Sunday, February 15, 2015

വേദന

 തട്ടിയും മുട്ടിയും മുഴക്കുന്നു വേദനയെങ്ങുമേ
വേദനിച്ചും വേവറിഞ്ഞും കുരുക്കുന്നു ജീവിതം.
എന്താണുവേദനയെന്നറിയില്ലയെങ്കിലും അറിയുന്നു
ശരീരമാസകലം നിത്യേന മുറിവായി നീറ്റലായി.

മനസ്സിന്‍വേദന അതൊന്നുവേറെയാണെങ്കിലും
കരളുവിങ്ങിയും ഹൃദയം തകര്‍ന്നും ആളുന്നു
മനസ്സിന്റെ കാണാക്കയങ്ങളിലെന്നുമേ അഗ്നിയായി.
വേദനിക്കാന്‍മാത്രമോ ഉലകില്‍ വാഴുമീ ജീവിതം!

സ്‌നേഹമയി നീന്‍ വിടവാങ്ങല്‍ കൊരുക്കുന്നു,
ചൂണ്ടപോല്‍ ഹൃദയാന്തരലോലവാഹിനികളില്‍.
വേപഥു പൂണ്ടെത്രെനാള്‍ കഴിയേണം സാന്ത്വനം
ലഭിച്ചീടാന്‍, മറവിയുടെ മാറാലയില്‍ ഒളിക്കാന്‍?

ഇടിയുടെ ആഘാതമേറ്റാല്‍ വരും ബോധക്ഷയം
വേദനയുടെ അസഹ്യമാം നിമിഷങ്ങളെ എങ്ങനെ-
ഓര്‍ത്തെടുക്കും, വീണ്ടും പിളരും ഹൃദയലോല-
ഭിത്തികള്‍, നാലറകളില്‍നിന്നുമായി ചുടുചോരയായി.

കാറുംകോളുമായി പെയ്യുന്നു കര്‍ക്കടകക്കറുത്തമേഘം
ഭൂമിയില്‍, ആടുന്നു ഭീകരതാണ്ഡവം ഉരുള്‍പൊട്ടലായി.
രുദ്രതാളമായി ചടുലനൃത്തം ചവിട്ടുന്നു കലിപൂണ്ടങ്ങനെ
വിങ്ങുംമനം, തളരുംതനം, മങ്ങും കാഴ്ചയും കേള്‍വിയും.

മരണം നല്‍കും നിശ്ചലദൃശ്യസ്തൂപ പ്രജ്ഞകള്‍,
തമോഗര്‍ത്തമായി മനസ്സിന്‍ നീലവിഹായസ്സില്‍.
കേള്‍വിയോ കാഴ്ചയോ നശിക്കും, വിചിത്രം മനുഷ്യ
ജന്മത്തിന്‍ ബോധാവബോധപ്രകരണശേഷികള്‍.

മര്‍ത്ത്യനെത്രയുമുത്തുംഗശ്രേണിയില്‍ വിരാജിക്കും
ഒരര്‍ധനിമിഷമാത്രയില്‍ വീഴും വിരേചനവിലാപത്തില്‍
സഹിക്കാന്‍ സഹ്യനോ നാം വിന്ധ്യഹിമവാനോ?
അസഹ്യം ജീവിതം തീര്‍ക്കും കല്ലുമുള്ളുവേലികള്‍.

കോര്‍ത്തും ചേര്‍ത്തും ഉന്മാദപുളകങ്ങള്‍ വിരിയുമാ
വേളയില്‍ ഓര്‍ക്കില്ല കാണില്ല കേള്‍ക്കില്ല തഥ്യമാം
ജിവിതസാരാര്‍ഥ വചസ്സുകള്‍, രമിക്കും മതിവരുവോളം
വേര്‍പെടും വിയര്‍പ്പിന്‍കണങ്ങളില്‍ നീരാവിയായി

വീണ്ടും വീണ്ടും എഴുതുന്നു ആവര്‍ത്തനവിരസത...
പറഞ്ഞതും അറിഞ്ഞതും മുഴങ്ങുന്നു കര്‍ണപടങ്ങളില്‍
കണ്ടുകണ്ടങ്ങനെ ഓക്കാനം വരുമെന്നിരുന്നാലും,
അയവിറയ്ക്കണം ജീവിതം പലവട്ടം പലനേരങ്ങളില്‍.














