Saturday, December 31, 2011

വീണ്ടുമൊരു പുതുവര്‍ഷം

വീണ്ടുമൊരു വര്‍ഷം
ആയുസിന്‍ പുസ്തകത്തില്‍
ചുകപ്പക്ഷരങ്ങളില്‍
പതിയാതെ നനയാതെ
നരകേറിയിറങ്ങിയ
മുടിയിഴകളില്‍
കൈവിരലുകള്‍
കോതിയടുക്കവേ
ആരോ മന്ത്രിക്കുന്നതുപോലെ
ആരെയാണ് ഓര്‍ക്കേണ്ടത്
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവരുടെ ഓര്‍മകള്‍
ഉന്തിയും തള്ളിയും തികട്ടിയും
അവരുടെ ഓര്‍മകള്‍ക്ക്
മരണമില്ലാത്ത ആയുസ്സാണ്
ജീവിക്കുന്നവരൊക്കെ
മനസ്സിന്റെ അടിത്തട്ടിലേക്ക്
കാണാക്കയത്തിന്റെ
ആഴങ്ങളില്‍ ഒരു നിഴലായി.
ആകാശത്തില്‍ വര്‍ണരാചികള്‍
ചിത്രമെഴുതുമ്പോള്‍ മനസ്സില്‍
വിങ്ങിയും മങ്ങിയും
ഓര്‍മയുടെ ഓളങ്ങള്‍,
വെള്ളിയലപോലെ.
ഇന്നത്തെ രാത്രി
അവസാന രാത്രി
ഇനിയൊരിക്കലും
തിരിച്ചുവരാത്ത
ഓര്‍മകളില്‍ മാത്രം
കണ്ടുമുട്ടുന്നത്.
കരുതിവയ്ക്കാന്‍
ഒഴിഞ്ഞ കൂടുംകുടുക്കയും.
നിറഞ്ഞ പുഞ്ചിരിക്ക്
പകരം നല്‍കാന്‍
രക്തയോട്ടം നിലച്ച
ഹൃദയഅറയുടെ തേങ്ങല്‍.
കരക്കാറ്റും കടല്‍ക്കാറ്റും
കൈമാറിയ വികാരവിചാര
വിക്ഷോഭങ്ങളുടെ വേലിയേറ്റം,
ഉപ്പുമണങ്ങുന്ന നേര്‍ത്ത
രുചിയായി നാവിലും ചുണ്ടിലും.
പിച്ചവയ്ക്കുന്ന കുഞ്ഞിളം
കാലില്‍ പതിഞ്ഞ പൂഴിമണലില്‍
എഴുതാതെയെഴുതിയ സ്‌നേഹമണം.
പുതുവര്‍ഷത്തില്‍ നീക്കിയിരിപ്പായി
ചോരയൊഴുകുന്ന പച്ചമാംസത്തടി.
ശൂന്യമായ കരുത്തവരകളോടിയ
വിയര്‍പ്പുകണം വറ്റിയ കൈവെള്ള.
കണ്ണുകളില്‍ ഉറങ്ങാതെയുറങ്ങിയ
രാത്രികളുടെ നിശ്ശബ്ദരോദനം.
സുപ്രഭാതത്തില്‍ സുഹൃതമായി
പൊന്‍ഒളിചിതറുന്ന സൂര്യതേജസ്സിനായി
ഈ രാത്രി കണ്ണിമയടക്കാതെ
മൗനത്തിന്റെ മഹാസാഗരത്തിനരികില്‍
സ്മൃതികളുടെ അലയൊലിയില്‍
ചെവിയോര്‍ത്ത്, മനമുരുകി മണ്ണോടുചേര്‍ന്ന്....

Wednesday, December 28, 2011

എന്‍ഡോസള്‍ഫാന്‍

സുന്ദരമായ നാമം.
എന്നാല്‍ എത്ര മാരകം!
ഒരുവേള ഡോള്‍ഫിന്റെ
കൂടെപ്പിറപ്പെന്ന് നാം നിനക്കും.
ഒരു മഹാമാരിയെപ്പോലെ
പെയ്തിറങ്ങി നീ നമ്മുടെ
കൂടെപ്പിറപ്പുകളുടെ മേലെ.
എത്രപേര്‍ ജീവച്ഛവങ്ങളായി.
വയ്യ, ഹൃദയം തകരുന്ന കാഴ്ചകള്‍.
ഇത്രമേല്‍ എന്തപരാധം-
ചെയ്തൂ ഈ പാവങ്ങള്‍.
പിശ്ചുകിടാങ്ങള്‍
ദുരന്തശൈശവം പേറുന്നു.
ഹാ കഷ്ടം ഈ കാഴ്ച കാണുന്നോര്‍.
ഇത് പാപികള്‍ക്കുള്ള ശമ്പളം.
ആര്‍ക്കും രക്ഷയില്ല.
ആരും നല്‍കും
ഈ കാഴ്ചയ്ക്കു പരിഹാരം.
ഈ ജന്മം തിരിച്ചെടുത്തു
മറുജന്മം നല്‍കാന്‍.
ഇതു കേരളം തന്നെയോ,
അതിര്‍ത്തിയില്‍ മുള്ളുവേലി
കെട്ടുന്നോര്‍ ഈ പാഴ്ജന്മങ്ങളെ
കാണാതെപോയി.
ഇനി എങ്ങനെ വരയ്‌ക്കേണ്ടു
മനുഷ്യരൂപം.
അല്ലെങ്കിലും വിരൂപം
മനുഷ്യജന്മം.
എന്റെ കണ്ണും കരളും
പിഴുതെറിയട്ടെ ഞാന്‍.
മതി ഈ കണ്‍തുളയ്ക്കും
കരള്‍പിളര്‍ക്കും
കാഴ്ചകാണാന്‍.

ചാപിള്ള

ഓടിത്തളര്‍ന്നവന്റെ കിതപ്പ്
തീവണ്ടി തുപ്പിയ കരിമ്പുക
ചക്രങ്ങള്‍ക്ക് ചോരയുടെ മണം
പാളങ്ങളില്‍, ചതഞ്ഞരഞ്ഞ
നിലവിളിയുടെ വോയ്‌സ് മെയില്‍

ഞെരമ്പുകളില്‍,
തിളച്ച ചോരയുടെ മണം
ആവിയില്‍ തണുക്കുന്നു.
ഹൃദയവേഗത്തില്‍, ചൂടുറവ
കണ്ണില്‍ പൊടിഞ്ഞു.

മനസ്സിന്്, ലാഡം തറച്ച
കുതിരയുടെ വേഗം
ടിപ്പറുകള്‍ ഓടിയ വഴിയില്‍
ചോരയുടെ ടയര്‍ചിത്രങ്ങള്‍

ഉന്നംപിഴച്ചവന്റെ ചാട്ടം;
കണങ്കാലില്‍ മുള്ളുതറഞ്ഞ്
പിന്നെ ഞൊണ്ടിയിഴഞ്ഞ്
ബാക്കിയായത്, മണ്ണില്‍
തറച്ച ഒരു ചിത്രകൂട്

തലയറുത്ത പോത്തിന്റെ കണ്ണില്‍
സഹതാപത്തിന്റെ കണ്ണീര്‍
പെന്‍സില്‍ ചെത്തുന്ന ലാഘവം
കത്തിക്കും വിരലിനുമിടയില്‍
നാവുപിഴുതെടുത്തവന്റെ
ആര്‍ത്തനാദം

സ്വപ്നം കാണുന്നവന്‍,
നഷ്ടങ്ങളുടെ കണക്കുപുസ്തകം
പൊടിതട്ടി അടുക്കുന്നു
തെരുവ് തെണ്ടിക്ക് പൊടിപിടിക്കാത്ത
ആകാശം സ്വന്തം

അക്ഷരങ്ങളുടെ മാലപടക്കം
തിരികൊളുത്തിയവന്റെ
തൊണ്ടയില്‍ ഒച്ചയില്ലാതെ
പൊട്ടിചിതറി

വിശപ്പിന് അറുതി മരണം
ജീവന്‍ കുടിക്കും വിളക്ക്
മരണത്തെ തിന്ന്
വിശപ്പടക്കി

അയ്യപ്പന്‍ ബാക്കിവച്ച
മദ്യക്കുപ്പിയില്‍
അവസാനത്തെ തുള്ളി
നുരഞ്ഞുപതഞ്ഞ്
കവിതയായൊഴുകി.

