Wednesday, June 10, 2015

മഹാ കാവ്യം



ജനിച്ചനാല്‍മുതല്‍ കാണുന്നു
സിനിമപോല്‍ നാടകശാലകള്‍
വേഷവും വേഷപ്പകര്‍ച്ചയും
മൂളലും മുരള്‍ച്ചയും അറങ്ങിലായി

കുഞ്ഞിക്കാലിനാല്‍ നടക്കാന്‍
പഠിക്കവേ എത്രമേല്‍ വീണു
പിന്നെയും എണീറ്റു നിന്‍
സഹായഹസ്തത്താല്‍ ആവേശമായി

അമ്മിഞ്ഞപ്പാലിന്‍ നറുമണം
എത്രമേല്‍ സുഗന്ധമായി നുണഞ്ഞു
ഹൃദയത്തിലൂറുന്നു സ്‌നേഹമാം
ദീപ്തസ്മരണ മനസ്സിലായി

പാടവും വരമ്പും കുളവും
കുളക്കോഴിയും പരല്‍മീനുകള്‍
നീന്തിത്തുടിക്കുമാം തോട്ടുവഴികളില്‍
നടന്നുപോകവേ കണ്ടു കാണാക്കൗതുകം

എത്ര ജീവികള്‍ വിശേഷങ്ങള്‍
ഒഴുകും ജലത്തിന്‍ ഇടുക്കില്‍
ഒളിച്ചിരിക്കും വിഷപ്പാമ്പിന്‍
പേടിപ്പെടുത്തുന്ന കാഴ്ചകള്‍

പച്ചവിരിച്ചൊരാ നെല്‍പ്പാടത്തിന്‍
വരമ്പിലൂടെ എത്രനാള്‍ പിച്ചവച്ചു
നടന്നുപോയൊരാ നിഷ്‌കളങ്കമാം
ഓര്‍മകള്‍ തികട്ടുന്നു ഓളമായി

അക്ഷരമാലകള്‍ തിരമാലകളാല്‍
ചുഴികള്‍തീര്‍ത്തു മുടിയിഴകളില്‍
കണ്ണില്‍ ഇരുട്ടുപരന്നു ഭീതിയാല്‍
ഉരുട്ടിയ കണ്ണുകള്‍ ചുഴൂന്നുമനസ്സില്‍

പിച്ചലും അടിയും തെറിയും കൊണ്ട്
അഭിഷേകം, ആഭിചാരം, കുറ്റവിചാരണ
പഠനം പലതും കഴിഞ്ഞെന്നാലും
തീരുന്നില്ല പഠിപ്പതു ജന്മംമുഴുവന്‍

കാലന്‍കോഴികള്‍ നീട്ടിവിളിച്ചു
മരണംവന്നു വീടുകളില്‍
കറുത്ത കര്‍ക്കടകം പുലകുളിയാല്‍
മൗനം തീര്‍ത്തു അകത്തളങ്ങളില്‍

ചീറിപ്പായും വണ്ടികള്‍ റോഡില്‍
കൂകിപ്പായും തീവണ്ടി കരിയുംതുപ്പി
കാണാക്കാഴ്ചകള്‍ കണ്ടുരസിച്ചു
മതിവരാതെ മനംനിറയാതെ

ജയവും തോല്‍വിയും ഒത്തുകളിച്ചു
പഠനം പാതിവഴിയില്‍ നിന്നുകുഴഞ്ഞു
മറന്നും ഓര്‍ത്തും ചിരിച്ചും പറഞ്ഞു
പലവഴി പിരിഞ്ഞു പലരായി മാറി

ഒഴുകിപ്പോയി വെള്ളമതുയേറെ
കടലില്‍ചേര്‍ന്നാല്‍ കാര്യമതെന്ത്
ഉപ്പുകലര്‍ന്നൊരു കടല്‍ജലമതു
പോലെ ആള്‍ക്കൂട്ടത്തിലലിഞ്ഞവര്‍

ജീവിതപന്ഥാവില്‍ അരഞ്ഞൊരു
ജീവന്‍ കൈകാലിട്ടടിക്കുന്നു
അകന്നുപോയൊരു ജീവിതം 
തിരികെത്തരുവാന്‍ കേണതുകേഴുന്നു

സ്വപ്‌നംകാണും രാത്രികള്‍
പകല്‍ക്കിനാവായി നേരപ്പോക്ക്
വളരുംതടി പൊള്ളമനസ്സായി
ബുദ്ധിയും ചിന്തയും കെട്ടുപിണഞ്ഞു

അമ്പലമേറെ കയറിയിറങ്ങി
പള്ളിമണികള്‍ കേട്ടുമടുത്തു 
ബാങ്കുവിളിയില്‍ ഞെട്ടിയുണര്‍ന്നു
ദൈവം പാതിവഴിയില്‍ ഇറങ്ങിപ്പോയി

ദിനവും രാവും കൊഴിഞ്ഞു
കൊലമരങ്ങള്‍ തൂങ്ങിയാടി
നിശ്ശബ്ദരോധനം അലയടിയായി
തോക്കും തിരയും കടിപിടികൂടി

ബോംബുകള്‍ മൈനുകള്‍
മനുഷ്യഹൃദയം കൊത്തിയെടുത്തു
എല്ലിന്‍കൂടും തലയോട്ടികളും
പേരില്ലാ ഊരില്ലാ സ്മാരകമായി

