Saturday, October 12, 2019

ജീവിതത്തില്‍ ലക്ഷ്യമുണ്ടായിരിക്കുക

ജീവിതം എങ്ങനെ ജീവിച്ചുതീര്‍ക്കണം. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങനെ... ഒരു അര്‍ധവിരാമത്തിനുശേഷം മനസ്സില്‍ ഉദിക്കുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. ഉത്തരം ഇതാണ്, യാതൊരു ആലോചനയുമില്ലാതെ ഈ നിമിഷംതന്നെ തുടങ്ങാവുന്നതേയുള്ളൂ, നാം നിലച്ചുപോയി എന്നു കരുതുന്ന ജീവിതം. നിലച്ചുപോയി എന്നു കരുതുന്നതേ മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തെറ്റാണെന്നു തോന്നുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങനെ കരുതുമ്പോള്‍ത്തന്നെ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ തുടര്‍ച്ചയെ നമ്മള്‍ അറിയുന്നില്ല എന്നുവേണം കരുതാന്‍.

നമ്മുക്ക് ജീവിതം ഒന്നും തിരിച്ചുതരുന്നില്ല എന്ന തോന്നലിലാണ് ജീവിതത്തിന്റെ ഇടര്‍ച്ചയെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരാകുന്നത്. ജീവിതത്തില്‍നിന്ന് ലഭിക്കേണ്ട സന്തോഷം, സംതൃപ്തി, പൂര്‍ണ്ണത ഇവയുടെ അഭാവമാണ് ഒരാളെ സംബന്ധിച്ച് ജീവിതത്തെക്കുറിച്ചുള്ള അവബോധം ജനിപ്പിക്കുന്നത്. മാനസികവും ശാരീരികവുമായ സുഖമാണ് എല്ലാവരും കാംക്ഷിക്കുന്നത്. അത് ലഭിക്കുന്നില്ല എന്നു വരുമ്പോള്‍ അയാള്‍ ഉത്കണ്ഠാകുലനാകുന്നു.

ഭൗതികജീവിതത്തില്‍ മനുഷ്യന് സുഖം ലഭിക്കുന്നത് പ്രധാനമായും സമ്പത്തില്‍ നിന്നാണ്. സമ്പത്തുള്ളവന് പ്രാഥമികമായ ശരീരസുഖത്തിന് യാതൊരു കുറവും ഉണ്ടാകില്ല. പിന്നെയുള്ളത് മനസ്സുഖമാണ്. പണമുള്ളവര്‍ക്ക് ശരീരസുഖത്തോടൊപ്പം മനസ്സുഖവും ലഭിക്കണമെന്നില്ല. മനസ്സുഖം ലഭിക്കുന്നത് ഒരാള്‍ ചെയ്യുന്ന സത്പ്രവൃത്തിയുടെ ഫലമായാണ്. ഏറ്റവും എളുപ്പത്തിന്‍ ലഭിക്കാവുന്ന മാര്‍ഗവും അതുതന്നെ. സല്‍പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അവരവര്‍ക്കു തീരുമാനിക്കാവുന്നതേയുള്ളൂ. തനിക്കുപരിയായിട്ടുള്ളവയ്ക്ക് ഉപകാരപ്രദമായി ചെയ്യുന്നതൊക്കെ സത്പ്രവൃത്തികളാണ്.

ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കില്‍ പണം അത്യാവശ്യമാണ്. എങ്ങനെയാണ് പണം ലഭിക്കുക? അദ്ധ്വാനത്തിന്റെ പ്രതിഫലമാണ് യഥാര്‍ത്ഥത്തില്‍ നമ്മുക്ക് ലഭിക്കുന്ന പണം. അദ്ധ്വാനമെന്നാല്‍ ശാരീരികമായത് മാത്രമല്ല. ക്രയവിക്രയത്തിലൂടെയും അത് സാധ്യമാണ്. മനസ്സുകൊണ്ടും ബുദ്ധികൊണ്ടും സേവനം ചെയ്തും നമ്മുക്ക് പ്രതിഫലം നേടാവുന്നതാണ്. അതിനുവേണ്ടി ആദ്യം മാനസികമായ ഒരു തയ്യാറെടുപ്പ് അത്യാവശ്യമാണ്. അതോടൊപ്പം നമ്മള്‍ ചെയ്യാന്‍ പോകുന്ന കര്‍മ്മത്തിനനുബന്ധമായ പരിശീലനവും അതു ലഭിച്ചെന്നതിനുള്ള സാക്ഷ്യപത്രവും വേണം. പരിശീലനം മാത്രമാണെങ്കില്‍ സ്വയംതൊഴില്‍ ചെയ്ത് പ്രതിഫലം കണ്ടെത്തേണ്ടിവരും.

ജീവിതത്തില്‍ ലക്ഷ്യമുണ്ടായിരിക്കുക എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. നമുക്ക് ജീവിക്കാന്‍ ഒരു വഴിവിളക്കുപോലെ ആ ലക്ഷ്യം നമ്മെ മുന്നോട്ടു നയിക്കും.