Wednesday, December 28, 2011

പ്രപഞ്ചത്തിലെ വൈരുദ്ധ്യങ്ങള്‍

പ്രപഞ്ചത്തിലെ വൈരുദ്ധ്യങ്ങള്‍. അത് നമ്മെ വിസ്മയിപ്പിക്കും.
കറങ്ങുന്ന ഭൂമിയും സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനും.
ജീവജാലങ്ങള്‍ ജന്മകൊള്ളുന്നതിനനുസരിച്ച് മറുവശത്ത്
മരണത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ ജീവനറ്റ പ്രേതങ്ങള്‍.
അവയുടെ എണ്ണം നിമിഷന്തോറും വര്‍ദ്ധിച്ചുവരുന്നു.
ജനിക്കുക, ഭൂജിക്കുക, വിസര്‍ജിക്കുക, ഉറങ്ങുക. പിന്നീട് മരിക്കുക.
എല്ലാവര്‍ക്കും അവകാശപ്പെട്ടത്, എന്നാല്‍ ആരും അവകാശപ്പെടാത്തത്.
സ്വന്തമല്ലാത്ത മറ്റെന്തും സ്വന്തമെന്ന് അവകാശവാദം ഉന്നയിക്കുന്നവര്‍,
ആരും തര്‍ക്കിക്കാനില്ലാത്ത സ്വന്തം മരണത്തെ ഏറ്റെടുക്കുന്നില്ല.
അനാഥതത്വം പേറിയ മരണം അവസാനം തന്നെതന്നെയും
അനാഥമാക്കുന്നു. ആര്‍ക്കും പിടി തരാതെ.

ഇന്നലെ അഗാധഗര്‍ത്തംപോലെയാണ്.
ഇന്ന് സമതലത്തില്‍ എത്തിയവന്റെ ആശ്വാസപോലെ കുളിര്‍ത്തതും.
നാളെ ചെങ്കുത്തായ മറ്റൊരു കയറ്റമാണ്.
ഇന്ന് നമ്മുടെ സ്വന്തമാണ്. വിലമതിക്കാനാവാത്ത നിധിപോലെ.
ഇന്നലെ മറ്റാരുടെതോ ആയിരുന്നു.
ആ ഇന്നലെയെ നമ്മുക്ക് സ്വന്തമാക്കാനോ അപഹരിക്കാനോ സാധ്യമല്ല.
നാളെയും അതുപോലെ ആര്‍ക്കോ വേണ്ടി സ്വരുകൂട്ടുന്നത്.
കയ്യിട്ടുവാരരുത്. അത് വരുംതലമുറയുടെ മുതലാണ്.

ഇന്നിനോട് സംസാരിക്കുക. ഇന്നലെ അന്ധമാണ്, ബധിരമാണ്.
നാളെയും അതുപോലെ-മങ്ങിയ കാഴ്ചമാത്രം.
ഒരു നിഴല്‍ യുദ്ധം അരുത്. അത് ഇന്നിന്റെ കാഴ്ചയെ അന്ധമാക്കും.
ജീവന്‍ ഉണര്‍ന്നിരിക്കുന്നത് ഇന്നുമാത്രമാണ്.
ഇന്നിന്റെ സുഖം, ഇന്നത്തെ ദു:ഖം.
നഷ്ടവും ലാഭവും ഇന്നുതന്നെ കണക്കുതീര്‍ക്കണം.

No comments:

Post a Comment