Wednesday, December 28, 2011

അവളെയറിയുമോ?

അവള്‍

എന്റെ സ്വപ്‌നങ്ങള്‍ക്ക് നിറചാര്‍ത്തേകി
ആഗ്രഹങ്ങളുടെ സാഫല്യമായി
അന്വേഷണങ്ങള്‍ക്ക് കണ്ടെത്തലായി
എന്റെ അപൂര്‍ണതയ്ക്ക് പൂര്‍ണതയായി
എന്റെ ചിന്തയുടെ ശക്തിയും
വാക്കിന്റെ യുക്തിയും പ്രവൃത്തിയുടെ
ആവേശവുമാണവള്‍
സ്വത്വബോധത്തിന് ആര്‍ജ്ജവമേകി
കാലിന്റെ ചലനവും വിരലിന്റെ സ്പര്‍ശനവും
കണ്ണിന് കാഴ്ചയും ചെവിയുടെ കേള്‍വിയും
ഹൃദയത്തിന്റെ സ്പന്ദനമാണവള്‍
ബുദ്ധിയുടെ ചൈതന്യമായി
ധ്യാനത്തിന്് ഏകാഗ്രത പകര്‍ന്നവള്‍
എന്റെ ആദിയും പാതിയും അന്ത്യവുമായി
തപസ്സിന് സാഫല്യമായി.
അവളുടെ ചലനങ്ങള്‍ക്ക്
പ്രകൃതിയുടെ ഭാവമായിരുന്നു
മൂന്ന് ലോകത്തിലെ അത്ഭുതവും
അവളുടെ കണ്ണുകളില്‍ നിറഞ്ഞിരുന്നു.
അവളുടെ വാക്കുകള്‍ക്ക് സൂര്യതേജസ്സായിരുന്നു
അവളുടെ ശ്വാസത്തിന് ഇളങ്കാറ്റിന്റെ
നൈമര്‍ല്യവും സ്‌നിഗ്ദതയുമാണ്
അവളുടെ സാമിപ്യത്തില്‍
ഈ ലോകമാകെ പ്രകാശമാനമാകും
അവളുടെ ശബ്ദം സംഗീതസാന്ദ്രമാണ്
അവളുടെ മുടിയിഴകളില്‍
ഇളംതെന്നല്‍ ഈണമിട്ടൊഴുകും
അവളില്ലാത്ത ലോകം അന്ധകാരമാണ്
അവളെ ഓര്‍ക്കാത്ത രാവുകള്‍ വിരളം
അവളില്ലാതെ ഞാനെങ്ങനെ ഉറങ്ങും
നിശ്ചലം നിശ്ശബ്ദം അവളില്ലാത്തനേരങ്ങള്‍
അവളുണരുന്നത് എനിക്കുവേണ്ടിയാവണം
അല്ലെങ്കിലും ഞാനുണര്‍ന്നിരിക്കും.
അവള്‍ പോയ വഴിയില്‍
പുല്‍കൊടികളമര്‍ന്നുണര്‍ന്നിരിക്കും
മൃദുലമാം പാദത്തില്‍ നിന്നുതിര്‍ന്ന
പൊടികളില്‍ സുഗന്ധം നിറയും
അവള്‍ പോകും ഇടവഴികളില്‍
കാറ്റിലാടും ഇലകളും പൂവും
അവളെക്കുറിച്ച് കുശലം പറയും.
അവളെ കാത്തിരിക്കും നേരങ്ങളില്‍
ലോകം അലിഞ്ഞലിഞ്ഞ് തീരും
എന്നെ മറന്നാലും ഞാനവളെ
ഓര്‍ത്തിരിക്കും അടുത്ത ജന്മത്തിലും
എനിക്കായി ജനിച്ചതാകണം അവള്‍
അവളില്ലാത്ത ജീവിതം നിരര്‍ത്ഥകം
മരുഭൂവിലെ മരുപച്ചപോല്‍
അവളെന്റെയുള്ളില്‍ കുളിര്‍ത്തുനില്ക്കും
പാതയിലും വരമ്പിലും പിന്നെ ബസ്സിലും
ട്രെയിനിലും ആള്‍ക്കൂട്ടത്തിനുള്ളില്‍
നീലനേത്രങ്ങളില്‍ അവള്‍ വിടര്‍ന്നിരിക്കും
ഒരുപാടുകാലമായി ഓര്‍ത്തിരിക്കുന്നു
ജനിച്ചനാള്‍മുതല്‍ വളര്‍ന്നും കൊഴിഞ്ഞും
ജീവിതം പലവഴികളില്‍ പടര്‍ന്നപ്പോഴും
അവള്‍ മാത്രം വഴിമാറിപ്പോയില്ല പലവഴികളില്‍
ഞാനവളെ കേള്‍ക്കുന്നു, കാണുന്നു, അറിയുന്നു
ഈ ജീവന്‍ അണയുന്നവരേയ്ക്കും
ഒരു മണ്‍ചെരാതിന്റെ നുറുങ്ങുവെട്ടമായെങ്കിലും
എന്നരികിലായി അവളുണര്‍ന്നിരിക്കും.

No comments:

Post a Comment