശരീരത്തില്‍ വളളിയുടെ സുഗന്ധവും സൗന്ദര്യവും ഏറ്റുവാങ്ങി തന്റെ അപൂര്‍ണ്ണതയെ പൂര്‍ണ്ണമാക്കുന്നു.

Monday, January 14, 2013

ചിന്തയൊരു ചിത

ചിന്തയൊരു ചിത
സ്വപ്‌നമൊരു ചതി
സ്‌നേഹമൊരു നാട്യം
സുഖമൊരു ദു:ഖം
മനസ്സൊരു മായ
ആശയൊരു പാപം
നേട്ടമൊരു കോട്ടം
സത്യമൊരു മിഥ്യ
അറിവൊരു മുറിവ്
മറവിയൊരു വരം
ഓര്‍മ്മയൊരു വേദന
കാഴ്ചയൊരു ഭാരം
കാലമൊരു രോഗം
ജീവിതമൊരു ബാധ
ബന്ധമൊരു ബന്ധനം
ജന്മമൊരു ശാപം
മനുഷ്യനൊരു മൃഗം.

തിരിച്ചുപോക്ക്

തിരിച്ചുപോക്ക് വെറുംവാക്ക്
വന്നവഴിയില്‍ മറവി വിതച്ചു
തെറ്റിലേക്ക് മടക്കയാത്രയില്ല
പിന്നോക്കം പായാത്ത കാലം
ആവര്‍ത്തിക്കുന്ന ചരിത്രം
ചെയ്തതെറ്റും പിഴച്ചകാലും
ആവര്‍ത്തനവിരസങ്ങളാകും
ചെയ്തതെറ്റിന് പരിഹാരമില്ല
പ്രകാശം കടന്നുചെല്ലാത്ത
ഇരുണ്ട കാലപ്രവാഹം
പശ്ചാത്താപം പരിഹാരമാവില്ല;
കണ്ണുനീരില്‍ ഉരുകിയാലും.
മരണത്തിന്റെ ദംഷ്ട്രയില്‍
ജീവിതം ഹോമിക്കുക
പാപപരിഹാരം മരണം
പുനര്‍ജനിക്കാം വിശുദ്ധനായി
മനസ്സിനെ ജയിക്കാത്തവന്‍
ജീവിതത്തെ ജയിക്കാത്തവന്‍
വീണിടത്തുനിന്നും എഴുന്നേറ്റവന്‍
വീണ്ടും പതനത്തിലേക്ക് 
മനുഷ്യമനസ്സ് ചഞ്ചലമാണ്
ശരീരംപോലെ ഇളകുന്നത്
കീഴടങ്ങാത്ത മനസ്സ്
കീഴടങ്ങിയ ശരീരം
എല്ലാംചേര്‍ന്നാല്‍ മനഷ്യനാകും?
ജീര്‍ണ്ണത തളംകെട്ടിയ അകത്തളം
ഉണര്‍ന്നിരിക്കുന്ന വികാരം
സൃഷ്ടിയാല്‍ അടിമ: മനുഷ്യന്‍
മോചനമില്ലാത്ത അടിമത്തം
മൃഗീയതയില്‍ ഒട്ടിപ്പിടിച്ച്
മനുഷ്യനായി എഴുന്നേറ്റവന്‍
നാവുകൊണ്ട് അപശബ്ദങ്ങള്‍
കണ്ണിനാല്‍ ചോരഊറ്റിയും
പല്ലിളിച്ചും തുറിച്ചുനോക്കിയും
അബലകളും അശക്തരും
ബലിയാവും ബലിമൃഗമായി.
ഹിംസയിലാണ് ആഹ്ലാദം
പതനത്തിനാണ് വിജയക്കൊടി
മനസ്സിനെ കീഴടക്കാത്തവന്‍
മന:സാക്ഷിയ്ക്കുമുന്നില്‍
തലകുനിച്ചവന്‍; പരാജിതന്‍
ദൗര്‍ബല്യത്തെ മറികടക്കാന്‍
അപരനെ അപകീര്‍ത്തിക്കുന്നവന്‍
വേട്ടയാടി വേട്ടക്കാരനാവുക
സ്വയം ഇരയാവാതിരിക്കാന്‍
വേട്ടയാടിക്കൊണ്ടിരിക്കുന്നു
ഇരയായവന്‍ വേട്ടക്കാരന്‍.