എന്‍ഡോസള്‍ഫാന്‍
കാഴ്ചയുടെ ചിത്രപ്രദര്‍ശനം
പ്രദര്‍ശനം കണ്ടവര്‍
പിന്നെയുറങ്ങിയില്ല

ജീവിതം കെടുത്തിയവരുടെ
ഉറക്കം കെട്ടുപൊട്ടിയുലഞ്ഞു
ഇപ്പോള്‍ കാഴ്ചയ്ക്ക് കണ്ണ് നാല്
കാലും കൈയും പിളര്‍ന്ന്

വടക്കോട്ട് നോക്കിയാല്‍
മനുഷ്യരെ കാണില്ല
പുതിയതരം സ്പീഷിസ്
ഉണ്ടും ഉറങ്ങിയും ഉരുണ്ടും
കേരളം കോമളം വിളങ്ങുന്നു

സ്മൃതി

മരിക്കാന്‍ എത്ര കാരണങ്ങള്‍!
(ജനിച്ചതു തന്നെ മരിക്കാന്‍
തക്കതായ കാരണം)

അമ്മിഞ്ഞപ്പാലിന്റെ മധുരത്തിന് 
"ചെന്നിനായകം പുരട്ടിയകറ്റിയപ്പോള്‍"
മലര്‍ന്നുകിടന്നുകൈകാലിട്ടടിച്ച്
പൂന്തിങ്കള്‍ നോക്കി ഞൊണ്ണുകാട്ടിചിരിച്ചതും
പിന്നെ കമിഴ്ന്ന് മുട്ടിലിഴഞ്ഞൊരുചാണ്‍ നിരങ്ങി
യുമിരിന്നും നിന്നും പിച്ചവച്ച് നടന്നോടിയതും
തറയിലിരുന്നും പറനിറച്ചും അക്ഷരമാലയില്‍
ഓര്‍മ്മകള്‍ കോര്‍ത്തും ഹരിശ്രീകുറിച്ചും
കാലിടറിയതും കണക്കുപിഴച്ചതും

കറന്റ്

എപ്പോള്‍ പോകുമെന്നോ വരുമെന്നോ
ഒരു നിശ്ചയവുമില്ല-മരണമ്പോലത്
എന്നാല്‍ വീണ്ടും വരും കൊതിപ്പിക്കും
ജീവിപ്പാന്‍ ഉന്മേഷമേകും-വെളിച്ചം ഊര്‍ജമായി

എന്നാലും കെ.എസ്.ഇ.ബി, ഇതു കഷ്ടം
എത്രമേല്‍ പ്രതീക്ഷിപ്പു വിശ്വാസമര്‍പ്പിതു
പക്ഷെ നിനച്ചിരിക്കാതെ വീണ്ടും അണഞ്ഞുപോം
മതി എനിക്കുവയ്യാ നിന്‍ ആശ്രയം ഇനിമേല്‍

ഞാന്‍ ചിമ്മിനി വിളക്കിന്റെ മധുരമാം
ഓര്‍മ്മകള്‍ അയവിറക്കും, തിരിക്കും
ചക്രം കൈതാന്‍ സ്വയം. തിളയ്ക്കും
വെള്ളം ഉണങ്ങിയ മരചില്ലയാല്‍

ഇസ്തിരിയും വാഷിംഗ് മെഷിനും
അലങ്കാരമായി വയ്ക്കും ഷോ കെയ്‌സില്‍
കാക്കയും കിളികളും വിശ്രമിക്കട്ടെ
ആകാശത്തെ വരിഞ്ഞ നിന്‍ കമ്പിവേലിയില്‍
വിളക്കുകാലില്‍ മണ്‍ചെരാത് ചാര്‍ത്താം

അണക്കെട്ട് പിളര്‍ന്ന് ഒഴുകട്ടെ ജലം
സ്വച്ഛമാം ഈ ഭൂതലത്തില്‍ സ്വതന്ത്രയായ്
ഭയക്കേണ്ട ഈ ഭൂതത്താന്‍ കെട്ടിനെ
മരണം വരുത്തും നിന്‍ വിദ്യുത് തരംഗത്തെ

വേര്‍പാട്‌

തീപിടിച്ച സ്വപ്‌നങ്ങള്‍ ഒരിക്കലും അണയില്ല
ഉരുകിയൊലിക്കുന്ന കണ്ണീര്‍പ്രവാഹത്തില്‍
നമ്മുക്ക് ദാഹം തീര്‍ക്കേണ്ടി വരും.
ഏകാന്തതയുടെ അഗാധ ഗര്‍ത്തത്തില്‍
ചൂടുള്ള ഒരു വിരല്‍ സ്പര്‍ശത്തിന് കൊതിച്ചുപോകും
ശബ്ദമില്ലാത്ത ഒരു ഒച്ചയ്ക്ക് ചെവിയോര്‍ക്കും
ഒരു പതിഞ്ഞ പദചലനത്തിന് കാഴ്ച തേടും

പ്രതിദ്ധ്വനി

ജനുവരി - ജനുവരി മാസവും കഴിയാറായി. മഴക്കാലം പെയ്‌തൊഴിഞ്ഞു. മഞ്ഞുകാലം വന്നു. തണുപ്പുകയറി അന്തരീക്ഷം വീണ്ടും 'ചൂടുപിടിക്കുകയാണ്.' പക്ഷെ എന്നിട്ടും മനുഷ്യന്‍ ലോഹപ്രതിമപോലെ യാതൊരുമാറ്റവുമില്ലാതെ പ്രകൃതിയെ വെല്ലുവിളിക്കുകയെന്നോണം കുത്തനെ നിലക്കൊള്ളുകയാണ്. വര്‍ഷങ്ങള്‍ കാലത്തിനൊപ്പം കുത്തിയൊലിച്ചു. യാതൊരു തടസ്സമോ ഭംഗമോ കൂടാതെ. എവിടെയാണ് ഒരു നിശ്ചലത. ഈ കുതിപ്പിന് ഒരിക്കലും കിതപ്പ് ഇല്ലേ?

ജീവന്‍ - ജീവന്‍ ഒരോ അണുവിലും സ്പന്ദിച്ചുകൊണ്ടിരിക്കകയാണ്. ഓരോ സ്പംന്ദനത്തിന്റെയും നിശ്ചലതയോടൊപ്പം. അതില്‍ നിന്നും മറ്റന്നേകായിരം ജീവന്റെ തുടിപ്പുകള്‍ ഉയിര്‍ക്കൊള്ളുന്നു. ഇത് എവിടെ വരെ, എത്രനാള്‍ വരെ. അനാദിയില്‍ ഭൂമിയുടെ പിറവി മുതല്‍ ഒരു മിടിപ്പിന്റെ ഗതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരിക്കലും നല്ക്കാത്ത ചിരംഞ്ജീവമായ ചലനഗതി. ഓരോ ചലനത്തിന്റെ ഓരോ അണുവിലും ജീവന്‍ തുടിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടിയും സ്ഥിതിയും സംഹാരകനുമായ പ്രകൃതി. അവിടെ മനുഷ്യന്‍. ആ മനുഷ്യന്‍ തന്റെ ശരീരത്തിലെ അനേക കോടി അണുവിലൂടെ രക്ത ബീജങ്ങള്‍ ഒഴുകുന്നു. മറവിയുടെ പുനര്‍ജന്മമായി ഓര്‍മ ജനിക്കുകയാണ്. എവിടെയോ കണ്ടുമറന്ന ഒരു മുഖഛായയില്‍, കേട്ടുമറന്ന് പാദസരത്തിന്റെ സ്വരനാദമായി. സൗഹൃദം പകര്‍ന്ന ശീതളിമയുടെ, നൈര്‍മല്യത്തിന്റെ അരുണിമയായി.

