Wednesday, December 28, 2011

പ്രണയാതുരം ജീവിതം


പ്രണയം - പ്രപഞ്ചത്തോളം വിശാല വിസ്തൃതമായ നാമം. മനുഷ്യന് ഉദ്ദ്വേഗം ജനിപ്പിക്കുന്ന ഒരു അത്ഭുതപ്രതിഭാസമാണ് ക്ഷീരപഥത്തില്‍ അണിനിരന്നു പ്രകാശിക്കുകയും അപ്രകാശിതവുമായ നൂറുകണക്കായ നക്ഷത്രങ്ങളും ഗ്രഹസമൂഹങ്ങളും. മനുഷ്യരാശിയുടെ ഉത്ഭവം തൊട്ടേ അവനെ അതിശയിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത പ്രതിഭാസം. അതേപോലെ തന്നെ മനുഷ്യമനസ്സിന്റെ ഉള്ളറകളില്‍ പ്രകമ്പനം കൊള്ളിക്കുന്ന മറ്റൊരു വികാരവിക്ഷുബ്ദതയാണ് പ്രണയം. സ്ത്രീയും പുരുഷനും തമ്മിലുള്ള അപരിമേയമായ വ്യക്തിബന്ധത്തിനപ്പുറമുള്ള അലൗകീകമായ ഒരു വികാരപ്രപഞ്ചമാണ് പ്രണയാതുരമായ ഹൃദയങ്ങളില്‍ നടക്കുന്ന വേലിയേറ്റയിറക്കങ്ങള്‍.

പ്രണയം എന്ന സിനിമയില്‍ ബ്ലസി അനാവരണം ചെയ്യുന്നത് ഇത്തരത്തിലുള്ള ഒരു പ്രക്ഷുബ്ദമായ സാകല്യാവസ്ഥയാണ്. ഭൗതീകമായ, വ്യക്ത്യാധിഷ്ഠിതമായ ബന്ധത്തിനപ്പുറം സമയത്തിനും കാലത്തിനും കെടുത്താന്‍ കഴിയാത്ത വെള്ളിവെളിച്ചത്തിന്റെ തനുത്ത പ്രകാശ കിരണങ്ങള്‍ ചിതറി നില്‍ക്കുന്ന മനതാരില്‍ ആരും കാണാത്ത ഒരു തളിരിലയുടെ സ്പര്‍ശനസുഖം പകരുന്നു അത്. വയസ്സും ആയുസ്സും നിര്‍മ്മിക്കുന്ന അതിര്‍വരമ്പുകള്‍ക്കകത്ത് ഒറ്റപ്പെടലിന്റെ വ്യാകുലതകളെ ഇല്ലായ്മ ചെയ്യുന്ന ജലമര്‍മ്മരങ്ങള്‍ തീര്‍ക്കുന്ന ശൈത്യ ഇടങ്ങളെ സൃഷ്ടിക്കുകയാണ് പ്രണയം എന്ന ചിത്രത്തില്‍ ബ്ലെസി ക്യാമറയിലൂടെ തെളിയിക്കുന്നത്. കൗമാരത്തിന്റെ ഔത്സുക്യം പേറുന്ന കാമനകളില്‍ എടുത്തുചാടി വെന്തുരുകുന്ന ജീവിതങ്ങള്‍ അറിയാതെ പോകുന്നതും പ്രണയം നല്‍കുന്ന കാലാതീതമായ മാനസീക സംതൃപ്തിയുടെ ഭൂപടമാണ്. കുടുംബവും ഭൗതീക ചുറ്റുപാടും മനുഷ്യനിര്‍മിത ഔപചാരികതകളും എങ്ങനെയാണ് നിര്‍മലവും സംശുദ്ധിയും പ്രദാനം ചെയ്യുന്ന പ്രണയ വികാരത്തെ തകിടം മറിക്കുന്നത് എന്നത് ക്ഷണിക ഭംഗുരമായ ജീവിത യാഥാര്‍ത്ഥ്യത്തിലൂടെ നാം കാണുന്നതാണ്.

