Monday, May 25, 2015

thoughts

ഇത്രയും ദിവസങ്ങളില്‍ എന്തു സംഭവിച്ചു? 
ശരീരത്തില്‍ ജീവന്‍ ബാക്കിയായിത്തന്നെയിരിക്കുന്നു. 
മങ്ങിക്കത്തുന്ന നെയ്തിരിവെട്ടംപോലെ. 
ജീവന്റെ സ്പന്ദനം ഒരോര്‍മയുടെ ഉള്‍വിളിയായി 
അകലങ്ങളിലെ ആഴങ്ങളില്‍നിന്നു പ്രതിധ്വനിക്കുകയാണ്. 
അത് ജീവിതത്തിലെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും 
ശേഷമുള്ള ശിഷ്ടത്തെ വെളിപ്പെടുത്തുന്നു. 
കേള്‍വിക്ക് ശബ്ദമായി, 
കണ്ണിന് കാഴ്ചയായി, 
ബോധത്തിന് അനുഭവമായിമാറുന്നു.
.............
നീ ആരാകുന്നു? 
നാവ് തീപ്പന്തമായി
ചോദ്യം അഗ്നിസ്ഫുലിംഗവും
ആളുന്ന തീയില്‍ ജ്വലിക്കുന്ന ചോദ്യം
തീനാമ്പുകള്‍ ഉത്തരങ്ങളെ ചാരമാക്കിമാറ്റുന്നു.
പിളര്‍ന്ന വായയും മിഴിച്ച കണ്ണുകളും
ഉത്തരത്തിന്റെ ബീജം തിരയുന്നു.
.........
മനുഷ്യന്‍ എത്ര സ്വാര്‍ഥനാണ്.
സ്വന്തം ശരീരത്തെ ഇത്രമേല്‍ പ്രാപിക്കുന്നവന്‍. 
ശരീരത്തിനുള്ളിലെ ഇത്തിരി ജീവവായുവില്‍
സംതൃപ്തിയുടെ മഹാഗോപുരം
സ്വന്തം കൊടിക്കൂറ എത്രമേല്‍ ഉയരെ പാറിക്കുന്നവന്‍
സ്വയം താഴ്ത്തപ്പെടുന്നവന്‍ ഉയര്‍ത്തപ്പെടുംപോല്‍.
..........
ജീവിതം ഓരോ നിമിഷത്തിലും എരിഞ്ഞുകൊണ്ടിരിക്കുന്നു
ആശുപത്രിയിലും തെരുവിലും ചേരിയിലും ജയിലിലും
ഓക്കാനം വരുന്ന ഓര്‍മകളില്‍ ഓരിയിടുന്ന നായകള്‍
പഴയതിനുമേലെ പുതിയ മേലാപ്പുകള്‍ തുന്നിച്ചേര്‍ത്ത്
തോല്‍വികള്‍ക്കുമേലെ വിജയീഭാവകോലാഹലം
......
കത്തിനശിച്ചതിനുശേഷം ബാക്കിയാവുന്നത്
ഭാരമില്ലാത്ത ചാരവര്‍ണം ചോരഓര്‍മയില്‍
നിറഞ്ഞസത്യം ചുട്ടുപൊള്ളും സൂര്യനാളമായി
മിഥ്യാഗര്‍വ് പൊട്ടിയോഴുകും ചലംപോല്‍ നിശൂന്യം
ഇരുട്ടുകൊണ്ടു അടയ്ക്കുകയും നിറയ്ക്കുകയും.

........







