Sunday, November 29, 2020

വാടകവീട്

 വാടകവീട്

ആത്മാവില്ലാത്ത വീടാണ്.
അല്ലെങ്കില്‍ എത്രയോ ആത്മാക്കള്‍
കയറിയിറങ്ങിയ വീട്.
ശാപവാക്കുകളുടെ പിറുപിറുക്കല്‍
ചിലപ്പോഴെക്കെ കെട്ടഴിഞ്ഞു വീഴും
പുതിയൊരു ആത്മാവിനെ കുടിയിരുത്തണം
വീടിനകം മോടിപിടിപ്പിക്കണം.
സ്വന്തമല്ലെങ്കിലും സ്വന്തമെന്നപോലെ
അല്ലെങ്കില്‍ത്തന്നെ എന്തെങ്കിലും
സ്വന്തമായുണ്ടോ? എന്നൊരാശ്വാസം
മാസംകൂടുമ്പോള്‍ ഉള്ളിലൊരു
കാളലാണ്, മരണമണിമുഴക്കംപോലെ
ഒരിക്കല്‍ മാത്രമാണ് ചുമരിലൊരു ചായം പൂശല്‍
പിന്നീട് ചേറും കറയും കരിയുമായി മാറാലപിടിച്ച്
വീടൊഴിഞ്ഞാല്‍ വീടൊരുങ്ങും അടുത്തയാള്‍ക്കായ്
മുല്ലപ്പൂചൂടിയ തെരുവു കന്യകയെപ്പോലെ.
ദേഹവും ദേഹിയും പോലെയാണ് വാടകവീട്
ദേഹം വിട്ടൊഴിഞ്ഞാലും ആത്മാവ് ബാക്കിയാവും
വാടകവീടും അങ്ങനെത്തന്നെ!
താമസ്സക്കാര്‍ മാറിമാറി വരും
മാറാതെയായി വാടകവീടും.
സ്വപ്‌നങ്ങള്‍ക്കൊണ്ടൊരു കൊട്ടാരം
ഒരിക്കലും പൂര്‍ത്തിയാകാത്തത്.
ഭൂതകാലം പേറിയുള്ള യാത്ര
തേഞ്ഞുപോയ പാത്രങ്ങള്‍
ഇളകിമറിഞ്ഞ മേശ കസേര കട്ടിലുകള്‍
മുഷിഞ്ഞു നിറംമങ്ങിയ കിടക്കയും വിരിയും
എല്ലാം പേറണം പോരണം ഒന്നിച്ചായി
മരണക്കിടക്കയില്‍ നിവരുവോളം
പരോളില്ലാത്ത ജീവപര്യന്തം തടവുപോലെ

Thursday, April 2, 2020

കൊറോണ

വീട്ടിലേക്കലിഞ്ഞലിഞ്ഞ്
ഇല്ലാത്താകുന്ന ലോകം.
റോഡുകള്‍ വിജനം...
ആളാരവമില്ലാത്ത
ഉല്‍സവപ്പറമ്പുകള്‍.

നേരമറിയാത്ത
നേരംപോക്കുകള്‍.
സ്വപ്‌നങ്ങള്‍ മങ്ങിയ
ഉറക്കക്കാഴ്ചകള്‍.
രോഗാതുരം തെരുവുകള്‍,
രോഗഗ്രസ്തം പട്ടണം.

കുശുകുശുപ്പും കോട്ടുവായും
തിന്നും കുടിയും മൊബൈലും
പൊലീസുപട്ടാളം തെരുവുകളില്‍
കൊട്ടിയടച്ചു നഗരകവാടം.
ജനങ്ങളെ ഭയക്കുന്നു
ജനങ്ങളും ഭയക്കുന്നു

കോതിയൊതിക്കിയും
മിനുക്കിത്തേച്ചും
സുസ്‌മേരവദനം
പിന്നെയും പിന്നെയും
മായിച്ചും വരഞ്ഞും

മുത്തശ്ശനും മുത്തശ്ശിയും
മകളും പേരമക്കളും
വീടുകളില്‍ ഒച്ചയില്ലാത്ത
ആളനക്കങ്ങള്‍ ആര്‍പ്പുവിളികള്‍

ഭുഖണ്ഡങ്ങളിലൂടിഴഞ്ഞ്
അതിര്‍വരമ്പുകള്‍ താണ്ടി
മനുഷ്യജീവനുകളില്‍
അരിച്ചെത്തുന്നു വൈറസ്

പ്രേതകഥയിലെ നിഴലുപോല്‍
രൂപമില്ലാത്ത മഹാമാരിയായി
ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക്
വൈദ്യുതപ്രവാഹമായി
മരണം കോര്‍ത്ത നൂലിഴകള്‍.

ശവപ്പെട്ടികള്‍, കുഴിമാടങ്ങള്‍
നിറഞ്ഞുകവിയുന്ന ശവപ്പറമ്പുകള്‍
ബന്ധിക്കണം ജീവഭേദനം
സ്വന്തമാക്കണം ജീവിതഗാഥകള്‍.

ചൈനയില്‍ മുളപൊട്ടി
വ്യാളീമുഖം അണപൊട്ടിയൊഴുകി
വന്‍കരകള്‍ താണ്ടി, കടലുകള്‍ ഭേദിച്ച്
പര്‍വ്വതങ്ങളില്‍ ആരോഹണം
ജനപഥങ്ങളില്‍ അവരോഹണം
മൃത്യുവിന്‍ താണ്ഡവം
മനുഷ്യവര്‍ഗത്തിന്‍ നെറുകയില്‍.

സഹജീവികളെ കൊന്നു
സുഖജീവിതം കൊരുത്തവര്‍
വൈറസിന്‍ രൂപത്തില്‍
പ്രതികാരദാഹം പൂണ്ടണഞ്ഞു.

രക്ഷിക്കുവാന്‍ ദൈവമേതുമില്ലാതെ
രക്ഷയും സ്വരക്ഷയും തന്നില്ലായി
പഞ്ചഭൂതങ്ങളെ പഞ്ചറാക്കി,
പഞ്ചേന്ദ്രിയങ്ങളാല്‍ അദ്ഭുതം തീര്‍ത്തവര്‍
ഭൂമിയും ആഴിയും പര്‍വ്വതശിഖിരവും
പിന്നെ ആകാശവും കീഴടക്കിയവര്‍.

ഞെട്ടിവിറയ്ക്കുന്നു വിളറിപിടിക്കുന്നു
വൈറസിന്‍ വ്യാപനം കണ്ട്
എവിടെ ഒളിക്കേണ്ടു.. അഭയം തേടേണ്ടു
ചോദ്യോത്തരവേളകള്‍ നാഴികകള്‍.

അടലംപടലം ചിന്തിച്ചുപുണാക്കി
ഉത്തരമില്ലാ ചോദ്യമായി വിലസുന്നു
കൊറോണയെന്ന രോഗവ്യാപനം
ഗുഹയില്‍ വസിച്ചു കാടിറങ്ങിയവന്‍
മാളത്തിലെന്നപോല്‍ സ്വഗൃഹത്തില്‍.