വ്യവഹാരാധിഷ്ഠിതമായ ലോകത്തില്‍ പ്രണയം എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുവിനെപ്പോലെ അജീവമാകുന്നത് എന്നതാണ് ഗ്രേസും (ജയപ്രദ), അച്ചുതമേനോന്‍ (അനുപം ഖേര്‍) എന്ന കഥാപാത്രത്തിന്റെയും വേര്‍പ്പിരിയലില്‍ ചെന്നെത്തിക്കുന്ന സാങ്കേതികത. അതിനപ്പുറം കുടുംബവും സമൂഹവും കൂടാതെ പ്രണയബന്ധിതമായ മനസ്സും ഒരു വേള കാണാതെ പോയത്, അല്ലെങ്കില്‍ കളഞ്ഞുപോയത് പ്രണയത്തിന്റെ ഒരിക്കലും മങ്ങാത്ത ഊഷ്മളഭാവത്തിന്റെ അനശ്വരതയാണ്.

വര്‍ഷങ്ങളുടെ കുതിപ്പില്‍ ഹൃദയങ്ങള്‍ കിതയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ ഒരു ഓര്‍മ പുതിക്കലായി നമ്മളെ തേടിയെത്തും. അപ്പോള്‍ കഴിഞ്ഞു പോയ നഷ്ട വസന്തങ്ങള്‍ ഒരു നേര്‍ത്ത വിങ്ങലില്‍ പൊടിയുന്ന ചോരയുടെ മണത്തെ/നിറത്തെ നമുക്ക് കാട്ടിത്തരും. അത് ചിലപ്പോല്‍ ആയാസപ്പെട്ട് കയറുന്ന കോവണിപ്പടിയിലെ എണ്ണാതെ പോയ ഒരു പടവില്‍ നിന്നോ ലിഫ്റ്റിന്റെ ഭാരക്കുറവ് നല്‍കുന്ന ആന്തോളനത്തിലോ ആയിരിക്കും സംഭവിക്കുക. എന്നിരുന്നാലും അപ്പോള്‍ ഹൃദയവേഗത്തില്‍ സംഭവിക്കുന്ന മിന്നലാട്ടം എത്രമേല്‍ ആപല്‍ക്കരമാകുമെന്നോ, കുതിച്ചു പായുന്ന വെള്ളച്ചാട്ടം നല്‍കുന്ന മനോഹാരിത പോലെ, അതിന്റെ ദ്രുതവേഗം നല്‍കുന്ന വിദ്യുത് തരംഗം, ഒരു കൊള്ളിയാനെപ്പോലെ ഹൃദയ ഭിത്തികളില്‍ ഒരു പോരല്‍ നല്‍കുന്ന വേദനയും വരഞ്ഞിടുകയാവും ചെയ്യുക.

വേര്‍പ്പെട്ട ഉടലിന്റെ ബാക്കിയെന്ന പോലെ പിടയ്ക്കുന്ന ഒരു മനസ്സ് എന്നും എരിഞ്ഞു നില്‍ക്കുന്നു എന്നതാണ് ഗ്രേസ് എന്ന പ്രണയത്രിയില്‍ കാണുന്ന പാരവശ്യം തീര്‍ക്കുന്ന വെമ്പലുകള്‍. മരുമകളും പേരമകളും അതിഭാവുകത്വം നല്‍കി ഉണ്ടാക്കപ്പെടുന്ന ഇടപ്പെടലുകള്‍ സമ്മാനിക്കുന്ന ഉപചാരക്രിയകള്‍, ഇന്ന് കാണുന്ന ലോക മഹിമയില്‍ തുന്നിച്ചേര്‍ത്ത ഒരു ചിത്രപ്പണി മാത്രമായി ചുരുങ്ങിപ്പോകുന്നു ഐസിയു-വില്‍ കിടക്കുന്ന മുത്തച്ഛന്‍ നല്‍കുന്ന ഒരു രോഗിയുടെ ചിത്രകൂടം. അതിനുപകരമായി ഹോസ്പിറ്റലില്‍ അടയ്‌ക്കേണ്ട തുകയും ആ തുക മടക്കി നല്‍കിയാല്‍ കിട്ടുന്ന കൊടുക്കല്‍ വാങ്ങല്‍ സംതൃപ്തി, സത്യസന്ധതയും കമ്പോളലോകക്രമത്തില്‍ എത്രമേല്‍ പ്രാധാന്യം നല്‍കപ്പെടുന്നു എന്നു കാട്ടിത്തരുന്നു. എന്നാല്‍ ഹോസ്പിറ്റലില്‍ കെട്ടിയ രൂപ വെറും കടലാസു കഷ്ണങ്ങള്‍ മാത്രമായ ഒരു പ്രതിബിംബം എങ്ങനെ പ്രണയാതുരമായ ഗ്രേസിന് അനുഭവപ്പെടുത്തുന്നു എന്നത്, ഐസിയുവില്‍ കിടക്കുന്ന, ഒരു നാള്‍ തന്റെ പ്രേമഭാജനമായിരുന്ന ഇണക്കിളിയുടെ, ചുടുള്ള ഹൃദയമിടിപ്പിന്റെ താളം ഇന്നും തന്റെ ഹൃദയറകളില്‍ തണുക്കാതെ ഉരുകിയൊലിച്ചുകൊണ്ടിരിക്കുന്നു എന്ന സ്പന്ദനത്തിലൂടെ അവര്‍ അറിയുക തന്നെ ചെയ്യുന്നു.