golden thoughts

മനുഷ്യന് ചിന്തിക്കാനോ പറയാനോ പുതിയതായി യാതൊന്നുമില്ല.
......
എത്ര തീര്‍ന്നിട്ടും ബാക്കിയാവുന്നത് മനുഷ്യനാണ്. വംശനാശം വരാത്ത ഒരേയൊരു വര്‍ഗം.
......
മനുഷ്യന് മരണമില്ല, അവന്‍ ജനിച്ചുകൊണ്ടിരിക്കുകയാണ് ജീവിതത്തില്‍.
.....
ജീവിതം ചുട്ടുപൊള്ളുന്ന തീക്കനല്‍പോലെയാണ്.
........
നമ്മള്‍ എന്താണോ അതുതന്നെയാണ് നമ്മുടെ അസ്തിത്വം.
......
നമ്മുടെ കഴിവും കഴിവുകേടും ബലവും ബലഹീനതയും ചേര്‍ന്നതാണ് നമ്മുടെ സ്വത്വം.
...........
എല്ലാം അറിയുന്നവന്‍ അവന്‍തന്നെയാണ്, അവനെക്കുറിച്ചുമാത്രം.
...............
തന്നെക്കുറിച്ചുതന്നെയുള്ള അറിവില്ലായ്മയാണ് ഏറ്റവും വലിയ അജ്ഞത.
..............
കഴിവുകൊണ്ട് കഴിവില്ലായ്മയെ ഇല്ലായ്മ ചെയ്യുക.
.........
സൂചി ആവശ്യമുള്ളിടത്ത് വാളിന്റെ ആവശ്യമില്ല. സ്വന്തം നിയോഗം അറിയുക.
..............
ഒന്നിന്റെ അഭാവത്തില്‍മാത്രമാണ് അതിന്റെ മൂല്യം അളക്കപ്പെടുന്നത്.
...............
പരാജയവും വിജയവും ചേര്‍ന്നതാണ് ജീവിതം.
..........
ഒഴുകുന്ന പുഴപോലെ, ഒരു കൈക്കുടന്ന കോരിയാലോ, തൂകിയാലോ അറിയില്ല ജീവിതം. അത് ഒഴുകിക്കൊണ്ടിരിക്കും, കടലില്‍ ചേരുന്നതുവരെ.
.............
ജീവന്റെ നിലനില്‍പ്പാണ് ജീവിതത്തിന്റെ അടിയാധാരം.
........
സ്വന്തം നിലനില്‍പ്പിനെക്കാള്‍ വലുതായി യാതൊന്നുമില്ല.
..........
മരണത്തെക്കാള്‍ വലിയ പരാജയം മറ്റെന്താണ്.
..............
ഒരാളെ തോല്‍പ്പിക്കാന്‍ ഏറ്റവും നല്ല വളഞ്ഞവഴി അയാളെ ഇല്ലാതാക്കലാണ്. എന്നാല്‍ കൊന്നാലും തോല്‍ക്കാത്ത ചിലതുണ്ട്.
...............
നാശത്തിന്റെ അവസാനമില്ല.
...............
ഇന്നലെ, ഇന്ന്, നാളെ തുടര്‍ച്ചയുടെ ഇടര്‍ച്ചയില്ലാത്ത കണ്ണികളാണ്.
...............
പ്രേമിക്കുകയെന്നാല്‍ പുഷ്പിക്കുകയാണ്. സൃഷ്ടി സ്ഥിതി, സംഹാരമാര്‍ന്ന ഏകത്വരൂപം. അനിര്‍വചനീയമായ ആനന്ദാനുഭൂതി.
..........
സ്‌നേഹിക്കുന്നവര്‍ അനേകര്‍, സ്‌നേഹിക്കപ്പെടുന്നവര്‍ അപൂര്‍വം.
.........
പരസ്പരം പങ്കുവയ്ക്കലാണ്, അംഗീകരിക്കലാണ് സ്‌നേഹപ്രകടനം. 
.......
വഴി വഴിത്തിരിവുകൂടിയായിരിക്കണം.
.......
ഓരേ പാതയിലൂടെ സഞ്ചരിക്കുന്നവന്‍ എവിടെയും എത്തുന്നില്ല.
...............
സൗന്ദര്യം സൗഭാഗ്യവും, അറിവ് അനുഗ്രഹവുമാണ്.
...........
ജ്ഞാനം ആര്‍ജിതമാണ്. എല്ലാ അറിവുകളെയും ആര്‍ജിച്ചവനാണ്.
..........
നഷ്ടപ്പെടാന്‍ യാതൊന്നുമില്ല. ഇതുവരെ ഉള്ളതൊക്കെത്തന്നെയാണ് നേട്ടം.
.............
ഓരോ ദിവസവം ഉണരുന്നവന്‍ മൃത്യുവെ ജയിച്ചവന്‍.
..........
അറിയാതെയും ഓര്‍ക്കാതെയും പോകുന്ന രണ്ടുകാര്യങ്ങള്‍: ഹൃദയമിടിപ്പും ശ്വസനവും.
...........
നിങ്ങള്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് നിങ്ങളുടെ ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്നത്.
...........
എല്ലാം പണങ്കൊണ്ടളക്കപ്പെടും.
.....
മുന്നോട്ടും ഉയര്‍ച്ചയിലേക്കുമാണ് ജീവിതം.
.........
സ്വന്തം കാലിലും വിശ്വാസത്തിലും സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുക.
....
സാഹചര്യമാണ് ഒരാളെ ദരിദ്രനും ധനികനും ആക്കുന്നത്.
.........
അതീന്ദ്രിയമായ കാഴ്ചയില്‍ മാത്രമേ അനുഭൂതി ലഭിക്കുകയുള്ളൂ.
..........
കാഴ്ചയും കാഴ്ചക്കാരനും. കാഴ്ചകള്‍ മാറിക്കൊണ്ടിരിക്കും, കാഴ്ചക്കാരന്‍ സ്ഥിരവും.
.........

