Wednesday, December 28, 2011

വഴിയില്‍ നഷ്ടമായത്

എന്റെ വഴി എന്റെ ശരി
എന്റെ ശരി എന്റെ വഴി
വഴിയാണോ ശരി,
ശരിയാണോ വഴി.

ഒരാളുടെ മരണം
മറ്റുള്ളവര്‍ക്ക് കാഴ്ചപിണ്ഡം.
എന്റെ മരണം
എന്റെ മാത്രം നഷ്ടം.
മറ്റൊരാളിന്റെ മരണം
എന്റെ കണക്കുപുസ്തകത്തില്‍,
എഴുതിചേര്‍ക്കാറില്ല.

മരണം ഒരാത്മനഷ്ടമാകുന്നത്
പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി
വരുമ്പോള്‍ മാത്രം.
ജീവിതം മുഴുവനായും ജീവിച്ചവന്
ലാഭനഷ്ടകണക്കുകളില്‍ ബാക്കിയിരിപ്പില്ല.
തുടക്കംപോലെ ഒടുക്കവും.
ഇല്ലായ്മയുടെ വല്ലായ്മയില്ല.

വായു, ഭക്ഷണം, സ്വാതന്ത്ര്യം
ജീവിക്കാന്‍ വേറെന്തുവേണം
കടം വാങ്ങാതെ കടപ്പെട്ടിരിക്കുന്നത്
സ്വന്തം ജീവിതത്തോടുമാത്രം.

ആരും കലഹിക്കാന്‍ വരരരുത്
ബഹളം വച്ചവര്‍ വഴിയേ പോകും.
ഓടിയടിയും കൂട്ടയോട്ടവും
വന്നവഴിയേ പിന്നെയുംപോകും

പുതിയതായി ചെയ്യാന്‍
പഴയതൊന്നും ബാക്കിയില്ല.
പാമ്പ് വാലുവിഴുങ്ങിക്കഴിഞ്ഞു
ഇനി എല്ലാം നേരംപോക്ക്

തിരയെണ്ണിക്കഴിഞ്ഞാല്‍.
തീരത്തെ പൂഴിയെണ്ണിത്തുടങ്ങാം.
കടുകിന്റെ തൊലിയാരുകളയും?
നിഴലിനെ ചവിട്ടാതെ നോക്കണം.
നിഴലിനെ മറികടക്കാതെയും.

നാലുകാലില്‍ നടന്നവന്‍,
രണ്ടുകാലില്‍ നിവര്‍ന്നവന്‍,
മൂക്കുപൊത്തി, കണ്ണുകെട്ടി,
ഇനി ഉരഗത്തെപോലെ ഇഴയും.

എനിക്കുവേണം
ഒരു വഴിപ്പോക്കനെ.
എന്റെ നേരംപോക്കിന്
എന്നെ നേരെ നടത്താന്‍.

മുടന്തന്‍, പൊട്ടന്‍, ചെവിടന്‍
അപരനാമങ്ങള്‍ ആവോളം.
ഞാന്‍ സര്‍വനാമന്‍.
എനിക്ക് ഒന്നിനും വയ്യേ...!

ഇന്ന് കലണ്ടറില്‍ ചുകന്നനിറം.
നീയല്ലേ അത് ചുകപ്പിച്ചത്?
ഇന്ന് വാര്‍ത്തയൊന്നുമില്ല.
പായവിരിക്കാന്‍ പത്രതാളും,
തലയണയ്ക്ക് പത്രക്കെട്ടുമില്ലാതെ,
ഞാന്‍ മൂടിപുതച്ച് ഉറങ്ങട്ടേ!

No comments:

Post a Comment