Saturday, February 7, 2015

ആത്മാവിന്റെ രോദനം



കൃഷ്ണശിലയുമലിയുമാര്‍ത്തനാദം കേട്ടില്ല ആരുമേ, 
ഏകനായി അനശ്വരനായി നിന്നൂവിതുമ്പുന്നു തന്‍
പൊന്‍ശരീരത്തിന്‍ക്ഷതി കാണവേ നിസ്സഹായം 
നിര്‍നിമേഷം, ശപിക്കുമാ മുപ്പത്തിമുക്കോടിദൈവങ്ങളെ

ഇരമ്പിയെത്തും ലോഹവണ്ടിതന്‍ ചക്രങ്ങള്‍ തിരിഞ്ഞു
ഗളച്േഛദം ചെയ്‌തൊരു വേര്‍പ്പെട്ട ഉടലും കൈകാലുകള്‍
ചിന്നിച്ചിതറിക്കിടക്കുന്നിതാ മാംസത്തുണ്ടുകള്‍, എല്ലുകള്‍
ഒഴുകിത്തളംകെട്ടിക്കിടക്കുന്ന രക്തച്ചാലുകള്‍ ചുറ്റുമായി

ചുറ്റുകൂടിയാ ജനക്കൂട്ടം ബഹളമേതുമില്ലാതെ, 
പിരിഞ്ഞുപോകുന്നു ചിലര്‍ അന്യനെപ്പോല്‍
ഞെട്ടിത്തരിച്ചിരിക്കുന്നിതാ ചിലര്‍ സ്തബ്ദതരായ്
ചോദ്യങ്ങള്‍ ചിതറുന്നു ആരാണിവന്‍-ആരാണിവള്‍

മൂകമായ് ആത്മാവ് ചുറ്റിത്തിറിയുന്നു ചിതറിയ
ശരീരത്തിനടുത്തായി വാ പിളര്‍ന്നാല്‍ വരില്ല
ഒച്ചയും അനക്കവും, എങ്ങനെ പരിചയപ്പെടുത്തേണ്ടൂ
ഹതഭാഗ്യവാന്‍ ഹതാശയന്‍ മൃത്യു കവര്‍ന്നവന്‍

എത്ര പ്രതീക്ഷകള്‍ നെഞ്ചേറ്റിനടന്നവന്‍, ഒരുനിമിഷാര്‍ദ
വേളയില്‍ പൊലിഞ്ഞേ പോയി - രണ്ടു കണ്ണാകിലും
നാലുകണ്ണിന്‍ കാഴ്ചവേണം ചുറ്റുമേ ദര്‍ശിച്ചീടുവാന്‍
ഇന്നിയൊരു തിരിച്ചുവരവില്ലെന്നാകിലും കൊതിച്ചിടാം.

മണിമുത്തുകിലുങ്ങും ജീവന്റെ പൊന്‍ത്തിളക്കത്തെ
കൈക്കുമ്പിളില്‍ അമ്മാനമാടിക്കളിച്ചിടാന്‍, നല്‍പ്പുലരി
യെ കണ്‍ക്കുളിര്‍ക്കേ കണ്ടു സുസ്‌മേരവദനനായ്
തെളിഞ്ഞനീലാകാശം നിറയെ വെള്ളിമുകില്‍മാലപോല്‍