കാലം - കാലത്തിന് ഒരിക്കലും ചരിത്രത്തിലെ നാഡികളിലൂടെ ഒഴുകിയ രക്തത്തിന്റെ ചൂടിനെ മറക്കാനാവില്ല. ഓരോ ജന്മത്തിനും അതിന്റെ മരണത്തില്‍ സ്മരണയുടെ കുത്തൊഴുക്കിനെ നേരിടേണ്ടിവരും. ആര്‍ക്കും ഒന്നിനെയും മറക്കാന്‍ സാധിക്കില്ല. ജീവിതം മനുഷ്യന് മന:പാഠമാകുന്ന ഒരു അദ്ധ്യായമാണ്.

മനുഷ്യനും അവന്റെ പ്രകൃതവും

മനുഷ്യനെ മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്നത് അവന്റെ ബുദ്ധിവൈശിഷ്ട്യം ഒന്നുതന്നെയാണ്. ബൂദ്ധിയില്‍
നിന്നാണ് മനുഷ്യന്‍ തന്റെ ജീവിതത്തിന് ഒരു നയവും ആശയവും രൂപീകരിച്ചത്. ആ നയത്തിനും ആശയത്തിനും അടി
സ്ഥാനമാക്കിയാണ് ഓരോരുത്തരും ജീവിക്കുന്നതും.

ജീവിതമെന്നാല്‍ ഒരാള്‍ക്ക് തന്റെ മനസ്സിന്റെ ബോധാവസ്ഥയോടുകൂടി മാത്രമെ ആരംഭിക്കുകയുള്ളൂ. മനുഷ്യന്‍
അവന്റെ ചുറ്റുപാടുനെക്കുറിച്ചും തന്നെത്തന്നെയും മനസ്സിലാക്കുന്ന അവസരമാണ് ബോധാവസ്ഥ. ഒരു കുഞ്ഞു ജനിക്കു
ന്നതുമുതല്‍ അവന് ബോധമുണ്ടാകുന്നില്ല. അഞ്ചുവയസ്സുവരെ അവന്‍ അബോധമായിട്ടായിരിക്കും ജീവിക്കുന്നത്.
എപ്പോഴാണോ ഒരുവന് ജീവിതത്തെക്കുറിച്ച് ഒരു അവബോധമുണ്ടാകുന്നത് അപ്പോള്‍ മാത്രമെ അയാള്‍ ജീവിതം തുടങ്ങു
ന്നുള്ളൂ. അതിനുശേഷം മരണം വരെ അയാള്‍ക്ക് തന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലൂടെയും സൂചിക്കുഴയിലെ
ന്നപോലെ കടന്നുപോകേണ്ടിവരും. അത് ബോധപൂര്‍വ്വവുമായിരിക്കും.

ഒരാള്‍ ജീവിച്ചിരിക്കുകയെന്നാല്‍ അയാള്‍ തന്റെ നയത്തിനും അതായത് സ്വാഭാവം, ആശയത്തിനും അനുസരിച്ച് ജീവി
ക്കുക എന്നാണര്‍ത്ഥം. അതുതന്നെയായിരിക്കും, അയാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതും. ഒരാള്‍ക്ക് ജീവിതത്ത
ില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അയാളുടെ ജീവിതം തന്നെ ആയിരിക്കും. അതായത് അയാളുടെ ശരീരവും സ്വാഭാ
വവും അടങ്ങിയ വ്യക്തിത്വം. അതിനുശേഷം മാത്രമെ തന്റെ പരിസരത്തിന് പ്രാധാന്യം നല്‍കുകയൂള്ളൂ. ഒരാള്‍ക്ക്
അയാളുടെ ജീവനാണ് കാര്യമായിട്ടുള്ളത്. മറ്റുള്ളവരുടെത് രണ്ടാമത് മാത്രമെ വരുന്നുള്ളു. എങ്ങനെയെന്നാല്‍, ചെറി
യൊരു ഉദാഹരണം പറഞ്ഞാല്‍, ഒരു ബസ് യാത്രയില്‍ നമ്മുക്ക് കാണാന്‍ സാധിക്കും. ബസ്സ് സ്റ്റോപ്പില്‍ ബസ് വന്ന്
നില്ക്കുമ്പോള്‍ തന്നെ അതിന്റെ പിന്നാലെയുള്ള ഓട്ടവും ചാട്ടവും കാണാന്‍ കഴിയും. മറ്റുള്ളവരുടെ സീറ്റ് കൈവശപ്പെ
ടുത്തുകയാണ് ഈ ഓട്ടത്തിന്റെ ഉദ്ദേശ്യം. ജീവിച്ചിരിക്കുക എന്നുള്ളതിന്റെ അല്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള
ഒരു മിനിമം കാര്യം മാത്രമാണ്. ബസ്സ്‌യാത്രയും മറ്റും. ആവിഷയത്തില്‍ കാണിക്കുന്ന താന്‍ പോരിമ, സ്വാര്‍ത്ഥത
അവിടെയാണ് മനുഷ്യന്‍ വെറും ഒരു ജീവി മാത്രമായി അധ:പതിക്കുന്നത്.

ഓരോരാളും അവനവനില്‍ മാത്രമായിട്ടാണ് ജീവിക്കുന്നത്. അതായത് ശ്വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങു
ന്നതും സ്വന്തം ശരീരത്തിന്റെ നിയന്ത്രണത്തിലും പരിധിയിലും അതിന് വിധേയമായിട്ടുമാണ്. ഒരാള്‍ക്കും അയാളുടെ
ശരീരത്തെ അവഗണിക്കാന്‍ സാധിക്കില്ല. അതുപോലെ ശരീരത്തിന് അയാളെയും. മനസ്സും ശരീരവും പരസ്പരം
വിധേയപ്പെട്ടാണ് കിടക്കുന്നത്. മനസ്സ് ശരീരത്തെ നിയന്ത്രിക്കുന്നതോടൊപ്പം ശരീരം മനസ്സിനെ കീഴടക്കുകയും ചെയ്യു
ന്നു.

ജീവിതത്തില്‍ സെക്‌സിനുള്ള പ്രാധാന്യം. എന്താണ് ലൈംഗീകത. സ്ത്രീപുരുഷബന്ധം യാഥാര്‍ത്ഥ്യം എന്താണ്. ശാരീ
രികമായിട്ടുള്ള ബന്ധം നടത്തുന്നത് മനുഷ്യന്‍ മാത്രമല്ല. അത് എല്ലാ ജീവികള്‍ക്കും പറഞ്ഞിട്ടുള്ള കാര്യമാണ്.
എന്നാല്‍ മനുഷ്യമാത്രം അതില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അവന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും ബന്ധപ്പെ
ടുന്നയാളോടുളള ഉത്തരവാദിത്വവുമാണ്. മറ്റുള്ള ജീവജാലങ്ങള്‍ക്ക് ഈ വക കാര്യങ്ങള്‍ ബാധിക്കുന്നില്ല. അതുകൊണ്ട്
തന്നെ മനുഷ്യന്‍ സെക്‌സ് എന്നുള്ളത് പ്രകൃതിപരമായ ഒരു ഉള്‍വിളിയും അതോടൊപ്പം അവന്റെ മനസ്സിന്റെ വൈകാരി
കവും ബൂദ്ധിപരവുമായ ഉണര്‍വിന്റെയും സാര്‍ത്ഥകതയാണത്.