------96





Thursday, January 3, 2013

അഭയാര്‍ത്ഥി

അകന്നുപോയവരില്‍ 
അവശേഷിച്ചവര്‍
അഭയാര്‍ത്ഥികള്‍.
ഒരിക്കലും ലഭിക്കാത്ത
അഭയം: പ്രതീക്ഷ.

ആശയുടെ അണയാത്ത
ആവേശവുമായി
അവസാനത്തിന്റെ
ആരംഭത്തിലേക്ക്
ഒരു പലായനം.

ആരും ആരെയും
തിരിച്ചറിയുന്നില്ല.
അനുഭവങ്ങള്‍
പങ്കുവെക്കുന്നില്ല.

കണ്ണും കാതും
നഷ്ടമായ ഇരുകാലികള്‍
ഒറ്റയും തെറ്റയുമായി
അലഞ്ഞും തിരിഞ്ഞും
കാലടിപ്പാടുകള്‍
ബാക്കിയാക്കി,
അദൃശ്യതയിലേക്ക്
ഒരു അന്ത്യയാത്ര.

പരിചയപ്പെടുത്തലിന്‍
വേവലാതിയില്ലാതെ,
സൗഹൃദത്തിന്‍
ഭാണ്ഡമില്ലാതെ.
മങ്ങിയ കാഴ്ചകള്‍
പൊടിപ്പും തൊങ്ങലും
തുന്നാത്ത ഓര്‍മ്മയായി

മുമ്പേ പോയവരുടെ
കാലടിപാടുകള്‍
പിമ്പേ ഗമിക്കവര്‍ക്ക്
വഴിവിളക്കായി

രക്തധമനികളില്‍
എരിയുന്ന ചുടലയില്‍
നിന്നണായാതൊഴുകുന്നു
വിയര്‍പ്പുകണം ധാരയായി

കരംപിടിച്ചും കരംഗ്രഹിച്ചും
ചുമടുതാങ്ങിയും തൂക്കിയും
പിറവിയുടെ ആദ്യവും
അന്ത്യവും മദ്ധ്യവും പേറി

കാടും മലകളും 
കല്ലും മുള്ളുകളും
പാദമറിയാതെ
മുറിഞ്ഞും മറിഞ്ഞും
എത്ര ദുരങ്ങള്‍ താണ്ടി
ഇനിയുമെത്ര താണ്ടണം?

-------------1996









Wednesday, January 2, 2013

എന്തുപറയണം?

എന്തുപറയണം?
എന്തുചെയ്യണം?
ചോദ്യങ്ങളുടെ
ആവര്‍ത്തനം,
നിലവിളിയായി
അലറിയമരുന്നു.

പറയാതിരിക്കുക!
ചെയ്യാതിരിക്കുക!
നിഷ്‌കൃയത്വം ഇരുട്ട്;
പ്രവൃത്തി വെളിച്ചം.

അനന്തമായ മൗനം,
ചിന്ത കനലെരിയും,
ആളലായി കര്‍മ്മവും,
ചാരമായി വാക്കും.
നിശൂന്യം നിരര്‍ത്ഥകം!

നിര്‍ത്താതെ വാക്കുകള്‍-
നിലയ്ക്കാതെ കാലടികള്‍.
സമസ്യയായി ലോകം.
ആരോട് പറയണം?
ആരാണ് കേള്‍ക്കുക?

ഇരുട്ടിന് അഭയം 
വെളിച്ചം ആശ്രയം.
വാക്കിന്റെ ശരണം
കേള്‍വി സാന്ത്വനം.

കേള്‍ക്കാത്ത വാക്ക്,
അനാഥമാം ശവം.
ബധിരമാം കേള്‍വി-
മൂകമാം വാക്ക്.
കേള്‍വി ഓര്‍ക്കുന്നത്
വാക്കിന്റെ മര്‍മ്മരം.

എന്റെ വാക്കും-
നിന്റെ കേള്‍വിയും
കഥ പറഞ്ഞും-
കവിത ചൊല്ലിയും,
ഹൃദയം നിറഞ്ഞൊഴുകും.

വെളിച്ചത്തിനുപിന്നിലെ
കട്ടപിടിച്ച ഇരുട്ട്,
പതുങ്ങിയിരിക്കുന്ന
മരണംപോലെ.
ചലനം; വിഹ്വലം.
ചേതനമായി ജീവിതം,
നിശ്ചേതനം മരണം.

