Monday, May 18, 2015

കലാപം

തീ, പുക, കാതടയ്ക്കുന്ന ശബ്ദം
നെഞ്ചിടിപ്പ് പെരുമ്പറയായി
തലച്ചോറില്‍ കൊള്ളിയാന്‍ മിന്നി
ബാക്കിയായത് കുറെ ചെരുപ്പുകള്‍
തലങ്ങും വിലങ്ങും ശവശരീരങ്ങള്‍ 
മേല്‍വിലാസം വിലാസക്കാരനെ
തിരയുന്നു, വലയുന്നു, വിയര്‍ക്കുന്നു

പൊലീസ്, ദ്രുതസേന, ഫയര്‍ഫോഴ്‌സ്
മരിച്ചവരുടെ കണക്കുപുസ്തകം
പൂക്കളും പുഷ്പഹാരങ്ങളും
പത്രത്തലക്കെട്ട് കറുപ്പിലും തടിപ്പിലും
അനുശോചനം, ഗൃഹസന്ദര്‍ശനം

നിശ്ശബ്ദത കനംതൂങ്ങിയ മുറികള്‍
തേങ്ങലുകളില്‍ തിങ്ങിവിങ്ങി.
ഉറ്റവനും ഉടയവളും നഷ്ടപ്പെട്ടവര്‍
ശപിക്കപ്പെട്ട നിമിഷങ്ങളില്‍
ഹോമിക്കപ്പെട്ടവര്‍, ഹതഭാഗ്യവര്‍

അവകാശവാദങ്ങള്‍
വിജയഘോഷങ്ങള്‍
പരാജിതരുടെ ജല്‍പ്പനങ്ങള്‍
നഷ്ടങ്ങളുടെ പങ്കുവയ്ക്കല്‍
ലാഭക്കണക്ക് വരവുവച്ചവര്‍

ചാവേര്‍, ബലിദാനി, രക്തസാക്ഷി
മരണവുമായുള്ള പകിടകളി
മരണാവസാനംവരെ ജീവന്റെ
കിടമല്‍സരം, കൊമ്പുകോര്‍ക്കല്‍
മരണത്തെ ജയിക്കാത്തവന്റെ
വിജയമന്ത്രപ്രഘോഷണങ്ങള്‍

ആരുടെയോ, ആര്‍ക്കുവേണ്ടിയോ
കഴുത്തറപ്പ്, തൂക്കിക്കൊല, വെടിവയ്പ്
കൂട്ടത്തില്‍നിന്നും അടര്‍ത്തിമാറ്റപ്പെടുന്നവര്‍
ബലപ്രയോഗത്തില്‍ ബലഹീനരായവര്‍
കൂട്ടത്തോടെ മറവുചെയ്യപ്പെട്ടവര്‍
ആടുമാടിന്റെ അനുസരണയാല്‍
വരിവരിയായി മരണക്കയത്തിലേക്ക്

ഇരുമ്പുകൂട്ടില്‍ തീനാളമായത്
എന്റെ ശരിയും നിന്റെ തെറ്റും.
ഒരിക്കലും സമരസ്സപ്പെടാത്ത
സൂത്രവാക്യങ്ങള്‍പ്പോലെ
എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കി
ഒരുശബ്ദംമാത്രം മുഴക്കി
ഒരേതാളത്തില്‍ ഒരേമേളത്തില്‍

താടിയും തലേക്കെട്ടും
കാവിയും കാഷായവും
കാക്കി, കുറുവടി, ദണ്ഡ്
വടിവാള്‍, ഏറുപടക്കം, ബോംബ്,
പച്ച, വെള്ള, കറുപ്പ്, ചുവപ്പ്
നിറങ്ങള്‍ പലതരത്തില്‍
ഒരേ നിറത്തില്‍ രക്തവും
പലരൂപത്തില്‍ മനുഷ്യനും

ഗ്രന്ഥങ്ങളും ഗോപുരങ്ങളും
കൊല്ലാനും കൊലവിളിക്കും
കൈവെട്ട്, അംഗഭംഗം, ശിരച്ഛേദം
ഒറ്റയ്ക്കും കൂട്ടമായും കുരുതികള്‍
കൊള്ള, കൊള്ളിവയ്പ്, ബലാല്‍ക്കാരം
വയര്‍പിളര്‍ക്കുന്ന വാള്‍ത്തലപ്പ്
പിറക്കാതെ പോവുന്ന ജന്മങ്ങള്‍.
തെരുവിലലയുന്ന ബാല്യങ്ങള്‍
ഭിക്ഷതേടുന്ന വാര്‍ധക്യം
ജീവനും മരണത്തിനുമിടയില്‍.

മനുഷ്യന്‍ മനുഷ്യനാല്‍
വാളെടുത്തവന്‍ വാളാല്‍!

No comments:

Post a Comment