മാത്യൂസ് എന്ന ഫിലോസഫി പ്രൊഫസറുടെ ദയനീയമായ ജീവിതസാക്ഷ്യം പ്രണയത്തിന്റെ മറുവശം കാട്ടിത്തരും. പ്രണയത്തില്‍ മുങ്ങി മരിച്ചവളുടെ പ്രേതത്തെപ്പോലെയാണ് ഗ്രേസ് അയാളുടെ ജീവിതത്തിലേക്ക് വരുന്നത്. എല്ലാം ഫിലോസഫിക്കലായി വിലയിരുത്തുകയും, നല്‍കപ്പെടുന്നതൊക്കെയും അതിന്റെ ശീതളിമയോടെ സ്വീകരിക്കുകയും ചെയ്യുന്ന പ്രകൃതമാണ് പ്രൊഫസറുടെ ഉരുവിട്ട പാഠഭാഗം. കൊടുക്കല്‍ വാങ്ങലിലുള്ള സംതൃപ്തിയും സായൂജ്യവും നല്‍കുന്ന പരിപൂര്‍ണ്ണത. അതില്‍ അയാള്‍ക്ക് പരിഭവമില്ല. മുറിഞ്ഞ ആപ്പിള്‍ കഷ്ണത്തിന്റെ ബാക്കിഭാഗം നല്‍കുന്ന രുചിഭേദത്തെ അയാള്‍ കാണുന്നില്ല. അയാള്‍ക്ക് ലഭിക്കുന്ന രുചിയില്‍ അയാള്‍ ആപ്പിളിന്റെ മുഴുവന്‍ സൗന്ദര്യവും രുചിയും ആസ്വദിക്കുന്നു. ഗ്രേസ് അങ്ങനെയുള്ള ഒരു പാനപാത്രമാണ്. ഒരിക്കലും ഒഴിയാത്ത പ്രണയം വഹിക്കുകയും പ്രവഹിക്കുകയും ചെയ്യുന്ന ഒരു യന്ത്രമാണ് ഗ്രേസ്. ഒരുവേള ഉരുകിയൊലിച്ച് ആവിയുയര്‍ത്തുന്ന അഗ്നിപര്‍വ്വത ശിഖരത്തിന്റെ തീക്ഷ്ണതയും ഉരുകിയൊലിച്ചലിയുന്ന ഹിമവല്‍ശൃംഗത്തിന്റെ കുളിര്‍മയും ഒരേ സമയം ചുരത്തുകയാണ് ഗ്രേസ് എന്ന ബിംബം.

മറ്റുള്ളവരുടെ വേദനയെ തന്റെ വേദനയില്‍ അലിയിച്ച എന്റേതാക്കി മാറ്റി, അതിനെ തന്റെ ഹൃദയത്തിനുള്ളില്‍ വച്ച് ഉണക്കി തിരികെ നല്‍കുന്ന ആതുരസേവനത്തിന്റെ നന്മയാണ് മറ്റൊരു തരത്തില്‍ പ്രണയം നല്‍കുന്ന വികാരം. ആതിര എഴുതിയ 'നിന്നിലെ നിന്നില്‍ ' എന്ന കവിതയിലെ വരികളില്‍ ലൗകീകമായുണ്ടാകുന്ന തീക്ഷണവികാരങ്ങളെ പര്‌സപരമുള്ള കൈമാറ്റത്തിലൂടെ ആവാഹിക്കുന്നു. പൊട്ടിയൊലിക്കുന്ന വ്രണത്തിന് സാന്ത്വനവും ഉണക്കവും നല്‍കുന്നു ഈ വരികളിലൂടെ. പ്രണയം മനസ്സില്‍ നിന്നും ശരീരത്തിലേക്ക് പ്രവഹിക്കുന്ന വേളയില്‍ സംഭവിക്കേണ്ട ഒരു കരുതലാണിത്. പ്രണയം മാനസികമായ അതിഭാവുകത്വം നല്‍കുന്ന വേളയില്‍ തന്നെ, ശാരീര കേളികള്‍ക്കപ്പുറത്ത്, ഇരു ശരീരങ്ങളില്‍ കൂടിയും ഓടുന്ന രക്തപ്രവാഹത്തെ ഒരിക്കലും മറക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തലാണ് ആതിരയുടെ വരികള്‍ മുഴുവനും. മനസ്സിന്റെയും ശരീരത്തിന്റെയും വേദനകളെ മുടിയിഴകള്‍ വശംചേര്‍ന്ന് കെട്ടിയൊതുക്കുന്നതിന്റെ സൗകുമാര്യത വെളിപ്പെടുത്തും ഇവിടെ.