----1996




മനസ്സ്

മഞ്ഞുപോലെ 
വെയിലേറ്റാല്‍ 
ഉരുകും മനസ്സ്

ജലത്തിനുമീതെ
പൊങ്ങിനടക്കും
കനമില്ലാ മനസ്സ്

മഴയൊന്നു
പെയ്താല്‍
കുളിരും മനസ്സ്

തുറിച്ചൊന്നു
നോക്കിയാല്‍
വിളറും മനസ്സ്

ചോദ്യത്തിന്
ഉത്തരമില്ലെങ്കില്‍
പതറും മനസ്സ്

ഒരുചിരി കണ്ടാല്‍
സ്വപ്‌നങ്ങള്‍
നെയ്യും മനസ്സ്

കണ്ണുംകണ്ണും
കൂട്ടിയിടിച്ചാല്‍
തുളുമ്പും മനസ്സ്

നീയൊന്നു
തൊട്ടാല്‍
വിടരും മനസ്സ്

ഞാനൊന്നു
പിണങ്ങിയാല്‍
വാടും മനസ്സ്

നിന്നെയൊന്നു
കണ്ടാല്‍
പൂക്കും മനസ്സ്

ഞാനൊന്നു
മറഞ്ഞാല്‍
ഇരുളും മനസ്സ്

കണ്ണൊന്നു 
നിറഞ്ഞാല്‍
പിടയും മനസ്സ്

എന്നെത്തന്നെ
അറിയാന്‍ 
ശ്രമിക്കും മനസ്സ്

മനസ്സിലാവാത്തത്
മനസ്സിലായെന്ന്
പറയും മനസ്സ്

മനസ്സിലുള്ളത്
മനസ്സിലിരിക്കട്ടെ
മനമെന്ന് മനസ്സ്

മനസ്സാ വാചാ
കര്‍മ്മണാ
അരുതെന്ന് മനസ്സ്

കാണരുത്
കേള്‍ക്കരുത്
പറയരുതെന്ന് മനസ്സ്

ഓടും മനസ്സ്
ചാടും മനസ്സ്
കുതറും മനസ്സ്

തലച്ചോറിലോ
ഹൃദയത്തിലോ
അല്ലെന്ന് മനസ്സ്

സര്‍വ്വവ്യാപിയും
സര്‍വ്വസ്വരൂപനും
സര്‍വ്വസവും മനസ്സ്













ആശ്രയവും സ്വാശ്രയത്വവും

നമ്മള്‍ ഒരാളെ ഉപദ്രവിക്കുന്നില്ലെങ്കില്‍ അതാണ് നിങ്ങള്‍ അയാള്‍ക്കുവേണ്ടി ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം. നിങ്ങള്‍ ഒരാള്‍ക്ക് ഉപകാരം ചെയ്യുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അയാളെ നിങ്ങള്‍ ഉപദ്രവിക്കുന്നില്ല എന്നല്ല. നിങ്ങളുടെ സാന്നിദ്ധ്യം തന്നെ ചില അവസരങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാം. നിങ്ങള്‍ അയാളെ നേരിട്ട് ഉപദ്രവിക്കുന്നില്ലെങ്കില്‍ കൂടിയും. നമ്മുടെ സാന്നിദ്ധ്യം കൊണ്ട് ഒരാള്‍ക്ക് ഉപകാരമുണ്ടാകുന്നില്ലെങ്കില്‍ നമ്മള്‍ അയാള്‍ക്ക് ഉപദ്രവം മാത്രമാണ് ഉണ്ടാക്കുക. 

ജീവികള്‍ പരസ്പരാശ്രിതമാണ്. നമ്മുക്ക് ഒരാള്‍ക്ക് ആശ്രയം നല്‍കാന്‍ കഴിയില്ലെങ്കില്‍ നമ്മള്‍ സ്വാശ്രയരായിരിക്കണം. നമ്മള്‍ ഒരാളെ ആശ്രയിക്കുന്ന കാലത്തോളം അയാള്‍ക്കും ആശ്രയം നല്‍കേണ്ടിവരും. അതുകൊണ്ട് ഓരോരാളും സ്വാശ്രയരാവേണ്ടിയിരിക്കുന്നു. സ്വാശ്രയമാണ് ഏറ്റവും വലിയ ആശ്രയം. 

ശരീരം മനസ്സിനെയും മനസ്സ് ആത്മാവിനെയും ആത്മാവ് ബ്രഹ്മത്തെയുമാണ് ആശ്രയിച്ചിരിക്കുന്നത്. ബഹ്മത്തെ ആശ്രയിക്കുന്നതാണ് യഥാര്‍ത്ഥമായ ആശ്രയവും സ്വാശ്രയത്വവും.