നൊന്തുപെറ്റൊരമ്മയും തലയിലുംനിലത്തും നിര്‍ത്താതെ
നിമിഷങ്ങളെണ്ണി വളര്‍ത്തിപ്പരുവമാക്കിയൊരച്ഛനും
അറിഞ്ഞില്ല തന്‍പൊന്‍മുത്തിന്‍ ഗതി നിശ്ചയതന്നെയോ
അറിയുമാനിമിഷം പൊട്ടിച്ചിതറുമഗ്നിപര്‍വതംകണക്കെ

ഉരുകിയൊലിച്ചീടുമവര്‍തന്‍ മനവും തനവും, അന്ധകാരം
മൂടിടും കണ്‍കളില്‍, ഞെരമ്പുകള്‍ തിളയ്ക്കും ചൂടിനാല്‍
വറ്റുഭൂമിയില്‍ ജലകണം കണക്കേ, നാവുകള്‍ ചലിക്കാതെ
ചുറ്റും ലോകം തലകീഴായി ഒടുങ്ങിടും ഭുമിമടിയിലായ്

ഈച്ചയും പ്രാണിയും ചുറ്റുന്നു, ഉറുമ്പുകള്‍ രുചിക്കുന്നു
ചുടുചോര ധൃതിപ്പെട്ടു, പരുന്തുകള്‍ പറക്കുന്നു മാംസ
കഷണത്തിന്‍ തുണ്ടിനായി, പൂച്ചയും പട്ടിയും പമ്മി നടക്കുന്നു
അവയ്ക്കും വേണം വീതമായി അകാലമൃത്യുവിന്‍ ശകലം

വിടചൊല്ലിയതാവാം ആ യാത്രയുടെ തുടക്കം കൈവീശി
കളള്‍പറിച്ചും ഹൃദയും കൊടുത്തും മനസ്സുനിറച്ചും
എന്നിട്ടുമെന്തേ ഭവിച്ചതിന്‍പ്രകാരം ദുരന്തജീവിതം
ആരുമേ നിനയ്ക്കില്ല വിധിതന്‍ കരാളഹസ്തത്തിന്‍

വികൃതികള്‍, കല്‍പ്പനകള്‍, തിട്ടൂരംമായി വരും മരണം
കാലന്റെ കുളമ്പടിയൊച്ചയോ കേള്‍ക്കില്ല ആരുമേ
മണക്കും അശരീരിയായ് നിഴലിന്‍ അനക്കങ്ങള്‍
നായ്ക്കള്‍ ഓരിയിടും മൂകമാം രാത്രിയില്‍ നിര്‍ത്താതെ

ജീവന്‍ നിലച്ചില്ലാ പ്രാണന്റെ നിലവിളി ആരുകേള്‍ക്കാന്‍
എങ്ങിനെ കൂട്ടിച്ചേര്‍ക്കുമാചിതറിയ മാംസപേശികള്‍
എല്ലിന്‍കഷണങ്ങള്‍ ഒഴുകിയ ചോരതന്‍ ചോപ്പിനെ
വേര്‍പ്പെട്ട ആത്മാവിന്‍ ഗദ്ഗതം കേള്‍ക്കില്ല ആരുമേ

ശരീരത്തിനുനഷ്ടം ജീവനോ ആത്മാവിന്‍ നഷ്ടം ഗാത്രമോ
അറിയില്ലയെല്ലായറിവിനുമേലെയാണഖില ലോകത്തിന്‍
കാണാക്കണക്കുകള്‍, തീര്‍പ്പുകള്‍, വിധിന്യായങ്ങള്‍
ആയുസിന്‍പുസ്തകം തുറക്കണം അടയാളം കാണുവാന്‍

ദീര്‍ഘായുസിന്‍അടയാളം ആര്‍ക്കുമേ നല്‍കിയില്ലെന്നതു
ആര്‍ക്കുമറിയില്ലെന്നതു നിശ്ചയം എന്നിട്ടും ആഗ്രഹിക്കുന്നു
അനന്തമാം ആയുസിന്‍കാരുണ്യത്തിനായ് വെറുതയായ്
നീളണം വലിയണം ആഗ്രഹത്തിനൊപ്പമായി ജീവിതം..