വേദനിക്കുന്നത് മനസ്സിലാണെങ്കിലും ശരീരത്തിലാണെങ്കിലും അത് കരഞ്ഞുതീര്‍ക്കുന്നത്, ഒഴുകിയൊലിക്കുന്ന കണ്ണുനീരിന്റെ ചൂടിലും ഉപ്പിലുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ തിരിച്ചറിവില്‍ അറിയാന്‍ കഴിയും എന്തുമാത്രം വേദനയുടെ ആഴത്തിലാണ് തന്റെ പ്രാണന്റെ പാതി കിടന്നുഴറുന്നതെന്ന്. അത് തന്നെയാണ് ബ്ലെസിയുടെ പ്രണയം എന്ന ചിത്രത്തിലും ഒരു വലിയ ക്യാന്‍വാസില്‍ നിറഞ്ഞൊഴുകുന്നപോലെ മോഹന്‍ലാല്‍, നമ്മള്‍ ഒരിക്കലും കാണാത്ത രൂപത്തിലും ഭാവത്തിലും അവസ്ഥയിലും നമുക്ക് മുന്നില്‍ പ്രത്യക്ഷമാകുന്നത്. ഗ്രേസ് വഹിക്കുന്നത് വേദനയില്‍ മുറുകി ഏതുസമയവും പൊട്ടിയേക്കാവുന്ന വീണ കമ്പിയുമായി നടക്കുന്ന അച്ചു എന്ന കഥാപാത്രത്തിന്റെ ഹൃദയവേദനയും (രണ്ടുപ്രാവശ്യം ഹൃദയാഘാതം സംഭവിച്ചിരിക്കുന്നു.) സാമൂഹ്യമായ ചട്ടക്കൂട്ടില്‍ കെട്ടിയിട്ട പ്രിയതമന്റെ ഒരു വശം തളര്‍ന്നുകിടക്കുന്ന ശരീരത്തിന്റെ ആകുലതകളും വയ്യായികത വികലമാക്കിയ ചലന വൈകൃതങ്ങള്‍ നല്‍കുന്ന നെരിപ്പോടുകളുമാണ്. (ഹൃദയാഘാതത്തിന്റെ മിന്നലാട്ടം മോഹന്‍ലാലിന്റെ കഥാപാത്രമായ മാത്യുസിലും സംഭവിക്കുന്നുണ്ട്്) ഗ്രേസ് രണ്ട് തലങ്ങളെ തന്റെ രണ്ടു ശ്വാസകോശ അറകളുടെ ക്രമം തെറ്റാത്ത ഉച്ഛാസ-നിശ്വാസം പോലെ കൊണ്ടു നടക്കുന്നതിന് പ്രാപ്തയാകുന്നു. അതില്‍ കുടുംബം വലിച്ചെറിയുന്ന കൂര്‍ത്ത കല്ലൂകള്‍ ഏല്പിക്കുന്ന മുറിവുകളെപ്പോലും ഒരു റോസാദളത്തിന്റെ സ്പര്‍ശന സുഗന്ധമായി മാത്രമേ കാണാന്‍ അവര്‍ ശ്രമിക്കുന്നുള്ളൂ/സാധിക്കുന്നുള്ളൂ.