നമ്മുടെ കാലുകളെ വിശ്വസിക്കുകയും മനസ്സിനെ അനുസരിക്കുകയും ചെയ്യുക. നമ്മുടെ സൃഷ്ടാവും രക്ഷകനും സംഹാരകനും നമ്മള്‍ തന്നെയാണ്. ഹൃദയസ്പന്ദനത്തെ അറിയുകയും ആത്മാവിന്റെ ചെതന്യത്തെ അനുഭവിക്കുകയും ചെയ്യുക.

-June - 96

അറിവ്

ഭൗതീകമായതും ബൗദ്ധീകമായതുമായ അറിവ് മനസ്സിനെ വികസിപ്പിക്കുന്നില്ല. ആത്മീയമായ അറിവും അനുഭവവുമാണ് മനസ്സിനെ പൂര്‍ണതയിലെത്തിക്കുന്നത്. ബുദ്ധിപരമായ അറിവുകൊണ്ട് നമ്മുടെ ബുദ്ധിശ്ശക്തി വര്‍ദ്ധിക്കുമെങ്കിലും അതിന്റെ വ്യാപ്തി പരിമിതവും താത്ക്കാലികവുമാണ്. അത്തരത്തിലുള്ള അറിവ് ആര്‍ജിക്കുന്ന അവസരത്തില്‍ മാത്രം നമ്മുടെ ചിന്തയും ബുദ്ധിയും വികസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അങ്ങനെയുള്ള അവസരത്തിന്റെ അഭാവത്തില്‍ അതുവരെ നേടിയ അറിവ് അപ്രത്യക്ഷമാകുന്നു. കൂടാതെ ബൗദ്ധീകമായിട്ടുള്ള അറിവ് ഒരു തിരിച്ചറിയല്‍ മാത്രമായി ഒതുങ്ങുകയും അത് ജീവിതത്തിന് ഒരു കാഴ്ചപ്പാട് ഉണ്ടാക്കുന്ന തരത്തിലുള്ള അനുഭവമാകുന്നില്ല.

ആത്മീയമായിട്ടുള്ള അറിവ് അനുഭവമാണ്. അതിന് അനന്തതയോളം അകലവും ആഴവുമുണ്ട്. അങ്ങനെ ലഭിക്കുന്ന അനുഭവത്തില്‍ നിന്നുള്ള അറിവ് ഒരിക്കലും അസ്തമിക്കുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നില്ല. യഥാര്‍ത്ഥമായിട്ടുള്ള അറിവ് അനുഭവം ആത്മീയമായിട്ടുള്ളതാണ്. അതിന് ഒരിക്കലും നാശമില്ല, മറവിയില്ല. അവിടെ അറിവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നില്‍ നിന്ന് നൂറായും നൂറ് ആയിരമായും അനന്തമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ആ അറിവില്‍ ജീവിതം തെളിഞ്ഞ ജലാശയത്തിലെ പ്രതിച്ഛായപോലെ പ്രതിഫലിക്കും. നമ്മള്‍ സത്യത്തെ, യാഥാര്‍ത്ഥ്യത്തെ അറിയുന്നു. അനുഭവിക്കുന്നു. അത് നിസ്സംഗമായ അനുഭൂതിയാണ്. മനുഷ്യന്‍ അപ്പോള്‍ അമരനാകും. 

വിരക്തി ഒരു പകര്‍ച്ചയാണ്. ആസക്തിയില്‍ നിന്നുള്ള മോചനം. വിരക്തി രണ്ടുവിതത്തില്‍ സംഭവിക്കുന്നു.ഒന്ന് ജന്മനാല്‍ സംഭവിക്കുന്ന ഒരു തരം ആത്മീയാനുഭൂതി. ഭൗതീകമായ കാര്യങ്ങളിലുള്ള താല്‍പര്യമില്ലായ്മ. അത് ജന്മനാലും ജീവിതഗതിയിലും സംഭവിക്കുന്നതാണ്. മറ്റൊന്ന് ജീവിതാനുഭവം നല്‍കുന്ന കയ്പുനീരിനാല്‍ ജീവിതത്തോടുതന്നെ തോന്നുന്ന വെറുപ്പും വിദ്വേഷവും ഒരാളില്‍ ഉണ്ടാക്കുന്ന വികാരമായും വിരക്തി അനുഭവപ്പെടും. ജീവിതം കനത്ത ആഘാതമായി ഭവിക്കുമ്പോള്‍ ഭൗതീകാവസ്ഥകളോടു മുഖംതിരിക്കുകയും ഭോഗതൃഷ്ണകള്‍ ശമിക്കുകയും എല്ലാത്തിനോടും വിരക്തിയുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അത് ഒരു അടിച്ചേല്പിക്കപ്പെട്ട വികാരമാണ്. ഈ വികാരം നാശോന്മുഖമായ വിരക്തിയാണ് ഉണ്ടാക്കുക. 