മനുഷ്യന് തന്റെ എതിര്‍ലിംഗത്തോട് തോന്നുന്ന അഭിനിവേശം സ്വാഭാവികമായ പ്രകൃതിനിയമത്തില്‍ നിന്നുണ്ടാകുന്ന
വികാരമാണ്. എന്നാല്‍ ആ വികാരത്തെ തന്റെതായ കാഴ്ചപ്പാടിലൂടെ നോക്കികാണാനും അതിനനുസരിച്ച് തനിക്ക്
യോജിച്ച, മനസ്സിണങ്ങിയ ഒരോളുമായി ശാരീരികബന്ധം ഉണ്ടാക്കുന്നതിനും ഇതുവഴി സാധ്യമാക്കപ്പെടുന്നു. പരസ്പര
മാനസീക ഐക്യപ്പെടലും അതിനുശേഷമുള്ള പൊരുത്തപ്പെടലും മുന്നോട്ടുള്ള ജീവിതമാര്‍ഗത്തിന് വഴിവെളിച്ചം കാണി
ക്കലാകുന്നു. വെറും ശാരീരികബന്ധത്തിനുള്ള ഒരു ഉപാധിമാത്രമല്ല മനുഷ്യന്‍ കാണുന്നത്. അത് തന്റെ ഇനിയുള്ള
ജീവിതം കരുപിടിപ്പിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഒരു കൈതാങ്ങുകൂടിയാണ്.

മറ്റുജീവജാലങ്ങളെ സംബന്ധിച്ച് അതിന്റെ ആവശ്യം വരുന്നില്ല. അവകള്‍ തന്റെ ജീവനെ ജീവിച്ചുതീര്‍ക്കുക എന്നുള്ള
ആകെതുകമാത്രമാണ് മുന്നിലുള്ള ഒരേയൊരു അവസ്ഥാവിശേഷം. അതിന് അവകള്‍ ജന്മനാല്‍ സ്വയംപര്യാപ്തരുമാണ്.
മറ്റൂള്ളവരെ ആശ്രയിക്കുകയെന്നുള്ളത് അവയുടെ ശൈവദശയില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. സ്വന്തകാ
ലില്‍ നില്ക്കാന്‍, അല്ലെങ്കില്‍ ചിറകില്‍ പറക്കാന്‍ തുടങ്ങിയാല്‍ അവകള്‍ തന്റെതായ ഒരു ലോകവും സ്വാതന്ത്യവും
അനുഭവിക്കുകയാണ്. മറ്റുളളതിനെ ആശ്രയിക്കുന്നതാണ് അവയ്ക്ക് അസ്വാതന്ത്യവും ബലഹീനതയുമായിട്ടുള്ളത്. മനു
ഷ്യന്റെ ബൂദ്ധിപരതയും സാമൂഹ്യമായ ബോധവും അല്ലെങ്കില്‍ ചുറ്റുപാടും മനുഷ്യനെ ഒരുക്കലും സമ്പൂര്‍ണമായ
സ്വാതന്ത്യം അനുഭവിക്കുന്നതിന് പ്രാപ്തനാക്കുന്നില്ല എന്നതാണ് വാസ്തവം. ഒരുപക്ഷെ മനുഷ്യനും മറ്റുജീവജാലങ്ങ
ളെപോലെ സ്വതന്ത്രരും പരാശ്രയത്വമുളളവരുമായിരിക്കണമെന്നില്ല. സാഹചര്യം അവനെ അങ്ങനെ ആക്കിത്തിര്‍ക്കുക
യാണ് ചെയ്യുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയാവുന്ന ഒരു ജീവിവര്‍ഗമാണ്, മനുഷ്യവര്‍ഗം. മറ്റു
ള്ളജീവികളെ സംബന്ധിച്ച് പരിണയ്പ്രക്രിയ ദ്രൂതഗതിയിലും അല്പവര്‍ഷായുസ്സിനുള്ളില്‍ ഒതുങ്ങുന്നതുമാണ്. അതു
കൊണ്ടുതന്നെ അവയ്ക്കു സമൂഹം എന്ന സങ്കല്പമോ ഒരു സ്ഥിരമായ കൂട്ടായ്മുയുടെയോ ആവശ്യം ഉണ്ടാവണമെന്നി
ല്ല.

മനുഷ്യനെ അങ്ങനെ എല്ലാകാര്യത്തിലും വേര്‍തിരിക്കപ്പെടുകയാണ്. ബൂദ്ധിശക്തിതന്നെയാണ് മനുഷ്യനെ എന്നും മറ്റു
ള്ളജീവികളില്‍ നിന്നും വേര്‍തിരിക്കുന്നമുഖ്യമായ ഘടകം. മനുഷ്യന്‍ അവന്റെ സുഖലോലുപതയില്‍ മാനസീകവു
ശാരീരകവുമായ സുഖത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് സെക്‌സിനു തന്നെയാണ്. എന്തുകൊണ്ടെന്ന
ാല്‍ മനുഷ്യന്‍ ബൂദ്ധിപരമായും അല്ലാതെയും കണ്ടെത്തിയിട്ടുളളതില്‍ വച്ച് ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്നത്
ലൈംഗീതയിലൂടെയാണ്. അതുകൊണ്ടുതന്നെ അവന്റെ ബുദ്ധിശക്തിയെ തോല്പിച്ചുകളയുകയും അവനെ അടിമപ്പെടു
ത്തുകയും ചെയ്ത വികാരമാണ് ഇത്. മറ്റ് ഏത് കാര്യത്തില്‍ നിന്ന് വേണമെങ്കിലും അവന്‍ വിട്ടുനില്ക്കാന്‍ തയ്യാറാണെ
ങ്കിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എതിര്‍ ലിംഗത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദമാവുകയും സ്വ
ന്തം വ്യക്തിത്വത്തെ അടിയറവെയ്ക്കുകയും ചെയ്യുന്നു.

ദിനചരമം

പുലരിയുടെ തണുപ്പ് അടഞ്ഞ കണ്‍പോളകള്‍ക്ക് മുകളില്‍ മൃദുലമായ ഒരു തലോടലായി ഒഴുകി വരുന്നു. തലോടലിന്റെ സ്പര്‍ശം കണ്ണുകള്‍ക്കുളളിലൂടെ തലച്ചോറിലേക്ക് ഇഴഞ്ഞുകയറി. അബോധത്തെ ബോധത്തിന്റെ തെളിഞ്ഞ വാതായനത്തിലേക്ക് ഉണര്‍ത്തി. കണ്ണു തുറന്നപ്പോള്‍ ഇരുട്ടിന്റെ മതിക്കെട്ട് കണ്ണുകള്‍ക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

കിഴക്കുദിച്ചുയരുന്ന ഇളം സൂര്യകിരണങ്ങളാല്‍ അന്ധകാരം സാവധാനത്തില്‍ അലിയാന്‍ തുടങ്ങി. എങ്ങുനിന്നോ മന്ദമാരുതന്റെ ഇമ്പമേറിയ ഗാനത്തിന്റെ ഈരടിയെന്നോണം മരച്ചില്ലകളില്‍ കലപില കൂട്ടി തെന്നിയകുന്നു. കൂടെ കുയിലിന്റെ ചൂളം വിളി അകലങ്ങളില്‍ പ്രതിധ്വനിച്ചു. കാക്കകളുടെ കറുത്ത ചിറകടിയൊച്ചകള്‍, കിളികള്‍ ചിലച്ചു. മൈലുകള്‍ക്കകലെ ചൂളംവിളിച്ചു പായുന്ന ഒറ്റക്കണ്ണന്‍ തീവണ്ടിയുടെ കിതയ്ക്കുന്ന ശബ്ദം ഒരു വിറയലായി ഹൃദയറകള്‍ തുറന്ന് ആഴ്ന്നിറങ്ങി.