സ്വന്തം ഹൃദയതാളത്തെ അറിയാതിരിക്കുന്നവരാണ് ഏറിയ പങ്കും. അതുപോലെ നമ്മളുടെ ശ്വാസോച്ഛാസം എത്രപേര്‍ ഓരോ നിമിഷത്തിലും അറിഞ്ഞുകൊണ്ടു പങ്കുവയ്ക്കുന്നുണ്ട്. ആരും സ്വയം അറിയുന്നില്ല. സ്വയം അറിയാതിരിക്കലാണ് മറ്റൊരുതരിത്തില്‍ പറഞ്ഞാല്‍ ജീവിതം. ഇടയ്‌ക്കൊക്കെ സ്വന്തം ഹൃദയമിടിപ്പ് തൊട്ടറിയുന്നതും ശ്വാസഗതിയുടെ വേഗമാനം അളക്കുന്നതും ഞാന്‍ എന്താണെന്ന അറിവ് പകരുന്നു നല്‍കും. ഹൃദയമിടിപ്പുകളുടെ താളം ബോധ പൂര്‍വ്വമാകുന്നത് ഏതെങ്കിലും അവസരത്തില്‍ പെട്ടെന്നുണ്ടാകുന്ന വിഹ്വലതകള്‍ നല്‍കുന്ന ഞെട്ടലില്‍ നിന്നുമാകാം. ഓരോ നിമിഷ ബിന്ദുവിലും മിടിച്ചുകൊണ്ടിരിക്കുന്ന രക്തപ്രവാഹത്തിന്റെ ഗതി വേഗം അറിയുന്നവന്‍, ദൈവത്തിന്റെ കരങ്ങളില്‍ ജീവിതം തീര്‍ക്കുന്നവരാണ്.

ശ്വാസ ഗതിയും ഹൃദയ സ്പന്ദനവും ഏറ്റവും അരികിലും ഓരേ വേഗതയിലും അനസ്യൂതവും ശരീരത്തിനകത്ത് നടക്കുന്ന പ്രക്രിയയാണ്. ഈ രണ്ടു പ്രതി ക്രിയകളെയും അറിഞ്ഞറിയുകയാണ് ആതിര. ഹൃദയസ്പന്ദനത്തിന്റെ ചാഞ്ചല്യം, ശ്വാസ ഗതിയിലെ ആവേഗങ്ങള്‍ ഒക്കെ അറിയാന്‍ ശ്രമിക്കുന്നതിലൂടെ സ്വയം മറന്ന് മറ്റുള്ളവരിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. േ്രപതങ്ങള്‍ സ്വന്തം ശരീരത്തിലേക്ക് പ്രവേശിച്ച് ഗോഷ്ടികള്‍ പ്രകടിപ്പിക്കുകയാണ് സാധാരണ ജീവിതത്തില്‍ കാണുന്നത്. എന്നാല്‍ മറ്റുള്ളവരുടെ, തന്റെ പ്രണയ ഭാജനത്തിന്റെ ഹൃദയ ഭിത്തികളെ അടയ്ക്കുന്ന വേദനയുടെ കൊഴുപ്പിനെ നേര്‍പ്പിക്കാന്‍ എനിക്ക് സാധിക്കും എന്ന് ഉച്ഛസ്ഥരം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. വെറും പ്രഖ്യാപനത്തിലൊതുക്കാതെ പ്രവൃത്തിയുടെ വൃത്തിയായി, വേദനയകറ്റി സുഖം പകരാന്‍ സ്വന്തം ജീവനെയും ജീവിതത്തെയും പകുത്തു നല്‍കുന്നതിനുള്ള ആര്‍ജവം അതാണ് കാണിക്കുന്നത്.

ഒരാളുടെ ചിന്തകളെ സസൂക്ഷ്മം നിരീക്ഷിക്കുകയും അയാളുടെ ഭാവ വിഹ്വലതകളെ പരസ്പരം കൈമാറുകയും ചെയ്യുന്നതിനുള്ള മാനസീക പാരസ്പര്യം കൈവരിക്കുകയാണെങ്കില്‍ പ്രണയ വല്ലികളില്‍ വിടരുന്ന പൂക്കള്‍ ഒരിക്കലും വാടിക്കരിയുകയില്ല. മാനസീക സംഘര്‍ഷങ്ങളുടെ പിടിയലമര്‍ന്ന് ഞെരിപിരി കൊള്ളുന്ന അവസ്ഥയില്‍ സ്വയം കണ്ണിലെ കരടിനെ വലിച്ചെടുക്കുന്ന അപാരമായ സാധ്യതകളെ തരണംചെയ്യുക എന്നുള്ളത് എങ്ങനെ പരസഹായത്തിന്റെ തേടലുകളെ തന്നെ നിഷ്പ്രഭമാക്കി, തന്റെ നിശ്ശബ്ദമായ നിലവിളികള്‍ക്ക് ഒച്ചയും അനക്കവും നല്‍കാന്‍ നിനക്ക് ആവുകയാണെങ്കില്‍, അതില്‍പ്പരം സായൂജ്യവും ജീവിത സാക്ഷാത്കാരവും എവിടെയാണുണ്ടാവുക.

