Wednesday, December 28, 2011

ദിനചരമം

പുലരിയുടെ തണുപ്പ് അടഞ്ഞ കണ്‍പോളകള്‍ക്ക് മുകളില്‍ മൃദുലമായ ഒരു തലോടലായി ഒഴുകി വരുന്നു. തലോടലിന്റെ സ്പര്‍ശം കണ്ണുകള്‍ക്കുളളിലൂടെ തലച്ചോറിലേക്ക് ഇഴഞ്ഞുകയറി. അബോധത്തെ ബോധത്തിന്റെ തെളിഞ്ഞ വാതായനത്തിലേക്ക് ഉണര്‍ത്തി. കണ്ണു തുറന്നപ്പോള്‍ ഇരുട്ടിന്റെ മതിക്കെട്ട് കണ്ണുകള്‍ക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

കിഴക്കുദിച്ചുയരുന്ന ഇളം സൂര്യകിരണങ്ങളാല്‍ അന്ധകാരം സാവധാനത്തില്‍ അലിയാന്‍ തുടങ്ങി. എങ്ങുനിന്നോ മന്ദമാരുതന്റെ ഇമ്പമേറിയ ഗാനത്തിന്റെ ഈരടിയെന്നോണം മരച്ചില്ലകളില്‍ കലപില കൂട്ടി തെന്നിയകുന്നു. കൂടെ കുയിലിന്റെ ചൂളം വിളി അകലങ്ങളില്‍ പ്രതിധ്വനിച്ചു. കാക്കകളുടെ കറുത്ത ചിറകടിയൊച്ചകള്‍, കിളികള്‍ ചിലച്ചു. മൈലുകള്‍ക്കകലെ ചൂളംവിളിച്ചു പായുന്ന ഒറ്റക്കണ്ണന്‍ തീവണ്ടിയുടെ കിതയ്ക്കുന്ന ശബ്ദം ഒരു വിറയലായി ഹൃദയറകള്‍ തുറന്ന് ആഴ്ന്നിറങ്ങി.

എന്റെ കണ്ണുകള്‍ക്ക് ഇരുട്ട് മറ്റൊരു കണ്‍പോളയായി കാഴ്ചയെ മറച്ചിരുന്നു. ബോധത്തിന്റെ കുതിരക്കാലുകള്‍ തലച്ചോറില്‍ നിന്നും കെട്ടുപൊട്ടിച്ച് ശരീരത്തിന്റെ നാനാഭാഗങ്ങളിലേക്ക് കുതിച്ചുചാടി. പൂര്‍ണ്ണമാകാത്ത ആഗ്രഹങ്ങളുടെ അപൂര്‍ണ്ണമായ സ്വപ്‌നങ്ങളില്‍ നിന്നുള്ള ഞെട്ടലായി, അലസതയുടെ ചിതയില്‍ കത്തിയെരിയുന്ന മനസ്സിന്റെ വിങ്ങലായി അത് പരിണമിക്കുന്നു.

ഞാന്‍ ഇരുട്ടില്‍ പുതച്ച ശവം പോലെ കുറെ സമയം ബോധത്തിന്റെ ഉണര്‍വ്വും കാത്ത് കിടന്നു. അവസാനം ശരീരം ഭൂമിയുടെ ആകര്‍ഷണത്തെ പ്രതിരോധിച്ച്, അമ്മയുടെ മടിത്തട്ടില്‍ നിന്നെന്ന പോലെ പതുക്കെ കാലുകളില്‍ നില്പ് ഉറപ്പിച്ചു. ഒരു തലകറക്കം സുനാമിയുടെ മാനംപോലെ തലയ്ക്കുള്ളില്‍ മുരണ്ടു. ഒരു തിരയിളക്കത്തിന്റെ ശമനമായി പിന്നെ പിന്‍വലിഞ്ഞു. കാലുകള്‍ തറയിലുറക്കാതെ ശരീരം വായുവില്‍ കുഴഞ്ഞു. അന്ധകാരത്തിന്റെ പിടിയില്‍ നിന്നും മുക്തിനേടുന്നതിനുവേണ്ടി കൈവിരല്‍ വെളിച്ചത്തിന്റെ കണ്ണുകളിലേക്ക് നീണ്ടു. സ്പര്‍ശത്തിന്റെ കാഴ്ചയാല്‍ വിരല്‍ സ്വിച്ചില്‍ പതിയുകയും ജലപ്രവാഹത്തിന്റെ ഊര്‍ജം വഹിച്ച് വൈദ്യുതി പ്രകാശത്തിന്റെ അക്ഷയപാത്രം തുറന്നു. വെളിച്ചത്തിനുമുമ്പില്‍ യാഥാര്‍ത്ഥ്യത്തിന്റെ ഭീകരരൂപം കണ്ണൂകളില്‍ ആഞ്ഞുപതിച്ചു. ഇതുവരെ ഇരുട്ടുകൊണ്ടു ഓട്ട അടച്ചതുപോലെ ജീവിതമെന്ന പരുക്കന്‍ യാഥാര്‍ത്ഥ്യത്തെ വെളിച്ചത്തിന്റെ വെള്ളിടിയില്‍ പ്രത്യക്ഷമായി. തലയ്ക്ക് കറക്കം ഒന്നുകൂടി വര്‍ദ്ധിച്ചതുപോലെ തോന്നി.

