Wednesday, December 28, 2011

ജീവിതം വിരസമാകുന്നത്

വിരസമായ ജീവിതം. അങ്ങനെയൊരു അവസ്ഥ ചിന്തിക്കാന്‍ കൂടി പ്രയാസമായിരിക്കും. എന്നാല്‍ എത്രയോ പേര്‍ ഈ അവസ്ഥയില്‍ ജീവിതത്തെ ജീവിച്ചു തീര്‍ക്കുന്നു. ജീവിതത്തില്‍ പുതുമ കണ്ടെത്തുമ്പോഴാണ് വിരസത കുടിയൊഴിയുന്നത്. ആവര്‍ത്തനമാണ് വിരസതയ്ക്ക് കാരണം. ചിലപ്പോള്‍ നല്ല അനുഭവങ്ങളുടെ ആവര്‍ത്തനത്തിലും വിരസതയുണ്ടാകാം. ജീവിതം ആവര്‍ത്തനമാണ്. ആവര്‍ത്തനമാകുന്ന ഈ ജീവിതത്തില്‍ പുതുമയുണ്ടാക്കുമ്പോഴാണ് ആഹ്ലാദവും ഉന്മേഷവും അനുഭൂതികളും ഉണ്ടാകുന്നത്. പുതുമ സൃഷ്ടിക്കണമെങ്കില്‍ മാറ്റം ആവശ്യമാണ്. എന്നാല്‍ എവിടെയാണ് മാറ്റമുണ്ടാകേണ്ടത്. മനുഷ്യന്‍ മാറുന്നുണ്ടോ? മനസ്സ് മാറുന്നുണ്ടോ? പ്രകൃതിയ്ക്ക് മാറ്റമുണ്ടോ? ഇവയൊന്നും മാറാതെ എവിടെയാണ് പുതുമ സൃഷ്ടിക്കാന്‍ സാധിക്കുക! തലമുറകള്‍ മാറ്റമില്ലാതെ ഒന്ന് മറ്റൊന്നിന്റെ പ്രതിരൂപമായി ആവര്‍ത്തിക്കുകയാണ്. ഇന്നലത്തെ ജീവിതം പോലെ ഇന്നും ഇന്നത്തെ ജീവിതം പോലെ നാളെയും. തലമുറകള്‍ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ജനനത്തിനും മരണത്തിനും ഇടയില്‍ എന്താണ് ഉണ്ടാവുന്നത്. പരസ്പരം സ്‌നേഹിക്കുന്നു. എല്ലാ ജീവികളിലും പരസ്പരം കൈമാറ്റപ്പെടുന്ന ഒരു വികാരമാണിത്. നമ്മള്‍ സ്‌നേഹിക്കുന്നതും സ്‌നേഹിക്കപ്പെടുന്നതും എന്തിനുവേണ്ടിയാണ്. എങ്ങനെയാണ് നമ്മള്‍ അറിയാതെ ഈ സ്‌നേഹം നമ്മുടെ ഉള്ളില്‍ ഉരുതിരിഞ്ഞുവരുന്നത്. അല്ലെങ്കില്‍ മറ്റുള്ളവരടെ സ്‌നേഹപാത്രമാകുന്നത്. ആദ്യമായി സ്‌നേഹം അനുഭവിക്കുന്നത് എവിടെയാണ്. അമ്മയ്ക്ക് കുഞ്ഞിനോടു തുടങ്ങുന്ന സ്‌നേഹത്തില്‍ നിന്നാണ് കുഞ്ഞ് സ്‌നേഹത്തിന്റെ മാധുര്യം നുണയുന്നത്. അമ്മയുടെ മുലപ്പാലിലൂടെ സ്‌നേഹത്തിന്റെ മധുരം അനുഭവിക്കുന്നു. എന്നാല്‍ അമ്മയ്ക്കുമുമ്പേ പ്രകൃതി സ്‌നേഹം നല്‍കി. ആ സ്‌നേഹമാണ് അമ്മയ്്ക്കു ലഭിച്ചത്. ആ സ്‌നേഹം കുഞ്ഞിലേക്കും പ്രവഹിക്കുന്നു. സ്‌നേഹം വളരുകയും മാറുകയും ചിലപ്പോള്‍ അലിഞ്ഞോ മുറിഞ്ഞോ ഇല്ലാതാവുകയും ചെയ്യുന്നു.