എന്റെ കണ്ണുകള്‍ക്ക് ഇരുട്ട് മറ്റൊരു കണ്‍പോളയായി കാഴ്ചയെ മറച്ചിരുന്നു. ബോധത്തിന്റെ കുതിരക്കാലുകള്‍ തലച്ചോറില്‍ നിന്നും കെട്ടുപൊട്ടിച്ച് ശരീരത്തിന്റെ നാനാഭാഗങ്ങളിലേക്ക് കുതിച്ചുചാടി. പൂര്‍ണ്ണമാകാത്ത ആഗ്രഹങ്ങളുടെ അപൂര്‍ണ്ണമായ സ്വപ്‌നങ്ങളില്‍ നിന്നുള്ള ഞെട്ടലായി, അലസതയുടെ ചിതയില്‍ കത്തിയെരിയുന്ന മനസ്സിന്റെ വിങ്ങലായി അത് പരിണമിക്കുന്നു.

ഞാന്‍ ഇരുട്ടില്‍ പുതച്ച ശവം പോലെ കുറെ സമയം ബോധത്തിന്റെ ഉണര്‍വ്വും കാത്ത് കിടന്നു. അവസാനം ശരീരം ഭൂമിയുടെ ആകര്‍ഷണത്തെ പ്രതിരോധിച്ച്, അമ്മയുടെ മടിത്തട്ടില്‍ നിന്നെന്ന പോലെ പതുക്കെ കാലുകളില്‍ നില്പ് ഉറപ്പിച്ചു. ഒരു തലകറക്കം സുനാമിയുടെ മാനംപോലെ തലയ്ക്കുള്ളില്‍ മുരണ്ടു. ഒരു തിരയിളക്കത്തിന്റെ ശമനമായി പിന്നെ പിന്‍വലിഞ്ഞു. കാലുകള്‍ തറയിലുറക്കാതെ ശരീരം വായുവില്‍ കുഴഞ്ഞു. അന്ധകാരത്തിന്റെ പിടിയില്‍ നിന്നും മുക്തിനേടുന്നതിനുവേണ്ടി കൈവിരല്‍ വെളിച്ചത്തിന്റെ കണ്ണുകളിലേക്ക് നീണ്ടു. സ്പര്‍ശത്തിന്റെ കാഴ്ചയാല്‍ വിരല്‍ സ്വിച്ചില്‍ പതിയുകയും ജലപ്രവാഹത്തിന്റെ ഊര്‍ജം വഹിച്ച് വൈദ്യുതി പ്രകാശത്തിന്റെ അക്ഷയപാത്രം തുറന്നു. വെളിച്ചത്തിനുമുമ്പില്‍ യാഥാര്‍ത്ഥ്യത്തിന്റെ ഭീകരരൂപം കണ്ണൂകളില്‍ ആഞ്ഞുപതിച്ചു. ഇതുവരെ ഇരുട്ടുകൊണ്ടു ഓട്ട അടച്ചതുപോലെ ജീവിതമെന്ന പരുക്കന്‍ യാഥാര്‍ത്ഥ്യത്തെ വെളിച്ചത്തിന്റെ വെള്ളിടിയില്‍ പ്രത്യക്ഷമായി. തലയ്ക്ക് കറക്കം ഒന്നുകൂടി വര്‍ദ്ധിച്ചതുപോലെ തോന്നി.

ഇനി എന്തു ചെയ്യണം? ചോദ്യങ്ങള്‍ ഈയാം പാറ്റകളെപോലെ ഇറമ്പി ഉയരാന്‍ തുടങ്ങി. ഉത്തരങ്ങള്‍ ശരീരം നഷ്ടപ്പെട്ട ചിറകുകളായി മനസ്സിന്റെ ഇരുണ്ടമൂലയില്‍ ചിതറി കുന്നുകൂടി. ഇപ്പോള്‍ സൂര്യന്‍ പൂര്‍ണ്ണമായും അണിഞ്ഞൊരുങ്ങി പുറപ്പെട്ടിരിക്കുകയാണ്. മുറിക്കുള്ളില്‍ വെളിച്ചത്തിന്റെ കീറലുകള്‍ അധികമായിക്കൊണ്ടിരുന്നു. ജീവിതക്രമത്തിന്റെ താളം ഒരു മുരള്‍ച്ചയായി വീണ്ടും ചെവിക്കുള്ളില്‍ ഈയം ഉരുക്കിയൊഴുക്കുന്നപോലെ. ചെവിക്കുള്ളിലേക്ക് രണ്ടുവിരലുകള്‍ സാവധാനം കടത്തിതിരുകി ആശ്വാസത്തി്‌ന്റെ തണല്‍തേടി.

ഇടവഴികളും നാട്ടുപാതകളും ചലനാത്മകമായി. തെരുവുകള്‍ക്ക് ജീവന്‍ വച്ചു. രാജവീഥിയിലൂടെ വാഹനങ്ങളുടെ ഇരമ്പല്‍ ശബ്ദം തണുപ്പിനെ മുറിച്ച് കടന്നുപോകുന്നു. ആളുകള്‍ കൂട്ടംകൂട്ടമായി തെരുവിലേക്കും അവിടുന്ന് പട്ടണത്തെ ലക്ഷ്യമാക്കിയും പുറപ്പെടുന്നു.

ഇന്നലെയുടെ ബാക്കിയായി, ബാക്കിയുടെ തുടര്‍ച്ചയായി മനുഷ്യന്‍ ഭൂമിയുടെ ചലനത്തെ പിന്തുടര്‍ന്ന് മറ്റൊരു ഗ്രഹം പോലെ നാടുനീളെ വലംവയ്ക്കുന്നു. കഴുത്തിനുമുകളില്‍ തല കൊത്തിയെടുത്ത ശില്പം പോലെ തോന്നിച്ചു. കണ്ണും വായയും ചലിപ്പിക്കുന്ന ബൊമ്മയെപോലെയാണ് ചിലപ്പോള്‍ എനിക്കു തോന്നിയത്. വായിലൂടെ വയറ്റിലേക്ക് ദ്രവവും ഖരവുമായി പദാര്‍ത്ഥങ്ങള്‍ ഒഴുകികൊണ്ടിരുന്നു. അതുപോലെ കണ്ണിലൂടെ കാഴ്ചയുടെ വേലിയേറ്റം തലയ്ക്കുള്ളില്‍ തിരയിളക്കത്തിന്റെ ഗാഭീര്യത്തില്‍ പ്രവഹിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആമാശത്തിന്റെ ജോലി അത് കൃത്യമായി നിര്‍വ്വഹിച്ചപ്പോഴും തലച്ചോറിനുള്ളില്‍ ബോധം മന്ദീഭവിച്ചും ഘനീഭവിച്ചും നിശ്ചലത പൂകി. ആമാശത്തിന് ആഹാരത്തിനുവേണ്ടിയുള്ള ആര്‍ത്തിയും തലയ്ക്കുള്ളില്‍ ആസക്തിയില്‍ ആവി പതയ്ക്കുന്നു. ചിലപ്പോഴൊക്കെ മനുഷ്യന്‍ മൃഗമായും മൃതമായും മാറി.

കാണുന്നതിനോട് മാത്രം പ്രതികരിക്കുകയും, നാവിനോട് മാത്രം സംസാരിക്കുകയും നിറഞ്ഞ ശരീരങ്ങളില്‍ സ്പര്‍ശന നിവൃതിയടയുകയും ചെയ്തു. കാണാത്തവരെക്കുറിച്ചോ, നിശ്ചലമായ ജീവിതത്തെക്കുറിച്ചോ കേള്‍ക്കാത്ത ഒച്ചയെക്കുറിച്ചോ അവന്‍ അറിഞ്ഞില്ല. ഭോഗത്തെ മാത്രം അനുഭവിച്ചു. മനസ്സ് നിശ്ചലമായി, ബുദ്ധി മരവിച്ചു. ശരീരം മാത്രം ഉണര്‍ന്നു. മനസ്സ് ഉറക്കത്തിന്റെ ഇരുളില്‍ തപസ്സിരുന്നു.

