Wednesday, December 28, 2011

ഡാമുകള്‍ ഉണ്ടാകുന്നത്



പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഏര്‍പ്പാടാണ് ജലസേചനത്തിന്റെയും /വൈദ്യുതി ഉല്പാദനത്തിന്റെ പേരില്‍ മനുഷ്യമനസ്സില്‍ രുപമെടുത്ത അണക്കെട്ട് അല്ലെങ്കില്‍ ഡാം എന്ന ആശയം. യന്ത്രവല്‍ക്കൃതലോകത്ത് ഒരു ചക്രം തിരിയുന്നതിന് വേണ്ട വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഏത് മാര്‍ഗവും ഉപയോഗിക്കേണ്ട ഗതികേടില്‍ നിന്നാണ് മനുഷ്യന്‍ ജലവൈദ്യുത പദ്ധതിയും മറ്റ് ആണവനിലയങ്ങളും സ്ഥാപിച്ചത്. എന്നാല്‍ ഓരോ പദ്ധതിയും മനുഷ്യനു തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഏതോരു കാര്യവും അതിന്റെ പരിണതഫലത്തെക്കുറിച്ച് ചിന്തിക്കാതെ ഇറങ്ങി പുറപ്പെടുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ മനുഷ്യരാശിക്ക് ഭീഷണിയാവുന്നത്. ഹരണഫലത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും ബാക്കി വരുന്ന ശിഷ്ടത്തെ അവഗണിക്കുകയും ചെയ്യുകയാണ്. പ്ലാസ്റ്റിക് സഞ്ചി വരുത്തി വയ്ക്കുന്ന ഉപദ്രവം നാം കണ്ടു കഴിഞ്ഞു. പണ്ടൊക്കെ തുണി സഞ്ചി മടക്കിയും തൂക്കിയും പലചരക്കുകടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ കാലം ഇന്ന് ഓര്‍മയാണ്.

കണ്ടുപിടുത്തങ്ങളൊക്കെ നല്ലത് തന്നെ. എന്നാല്‍ അതിന്റെ ഭവിഷ്യത്ത് ആരും ഓര്‍ക്കാറില്ല. ശത്രുവിനെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന മൈനുകള്‍ മണ്ണിനടിയില്‍ വിത്തുകള്‍ പോലെ പാകുകയും അത് പാകമാകുമ്പോല്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന കാഴ്ച യുദ്ധമേഖലയിലും മറ്റും നിത്യസംഭവമാണ്. അതുപോലെ അണുബോംബുകള്‍ സംഭരിക്കുകയും അവസാനം അത് എങ്ങനെ യുദ്ധമില്ലാത്താകുന്ന അവസ്ഥയില്‍ നശിപ്പിക്കാം എന്നും ഉള്ളത് ഉത്തരമില്ലാത്ത ചോദ്യമായിത്തീരുന്നു. ഒരു സമ്പാദ്യമായി ആറ്റം ബോബുകളെ ഓരോ രാജ്യങ്ങളും സൂക്ഷിക്കുകയാണ്. തീവ്രവാദികളുടെയും കൊള്ളക്കാരുടെയും കൈകളില്‍ അകപ്പെടാതെ അവ സൂക്ഷിക്കേണ്ടത് അവ നിര്‍മിച്ചവരുടെ ബാധ്യതയായിത്തീരുകയും ചെയ്യുന്നു.