ഇനി എന്തു ചെയ്യണം? ചോദ്യങ്ങള്‍ ഈയാം പാറ്റകളെപോലെ ഇറമ്പി ഉയരാന്‍ തുടങ്ങി. ഉത്തരങ്ങള്‍ ശരീരം നഷ്ടപ്പെട്ട ചിറകുകളായി മനസ്സിന്റെ ഇരുണ്ടമൂലയില്‍ ചിതറി കുന്നുകൂടി. ഇപ്പോള്‍ സൂര്യന്‍ പൂര്‍ണ്ണമായും അണിഞ്ഞൊരുങ്ങി പുറപ്പെട്ടിരിക്കുകയാണ്. മുറിക്കുള്ളില്‍ വെളിച്ചത്തിന്റെ കീറലുകള്‍ അധികമായിക്കൊണ്ടിരുന്നു. ജീവിതക്രമത്തിന്റെ താളം ഒരു മുരള്‍ച്ചയായി വീണ്ടും ചെവിക്കുള്ളില്‍ ഈയം ഉരുക്കിയൊഴുക്കുന്നപോലെ. ചെവിക്കുള്ളിലേക്ക് രണ്ടുവിരലുകള്‍ സാവധാനം കടത്തിതിരുകി ആശ്വാസത്തി്‌ന്റെ തണല്‍തേടി.

ഇടവഴികളും നാട്ടുപാതകളും ചലനാത്മകമായി. തെരുവുകള്‍ക്ക് ജീവന്‍ വച്ചു. രാജവീഥിയിലൂടെ വാഹനങ്ങളുടെ ഇരമ്പല്‍ ശബ്ദം തണുപ്പിനെ മുറിച്ച് കടന്നുപോകുന്നു. ആളുകള്‍ കൂട്ടംകൂട്ടമായി തെരുവിലേക്കും അവിടുന്ന് പട്ടണത്തെ ലക്ഷ്യമാക്കിയും പുറപ്പെടുന്നു.

ഇന്നലെയുടെ ബാക്കിയായി, ബാക്കിയുടെ തുടര്‍ച്ചയായി മനുഷ്യന്‍ ഭൂമിയുടെ ചലനത്തെ പിന്തുടര്‍ന്ന് മറ്റൊരു ഗ്രഹം പോലെ നാടുനീളെ വലംവയ്ക്കുന്നു. കഴുത്തിനുമുകളില്‍ തല കൊത്തിയെടുത്ത ശില്പം പോലെ തോന്നിച്ചു. കണ്ണും വായയും ചലിപ്പിക്കുന്ന ബൊമ്മയെപോലെയാണ് ചിലപ്പോള്‍ എനിക്കു തോന്നിയത്. വായിലൂടെ വയറ്റിലേക്ക് ദ്രവവും ഖരവുമായി പദാര്‍ത്ഥങ്ങള്‍ ഒഴുകികൊണ്ടിരുന്നു. അതുപോലെ കണ്ണിലൂടെ കാഴ്ചയുടെ വേലിയേറ്റം തലയ്ക്കുള്ളില്‍ തിരയിളക്കത്തിന്റെ ഗാഭീര്യത്തില്‍ പ്രവഹിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആമാശത്തിന്റെ ജോലി അത് കൃത്യമായി നിര്‍വ്വഹിച്ചപ്പോഴും തലച്ചോറിനുള്ളില്‍ ബോധം മന്ദീഭവിച്ചും ഘനീഭവിച്ചും നിശ്ചലത പൂകി. ആമാശത്തിന് ആഹാരത്തിനുവേണ്ടിയുള്ള ആര്‍ത്തിയും തലയ്ക്കുള്ളില്‍ ആസക്തിയില്‍ ആവി പതയ്ക്കുന്നു. ചിലപ്പോഴൊക്കെ മനുഷ്യന്‍ മൃഗമായും മൃതമായും മാറി.

