Friday, June 26, 2015

വിധിപര്യന്തം


അമ്മയുടെ ചിതയെരിഞ്ഞടങ്ങിയതിന്‍
ഓര്‍മകള്‍ മറവി വിഴുങ്ങുമാംവേളയില്‍
വീണ്ടും ഉലച്ചു ജീവിതനൗകതന്‍ താളം
അച്ഛനും വിസ്മൃതിയിലാണ്ടു പോയി
ഓര്‍ക്കാപ്പുറത്തെ ആഘാതമേല്‍പ്പിച്ച്

നാലു പൈതങ്ങള്‍ക്കിനി ആശ്രയം
അനാഥം ഇത്രമേല്‍ ഹൃദയഭേദകം
ഇനിയും എത്രനാള്‍ ശയിക്കണമീ
ഭൂമിതന്‍ മാറിടത്തില്‍ പറന്നുയരാന്‍

എന്തുപാപം ചെയ്തീ കുഞ്ഞുങ്ങള്‍
തന്‍ പൂര്‍വജന്മത്തില്‍ ഇത്രമേല്‍
കഠോരമാം ശിക്ഷ വിധിക്കുവാന്‍
നേരും നെറിയും മറന്ന രക്ഷകന്‍

ആലംബഹീനം പകലിന്‍ വെളിച്ചം
നിദ്രാവിഹീനം രാവേറെനേരം
ചേച്ചിയും ചേട്ടനും അനുജനും 
പിന്നെ ചക്കരക്കുടമാം അനുജത്തിയും

പരസ്പരം പുല്‍കിയും തലോടിയും
കണ്ണീരിന്‍ ഉപ്പുമണം നുണഞ്ഞും
സാന്ത്വനം എത്രമേല്‍ ആരു നല്‍കും
ആരെ ആശ്വസിപ്പിക്കേണ്ടു വാക്കിനാല്‍

അമ്മയ്ക്കാശ്വാസമായി അച്ഛന്റെ തണല്‍
അച്ഛനോ, ദീര്‍ഘമാം അന്ത്യശ്വാസം 
എവിടെയോ ഉടക്കിയോ അര്‍ദ്ധമായ്
നിഴലുപോല്‍ പൊന്‍മക്കള്‍ കണ്ണിലായ്

ശീതളകാന്തിയാം മാതൃസ്‌നേഹവും
കാരുണ്യകരങ്ങളാല്‍ പിതൃവാല്‍സല്യവും
എന്തേ പെട്ടെന്ന് അസ്തമിച്ചു മുന്നിലായ്
ഇരുട്ടുപരന്നു വെളിച്ചമകന്നു പിന്നിലായ്

വിയര്‍പ്പുകണങ്ങളാല്‍ തീര്‍ത്തൊരു ജീവിത
പന്ഥാവില്‍ രോഗമാം മൈനുകള്‍ വിതച്ചു
കൊയ്യുന്നു വ്യര്‍ത്ഥമാം ദു:ഖമരീചിക
പൊട്ടിച്ചിരിയും ആര്‍പ്പുവിളികളും അന്യമായ്

കുഞ്ഞുകലത്തില്‍ തിളച്ചൊരു ചോറിന്‍
ഗന്ധവും ആവിയായ് പൊങ്ങിയ പയറും
വീതിച്ചു പരാതിയേതുമേ ഇല്ലാതെയാര്‍ക്കും
ഭാഗിച്ചു വിശപ്പിന്‍ ഉള്‍വിളി മക്കളറിയാതെ

സുഖവും ഭോഗവും ചെറ്റകുടിലിലാണെങ്കിലും
ആഹ്ലാദമുയര്‍ന്നുപൊങ്ങി വാനോളം ഉയരത്തില്‍
വിഷുവും ഓണവും ക്രിസ്മസും പെരുനാളും
തങ്ങളാവോളം കൊണ്ടാടി മനംനിറയെ

അശ്ശനിപാതംപോല്‍ പതിച്ചു തലയ്ക്കുമേല്‍
വിധിയുടെ വിളയാട്ടം തോല്‍പ്പിച്ചു വിജയിച്ചു
വില്ലാളിയായി വീരനായി വിധിയുടെ നാഥന്‍
ഇടിവെട്ടിയവനെ കടിച്ച സര്‍പ്പമായി ഫണംവിടര്‍ത്തി

എന്തുണ്ടിനി പരിഹാരം ഈ ഹതഭാഗ്യരാം
പുണ്യജന്മങ്ങളെ ആര്‍ത്തലയ്ക്കും വാരിധിയില്‍
നിന്നു കരകേറ്റിയിടാന്‍, ജീവിതം കരുപിടിക്കാന്‍
ആശയും ആശ്രയവും നല്‍കും പച്ചത്തുരുത്തായ്

കാണുന്നു കാഴ്ചകള്‍ നിത്യവും പലതായി
വേവുന്നു മനം തളരുന്ന തനം ചുറ്റുന്നു
ലോകം തലകീഴായി മറിയുന്നു ഇരുട്ടു പരക്കുന്നു
നിശ്ശബ്ദഭരിതം ഇരുണ്ടമുലകള്‍ ചിരാതിന്‍വെട്ടത്തില്‍

അങ്കണവാടിയില്‍ ഒന്നായി പോയതും
ഒന്നാംതരത്തില്‍ പലരായി പഠിച്ചതും
ഓര്‍മയില്‍ തിളങ്ങുന്നു അമ്മ മനസ്സില്‍
അച്ഛന്റെ കരങ്ങളിന്‍ ജീവസ്പര്‍ശവും

പുസ്തകസഞ്ചിയും ബാഗും കുടകളും
പരസ്പരം മാറിയും പരസ്പരം ഇടഞ്ഞും
കഴിഞ്ഞൊരു നല്ലകാലം തിരിച്ചുവരില്ലിനി
ഒരുമിച്ച് സ്‌കൂളിന്‍ പടിവാതില്‍ക്കല്‍

മാഷും ടീച്ചറും പലനേരം ആശ്വാസമേകി
കുട്ടികള്‍ കൂട്ടമായി സാന്ത്വനവുമേകി-
യെന്നാകിലും തരില്ല അകാലത്തില്‍
പൊലിഞ്ഞൊരാ സ്‌നേഹവൃക്ഷത്തണല്‍.




No comments:

Post a Comment