അണുബോംബുകള്‍ പോലെ മാരകമായി തീരുകയാണ് യാതൊരു ഉപദ്രവവും ഏല്‍പ്പിക്കാത്ത ജീവവായുപോലെ സംശുദ്ധവും പ്രധാനവുമായ ജലസ്രോതസുകള്‍. പ്രകൃതിയേയും മണ്ണിനേയും കുളിപ്പിച്ചും കുളിര്‍പ്പിച്ചും ഒഴുകിക്കൊണ്ടിരിക്കുന്ന പുഴകളെയും അരുവികളെയും നദികളെയും മനുഷ്യന്റെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി അണകെട്ടി തടഞ്ഞുനിര്‍ത്തി അതുവഴി മനുഷ്യരുടെ ഉപഭോഗതൃഷ്ണയ്ക്ക് മുതല്‍ കൂട്ടുന്നതിനുവേണ്ടിയുള്ള അതിസാഹസത്തിന്റെ പരിണത ഫലമാണ് മുല്ലപ്പെരിയാര്‍ എന്ന മഹാമാരി പോലെ കേരളീയ സമൂഹത്തിന് മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അണക്കെട്ട്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന പോലെയാണ് തമിഴ്‌നാട്ടിലെ ജനങ്ങളുടെയും സര്‍ക്കാരിന്റെയും കാര്യം. അവര്‍ക്ക് കുടിവെള്ളം മതി. അതിന് കേരളദേശത്തിലെ ജനങ്ങള്‍ക്ക് എന്തുസംഭവിച്ചാലും ദോഷമില്ല. ഭാഷയും സംസ്‌ക്കാരവും എത്രവേഗമാണ് മറ്റുള്ളവരെ അവഗണിക്കുന്നത് എന്നതിന് ഒരു ഉദാഹരണമാണിത്. കേരളം കരുതിക്കൂട്ടി ഡാം പൊളിക്കുന്നതിനോ, വെള്ളത്തിന്റെ അളവ് താഴ്ത്തുന്നതിനോ ശ്രമിക്കുന്നതുപോലെയാണ് തമിഴ്‌നാടിന്റെ വാദം കേട്ടാല്‍ തോന്നുക. സ്വന്തം പറമ്പിലെ മാവിന്റെ കാര്യത്തില്‍ അടുത്ത വീട്ടുകാരെന്റെ പരിഭവം പോലെയാണ് കാര്യങ്ങളുടെ കിടപ്പ്.

കേരളത്തില്‍ കാലാകാലങ്ങളില്‍ ഭരിച്ചുരസിച്ച ഭരണപുംഗവന്മാര്‍ കുരങ്ങനു പൂമാല കിട്ടിയപോലെ തങ്ങളുടെ പാര്‍ട്ടിയുടെയും കുടുംബത്തിന്റെ കാര്യം മാത്രം ദുര്‍മന്ത്രം പോലെ ജപിച്ചു ഓരോ അഞ്ചുവര്‍ഷവും പാസ് മാര്‍ക്കുപോലും വാങ്ങാതെ തോറ്റും ജയിച്ചും തങ്ങളുടെ ആയുസ്സിന്റെ വലിയൊരു ഭാഗം ജനങ്ങള്‍ക്കുനേരോ ഇളിച്ചും കൈകൂപ്പിയും തങ്ങളുടെ ഭാഗം അഭിനയിച്ചുകടന്നുപോകുന്നു. ജനങ്ങളെ അടിസ്ഥാനമായി ബാധിക്കുന്ന എത്രതന്നെ മാരകമായ പ്രശ്‌നങ്ങള്‍ക്ക് നേരെ ഇത്രയും ലാഘവബുദ്ധിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മനോഭാവം രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും തൊലിക്കട്ടിയുടെ ഭാഗമായി മാറിക്കഴിഞ്ഞു.

മുല്ലപ്പെരിയാല്‍ വിഷയം ചര്‍ച്ചയ്ക്കു വരുന്ന അവസരത്തിലൊക്കെ കേന്ദ്രസര്‍ക്കാറിനെ മദ്ധ്യസ്ഥം നിര്‍ത്തി തമിഴ്‌നാട് തങ്ങളുടെ എം.പിമാരുടെ അംഗബലത്തില്‍ അവരുടെ കാര്യം സാധിച്ചെടുക്കാന്‍ പരിശ്രമിക്കുന്നതിലൂടെ കേരളത്തിന്റെ അടിയന്തിരമായ ആവശ്യം നടപ്പാക്കാതെ പോവുകയാണ് ചെയ്യുന്നത്. കേരളത്തിലെ മന്ത്രിമാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് വിമാനം കയറി വിമാനക്കൂലി കളഞ്ഞതല്ലാതെ വേറൊരു കാര്യവും കേരളത്തിനുവേണ്ടി നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രിമാര്‍ക്കൊപ്പം അകമ്പടി സേവിക്കുന്ന ഉദ്ദ്യോഗസ്ഥപ്രമാണിമാര്‍ക്ക് തങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി മാസാമാസം കിട്ടുക എന്നുള്ളത് മാത്രമാണ് കരണീയമായിട്ടുള്ളത്. ബാക്കിയൊക്കെ സര്‍ക്കാരുകാര്യം മുറപോലെ എന്ന മട്ടിലാണ്.