പരസ്പരം സ്‌നേഹിക്കുക. സ്ത്രീയും പുരുഷനും തമ്മില്‍ സ്‌നേഹിക്കുന്നു. പിന്നെ സ്വയം തന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ സ്‌നേഹം അല്ലെങ്കില്‍ സത്യമായ സ്‌നേഹം ഏതാണ്? സ്വയം സ്‌നേഹിക്കുക എന്നത് സ്വന്തം ശരീരത്തെയും പിന്നെ തന്റെതന്നെ സ്വത്വബോധത്തെയും സ്‌നേഹിക്കുക. തന്റെ ശരീരത്തിനും സ്വത്വത്തിനും അനുരൂപമായതിനെ സ്‌നേഹിക്കുകയാണ് പിന്നെ ചെയ്യുന്നത്. അങ്ങനെ സ്‌നേഹിക്കപ്പെടുന്നതിനെ സ്വന്തമാക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥപരമായ സ്‌നേഹം. ഈ സ്‌നേഹം പരിശുദ്ധമാണോ?

പരസ്പരം സ്‌നേഹിക്കുന്ന മനുഷ്യര്‍. ഓരോ ജീവിയും ഒരേ വര്‍ഗത്തിലുള്ള സമുഹത്തിലാണ് ജനിക്കുന്നത്. പരസ്പരആശ്രയമായാണ് ജീവിതം ആരംഭിക്കുന്നത്. ഈ ആശ്രയമാണ് സ്‌നേഹമായി പരിണമിക്കുന്നത്.

സ്ത്രീ പുരുഷനേയും പുരുഷന്‍ സ്ത്രീയേയും സ്‌നേഹിക്കുന്നു. സ്‌നേഹം മൂത്താല്‍ പ്രണയമാകും! ഇത് പ്രകൃതിദത്തമായ ഒരു പരിണാമമാണ്. എല്ലാ ജീവികളിലേയും ഭിന്ന വര്‍ഗങ്ങള്‍ തമ്മില്‍ സ്‌നേഹിക്കും. പ്രണയം സാധ്യമാകുന്നത് ലിംഗഭേദങ്ങളുടെ ആകര്‍ഷണത്തിലൂടെയാണ്. ഈ ആകര്‍ഷണമാണ് സകലജീവിജാലങ്ങളുടെയും നിലനില്പിന് ആധാരം. സഹജാവബോധത്താല്‍ സ്‌നേഹിക്കപ്പെടുമ്പോള്‍ പരസ്പരാസൃതമായ ഒരു ആകര്‍ഷണവലയത്തിന്റെ ശക്തിയാല്‍ പ്രണയം ഉടലെടുക്കുന്നു. ശാരീരികമായ സംതൃപ്തിയില്‍ നിന്ന് ഉളവാക്കപ്പെടുന്ന ഒരു വികാരമാണ് സ്‌നേഹമായി മനസില്‍ ഉറവകൊള്ളുന്നത്. അതുപോലെ ആകര്‍ഷണീയതയില്‍ നിന്നും ഉടലെടുക്കുന്ന ഭാവാത്മകത മാനസീകതലത്തില്‍ പ്രണയമായി പരിണമിക്കുകയും ചെയ്യുന്നു. ഇത് ശാരീരികമായ ഉല്‍പ്രേരണകള്‍ക്ക് വിധേയമാക്കപ്പെടുന്നു.

അതായത് സ്ത്രീയും പുരുഷനും തമ്മിലുള്ള യഥാര്‍ത്ഥപ്രണയത്തിന്റെ പുര്‍ത്തീകരണത്തിലൂടെ മാത്രമേ പരിശുദ്ധസ്‌നേഹം ഉത്ഭവിക്കുകയുള്ളൂ. ഈ സ്‌നേഹമാണ് പ്രകൃതിയില്‍ നിന്ന് അമ്മയിലേക്കും അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും പിന്നീട് കുഞ്ഞില്‍ നിന്ന് രൂപഭേദമായി ജീവിജാലങ്ങളിലേക്കും പകരുന്നത്.

No comments:

Post a Comment