Monday, May 25, 2015

thoughts

ഇത്രയും ദിവസങ്ങളില്‍ എന്തു സംഭവിച്ചു? 
ശരീരത്തില്‍ ജീവന്‍ ബാക്കിയായിത്തന്നെയിരിക്കുന്നു. 
മങ്ങിക്കത്തുന്ന നെയ്തിരിവെട്ടംപോലെ. 
ജീവന്റെ സ്പന്ദനം ഒരോര്‍മയുടെ ഉള്‍വിളിയായി 
അകലങ്ങളിലെ ആഴങ്ങളില്‍നിന്നു പ്രതിധ്വനിക്കുകയാണ്. 
അത് ജീവിതത്തിലെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും 
ശേഷമുള്ള ശിഷ്ടത്തെ വെളിപ്പെടുത്തുന്നു. 
കേള്‍വിക്ക് ശബ്ദമായി, 
കണ്ണിന് കാഴ്ചയായി, 
ബോധത്തിന് അനുഭവമായിമാറുന്നു.
.............
നീ ആരാകുന്നു? 
നാവ് തീപ്പന്തമായി
ചോദ്യം അഗ്നിസ്ഫുലിംഗവും
ആളുന്ന തീയില്‍ ജ്വലിക്കുന്ന ചോദ്യം
തീനാമ്പുകള്‍ ഉത്തരങ്ങളെ ചാരമാക്കിമാറ്റുന്നു.
പിളര്‍ന്ന വായയും മിഴിച്ച കണ്ണുകളും
ഉത്തരത്തിന്റെ ബീജം തിരയുന്നു.
.........
മനുഷ്യന്‍ എത്ര സ്വാര്‍ഥനാണ്.
സ്വന്തം ശരീരത്തെ ഇത്രമേല്‍ പ്രാപിക്കുന്നവന്‍. 
ശരീരത്തിനുള്ളിലെ ഇത്തിരി ജീവവായുവില്‍
സംതൃപ്തിയുടെ മഹാഗോപുരം
സ്വന്തം കൊടിക്കൂറ എത്രമേല്‍ ഉയരെ പാറിക്കുന്നവന്‍
സ്വയം താഴ്ത്തപ്പെടുന്നവന്‍ ഉയര്‍ത്തപ്പെടുംപോല്‍.
..........
ജീവിതം ഓരോ നിമിഷത്തിലും എരിഞ്ഞുകൊണ്ടിരിക്കുന്നു
ആശുപത്രിയിലും തെരുവിലും ചേരിയിലും ജയിലിലും
ഓക്കാനം വരുന്ന ഓര്‍മകളില്‍ ഓരിയിടുന്ന നായകള്‍
പഴയതിനുമേലെ പുതിയ മേലാപ്പുകള്‍ തുന്നിച്ചേര്‍ത്ത്
തോല്‍വികള്‍ക്കുമേലെ വിജയീഭാവകോലാഹലം
......
കത്തിനശിച്ചതിനുശേഷം ബാക്കിയാവുന്നത്
ഭാരമില്ലാത്ത ചാരവര്‍ണം ചോരഓര്‍മയില്‍
നിറഞ്ഞസത്യം ചുട്ടുപൊള്ളും സൂര്യനാളമായി
മിഥ്യാഗര്‍വ് പൊട്ടിയോഴുകും ചലംപോല്‍ നിശൂന്യം
ഇരുട്ടുകൊണ്ടു അടയ്ക്കുകയും നിറയ്ക്കുകയും.

........







No comments:

Post a Comment