Monday, May 18, 2015

കലാപം

തീ, പുക, കാതടയ്ക്കുന്ന ശബ്ദം
നെഞ്ചിടിപ്പ് പെരുമ്പറയായി
തലച്ചോറില്‍ കൊള്ളിയാന്‍ മിന്നി
ബാക്കിയായത് കുറെ ചെരുപ്പുകള്‍
തലങ്ങും വിലങ്ങും ശവശരീരങ്ങള്‍ 
മേല്‍വിലാസം വിലാസക്കാരനെ
തിരയുന്നു, വലയുന്നു, വിയര്‍ക്കുന്നു

പൊലീസ്, ദ്രുതസേന, ഫയര്‍ഫോഴ്‌സ്
മരിച്ചവരുടെ കണക്കുപുസ്തകം
പൂക്കളും പുഷ്പഹാരങ്ങളും
പത്രത്തലക്കെട്ട് കറുപ്പിലും തടിപ്പിലും
അനുശോചനം, ഗൃഹസന്ദര്‍ശനം

നിശ്ശബ്ദത കനംതൂങ്ങിയ മുറികള്‍
തേങ്ങലുകളില്‍ തിങ്ങിവിങ്ങി.
ഉറ്റവനും ഉടയവളും നഷ്ടപ്പെട്ടവര്‍
ശപിക്കപ്പെട്ട നിമിഷങ്ങളില്‍
ഹോമിക്കപ്പെട്ടവര്‍, ഹതഭാഗ്യവര്‍

അവകാശവാദങ്ങള്‍
വിജയഘോഷങ്ങള്‍
പരാജിതരുടെ ജല്‍പ്പനങ്ങള്‍
നഷ്ടങ്ങളുടെ പങ്കുവയ്ക്കല്‍
ലാഭക്കണക്ക് വരവുവച്ചവര്‍

ചാവേര്‍, ബലിദാനി, രക്തസാക്ഷി
മരണവുമായുള്ള പകിടകളി
മരണാവസാനംവരെ ജീവന്റെ
കിടമല്‍സരം, കൊമ്പുകോര്‍ക്കല്‍
മരണത്തെ ജയിക്കാത്തവന്റെ
വിജയമന്ത്രപ്രഘോഷണങ്ങള്‍

ആരുടെയോ, ആര്‍ക്കുവേണ്ടിയോ
കഴുത്തറപ്പ്, തൂക്കിക്കൊല, വെടിവയ്പ്
കൂട്ടത്തില്‍നിന്നും അടര്‍ത്തിമാറ്റപ്പെടുന്നവര്‍
ബലപ്രയോഗത്തില്‍ ബലഹീനരായവര്‍
കൂട്ടത്തോടെ മറവുചെയ്യപ്പെട്ടവര്‍
ആടുമാടിന്റെ അനുസരണയാല്‍
വരിവരിയായി മരണക്കയത്തിലേക്ക്

ഇരുമ്പുകൂട്ടില്‍ തീനാളമായത്
എന്റെ ശരിയും നിന്റെ തെറ്റും.
ഒരിക്കലും സമരസ്സപ്പെടാത്ത
സൂത്രവാക്യങ്ങള്‍പ്പോലെ
എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കി
ഒരുശബ്ദംമാത്രം മുഴക്കി
ഒരേതാളത്തില്‍ ഒരേമേളത്തില്‍

താടിയും തലേക്കെട്ടും
കാവിയും കാഷായവും
കാക്കി, കുറുവടി, ദണ്ഡ്
വടിവാള്‍, ഏറുപടക്കം, ബോംബ്,
പച്ച, വെള്ള, കറുപ്പ്, ചുവപ്പ്
നിറങ്ങള്‍ പലതരത്തില്‍
ഒരേ നിറത്തില്‍ രക്തവും
പലരൂപത്തില്‍ മനുഷ്യനും

ഗ്രന്ഥങ്ങളും ഗോപുരങ്ങളും
കൊല്ലാനും കൊലവിളിക്കും
കൈവെട്ട്, അംഗഭംഗം, ശിരച്ഛേദം
ഒറ്റയ്ക്കും കൂട്ടമായും കുരുതികള്‍
കൊള്ള, കൊള്ളിവയ്പ്, ബലാല്‍ക്കാരം
വയര്‍പിളര്‍ക്കുന്ന വാള്‍ത്തലപ്പ്
പിറക്കാതെ പോവുന്ന ജന്മങ്ങള്‍.
തെരുവിലലയുന്ന ബാല്യങ്ങള്‍
ഭിക്ഷതേടുന്ന വാര്‍ധക്യം
ജീവനും മരണത്തിനുമിടയില്‍.

