Wednesday, December 28, 2011

ഓര്‍മ്മയിലവള്‍


അവളുടെ മനോഹരരൂപം

ആരും കാണാത്ത മനസ്സിന്റെ
അറയില്‍ വെണ്ണക്കല്‍ പ്രതിമപോല്‍
കൊത്തിവരച്ചുഞാന്‍ മതിവരാതെ

സുന്ദരമായ അവളുടെ നാമം
കടല്‍ തീരത്തെ പുഴിമണലില്‍
ആരും ചവിട്ടിയരക്കാതിടത്ത്
എന്റെ വിരലുകളാല്‍ കോരിയിട്ടു

അവള്‍ എനിക്കരികില്‍, തൊട്ടടുത്ത്
അവളുടെ ശ്വാസം എനിക്കറിയാം
അതിന്റെ ചൂട്, സ്‌നിഗ്ധത.
അത് ഞാനറിയാതെ എന്നെയുണര്‍ത്തും

സ്വച്ഛന്ദമായ ആകാശത്തിനുകീഴെ
കടലിന്റെ മൂളിപ്പാട്ടില്‍ ലയിച്ച്
അവളുടെ മുഖം മന്ദസ്മിതങ്ങളാല്‍
നിലാവില്‍ കുളിച്ചിരുന്നു

അവളുടെ കണ്ണുകളില്‍ ആയിരം
സൂര്യന്മാര്‍ ജ്വലിച്ചുനിന്നപോലെ
വിരലിന്റെ കാഴ്ചയില്‍
ബോധം സ്പര്‍ശനമായി ഇഴഞ്ഞുനീങ്ങി

നിമിഷത്തിന് മണിക്കുറുകളുടെ ആയുസ്സ്
ചിലപ്പോള്‍ ദിനരാത്രങ്ങളുടെ കലണ്ടറില്‍
ഒരിക്കലും അടയാളപ്പെടുത്താന്‍ കഴിയില്ല
യുഗങ്ങളും മന്വന്തരങ്ങളും എത്രമേല്‍
ചെറുതായി ഒരു മഞ്ചാടിമണിപോലെ

മധുരം കിനിയുന്ന അവളുടെ
അധരപുഷ്പത്തെ തഴുകിയുണര്‍ത്തി
കൂര്‍ത്തിറങ്ങിയ നാസികയിലൂടെ
വീണമീട്ടുന്ന കണ്ണിമയിലുരസി

നെറ്റിത്തടത്തില്‍ പൊടിഞ്ഞൊഴുകിയ
വിയര്‍പ്പുകണങ്ങളെ ഒപ്പിയെടുത്ത്
അലയടിക്കുന്ന തിരമാലപോലുള്ള
കാര്‍ക്കൂന്തല്‍ കാടിനുള്ളില്‍

ഒളിച്ചുകളിയുടെ ഓണവില്ലൊടിച്ച്
ജീവന്‍ വച്ച് വിരലുകള്‍ ആരവം കൂട്ടി
ആത്മാവിന്റെ സ്പന്ദനവുംപേറി
ഭ്രാന്തമായ ആവേശത്തില്‍ തിരയിളക്കമായി

അവളെക്കുറിച്ചെഴുതുവാന്‍ എനിക്ക് വരികളില്ല
ഏഴുകടലിന്റെ അഗാധനീലിമപോലെ
കൊടുമുടിയ്ക്കുമീതെ മുകില്‍ക്കൂടുപോലെ
മരുഭൂവില്‍ ചാഞ്ഞലിയുന്ന ആകാശകീറുപോലെ

പ്രകൃതിയുടെ പ്രതിരൂപമായി അവള്‍ നിറഞ്ഞു.
സൃഷ്ടിയുടെ ചങ്ങലയില്‍ കോര്‍ത്ത സുഗന്ധ
പുഷ്പമായി അവള്‍ ഒന്നിനുപുറകെ ഒന്നായി
അസ്തമിക്കുന്ന സൂര്യന്റെ ചെഞ്ചോരയില്‍

അണയാത്ത ദീപനാളത്തില്‍ ഒളിചിതറി
അവള്‍ അനവരതം അനസ്യൂതം എന്നിലേക്ക്
അണഞ്ഞ് അലിഞ്ഞ് ഒരനുഭൂതിയായി
അവള്‍ ഉറങ്ങിയോ; ഉണര്‍ന്നുവോ

അവളെക്കുറിച്ചുള്ള മധുരമീയോര്‍മ്മകള്‍
അവളുടെ ശബ്ദവീചികള്‍ ശ്രുതിതാളമായി
മനസ്സിനെ ഉണര്‍ത്തിവിളിക്കുന്നു
എന്റെ സ്മൃതിപഥങ്ങളില്‍ അവളൊരു വാല്‍
നക്ഷത്രമായി മിന്നിമറയുന്നു.

എന്റെ വഴിത്താരയില്‍ അവളുടെ കാല്‍പാടുകള്‍
ഒരിക്കലും മായ്്ക്കാന്‍ പറ്റാത്തത്രയും
ആഴത്തില്‍ പതിഞ്ഞ്, തറഞ്ഞ് നില്‍ക്കും
എന്റെ ലോകത്തില്‍ ഭുമിയും പ്രകൃതിയും
സൂര്യനും ചന്ദ്രനും പിന്നെ അവളും

എനിക്ക് അവള്‍ കാഴ്ചയായി, കേള്‍വിയായി
അറിവിന്‍ നിറവായി, ഒരു പുനര്‍ജനിയായി
ഈ കടല്‍തീരത്ത് നമ്മുക്കായി
സുര്യനും ചന്ദ്രനും ഉദിച്ചസ്തമിക്കുന്നു

കടല്‍ ശയ്യവിരിച്ചപോല്‍ അതിലോലം
ആകാശം കുടനിവര്‍ത്തി മറതീര്‍ത്തു
കാടുകള്‍ സുഖംപകര്‍ന്ന കാറ്റിന്‍വിശറിയായി
കൊടുമുടിശൃംഗങ്ങള്‍ സുരക്ഷയുടെ കാവലാളായി
മരുഭൂവിലെ ചുടുകാറ്റ് കോച്ചുംതണുപ്പിനാശ്വസമായി

ഇരുണ്ടകാലത്തില്‍ ഒരു ചുകന്നപൊട്ടുപോലെ
അനശ്വരമായ ഒരടയാളം ചോരകീറിയൊഴുകി.
എനിക്കായി, നിനക്കായി, നമ്മുക്കോരുത്തര്‍ക്കുമായി
ഒരിക്കലും അണയാത്ത നെയ് വിളക്കിന്‍ പ്രഭയില്‍.


No comments:

Post a Comment