ഞാന്‍ പറയാത്ത വാക്കുകള്‍ നീ കേള്‍ക്കുകയും ഞാന്‍ അനുഭവിക്കുന്നതൊക്കെയും നീ ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോല്‍ ഞാനും നീയും എന്ന ദ്വന്ദ്വം അവസാനിക്കുകയും അത് ഞാന്‍ തന്നെ എന്ന ഒറ്റ സങ്കല്പമായി തീരുകയും ചെയ്യും. അദ്ധൈ്വതമായ ആ ഒന്നിലേക്കാണ് എല്ലാവരും ഉണരുന്നത്. ആ നിര്‍വൃതിയില്‍ അലിഞ്ഞാല്‍ ഞാന്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. ഇത് ഞാനല്ലെന്നും അതാണ് ഞാനെന്നുമുള്ള പരകായ പ്രവേശം നടക്കും. അലിഞ്ഞില്ലാതാവുകയും ഉരുകി രൂപ പരിണാമം സംഭവിക്കുകയും ചെയ്യുന്ന രാസമാറ്റ പ്രക്രിയ. അത് രസതന്ത്രത്തിലും എല്ലാ തന്ത്രമന്ത്രങ്ങളിലും കാണുന്ന പ്രതിഘടനയാണ്.

മുറിവുകളെ ഉണക്കുകയാണ് ആദ്യം ചെയ്യേണ്ടത് അതിന് ചിലപ്പോല്‍ ഐസിയു-വിലെ തണുത്ത, നിശ്ശബ്ദ കവാടത്തിലേക്ക് പ്രവേശിക്കേണ്ടിവരും. ബ്ലെസിയുടെ സിനിമയില്‍ ആശുപത്രി ഒരു കഥാപാത്രത്തെ പോലെ മറ്റു മൂന്ന് പ്രണയിതാക്കളെയും പിന്തുടരുന്നു. ഹൃദയം കൊണ്ടെഴുതുന്ന കവിത പോലെ. എന്നാല്‍ ആ ഹൃദയത്തിനു തന്നെ ഉള്ളിലും പുറത്തും വേദനയും വിവശതയുമാണ്. ഹൃദയം ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രണയം ഏറ്റവും ഉദാത്തവും സുഹൃതവുമാണ്. എന്നാല്‍ ഹൃദയതാളത്തിന് വിഘ്‌നം സംഭവിക്കുന്ന അവസ്ഥ നേരിടുമ്പോല്‍ കുറച്ചകലെ മാത്രമുള്ള എനിക്ക് നിന്റെ ഹൃദയത്തില്‍ തുന്നലുകള്‍ ചേര്‍ക്കുവാന്‍ സാധിക്കാതെ വരുന്നു. അപ്പോഴാണ് ഐസിയുവിന്റെ ശീതീകരിച്ച നിശ്ശബ്ദതയില്‍ മുങ്ങി നിവരേണ്ടതായി വരുന്നത്. ആ സമയത്ത് ഹൃദയത്തിനകത്തെ നിര്‍മമമായി പ്രവഹിക്കുന്ന രക്താണുവിന്റെ ന്യൂക്ലിയസിന് തീപ്പിടിക്കുന്നതും ഇലക്ട്രോണും പ്രോട്രോണും സംഘര്‍ഷഭരിതമായിത്തീരുകയും ചെയ്യുന്ന അവസ്ഥയാണുണ്ടാവുക. മരുന്നോ മന്ത്രമോ അറിയുന്നതിനു മുമ്പേ ചില പക്ഷികള്‍ പറന്നുപോകും. അവിടെ ഒന്നു പിഴച്ചാല്‍ മൂന്ന് എന്ന സാങ്കേതികമായ പരികല്‍പ്പനകള്‍ തകര്‍ന്നടിയും. ഉത്സപറമ്പിലെ തിരിയുന്ന ചക്രത്തിന് നേരെ പാഞ്ഞടുക്കുന്ന അമ്പ് ഏതെങ്കിലും ചുകന്നതോ പിങ്കിലോ ആഴ്ന്നിറങ്ങും എന്നത് ഒരു സത്യമാണ്. അത് മുന്‍ക്കൂട്ടി പ്രവചിക്കപ്പെട്ടതുമാണ്. എന്നാല്‍ മൂച്ചീട്ട് കളിക്കാരന്റെ കൈ ക്രിയകളില്‍ താളം പ്പിഴ സംഭവിക്കുന്നത് അപൂര്‍വ്വമായ ഒരു സാധ്യതയാണ്.

