Monday, June 29, 2015

പനിനീര്‍ദളങ്ങള്‍

അഞ്ചു പനിനീര്‍ പുഷ്പങ്ങളായി
ഇതളുകൊഴിഞ്ഞു വിവര്‍ണമായവര്‍
കളിയും ചിരിയും നെടുനിശ്വാസത്തില്‍
അലിഞ്ഞവര്‍, പൊലിഞ്ഞവര്‍
ഇനിയും വിരിയാത്ത വര്‍ണ്ണവും
ഇനിയും പരക്കാത്ത സുഗന്ധവും
പുസ്തകസഞ്ചി മാറോടണച്ചവര്‍
മരണം റാഞ്ചിയ കുരുന്നുകള്‍
ദുരന്തം കണ്ണുകെട്ടിക്കളിക്കുന്നു
ഉണരേണ്ടവര്‍ ഉറക്കം നടിക്കുന്നു
ദുരന്തങ്ങളില്‍ ഹരിശ്രീ കുറിക്കാത്തവര്‍
മൃതസഞ്ജീവനിയുമായി നടക്കുന്നവര്‍
മരണമില്ലാത്തവര്‍, അഹങ്കാരികള്‍

പൊന്നുമക്കളേ...
നിശ്ചലദേഹം കാണേണ്ടിവന്നവര്‍
പാപികള്‍ നരകംപോലും വിധിക്കാത്തവര്‍
നിങ്ങളര്‍പ്പിച്ച വിശ്വാസമേ 
നിങ്ങളെ രക്ഷിക്കാതെേേപായല്ലോ
നിങ്ങളുടെ ആത്മാവ് പകരം ചോദിക്കില്ലേ
പാപികളായ ഞങ്ങളോട് 
വിധിക്കുക, ഞങ്ങള്‍ക്ക് കഴുമരംതന്നെ
തിളയ്ക്കുന്ന എണ്ണയില്‍ വേവട്ടെ കശ്മലര്‍
ചെന്നായകള്‍ കടിച്ചുകീറട്ടെ ശരീരം

ആദ്യാക്ഷരം പഠിച്ച് അന്ത്യാക്ഷരം കുറിച്ചവര്‍
അക്ഷരമാലകള്‍ ഉരുവിട്ടെന്നാലും
മരണം വന്നൂവിളിച്ചപ്പോള്‍
ലോകം വെടിഞ്ഞു സ്വര്‍ഗം പൂകിയവര്‍
നരനായി ജനിച്ചു ശലഭമായി പറന്നവര്‍
പാതയല്ലിതു കാലപാതയിത്
മരമൊടിഞ്ഞും പുഴയില്‍ വിണും
എത്ര കുസുമങ്ങള്‍ അറ്റുപോയി ജിവനെ

ആരുണ്ട് രക്ഷിക്കാന്‍ 
ആരുണ്ട് സാന്ത്വനമേകാന്‍
വിലാപവും ആശ്വാസവാക്കും ആര്‍ക്കുവേണ്ടി
പോയ ജീവനെ തിരികെത്തരുവാന്‍ 
ഏതുദൈവം പ്രത്യക്ഷമാകും
ദൈവത്തെപ്രതി, മതത്തെപ്രതി
ദ്വന്ദ്വയുദ്ധങ്ങള്‍, കൊലവെറികള്‍
ആയുസെത്തുംമുന്‍പേ കൊലക്കയറുമായി
ഏതുദൈവമാണ് കാലനെ അയച്ചത്
വേദപുസ്തകവും പുരാണവും
ചൊല്ലിയും ഉരുവിട്ടും പഠിച്ചും പഠിപ്പിച്ചും
അപരന്റെ ജീവനെ കാക്കാതെ
സ്വജീവന്‍ കാക്കലോ, രക്ഷിപ്പതോ...

നെഞ്ചുപിളര്‍ക്കും വാര്‍ത്തകേള്‍ക്കാന്‍
കരുത്തില്ല അമ്മയ്ക്കും അച്ഛനും കൂട്ടുകാര്‍ക്കും
ചീറിയടുത്തു നിശ്ചലം ചേതനയറ്റമലരുകള്‍
ഒരുനോക്കു കാണുവാന്‍ അശക്തരായി
തിങ്ങിവിങ്ങി നാട്ടുകാര്‍ കുറ്റബോധത്താല്‍
ജീവന്റെ പാതിയെ അടര്‍ത്തിയെടുത്താലേ
വേദനയെന്തെന്ന്് സത്യമായി പൊളിയടരൂ
അന്യന്റെ വേപഥു എത്രയായാലും അത്രമാത്രം.
ജീവനെ രക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍
പൊള്ളവാക്കും റീത്തും പുഷ്പചക്രവും
അടിയന്തിരം കഴിക്കുവാന്‍ വെമ്പുന്നോര്‍
പശ്ചാത്താപവും ഖേദവും നൈമിഷികം
സ്വന്തമായി എത്രയോ കാര്യങ്ങള്‍ കിടക്കുന്നു
അന്യന്റെ കാര്യത്തിലെന്തിനിത്ര മിടിക്കുന്നു
സ്വന്തം ഹൃദയം മിടിക്കട്ടെ സ്വന്തമായി
തോരാതെ പെയ്‌തൊരാ പെരുമഴയില്‍
മെല്ലെമെല്ലെ ചലിപ്പതു നാല്‍ചക്രവാഹനം
ബലിയര്‍പ്പിക്കാന്‍ നേരം കാത്തപോല്‍
ദ്രുതഗതിയില്‍ വരുത്തും അപകടം
മന്ദഗതിയില്‍ തീര്‍ത്തു കുരുതിക്കളം
കണ്ണുചിമ്മിത്തുറന്ന മാത്രയില്‍
പ്രകൃതി പ്രഭൃതിയായി ചരിഞ്ഞു ശകടത്തില്‍
നടുവിലായി പതിഞ്ഞൊരാ കാലവൃക്ഷം
കൊത്തിമാറ്റാത്തവര്‍ കൊലകാത്തിരുന്നവര്‍
ചെമ്പരവതാനി വിരിച്ചാനയിക്കും രാജാക്കളെ
പ്രജകളോ കാലന്‍ വിരിച്ച പാതയില്‍ ചരിക്കും
എത്ര ദുര്‍വിധികള്‍ വന്നുപോയി, വരാനിരിക്കുന്നു
അത്ര അശ്രദ്ധരായി ബുദ്ധിശൂന്യരായി 
കഴിഞ്ഞിടും തന്റെ ആയുസ്സിന്‍കാലം
എനിക്കുശേഷം പ്രളയം രസകരം
എന്‍സുഖം അതുതന്നെ ഉത്തമം ജീവിതം
അന്യന്റെ തോളുകള്‍ ഊന്നുവടികളായി
ചവിട്ടിക്കയറാന്‍ കല്‍പ്പടവുകള്‍
അന്ത്യവിധിക്കായി കാത്തിരിക്കുക
ഇന്നിനെ വൃഥാ കെടുത്തിയൊരു ജീവിതസാക്ഷ്യം
നാളെ തിരിഞ്ഞുകൊത്തീടും വിഷസര്‍പ്പമായി!

No comments:

Post a Comment