യഥാര്‍ത്ഥമായ വിരക്തി നിസ്സംഗതയാണ്. അത് ആത്മീയമാണ്. അവിടെ വികാരവിക്ഷോഭങ്ങളുണ്ടാവില്ല. ശാന്തമായ കടലുപോലെ. ഉത്തുംഗത്തില്‍ നിവര്‍ന്നുനില്‍ക്കുന്ന കൊടുമുടിപോലെ അചഞ്ചലം. മരുഭൂമിപോലെ നിശ്ശൂന്യമാണ്. അവര്‍ വികാരത്തെ അതിജീവിച്ചവരാണ്. അനശ്വരരാണ്. അവരാണ് ജീവിതത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നത്. അവര്‍ യാഥാര്‍ത്ഥ്യത്തെ സത്യത്തെ തൊട്ടറിയുന്നു. അവര്‍ സ്വതന്ത്രരാണ്. മുക്തരാണ്. അവര്‍ കാലത്തെ അതിജീവിക്കുന്നു. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും കടന്ന് ബ്രഹ്മത്തെ പ്രാപിക്കുന്നവരാണവര്‍. അവര്‍ സൂര്യനെയും ചന്ദ്രനെയും പോലെ വെട്ടിത്തിളങ്ങും. 

Tuesday, January 1, 2013

ഓര്‍മ്മ

ആദ്യമായി നുണഞ്ഞ
അമ്മിഞ്ഞപ്പാലിന്‍
മധുരമൂറും അനുഭൂതി
നിര്‍വൃതിയാം ഓര്‍മ്മ.

നെഞ്ചിന്‍ ചൂടും
പാലിന്‍ തണുപ്പും
നല്‍കിയാശ്രയവും
പിന്നെ അഭയവും.

ചെന്നിനായകം തേച്ച-
കറ്റിയും ആട്ടിയും
ആദ്യമായി തോന്നിയ
നിര്‍വികാരമാം വിരക്തി.

വിദ്യാലയം ആലയമാക്കി
ആദ്യാക്ഷരം കുറിച്ച-
ആദ്യപടി ചവിട്ടിക്കയറി
വിദ്യധനം വിദ്യായുധമാക്കി.

ഗുരുമുഖം പകര്‍ന്നു
വീഴുമാമറിവിന്‍ സ്ഫുലിംഗം
ദൈവവചനവും; പിന്നെ
ഗുരു, ദൈവമൂര്‍ത്തിയും

അറിഞ്ഞുവൈകിയെങ്കിലും
ഗുരുവിലും ഒളിഞ്ഞിരിക്കും
ചെകുത്താന്‍ രൂപത്തെ
മജ്ജയും മാംസവുമായി

മുട്ടിയും തട്ടിയും
തുറക്കാത്ത വാതില്‍
തേടിയിരന്നും ഓടിനടന്നും
അരവയര്‍ അന്നത്തിനായി


മരണം കണ്ണുകെട്ടിച്ചു
തരണം ചെയ്യുമീജീവിതം
വേട്ടക്കാരനും ഇരയു-
മെന്നപോല്‍ എത്രനാള്‍?

അന്നേകരിലൊവനായി
പിടികൂടും നിഗൂഢമാം
ചോരയിറ്റും ദ്രംഷ്ടയാല്‍
മരണമൊരിക്കല്‍ നിന്നെയും.

എത്രപേര്‍ വിട്ടുപിരിഞ്ഞാലും
ചരിക്കും-ചലിക്കുമീലോകം
അറിഞ്ഞും അറിയാതെയും
ആചരിച്ചും ആഘോഷിച്ചും.

ജീവിതം പിന്നെയും
മുരണ്ടും വിരണ്ടും
മൂക്കയറില്ലാതെ പായുന്നു;
ദ്രുതഗതിയില്‍ മറയുന്നു.