ഒന്നും ചെയ്യുവാനില്ലാത്തവനായി ഞാന്‍ സൃഷ്ടിയുടെ അര്‍ബുദം പോലെ ചിലയിടങ്ങളില്‍ മുഴച്ചുനിന്നു. സൂര്യബിംബത്തിന് നിഴലായി, മറയായി, മറവിപോലെ സമയം. രാത്രിയിലെ സ്വപ്‌നങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ നെയ്‌തെടുത്തു ആവോളം. ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ ദിവസങ്ങളുടെ ചില്ലുപാത്രത്തില്‍ നിറയുന്നു. അവയൊക്കെ മധുരമുള്ള സ്വപ്‌നങ്ങളായി ഇരുട്ടിന്റെ വെളിച്ചത്തില്‍ വര്‍ണ്ണരാജിയില്‍ പൊതിഞ്ഞ് എന്നെയും വഹിച്ച് കാണാത്ത അകലങ്ങളില്‍ പറന്നുയരും. അപ്പോള്‍ ഞാന്‍ ആഹ്ലാദത്താല്‍ അനുഭൂതിയില്‍ ലയിച്ചലിഞ്ഞുചേരും. എന്റെ പകലുകള്‍ രാത്രിയിലെ സ്വപ്‌നങ്ങള്‍ക്ക് കടംകൊണ്ടതാണ്. കാര്‍മേഘശകലങ്ങള്‍ മഴവില്ലുതീര്‍ക്കുമ്പോലെ.

സൂര്യന്‍ തലയ്ക്കുമീതെ മുകളില്‍ വന്ന് തപിക്കാന്‍ തുടങ്ങി. മനുഷ്യരുടെ മുഖങ്ങള്‍ കറുത്തും ചുകന്നും വിഭിന്നങ്ങളായി. കറുത്തമുടിയിഴകളില്‍ വെള്ളിയിഴകള്‍ വീഴുന്നതുപോലെ. തലച്ചോറ് സൂര്യതാപത്താല്‍ പതഞ്ഞ് ആവി വെള്ളമായി ശരീരത്തില്‍ ചാലുകള്‍ കീറി. ശരീരം മറ്റൊരു സൂര്യനായി ചുവന്നുതിളച്ചു. രക്തം ചൂടുപിടിച്ചു. ഉറയ്ക്കാതെ ഒലിച്ചുകൊണ്ടിരുന്നു. ഭൂമിയുടെ മാറിലേക്ക് ഉപ്പുകലര്‍ന്ന ചുകന്ന മഴപോലെ വിയര്‍പ്പുജലം ധാരയായി.

മണിക്കൂറുകല്‍ വീണ്ടും എട്ടടിനീളത്തില്‍ ഇഴഞ്ഞുനീങ്ങി. സൂര്യന്‍ കത്തിയമര്‍ന്ന് കടലിന്റെ ശീതളിമയില്‍ മുങ്ങിതാണു. ചൂടുപിടിച്ച നിശ്വാസം അന്തരീക്ഷത്തില്‍ തണുത്ത ആശ്വസമായി. ആളുകളുടെ നിഴലുകള്‍ അവരുടെ ആഗ്രഹങ്ങള്‍പോലെ നീണ്ടുകിടന്നു. വീണ്ടും ഇരുട്ടിലേക്ക് കാലടികള്‍ വേച്ചും കിതച്ചും. ഒരു കുതിപ്പിന് കിതപ്പെന്ന പോലെ ഉയര്‍ച്ചതാഴ്ചകടന്ന് ജനനവും മരണവും.

പറവകളുടെ ചിരകുകള്‍ ആടിയുലഞ്ഞ് വീശിപറന്നു. എണ്ണയൊഴിഞ്ഞ യന്ത്രഭാഗം കണക്കെ അവയുടെ ചിരകെല്ലുകള്‍ മുരണ്ടു. അവ കൂടുകള്‍ ലക്ഷ്യമാക്കി താണുയര്‍ന്ന്പറന്നു. പക്ഷികളുടെ കൂടുകള്‍ ഉയരങ്ങളില്‍ മാത്രം നിര്‍മ്മിച്ചത് ഞാന്‍ കണ്ടു. മനുഷ്യര്‍ക്ക് കൈയടക്കാന്‍ സാധിക്കാത്ത ആകാശത്തെ അവര്‍ സ്വന്തമാക്കി. ഭൂമിയില്‍ പിറന്ന് ആകാശത്തിലേക്ക് കുതികൊള്ളുകയാണ്. കൂടുകള്‍ക്ക് ഭാരം വര്‍ദ്ധിച്ചു. മരച്ചില്ലകള്‍ ചാഞ്ഞു. കൂട്ടിനുള്ളില്‍ തുവല്‍ച്ചിറകുകള്‍ ചുടുനിശ്വാസത്തില്‍ ഉയര്‍ന്നുതാണു. കൊക്കുകള്‍ തമ്മില്‍ കൂട്ടിയുരുമി. സാന്ത്വനത്തിന്റെയും പരിരക്ഷയുടെയും കവചം തീര്‍ത്ത് ഒരാശ്രയത്തിനുള്ളില്‍ അഭയമായി. കുഞ്ഞിന് അമ്മയും അമ്മയ്ക്ക് കൂടും കൂട്ടിന് ചില്ലയും ചില്ലയ്ക്ക് മരവും മരത്തിന് ആകാശവും ആകാശത്തിന് ഭൂമിയും ഭൂമിയ്ക്ക് പ്രകൃതിയും അങ്ങനെ ആശ്രയത്തിന്റെ അനന്തകണ്ണികള്‍ ഒന്നിനുപിറകെ ഒന്നായി ഭൂതകാലത്തിന്റെ അന്ധകാരത്തില്‍ നിന്ന് ഭാവിയുടെ അനന്തതയിലേക്ക് വെളിച്ചത്തിന്റെ ഒരു പൊന്‍തിളക്കമായി.

രാത്രി വീണ്ടും കാലത്തിന്റെ കറുത്ത കുപ്പായം എടുത്തണിഞ്ഞു. ജീവിതത്തിന്റെ കയ്പുപോലെ, മനസ്സിലെ ശൂന്യതപോലെ.കട്ടപിടിച്ച അന്ധകാരം. ഈ അന്ധകാരത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ? നമ്മുക്ക് കണ്ണടച്ച് ഇരുട്ടാക്കാം. എന്നാല്‍ രാത്രിയുടെ അന്ത്യത്തില്‍ ഇരുട്ട് കണ്ണുതുളച്ച് കൃഷ്ണമണിയെ പിഴിതെടുത്ത് അവിടെ അന്ധതയുടെ മൂടുപടം വിരിക്കുകയാണ്. കൃഷ്ണമണിയുടെ ജീവന്‍ കെടുത്തുന്നതാരാണ്? എല്ലാവരും അന്ധരാവുകയാണ്. മരണത്തിന്റെ റിഹേഴ്‌സല്‍ പോലെ. ഉണരാത്തവര്‍ ഭാഗ്യവാന്മാര്‍. ഉണര്‍ന്നവരോ പിന്നെയും ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍! ഇരുട്ട് നമ്മളെ കീഴടക്കുകയാണ്. ഉറക്കം അന്തകനായി. എല്ലാത്തിന്റെ അവസാനമായി, ബോധത്തെ അപഹരിക്കുന്നു. നമ്മള്‍ എല്ലാം മറന്ന് സുഷുപ്തിയുടെ സാഫല്യത്തിലേക്ക്...

ആവര്‍ത്തനം

മനുഷ്യജന്മങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പെ, യുഗങ്ങള്‍ക്ക് മുമ്പേ. പുതുമയില്ലാത്ത വിരസമായ ആവര്‍ത്തനം. പുതിയ കണ്ണുകള്‍ക്ക് ഈ കാഴ്ചകള്‍ പുതുമയുളവാക്കും. എന്നാല്‍ പ്രവഞ്ചം, സൃഷ്ടി, കാഴ്ച ഇവ കണ്ണിനെ അന്ധമാക്കും. ജീവിതത്തെ വിരസമാക്കും.

