Thursday, June 25, 2015

നോട്ടം

കുറുക്കന്റെ നോട്ടം
കോഴിക്കുട്ടിലും
പുളിക്കാത്ത മുന്തിരിയിലും

ഒറ്റുകാരന്റെ നോട്ടം
ഒളിക്യാമറയിലും
ഒളിഞ്ഞുനോക്കലിലും

കള്ളന്റെ നോട്ടം 
പണപ്പെട്ടിയിലും
കൂര്‍ക്കംവലിയിലും

രാഷ്ട്രീയക്കാരന്റെ നോട്ടം
ചക്കരക്കുടത്തിലും
വോട്ടറുടെ വിരലിലും

വായ്‌നോക്കിയുടെ നോട്ടം
തുറന്ന, ഇറുങ്ങിയ
നിമ്‌നോന്നതങ്ങളില്‍

കൈനോട്ടക്കാരന്റെ കണ്ണ്
കീശയിലെ കനത്തൂക്കത്തിലും
വാപൊളിച്ച, വിടര്‍ന്നകണ്ണിലും

പൂച്ചയുടെ നോട്ടം
കൂട്ടയില്‍ മണക്കുന്ന മീനിലും
വാല്‍മുറിച്ചോടുന്ന പല്ലിയിലും

പൂജാരിയുടെ നോട്ടം
കാണിക്കപ്പെട്ടിയിലും
പ്രാര്‍ത്ഥനാഭരിതമാം ഭക്തരിലും

അമ്പലംവിഴുങ്ങിയുടെ നോട്ടം
തുറക്കാത്ത നിലവറയിലും
ക്ഷേത്രഭരണ ചെങ്കോലിലും

കോപ്പിയടിക്കാരന്റെ നോട്ടം
ഉറക്കം തൂങ്ങും മുഖശ്രീയിലും
അടുത്തിരിക്കും ഉത്തരപേപ്പറിലും

കുറ്റവാളിയുടെ നോട്ടം
മറഞ്ഞിരിക്കുന്ന തെളിവിലും
വിധി പറയുന്ന ന്യായാധിപനിലും

ബലാല്‍സംഘക്കാരന്റെ നോട്ടം
വറ്റിയുണങ്ങിയ മഞ്ഞക്കറയിലും
ഇരയായവളുടെ ചൂണ്ടുവിരലിലും

വിശക്കുന്നവന്റെ നോട്ടം
എച്ചിലിലയില്‍ ചോറിലും
പാഴാക്കിയ ഭക്ഷണപ്പൊതിയിലും

തടവുപുള്ളിയുടെ നോട്ടം
കല്‍മതിലിന്റെ ഉയരത്തിലും
കാവല്‍ക്കാരന്റെ നോട്ടപ്പിശക്കിലും.









No comments:

Post a Comment