ആതിരയുടെ കവിതയില്‍ അവസാനമായി പറയുന്ന 'നിന്റെ ഇരുട്ടിന് ഞാന്‍ വെളിച്ചമാകാ'മെന്നും ആ ഇരുണ്ട ലോകത്തില്‍ നീ സഞ്ചരിക്കുന്ന പഥങ്ങളിലെ മുള്ളും കല്ലും ഞാന്‍ മാറ്റിയെടുത്ത് അവിടെ പുഷ്പ വൃഷ്ടി നടത്തി ആ മൃദുല പാതയിലൂടെ നിന്റെ ജീവിതത്തെ ഒഴുക്കാം എന്നാണ്. ആ തെളിനീര്‍ ചാല്‍ നല്‍കുന്ന തണുപ്പില്‍ ഞാന്‍ മുങ്ങി നിവരും. മുങ്ങിത്താഴുന്നവന് കച്ചിരുരുമ്പെന്നപോലല്ല, നിന്റെ രക്ഷകനായി ഞാന്‍ നിന്നിലേക്ക് അണയും. നിന്റെ ജീവനില്‍ ഞാന്‍ പ്രകാശം നിറയ്ക്കും. എന്നില്‍ വിശ്വസിപ്പിന്‍ ഞാന്‍ നിന്നെ രക്ഷിക്കും എന്ന ദൈവ വചനം തന്നെയാണ് ഇവിടെ അന്വര്‍തഥമാകുന്നത്. നിന്റെ പാപത്തിന് പരിഹാരമായി സ്വന്തം ജീവന്‍ കുരിശേറ്റിയവന്റെ താഴ്‌വഴികളില്‍ വെളിച്ചമാകുന്നതാണ് അവസാന വരികളില്‍ ഉദ്‌ഘോഷിക്കുന്ന 'നിന്നെ നീയാക്കാന്‍ എന്നെ തന്നെ തന്നേയ്ക്കാം' എന്ന വാചകം.

പ്രണയം എന്ന ചി്ത്രത്തില്‍ പര്‌സപരമുള്ള ത്യാഗവും അര്‍പ്പണവുമാണ് മുഖ്യപ്രമേയമായി വരുന്നത്. ഇന്നത്തെ വേഗതയാര്‍ന്ന ലോകത്തില്‍ വേഷ പ്രച്ഛന്നരായി ഓടുന്ന പുതു തലമുറകള്‍ക്ക് ഒരിക്കലും എടുത്തണിയാന്‍ വയ്യാത്ത വികാര സംവേഗമാണ് പ്രണയം - പ്രണയം എന്ന ആദിമധ്യാന്തങ്ങളില്ലാത്ത വികാരവായ്പിന്റെ, അതിന്റെ ആത്മാവിനെ സ്പര്‍ശിച്ച, പരുവമായ ജന്മ സുകൃതങ്ങള്‍ പരസ്പരം വെച്ചു മാറുന്ന വികാര വിചാരതലങ്ങള്‍. അര്‍പ്പണമില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ കവിതയോ ഭാവനയോ അല്ലാത്ത യഥാര്‍ത്ഥ ജീവിതത്തിന്റെ പരുക്കന്‍ കോണുകളില്‍ വെളിച്ചമായി വരുന്ന ഗ്രേസ് എന്ന പ്രണയിനി. തന്റെ ജീവനെ ഒരിക്കലും വിലമതിക്കാത്ത സ്വന്തം മകനെക്കാള്‍, പഴയതും പുതിയതുമായ പ്രണയിതാക്കളെ മാറോടു ചേര്‍ത്തു വച്ച്, അമ്മ മകന്‍ എന്ന സങ്കല്പത്തെ ആദിബീജകാരണത്തിന്റെ കാര്യമായി ഉള്‍ക്കൊണ്ടുമാത്രം, നന്മയില്‍ നിന്നു മാത്രമെ നന്മ പിറക്കുകയുള്ളൂ എന്ന സത്യവും ഇവിടെ വെളിവാക്കപ്പെടുന്നു. മകന്‍ അമ്മയെ തെറ്റിദ്ധരിക്കുക എന്ന പഴയ പൊലിമയില്ലാത്ത വൈകാരികതയെ ക്ഷമയുടെയും സത്യന്റെയും സംശുദ്ധിയുടെയും ഇഴ പിരിച്ച് കാണാന്‍ ഗ്രേസിന് സാധിക്കുന്നു. അത് തിരിച്ചറിയാന്‍ മകന്‍ വൈകുന്നതും സ്വാഭാവികം. കുറ്റവും ശിക്ഷയും വേഗമാര്‍ന്ന ഈ കാലത്തില്‍ മധ്യ വയസ്സിന്റെ ആലസ്യത്തില്‍ എത്തിച്ചേര്‍ന്ന പ്രണയിതാക്കളെ ഒരിക്കലും നെല്ലും പതിരും പൊറുക്കിയെടുക്കാന്‍ പഠിപ്പിക്കേണ്ടതില്ല.