ഇവിടെ കഥയും കവിതയും കാലത്തിനുമുമ്പേ പിറവികൊണ്ടതാകുന്നു. നമ്മള്‍ ഞാനും നീയും പിന്നെ മറ്റുള്ളവരും, ഈ കാണുന്ന എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമായി, ആദ്യമായി മധ്യമായി, അവസാനമായി. ഒടുവില്‍ പ്രകൃതിയായി. പ്രകൃതിയുടെ ജീവനായി കാലത്തിലൂടെ അനന്തപ്രവാഹമായി ഒഴുകിയകലുന്നു.

മനുഷ്യന്‍ മാത്രമേ മാറുന്നുള്ളു. പ്രകൃതിക്ക് ഒരിക്കലും മാറ്റമില്ല. അണുവില്‍ നിന്നുള്ള ആരംഭത്തിന്റെ തുടര്‍ച്ചയാണ് മനുഷ്യന്‍. പ്രകൃതിയ്ക്ക് ആരംഭമില്ല. എല്ലാ ആരംഭവും അവസാനവും പ്രകൃതിയ്ക്കുള്ളില്‍ ഉദിച്ചസ്തമിക്കുന്നു. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ പ്രകൃതിയുടെ സൗന്ദര്യം, ഭാവന, സ്‌നേഹം ഇവ മനുഷ്യമനസ്സായി രൂപാന്തരപ്പെട്ടു. അങ്ങനെ മനസ്സുള്ള ജീവിയായി മനുഷ്യനായി. പ്രകൃതിയുടെ അരുമയായി, അജയനായി.

മനുഷ്യമനസ്സ് ചിലപ്പോള്‍ സൂര്യനെപ്പോലെ തപിക്കുകയും അതിനുള്ള കനലുകള്‍ കെടാതെ എരിഞ്ഞുകൊണ്ടിരുന്നു. ചിലപ്പോള്‍ തീജ്വാലയായി ആയിരം നാവുകള്‍ നീട്ടി. ഭാവനയാണ്, സങ്കല്പമാണ് മനസ്സില്‍ എരിയുന്ന തീയെ തണുപ്പിക്കുന്നത്. സ്‌നേഹമാണ് ഈ കുളിരിന്റെ ഉറവിടം. സ്‌നേഹം പ്രകൃതിയുടെ ആത്മാവാണ്. അത് എല്ലാ ജീവികളിലും ആദ്യവികാരമായി. മനുഷ്യന്‍ സ്‌നേഹത്തില്‍ ഭാവനയുടെ മധുരം നിറച്ച് പുതിയ ഒരു ലോകം സൃഷ്ടിച്ചു. പ്രകൃതി സൃഷ്ടിച്ച മനുഷ്യന്റെ മറ്റൊരു സൃഷ്ടിയായി അത് അനന്തകാലത്തിനൊപ്പം കഥയായി കവിതയായി നവരസങ്ങളില്‍.

എല്ലാ ജീവികളും പരസ്പരം സനേഹിക്കുന്നു. അത് ആനന്ദത്തിലധിഷ്ഠിതമാണ്. സ്‌നേഹത്തില്‍ നിന്നാണ് ആനന്ദമുണ്ടാകുന്നത്. ആനന്ദം അനുഭൂതിയായി മാറുന്നു. നമ്മള്‍ സന്തോഷം അനുഭവിക്കുമ്പോള്‍ പുഞ്ചിരിക്കുന്നു. പുഷ്പങ്ങള്‍ വിടരുന്നതുപോലെ, സുഗന്ധം പരക്കുന്നതുപോലെ. ജീവിതം തരളിതമാവുന്നത് സ്‌നേഹത്തിന്റെ ഈ അസുലഭനിമിഷത്തിലാകുന്നു. ജീവന്‍ എന്നാല്‍ സ്‌നേഹത്തിന്റെ അമൃത ബിന്ദുവാണ്. അത് അമൂല്യമാണ്. സുന്ദരമാണ്.

സൗന്ദര്യം നല്ലതും ചീത്തയും ചേര്‍ന്നതാണ്. ശരിയും തെറ്റും ഇഴചേര്‍ന്നതാണ്. പ്രകൃതി സൗന്ദര്യം ജനിപ്പിക്കുന്നത് വൈരുപ്യത്തില്‍ നിന്നാണ്. വൈരൂപ്യമുണ്ടെങ്കിലേ സൗന്ദര്യമുള്ളൂ. ചെളിയില്‍ പൂണ്ടുകിടക്കുന്ന ആമ്പലിലാണ് താമര വിരിയുന്നത്. മുള്ളുകള്‍ക്കിടയില്‍ നറുമണം വിതറി പനിനീര്‍പുഷ്പം. അന്ധകാരം നിറഞ്ഞ ഉറക്കത്തില്‍ സ്വപ്‌നം സുന്ദരസ്വപ്‌നങ്ങള്‍ കാണുന്നു. കയ്പുള്ള വായില്‍ മാത്രമേ മധുരത്തിന്റെ രുചി അനുഭവവേദ്യമാകുകയുള്ളൂ.

ഞാനും നീയും സൗന്ദര്യമാണ്, വൈരുപ്യമാണ്. പ്രകൃതിയുടെ ഭാഗമാണ്. പരബ്രഹ്മത്തിന്റെ അംശമായ ജീവാത്മാവാണ്. കൂട്ടിയാലും കുറച്ചാലും നഷ്ടമുണ്ടാകാത്ത അവസ്ഥ. അതാണ് ജീവന്‍. ഉണരുകയും ഉണ്ണുകയും ചിന്തിക്കുകയും സംസാരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. തുടങ്ങിയിടത്തുതന്നെ വീണ്ടും അവസാനിക്കുന്നു. ജനനം മുതല്‍ മരണം വരെ. പ്രകൃതി പൂര്‍ണ്ണമായ ഒരവസ്ഥയാണ്. അതിന്റെ സൃഷ്ടി അപൂര്‍ണ്ണവും. രണ്ട് അപൂര്‍ണ്ണാവസ്ഥകള്‍ ചേര്‍ന്ന് പൂര്‍ണ്ണാവസ്ഥയുണ്ടാകുന്നു. പൂര്‍ണ്ണത അപൂര്‍ണ്ണമാകുമ്പോള്‍ വീണ്ടും കൂടിച്ചേര്‍ന്ന് പൂര്‍ണ്ണാവസ്ഥയില്‍ എത്തുന്നു. നിത്യപൂര്‍ണ്ണമായ ഈ അഖിലാണ്ഡബ്രഹ്മത്തില്‍ സൃഷ്ടിക്കപ്പെടുന്നതൊക്കെ അപൂര്‍ണ്ണമാണ്. പൂര്‍ണ്ണതയില്‍ മറ്റൊരു സൃഷ്ടി ഉണ്ടാകുന്നില്ല. തേച്ചും മായ്ച്ചും വീണ്ടും വീണ്ടും പുന:സൃഷ്ടി നടത്തികൊണ്ടിരിക്കുന്നു.