മലയാളിയുടെ പ്രതിഷേധിക്കാനുള്ള കഴിവിനെ ഓരോ പാര്‍ട്ടികളും കുത്തകയാക്കി വച്ചിരിക്കുകയാണ്. ഓരോ പാര്‍ട്ടിയിലുപ്പെട്ടവരെ പ്രതിഷേധിപ്പിക്കണമെങ്കില്‍ അതാത് പാര്‍ട്ടികളുടെ നേതൃത്വം ഒരു ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തിപ്പിക്കേണ്ട അവസ്ഥയാണിന്ന്. നേതൃത്വം ആ വിഷയത്തില്‍ തീര്‍ത്തും ബധിരമാണെങ്കില്‍ ആ പാര്‍ട്ടിയിലെ അണികള്‍ ഒരിക്കലും പ്രതിഷേധിക്കാന്‍ പുറപ്പെടുകയില്ല. പെട്രോളിന് വിലവര്‍ദ്ധിച്ചാല്‍ സമരം ചെയ്യുവാനും ഹര്‍ത്താല്‍ നടത്താനും പാര്‍ട്ടി നേതൃത്വം തീരുമാനിക്കണം.

കേരളജനതയെ ഇങ്ങനെ ഓരോ പാര്‍ട്ടികളും വീതം വച്ച് എടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് പ്രത്യേകിച്ച് കേരളത്തോടോ സ്വന്തം രാജ്യത്തോടെ യാതൊരു മമതയുമില്ല. ഗൃഹാതുരത്വമൊക്കെ കവിതയ്ക്കും കഥയ്ക്കും വളമാക്കി ഉപയോഗിക്കാമെന്നെല്ലാതെ. പിന്നെ രാഷ്ട്രീയപാര്‍ട്ടികളില്‍ ഒന്നും പെടാതെ നപുംസകങ്ങളായി ജീവിക്കുന്ന ഒരു വിഭാഗവും കേരളത്തില്‍ അതിവേഗം തഴച്ചുവളരുകയാണ്. ഈ വിഭാഗത്തില്‍ പ്പെടുന്നവര്‍ അതിസമ്പന്നമാരായ എന്‍ആര്‍ഐ-കളാണ്. ഇവര്‍ ശുന്യാകാശത്തില്‍ സഞ്ചരിക്കുന്ന യാത്രികരെപോലെയാണ്. അവര്‍ക്ക് ഭുമിയോ ആകാശമോ സ്വന്തം നാടെന്നോ ഉള്ള പരിഗണനയോ പരിഭവമോ ഇല്ല. നാട്ടില്‍ എന്തു നടന്നാലും അതിനെ യാതൊരു വിലയും കല്പിക്കാതെ അവഗണിക്കുകയാണ് ഇത്തരക്കാരുടെ പരിപാടി. സ്വന്തം നാടിനോട് പുച്ഛവും നാട്ടുകാരോട് പരിഹാസവുമാണ് ഇവരുടെ മുഖമുദ്ര. ഇവരുടെ പിന്നാലെയാണ് ഇന്ന് പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ പാര്‍ട്ടികളും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളുടെയും അന്തിയുറക്കം. അവര്‍ നല്‍കുന്ന പിച്ചക്കാശിന് കേരളത്തെയും ഇവിടെ ജീവിക്കുന്ന സാധാരണക്കാരനെയും ഒറ്റിക്കൊടുക്കുകയും അവരുടെ ജീവിതത്തിനും മനുഷ്യാവകാശങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയും ചെയ്യുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണകൂടം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ പരാതിപ്പെടാന്‍ ആളില്ലാത്ത അവസ്ഥയാണിന്ന്. കോടതിയലക്ഷ്യങ്ങള്‍ക്ക് സ്വയം കേസെടുത്ത് ശിക്ഷ വിധിക്കുന്ന ന്യായാധിപന്മാര്‍ മനുഷ്യാവകാശലംഘനങ്ങളെ കാര്യമാക്കുന്നില്ല. മനുഷ്യനെക്കാള്‍ വിലയും നിലയും മനുഷ്യന്‍ നിര്‍മ്മിച്ച കോടതികള്‍ക്കും നിയമങ്ങള്‍ക്കും വരില്ലല്ലോ!

മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. എന്നാല്‍ ഭരണാധികാരികളോ ഉദ്യോഗസ്ഥപ്രമാണിമാരോ കോടതിയലക്ഷ്യത്തിനുവേണ്ടി കാത്തിരിക്കുന്ന ന്യായാധിപന്മാരോ ഇനിയും ഈ വിഷയത്തില്‍ ഉണര്‍ന്നുകാണുന്നില്ല. സര്‍വ്വകക്ഷി ചര്‍ച്ചയിലൂടെ തകരാന്‍ പോകുന്ന ഒരു ഡാമിനെ പിടിച്ചുനില്‍ത്താന്‍ സാധിക്കില്ല. പ്രകൃതിയുടെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ (ഭൂചലനങ്ങള്‍) ഇത്രയും നിസ്സാരമായി കാണുന്ന ഒരു ജനത വേറെവിടെയും കാണില്ല. സ്വന്തം കാര്യത്തില്‍ സംഭവിക്കുമ്പോള്‍ മാത്രം കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്ന ഒരു അപൂര്‍വ വര്‍ഗമായി കേരളീയ സമൂഹം എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു. കാഴ്ച കാണാന്‍ മാത്രം വിധിക്കപ്പെട്ടവരായി ഓരോ മലയാളിയും മാറിക്കഴിഞ്ഞു. ഇനി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തകര്‍ച്ചയും കണ്‍കുളിര്‍ക്കെ കാണാന്‍ ഇരുമിഴിയും തുറന്ന് കാത്തിരിക്കുകയാവാം മലയാളി. കൂടാതെ മലയാള പത്ര-ചാനലുകാരും മുല്ലപ്പെരിയാറിന്റെ തകര്‍ച്ചയ്ക്കുശേഷം കാണിക്കേണ്ട സ്റ്റില്ലുകളും മുഖപ്രസംഗങ്ങളും എഴുതിയും ക്യാമറയിലും വീഡിയോയിലും പകര്‍ത്തി വയ്ക്കുന്ന തിരക്കിലാവും.

DAM 999 എന്ന സിനിമപോലും ഒരു കാഴ്ചയുടെ അലസമായ നേരമ്പോക്കായി മാത്രമേ മലയാളി പ്രേക്ഷകന് സംവേദനക്ഷമമാകുകയുള്ളൂ. സ്വന്തം കിടപ്പറയില്‍ മൂര്‍ഖന്‍ പാമ്പ് കയറിക്കിടന്നാല്‍ പോലും തന്റെ ഉറക്കത്തെ അത് തെല്ലും ബാധിക്കരുത് എന്ന് മാത്രമേ മലയാളിക്ക് തോന്നുകയുള്ളൂ. മൂര്‍ഖന്‍ കട്ടിലനടിയില്‍ ഉറങ്ങിയാലും ഇല്ലെങ്കിലും തന്റെ ഉറക്കത്തിന് ഭംഗം വരരുത് എന്നേയുള്ളൂ.

മനുഷ്യമനസ്സിലെ നിര്‍മല വികാര വിചാരങ്ങളെ അണകെട്ടി നിര്‍ത്തിയിരിക്കുന്ന മലയാളി സമൂഹത്തിന് ഒരിക്കലും മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിക്കു മുമ്പില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സ്വന്തം മനസ്സ് എന്നേ അന്യര്‍ക്കുമുമ്പില്‍ അണക്കെട്ടി പൂട്ടിയിരിക്കുന്നു. തന്റെ ഭവനവും സമ്പാദ്യവും കുടുംബവും അതിലെ തന്റെ ഏറ്റവും അടുത്ത മനുഷ്യജീവികളും കഴിഞ്ഞാല്‍ ഓരോ മലയാളിയും ഭരണാധികാരിയും അന്ധനും ബധിരനുമാണ്.