ഗ്രേസ് എന്ന കഥാപാത്രത്തിന്റെ ആകുലതകളും വിക്ഷോഭങ്ങളും ആതിരയുടെ കവിതയില്‍ മുമ്പേ എടുത്തു ചേര്‍ക്കപ്പെട്ടവയാണ്. അല്ലെങ്കിലും സ്ഫടിക സാമാനമായ വികാരങ്ങള്‍ക്ക് പഴമയും പുതുമയുമുണ്ടാവുകയില്ല. രണ്ടു വ്യക്തി ബന്ധങ്ങളുടെ ആത്മീയമായ ആശ്ലേഷണമാണ് പ്രണയമായി പരിണമിക്കുന്നത്. പ്രണയത്തിന്റെ ഗാഢത അതിലെ കളങ്കമില്ലാത്ത അവസ്ഥയാണ്. സത്യത്തെ, യാഥാര്‍ത്ഥ്യത്തെ ദര്‍ശിക്കുകയാണ് അവിടെ സംഭവിക്കുന്നത്. തന്റെ നഷ്ടമല്ല അവന്റെ അവളുടെ ഉണ്മയാണ് പ്രധാനം. ഞാന്‍ ആദ്യം എന്നതിനുപകരം അവന്‍ ആദ്യം എന്നു തിരുത്തുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ നാശം ചിലപ്പോല്‍ ആശ്വാസ്യമായി തോന്നാം. നീയില്ലാത്ത ലോകത്ത് ഞാനെങ്ങനെ നിലനില്‍ക്കും എന്ന ഗുരുത്വാകര്‍ഷണ നിയമത്തിന്റെ ബലത്തെ ദ്യോതിപ്പിക്കുന്ന തരത്തില്‍ ചിന്തിക്കപ്പെടാം. അതുപോലെ എന്റെ ഇല്ലായ്മയിലും നീ ഒരു സ്ഥായിയായി, ഒരിക്കലും നാശമില്ലാത്ത, അനശ്വരമായ ഒന്നിന്റെ പ്രതീകമായി സങ്കല്പിക്കുകയുമാകാം. രണ്ടിലും നിഴലിക്കുന്ന നിനക്കു വേണ്ടിയും, നീയാണ് എന്നെക്കാല്‍ എനിക്ക് വിലമതിക്കുന്നത് എന്ന ത്യാഗവും സമര്‍പ്പണവുമാണ്.

ആതിരയുടെ 'നിന്നിലെ നിന്നില്‍' എന്ന കവിതയും ബ്ലസിയുടെ 'പ്രണയ'വും പറഞ്ഞു വയ്ക്കുന്നത് ഒരു ചെടിയില്‍ വിരിഞ്ഞ പുഷ്പത്തിലെ വേര്‍ത്തിരിക്കാനാവാത്ത ഇതളുകള്‍ പോലെ ആര്‍ദ്രമായ ബിംബ പരിഗണനയാണ്. ഈ ചിത്രങ്ങള്‍ക്ക് മനസ്സില്‍ യഥാര്‍ത്ഥ പ്രണയം വഹിക്കുന്ന മനുഷ്യജന്മങ്ങള്‍ ഉള്ളയിടത്തോളം കാലം മങ്ങലേല്‍ക്കില്ല. പ്രണയം എന്നത് മോഹന്‍ലാലിന്റെ വാക്കുകളില്‍ മനുഷ്യനില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. അത് പ്രകൃതിയിലെ സകല ജീവജാലങ്ങളോടും തോന്നുന്ന സത്തായ വികാരമാണ്. അത് അനുഭവവേദ്യമാക്കാന്‍ ഓരോരുത്തര്‍ക്കുമായാല്‍ ജീവിതം ഒരര്‍ത്ഥത്തില്‍ സഫലമായി.


No comments:

Post a Comment