കാണുന്നതിനോട് മാത്രം പ്രതികരിക്കുകയും, നാവിനോട് മാത്രം സംസാരിക്കുകയും നിറഞ്ഞ ശരീരങ്ങളില്‍ സ്പര്‍ശന നിവൃതിയടയുകയും ചെയ്തു. കാണാത്തവരെക്കുറിച്ചോ, നിശ്ചലമായ ജീവിതത്തെക്കുറിച്ചോ കേള്‍ക്കാത്ത ഒച്ചയെക്കുറിച്ചോ അവന്‍ അറിഞ്ഞില്ല. ഭോഗത്തെ മാത്രം അനുഭവിച്ചു. മനസ്സ് നിശ്ചലമായി, ബുദ്ധി മരവിച്ചു. ശരീരം മാത്രം ഉണര്‍ന്നു. മനസ്സ് ഉറക്കത്തിന്റെ ഇരുളില്‍ തപസ്സിരുന്നു.

ഒന്നും ചെയ്യുവാനില്ലാത്തവനായി ഞാന്‍ സൃഷ്ടിയുടെ അര്‍ബുദം പോലെ ചിലയിടങ്ങളില്‍ മുഴച്ചുനിന്നു. സൂര്യബിംബത്തിന് നിഴലായി, മറയായി, മറവിപോലെ സമയം. രാത്രിയിലെ സ്വപ്‌നങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ നെയ്‌തെടുത്തു ആവോളം. ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ ദിവസങ്ങളുടെ ചില്ലുപാത്രത്തില്‍ നിറയുന്നു. അവയൊക്കെ മധുരമുള്ള സ്വപ്‌നങ്ങളായി ഇരുട്ടിന്റെ വെളിച്ചത്തില്‍ വര്‍ണ്ണരാജിയില്‍ പൊതിഞ്ഞ് എന്നെയും വഹിച്ച് കാണാത്ത അകലങ്ങളില്‍ പറന്നുയരും. അപ്പോള്‍ ഞാന്‍ ആഹ്ലാദത്താല്‍ അനുഭൂതിയില്‍ ലയിച്ചലിഞ്ഞുചേരും. എന്റെ പകലുകള്‍ രാത്രിയിലെ സ്വപ്‌നങ്ങള്‍ക്ക് കടംകൊണ്ടതാണ്. കാര്‍മേഘശകലങ്ങള്‍ മഴവില്ലുതീര്‍ക്കുമ്പോലെ.

സൂര്യന്‍ തലയ്ക്കുമീതെ മുകളില്‍ വന്ന് തപിക്കാന്‍ തുടങ്ങി. മനുഷ്യരുടെ മുഖങ്ങള്‍ കറുത്തും ചുകന്നും വിഭിന്നങ്ങളായി. കറുത്തമുടിയിഴകളില്‍ വെള്ളിയിഴകള്‍ വീഴുന്നതുപോലെ. തലച്ചോറ് സൂര്യതാപത്താല്‍ പതഞ്ഞ് ആവി വെള്ളമായി ശരീരത്തില്‍ ചാലുകള്‍ കീറി. ശരീരം മറ്റൊരു സൂര്യനായി ചുവന്നുതിളച്ചു. രക്തം ചൂടുപിടിച്ചു. ഉറയ്ക്കാതെ ഒലിച്ചുകൊണ്ടിരുന്നു. ഭൂമിയുടെ മാറിലേക്ക് ഉപ്പുകലര്‍ന്ന ചുകന്ന മഴപോലെ വിയര്‍പ്പുജലം ധാരയായി.

മണിക്കൂറുകല്‍ വീണ്ടും എട്ടടിനീളത്തില്‍ ഇഴഞ്ഞുനീങ്ങി. സൂര്യന്‍ കത്തിയമര്‍ന്ന് കടലിന്റെ ശീതളിമയില്‍ മുങ്ങിതാണു. ചൂടുപിടിച്ച നിശ്വാസം അന്തരീക്ഷത്തില്‍ തണുത്ത ആശ്വസമായി. ആളുകളുടെ നിഴലുകള്‍ അവരുടെ ആഗ്രഹങ്ങള്‍പോലെ നീണ്ടുകിടന്നു. വീണ്ടും ഇരുട്ടിലേക്ക് കാലടികള്‍ വേച്ചും കിതച്ചും. ഒരു കുതിപ്പിന് കിതപ്പെന്ന പോലെ ഉയര്‍ച്ചതാഴ്ചകടന്ന് ജനനവും മരണവും.