തര്‍ന്നടിഞ്ഞ റോഡുകളോ, അടഞ്ഞുപോയ ഓവുചാലുകളോ ദുര്‍ഗന്ധപൂരിതമായ നഗരമാലിന്യങ്ങളോ, കൊതുകള്‍ പെറ്റുപെരുകുന്ന മലിനജലങ്ങള്‍ തടംകെട്ടിയ ഓടകളോ കുഴിനിലങ്ങളോ ഇവര്‍ കാണുകയില്ല. ചിക്കന്‍ ഗുനിയയും ഡെങ്കിപനിയും മറ്റു പകര്‍ച്ചവ്യാധികളും ഇവരുടെ നേരപോക്കുകളില്‍ കളിതമാശകള്‍ മാത്രം. ഇരകള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഇവിടെ കുത്തകരാഷ്ട്രീയപ്രമാണിമാര്‍ തങ്ങളുടെ കൈയില്‍ ഭദ്രമാക്കിയ റിമോര്‍ട്ട് കണ്‍ഡ്രോള്‍ ബട്ടണ്‍ പ്രവര്‍ത്തിപ്പിക്കുകതന്നെവേണം. ബാക്കിയുള്ള പ്രതിഷേധങ്ങളൊക്കെ സ്വയം അയവിറക്കുന്ന നെഞ്ചരിച്ചിലായും പുകച്ചിലായും ഒരോ പൗരനും സ്വയം കിതക്കേണ്ടി വരും. അല്ലെങ്കില്‍ ഒരു പ്രതികരണം ആവശ്യമാകുക ഗോവിന്ദച്ചാമിമാര്‍ പതുങ്ങിയിരുന്ന് ഒരു ഇരയെ വിഴുങ്ങുക തന്നെ വേണം. അതുവരെ ഉറക്കം തൂങ്ങിയും ഉറക്കം നടച്ചും കിടക്കുന്നവരെ ഉണര്‍ത്താന്‍.

ഇതിനിടയില്‍ ആദിവാസികള്‍ക്കിടയില്‍ അവരുടെ യാദനകള്‍ക്കും വേദനകള്‍ക്കും പരിഹാരമായി ഇന്ത്യയിലെ സമ്പന്ന ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാത്ത പിന്നോക്ക ജില്ലകളില്‍ ചുകപ്പന്‍ രാഷ്ട്രീയം അവരുടെ ജനപക്ഷഭരണകര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുവെന്നുള്ളത് പരമമായ സത്യമാണ്. അതുപോലും ഖജനാവില്‍ കൈയിട്ടുവാരുന്ന ഭരണവര്‍ഗക്കാര്‍ കാണുകയോ ബോധവാന്മാരാകുകയോ ചെയ്തിട്ടില്ല. സ്വന്തം രാജ്യസുരക്ഷാപാലകര്‍ എവിടെയെങ്കിലും മൈന്‍ പൊട്ടിയോ, ബോംബ് സ്‌ഫോടനത്തിലോ കൊല്ലപ്പെടുമ്പോള്‍ മാത്രം ഇത്തരം ശക്തികള്‍ക്കെതിരെ എന്തെങ്കിലും പ്രസ്താവനയിറക്കുകയോ സംയുക്ത പട്രോളിങ്ങ് നടത്തി പൊടിതട്ടി സ്ഥലം വിടുകയാണ് ഇവര്‍ ചെയ്യുന്നത്. ഇന്ത്യയിലെ വടക്കേ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ മൂന്നില്‍ ഒരു ഭാഗം മേഖലകള്‍ ചുകപ്പന്‍ ശക്തികള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ആധിവാസികളുടെയും പിന്നോക്കക്കാരുടെയും അവഗണിക്കപ്പെട്ടവരുടെയും പിന്തുണയോടെയാണ് ഇവര്‍ സ്വയംഭരണപ്രദേശങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇന്ത്യാമഹാരാജ്യം അമ്പതുവര്‍ഷത്തോളമായി ഭരിച്ചുകൊണ്ടിരിക്കുന്ന വര്‍ഗത്തിന് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ സാധിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ന്യൂനപക്ഷമായ സമ്പന്നരുടെ സംരക്ഷണവും നീതിയും ന്യായവും നിലനില്‍പ്പുമാത്രമായി ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ചുരുങ്ങിപ്പോയിരിക്കുകയാണ്. നീരാളിയുടെ പാദസേവപോലെയാണ് കാര്യങ്ങള്‍. എന്തെങ്കിലും ജനസേവന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ അനേകം ശാഖകളായി പിരിഞ്ഞുകിടക്കുന്ന നീരാളിയുടെ ആ ദിശയില്‍ കിടക്കുന്ന കരങ്ങള്‍ക്ക് ബോധം വരണം. അപ്പോഴെക്കും മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ ദൗത്യം പൂര്‍ത്തികരിച്ചിട്ടുണ്ടാകും. ഒപ്പം കേരളത്തിലെ ജനസംഖ്യ പകുതിയായി കുറയുകയും വലുപ്പം രണ്ടു ഭാഗങ്ങളായി പിരിഞ്ഞ് തെക്കന്‍ കേരളമെന്നും വടക്കന്‍ കേരളമെന്നും രണ്ടു ചെറിയ സംസ്ഥാനം രൂപപ്പെട്ടിട്ടുണ്ടാകും!

No comments:

Post a Comment