മനുഷ്യന്‍ മനുഷ്യനാല്‍
വാളെടുത്തവന്‍ വാളാല്‍!

പ്രണയാങ്കുരം

പ്രിയേ സഹിക്ക വയ്യ നിന്‍
വിയോഗം തീര്‍ക്കും മൂകമാം
നെടുവീര്‍പ്പുകള്‍, ഹൃദയറകളില്‍
നീനാളമായി എരിയുു നിന്‍
ഓര്‍മകള്‍ തീര്‍ക്കും നിമിഷങ്ങള്‍
എന്‍ പാതിയാം നിന്‍ പാതിയെ
അടര്‍ത്തിയെടുത്തൊരാ ദുരന്ത
വിധിയെ എത്രമേല്‍ വിസ്മരിച്ചീടു
കിലും ഓര്‍മകളില്‍ പുതുജന്മമായ്
നീ വിളങ്ങുന്നു മന്ദസ്മിതംതൂകി
നിന്നെവരിച്ച നിമിഷംമുതല്‍ 
നീ നല്‍കിയൊരാശ്വാസ നിശ്വാസം
രക്തധമനികളില്‍ ഒഴുകിയ ചുടു
ചോരയില്‍ നീ പകര്‍ന്നൊരാ
വിദ്യുത്പ്രവേഗമാം തുടിപ്പുകള്‍
നിമിഷങ്ങളാല്‍ തീര്‍ത്തൊരാ
ജീവിതയാത്രതന്‍ തുഴകളില്‍
നീ പകര്‍ന്ന ശക്തിയും ആവേശവും
മറക്കില്ലൊരിക്കലുമെങ്കിലും
താങ്ങുവാനാകില്ല നിന്‍വിട
നല്‍കിയ ആഘാതമേല്‍പ്പിച്ച
മുറിവുകള്‍ ഹൃദയഭിത്തിയില്‍
നീറ്റലായി പുകയുന്നു വ്രണിതമായ്
മകനരികിലെന്നാകിലും ആശ്വസിപ്പിക്കാന്‍
വാക്കുകള്‍ മതിയാവില്ല, നിന്‍
കരവല്ലരിയുടെ സ്പര്‍ശമില്ലാതെ.
കാറ്റും മഴയും ഇടിയും മിന്നലും
തകൃതിയായി പെയ്‌തൊടുങ്ങിലും
ഊര്‍വരം മനസ്സകം അന്ധകാരം
മിന്നാമിനുങ്ങിന്‍ പ്രഭാപൂരം
തീര്‍ക്കില്ലൊരിക്കലും വര്‍ണരാചികള്‍
നീയില്ലാതെയൊടുങ്ങുമാം നിശ്ശബ്ദ
നിമിഷങ്ങളില്‍ ഞാന്‍ തനിച്ചിരുന്നൂ
എണ്ണിയാലൊടുങ്ങാത്ത ദിനരാത്ര
കോലാഹലങ്ങളില്‍ ഭ്രാന്തമാം മുരള്‍ച്ച
മാത്രമായിമാറുന്നു തലക്കനത്താല്‍
ഊണില്ല, ഉറക്കമില്ല, കുളിയും ഒരുങ്ങലും
ഇനിയെത്രനാള്‍ കാക്കേണം നിന്നരികി
ലെത്താന്‍, നിന്നെ കൊതിതീരെ വീണ്ടും
കണ്ടിരിക്കാന്‍, നിന്‍ മടിയില്‍ തലചായ്ചു
റങ്ങാന്‍, മനസ്സിന്റെ ആഴങ്ങളില്‍ മുങ്ങാന്‍
മകനേ മാപ്പു നല്‍കൂ നിന്‍ അച്ഛനാം
പാപിയെ മറന്നേക്കൂ എന്നേക്കുമായ്
വയ്യെനിക്ക് നിന്‍ മാതൃവിയോഗം 
തീര്‍ക്കും ചുടലപോല്‍ എരിയും
മനസ്സിനെ താങ്ങുവാന്‍ വെല്ലുവാന്‍
നിന്‍മനം ഭീമശ്ശക്തിയാല്‍ നിവര്‍ത്തണം
ജീവിതസാഗര പ്രളയജ്വരങ്ങളെ
മറികടന്നീടുവാന്‍, വിജയംവരിക്കാന്‍.