Wednesday, December 28, 2011

ഇരുട്ടിന്റെ വഴിയിലേക്ക്

ജീവിതമേ നിന്നെ സ്‌നേഹിക്കുന്നു
മരണമേ നിന്നെ ഭയക്കുന്നു
ആരാണ് ജീവിതത്തെ വെറുക്കുക
ആരാണ് മരണത്തെ പ്രണയിക്കുക

സുഖ-ദു:ഖ സമ്മിശ്രണം ജീവിതം
അനാദിദു:ഖമായി വരും മരണം
ജീവിതത്തെ വെറുക്കുന്നവരാവും
മരണത്തെ സ്‌നേഹിക്കുമായിരിക്കുക

ശൈശവം നല്‍കിയ ചോദന
ആസക്തിയാല്‍ പ്രണയിച്ചു ജീവനെ
ഒന്നുമറിഞ്ഞില്ല അല്ലലും അലട്ടലും
പിന്നെയെപ്പോഴോ വഴിപ്പിരിഞ്ഞു
ജീവിതം തീര്‍ത്തൊരു പന്ഥാവില്‍

കാമം ജയിച്ചും ക്രോധം തഴച്ചും
അതൃപ്തരാം ജീവവാഹകര്‍
അവികാരമാം വിരക്തിയാല്‍
മനംപുരട്ടും കാമഭോഗലോഭങ്ങള്‍

അറിയില്ല ഏതുമേ; അറിയില്ല ഏവരും
നാട്യം നാടകം വേഷപകര്‍ച്ചകള്‍
വേവലാതിയാല്‍ മരണ ഒച്ചകള്‍
ചോദിക്കരുത് പറയരുത്, അന്വേഷിക്കരുത്

അറിവ് മുറിവായി വരും പഴുക്കും വെറുക്കും
മാറണം വസ്ത്രം അഴുക്കുപുരളാതെ
മുഷിയുംമുമ്പേ പുനര്‍ജനിക്കണം മറ്റൊന്നായ്
വരും വിളിക്കാതെ ക്ഷണിക്കാതെ
ഇലയിട്ട് വിളമ്പും പായവിരിച്ച് പുതക്കും

നിശ്ചയമായിട്ടും വരും അതിഥി
ഒരുങ്ങുക സ്വീകരിക്കാന്‍ ആതിഥേയനായി
അണിയുക, അലങ്കരിക്കക കണ്‍കുളിര്‍ക്കേ
ഓടിയൊളിച്ചവന് ഒളിത്താവളം നഷ്ടമാകും

അനുപമം ദീപ്തം ഈ സൗന്ദര്യം
രണ്ട് ഒന്നായി മറ്റൊന്നായി പിന്നെ
പൂജ്യമായി ശൂന്യമായി പൂര്‍ണ്ണമായി
സൃഷ്ടിയും സ്ഥിതിയും സംഹാരവും

ചെയ്യാത്ത ശരിയിലെ പതിരായ തെറ്റുകള്‍
കുറ്റം ശിക്ഷയായി; ശിക്ഷ രക്ഷയായി
അരുതാത്തതൊക്കെ പറഞ്ഞുതീര്‍ന്നു
പറയാനിരിക്കുന്നു ഇനിയുമേറെ
പ്രതിബംബമായി കൊഞ്ഞനംകുത്തുന്നു

ഒടുങ്ങാത്ത ചേരാത്ത നേര്‍രേഖയില്‍
മണ്ണോട് ചേരും കണ്ണായ ദേഹം
പിന്‍വിളിയില്ലാത്ത പുറപ്പാടിത്
കര്‍മ്മത്തെ തേടിയവനെ

കര്‍മ്മഫലം അറിഞ്ഞു വരും
കാത്തുനില്‍ക്കരുത് വഴിത്തിരിവില്‍
നാലുകൂടും വഴിയില്‍ നാട്ടുകാര്‍ കുടും
ഇരുട്ടിന്റെ വഴിയിലേക്ക് വെളിച്ചം കാട്ടിത്തരും


No comments:

Post a Comment