പ്രേമം മനസ്സില്‍ തിരച്ചുഴിയൊരുക്കി
ഒളിച്ചോട്ടവും ആള്‍മാറാട്ടവും 
അച്ഛനും അമ്മയും എന്തുപിഴച്ചും
മക്കള്‍ പഠിച്ചും പഴിച്ചും

വേഴ്ചയും കാഴ്ചയും ഇടകലര്‍ന്നങ്ങനെ
അശ്ലീല ശീലങ്ങള്‍ മനപ്പാഠമാക്കിയും
പിഞ്ചുമക്കള്‍മുതല്‍ അമ്മൂമ്മമാര്‍വരെ
പീഡനപര്‍വത്തില്‍ ബലിയാടുകളായി

സ്വപ്‌നം കാണാന്‍ പഠിപ്പിക്കേണ്ട
സ്വര്‍ഗം പൂകാന്‍ പറഞ്ഞുതരേണ്ട
പറക്കമുറ്റിയാല്‍ കാലുറച്ചാല്‍
ചാടും വേലിയും അതിരുംമേലെ

നോക്കിയിരിക്കെ മാറിയൊരുലോകം
ചാറ്റും നെറ്റും വാട്‌സആപ്പും
ഫെയ്‌സില്ലാത്ത ഫെയ്‌സ്ബുക്കും
കാണാക്കാഴ്ചകളായി വിശ്വലോകം

തമ്മില്‍ത്തല്ലി കുലുങ്ങും ലോകം
കൊല്ലും കൊലയും പുതുമയേയല്ല
ചരിത്രം ചികഞ്ഞുമറിഞ്ഞൊരു കാലം
ചരിത്രമെഴുതി കത്തിയമരുന്നു

ഒന്നാം യുദ്ധവും രണ്ടാം യുദ്ധവും
തീര്‍ത്തൊരു ഭീതി മുന്നാം യുദ്ധം
ബാക്കിയിരിപ്പായി നോക്കിയിരിപ്പായി
ഉള്ളിലൊടുങ്ങാത്ത യുദ്ധക്കൊതിയും

മതവും ജാതിയും കൊടിയടയാളം
പച്ചച്ചോര എത്രയൊഴുക്കി
ചുവന്നചോരയില്‍ തിരഞ്ഞുനടന്നു
സ്വന്തം ചോരയുടെ കാണാനിറങ്ങള്‍

റോഡില്‍ ഒഴുകിയ ചോരയില്‍
കുതിര്‍ന്നു മനുഷ്യസ്വപ്‌നം അകാലത്തില്‍
കൂകിപ്പായും യന്ത്രവണ്ടി കയറിയിറങ്ങി
തലയും ഉടലും കൈയുംകാലും

മരണം നൃത്തം വയ്ക്കും ചുറ്റിലും
കാളരാത്രികള്‍ ഭയന്നുവിറച്ചും
എത്ര ജീവന്‍ പൊലിഞ്ഞിതുകാലേ
അറിയില്ല അപരാധമെന്തെന്ന്

പലജാതി ജീവികള്‍ പലനാള്‍
ജീവിതം തീര്‍ക്കുമീ ഓളപ്പരപ്പില്‍
മനുഷ്യജന്മം അമൂല്യമെന്നാകിലും
എത്രപേര്‍ വിസ്മൃതിയാഴുന്നുവൃഥാ

തീര്‍ക്കുന്നു വേഗം ഒടുങ്ങാത്ത താളം
തീയില്‍ എറിയും പാറ്റപോല്‍ 
പൊലിയുന്നു കണ്‍മുന്നിലായി
കാതിന്‍ കേള്‍വിയായി നടുക്കമായി

നമ്മള്‍ രണ്ടായി നമുക്ക് രണ്ടായി
രണ്ടുനാള്‍ നാലുനാളങ്ങനെ
ജീവിതം കരുപിടിച്ചു പച്ചയായി
ചുവപ്പിന്‍കാഴ്ചയും മണവും രുചിയും

എത്രനാള്‍ ഒരുകൂരയില്‍ ഒരുഹൃദയമായി
ഒന്നിച്ചും വേര്‍പിരിഞ്ഞും ഉറക്കിന്റെ
ശീതളഓര്‍മയില്‍ രമിച്ചങ്ങനെ
കോര്‍ത്തുവച്ചൊരാ തളിത്തൊരു നാളുകള്‍

ഗ്രാമം വെടിഞ്ഞു പട്ടണം കയറിയും
നഗരം വെടിഞ്ഞു നരകം പുല്‍കിയതും
നാഗത്തെപ്പോല്‍ ഇഴഞ്ഞും നാകംപോല്‍
വിളങ്ങിയും പടംപൊഴിച്ചു ജീവിതം

അമ്മയും അച്ഛനും ഏറെനാളില്ലെന്ന
മുന്‍വിധി സ്വയംവിധിയായി കാണേ
ആര്‍ജിച്ചു ശക്തിയും ലക്ഷ്യവും
ജീവിതം കൊതിയോടെ ഉയിര്‍ക്കുന്നു

നരകയറിയിറങ്ങിയ നരന്മാര്‍ തിരക്കുന്നു
നൂല്‍പ്പാലം കടന്നുയമലോകം പ്രാപിക്കാന്‍
വീര്‍ത്തും ചീര്‍ത്തും ആഗ്രഹം ബാക്കിയായി
നോക്കുകുത്തിപോല്‍ ശരീരം അനാഥമായി!













No comments:

Post a Comment