പറവകളുടെ ചിരകുകള്‍ ആടിയുലഞ്ഞ് വീശിപറന്നു. എണ്ണയൊഴിഞ്ഞ യന്ത്രഭാഗം കണക്കെ അവയുടെ ചിരകെല്ലുകള്‍ മുരണ്ടു. അവ കൂടുകള്‍ ലക്ഷ്യമാക്കി താണുയര്‍ന്ന്പറന്നു. പക്ഷികളുടെ കൂടുകള്‍ ഉയരങ്ങളില്‍ മാത്രം നിര്‍മ്മിച്ചത് ഞാന്‍ കണ്ടു. മനുഷ്യര്‍ക്ക് കൈയടക്കാന്‍ സാധിക്കാത്ത ആകാശത്തെ അവര്‍ സ്വന്തമാക്കി. ഭൂമിയില്‍ പിറന്ന് ആകാശത്തിലേക്ക് കുതികൊള്ളുകയാണ്. കൂടുകള്‍ക്ക് ഭാരം വര്‍ദ്ധിച്ചു. മരച്ചില്ലകള്‍ ചാഞ്ഞു. കൂട്ടിനുള്ളില്‍ തുവല്‍ച്ചിറകുകള്‍ ചുടുനിശ്വാസത്തില്‍ ഉയര്‍ന്നുതാണു. കൊക്കുകള്‍ തമ്മില്‍ കൂട്ടിയുരുമി. സാന്ത്വനത്തിന്റെയും പരിരക്ഷയുടെയും കവചം തീര്‍ത്ത് ഒരാശ്രയത്തിനുള്ളില്‍ അഭയമായി. കുഞ്ഞിന് അമ്മയും അമ്മയ്ക്ക് കൂടും കൂട്ടിന് ചില്ലയും ചില്ലയ്ക്ക് മരവും മരത്തിന് ആകാശവും ആകാശത്തിന് ഭൂമിയും ഭൂമിയ്ക്ക് പ്രകൃതിയും അങ്ങനെ ആശ്രയത്തിന്റെ അനന്തകണ്ണികള്‍ ഒന്നിനുപിറകെ ഒന്നായി ഭൂതകാലത്തിന്റെ അന്ധകാരത്തില്‍ നിന്ന് ഭാവിയുടെ അനന്തതയിലേക്ക് വെളിച്ചത്തിന്റെ ഒരു പൊന്‍തിളക്കമായി.

രാത്രി വീണ്ടും കാലത്തിന്റെ കറുത്ത കുപ്പായം എടുത്തണിഞ്ഞു. ജീവിതത്തിന്റെ കയ്പുപോലെ, മനസ്സിലെ ശൂന്യതപോലെ.കട്ടപിടിച്ച അന്ധകാരം. ഈ അന്ധകാരത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ? നമ്മുക്ക് കണ്ണടച്ച് ഇരുട്ടാക്കാം. എന്നാല്‍ രാത്രിയുടെ അന്ത്യത്തില്‍ ഇരുട്ട് കണ്ണുതുളച്ച് കൃഷ്ണമണിയെ പിഴിതെടുത്ത് അവിടെ അന്ധതയുടെ മൂടുപടം വിരിക്കുകയാണ്. കൃഷ്ണമണിയുടെ ജീവന്‍ കെടുത്തുന്നതാരാണ്? എല്ലാവരും അന്ധരാവുകയാണ്. മരണത്തിന്റെ റിഹേഴ്‌സല്‍ പോലെ. ഉണരാത്തവര്‍ ഭാഗ്യവാന്മാര്‍. ഉണര്‍ന്നവരോ പിന്നെയും ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍! ഇരുട്ട് നമ്മളെ കീഴടക്കുകയാണ്. ഉറക്കം അന്തകനായി. എല്ലാത്തിന്റെ അവസാനമായി, ബോധത്തെ അപഹരിക്കുന്നു. നമ്മള്‍ എല്ലാം മറന്ന് സുഷുപ്തിയുടെ സാഫല്യത്തിലേക്ക്...

No comments:

Post a Comment