ജീവന്റെ നിഴല്‍വഴികള്‍

സമയമാപിനിയില്‍ മരണം അത്രവിദൂരമല്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ കാണാദൂരം താണ്ടുക അത്ര എളുപ്പമല്ല.
മരണം ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പൂര്‍ണ്ണതയാണ്. ശിഷ്ടമോ ഹരണഫലമോ ഇല്ലാത്ത ഒരു അഖണ്ഡസംഖ്യപോലെ. ജീവന്‍ പ്രകൃതിയില്‍ നിന്നും ഉടലെടുക്കുന്നു. മരണം സൃഷ്ടിയല്ല. സ്ഥിതപ്രജ്ഞതയാണ്. ചില അവസരങ്ങളില്‍ മരണം സൗന്ദര്യ ലഹരിയാണ്. പൂര്‍ണ്ണതയില്‍ മാത്രമാണ് സൗന്ദര്യമുള്ളത്. മരണം പരിപൂര്‍ണ്ണതയാണ്. ജീവിതം അപൂര്‍ണ്ണമാക്കി ചിലപ്പോള്‍ ജീവന്‍ മരണത്തെ പുല്‍കും. വിരൂപമാകുന്നത് ജീവിതത്തിന്റെ ബാക്കിപത്രം. നമ്മള്‍ ജീവിതത്തില്‍ സൗന്ദര്യം ആസ്വദിക്കുന്നു. എന്നാല്‍ എല്ലാ ആസ്വാദനവും തൃപ്തികരമാകുന്നില്ല. പൂര്‍ണ്ണതൃപ്തി അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒന്നിന്റെ സമ്പൂര്‍ണ്ണനാശത്തിലാണ് പുതിയൊരു ലോകം സൗന്ദര്യസൃഷ്ടി പൂര്‍ത്തിയാകുന്നത്.

ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്? ആഗ്രഹിക്കുക. നമ്മള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ പിറവി മുതല്‍ ഈ ആഗ്രഹം മനസ്സിനെ പിടികൂടിയിരിക്കുകയാണ്. ഓരോ ആഗ്രഹത്തിന്റെയും പൂര്‍ത്തീകരണത്തില്‍ പുതിയവ പൊട്ടിമുളക്കുന്നു. സ്വന്തം ആഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ മനുഷ്യന്‍ ഒരു തുരുത്തില്‍ ഒറ്റപ്പെടുകയാണ്. ഒറ്റപ്പെടലിന്റെ ഏകാന്തത അവനെ വീര്‍പ്പുമുട്ടിക്കുന്നു.

ഏകാന്തത ചിലപ്പോള്‍ വേദനയും ചിലനേരങ്ങളില്‍ സുഖവും പകരുന്നു. ഒരു കുഞ്ഞു ജനിക്കുന്നത് ശബ്ദായമാനമായ ലോകത്തിലാണ്. എന്നാല്‍ അതുവരെയുള്ള കുഞ്ഞിന്റെ കൂട്ട് ഏകാന്തതമാത്രമായിരുന്നു. ആ ഓര്‍മ്മയാണ് ചിലനേരങ്ങളിലെ സുഖമായിമാറുന്നത്. പിറവിയോടെ ഏകാന്തത ബഹുസ്വരതയുടെ ഭാഗമായി. ആള്‍ക്കുട്ടത്തില്‍ തനിയെ നില്‍ക്കുന്നവന്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗം തന്നെയാണ്. പ്രകൃതിയുടെയും. ഒറ്റപ്പെട്ടവന്റെ ഏകാന്തത. അത് കഠിനമായിരിക്കും. ഒന്നുമല്ലാത്തവന്റെ വല്ലായ്്മപോലെ. അകന്നുപോയവരില്‍ അവശേഷിച്ചവന്‍ ഗതിയില്ലാതെ മരണമായി ചിതലരിക്കും. മനസ്സിന് ചിലപ്പോള്‍ ശരീരത്തെക്കാള്‍ വലിയ രൂപവും ഭാവവുമാണ്. അവയവങ്ങളില്ലാത്ത അനാട്ടമി.

നമ്മള്‍ പരസ്പരം ആകര്‍ഷിക്കുന്നു. ഈ ആകര്‍ഷണ പ്രത്യാകര്‍ഷണം അനാദികാലം മുതല്‍ എല്ലാ ജീവികളിലും അനുവര്‍ത്തിക്കുന്ന ഒരു ശാസ്ത്രമാണ്. അതിന്റെ രുചിബാക്കിയാണ് നാം ആസ്വദിക്കുന്നു. ചവച്ചുതുപ്പിയത് വീണ്ടും അയവിറയ്ക്കുന്നതുപോലെ. ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നതുപോലെ നീ എന്നെയും ഇഷ്ടപ്പെടുന്നു. ഇഷ്ടം സ്‌നേഹം പ്രണയം, വെള്ളി സ്വര്‍ണ്ണം തങ്കം ആകര്‍ഷണതയും ഗാഢതയും വിലമതിക്കാത്തതും ദിനംപ്രതി കയറിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ ആഴവും പരപ്പും. നീലജലാശയം പോലെ. പ്രണയത്തിന്റെ ഒഴുക്ക് ഉറവിടെ എന്ന് എവിടെ വച്ചായിരുന്നു. ഇന്നലെ ഇന്നലെയ്ക്കപ്പുറം, യുഗങ്ങള്‍ക്ക് മുമ്പ്. ജീവനെക്കാള്‍ മുമ്പ് ജന്മമെടുത്തത് പ്രണയമാണ്. കാലാതിവര്‍ത്തിയായി നാഡിഞെരമ്പുകളിലൂടെ ചുകപ്പിലും കറുപ്പിലും പിന്നെ നേര്‍ത്ത വെള്ളയായി ജീവനില്‍ വീണലിഞ്ഞൊന്നായി. എന്തിനെ തേടിയോ അത് സവിധത്തില്‍ വന്നണഞ്ഞു. ഇനി എന്തു വേണം. ജീവന്‍മുക്തിയോ.

നൈമിഷികതയുടെ സുഖം. അതിനുശേഷം വിരസത. മരുഭൂമിയിലെ ഏകാന്തമായ ഊഷരത. കാലം അവസാനിച്ചപോലെ. ഒരേ സ്വരം ഒരേ നിറം ഒരേ സുഖം. ചിലപ്പോള്‍ മനസ്സിനെ വിരസമാക്കുന്നു. വരസത മടുപ്പിലേക്ക് കൂപ്പുകുത്തും. ഒരേ അനുഭവങ്ങളുടെ ആവര്‍ത്തനം. അതില്‍ അനുഭൂതിയുണ്ടാവില്ല. ജീവിതത്തില്‍ പുതുമകളുണ്ടാവണം. ആവര്‍ത്തനമായ ജീവിതത്തില്‍ എങ്ങനെ പുതുമകള്‍ സൃഷ്ടിക്കാം. അതിന് മാറ്റം ആവശ്യമാണ്. എവിടെയാണ് മാറ്റമുണ്ടാവുക. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. മാറ്റം ഉണ്ടാക്കാത്തത് മാറ്റം എന്ന പ്രതിഭാസത്തിന് മാത്രം. മനുഷ്യന്‍ മാറുന്നുണ്ടോ. മനസ്സ്, സ്വഭാവം, ശരീരം. പ്രകൃതി, കാലം. ഇവയെല്ലാം മാറ്റത്തിന് വിധേയമാക്കണം. യാഥാസ്ഥിതികത്വം ചിലപ്പോള്‍ അരോചകമാകും. ചിലകാര്യങ്ങളില്‍ കെട്ടുറപ്പുള്ള അടിത്തറപോലെയുമാണ്. കാലാതിവര്‍ത്തയായി നിലകൊള്ളുന്നതൊക്കെ സത്യമാണ്. മാറ്റത്തിന് വിധേയമാക്കി സത്യത്തെ കണ്ടെത്തുകയാണ് വേണ്ടത്. മാറ്റമില്ലാത്ത തലമുറകളുടെ ആവര്‍ത്തനം ജഢങ്ങളുടെ ഘോഷയാത്രപോലെയാകും. മൃത്യുവിന്റെ മേലുള്ള ജീവന്റെ ആഘോഷമാണ് ജീവിതം. മാറിക്കൊണ്ടിരിക്കുന്നതാണ് ജീവന്‍. ആ ജീവനിലാണ് ആനന്ദവും പരമാനന്ദവും. സംഗീതം പോലെ നവസുഖസുന്ദരസുരഭിലമനുഭൂതിദായകമായത്.