Wednesday, December 28, 2011

ജീവിതം നിസാരമാകുന്നത്

ഒരു വ്യക്തിയ്ക്ക് അയാളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം അത്രയ്ക്ക് പ്രാധാന്യമുള്ളതായി വേറൊന്നും കാണുകയില്ല. ജീവന്‍-ശരീരം-ജീവിതം. ഇങ്ങനെ ജീവന്റെയും ജീവനുള്ള വ്യക്തിയുടെയും അയാളുടെ ജീവിതത്തിന്റെയും മാനങ്ങള്‍ വിവിധ കോണുകളുടെയും വശങ്ങളുടെയും നോക്കി കാണുകയും വിശകലനം ചെയ്യുകയുമാകാം. ജീവനുള്ള ശരീരവും ജീവിനില്ലാത്ത ശരീരവും. ജീവനുള്ള ശരീരം ഞാനാകുന്നതും ജീവനില്ലാത്തപ്പോള്‍ ഞാനല്ലാത്താകുന്നതുമായ പ്രതിഭാസം. ഒരു സിനിമാ കൊട്ടകയില്‍ സിനിമ അവസാനിച്ച് ആളുകള്‍ ബഹളം വച്ച് ഒഴിഞ്ഞുപോകുന്നതുപോലെ ജീവനില്ലാത്ത ശരീരത്തെ അതുവരെയും ഒച്ചയും ബഹളവും അനക്കവും ഉള്ളതായ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു കടന്നുകളയുന്ന അവസ്ഥ. വൈദ്യവിദ്യാര്‍ത്ഥികളുടെ പഠനോപകരണമായി മാറാവുന്നതും അങ്ങനെ അവരുടെ അനാട്ടമി ടേബിളിനുമേല്‍ സവിസ്തരം മലര്‍ന്നങ്ങനെ കിടക്കുന്ന ഒരാള്‍ക്ക് അയാളുടെ മേല്‍വിലാസമോ പേരോ ഊരോ അറിയപ്പെടാതെ പോകുന്നത് അല്ലെങ്കില്‍ അറിയേണ്ടതായ ആവശ്യമേ ഇല്ലാത്തത് പോരാത്തതിന് ഒരു പഠനോപാധി മാത്രമായി ചുരുങ്ങുകയും ചെയ്യുക. അതുവരെ അയാള്‍ ആര്‍ജിച്ച അറിവും ആവേശവും ചിതയിലെരിഞ്ഞ ചാരത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ഒരു പുകയായി മറഞ്ഞില്ലാതാവുകയും ചെയ്യുന്നു.

ജീവിതത്തിന്റെ അസ്തിത്വത്തെ ഏതെങ്കിലും അളവുകോലില്‍ ചുരുക്കുകയും വിസ്തരിക്കുകയോ ചെയ്യുക എന്നുള്ളത് സങ്കീര്‍ണമായ ഒരു പ്രക്രിയ തന്നെയാണ്. ജീവിച്ചിരിക്കുന്ന ആള്‍ക്ക് അയാളുടെ ജീവിതത്തെ ഒരു യന്ത്രത്തെയെന്നോണം എപ്പോള്‍ വേണമെങ്കിലും ഓഫാക്കാം (അവസാനിപ്പിക്കാം) എന്നുള്ള സ്വാതന്ത്ര്യം ആ ജീവനെ സൃഷ്ടിച്ച/സൃഷ്ടിക്കപ്പെട്ട പ്രതിഭാസം പതിച്ചു നല്‍കിയെന്നുള്ളത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പരമമായ സത്യത്തെ ഉല്‍ബോധിപ്പിക്കുന്നു. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ ജീവിക്കാന്‍ വേണ്ടി ഇരക്കുന്ന യാചകന്റെ അവസ്ഥ തന്നെയായിരിക്കും ഏതൊരാള്‍ക്കും വന്നു ഭവിക്കുക. മരിക്കാന്‍ വേണ്ടി യാചിക്കേണ്ട എന്നുള്ള ഒരു സൗജന്യം മാത്രമേ ഇതുകൊണ്ടു ആകുന്നുള്ളൂ. അതേ സമയം നമ്മുടെ അനുവാദമോ അറിവോ കൂടാതെ ഏത് സമയത്തും ജീവനെ അപഹരിച്ചു കടന്നുകളയുന്ന ഒരു പിടിച്ചുപറിക്കാന്റെ തോന്ന്യാസത്തിനും ഇരയാകേണ്ടി വരുന്നു എന്നുള്ളത് ഒരിക്കലും സമരസപ്പെടാന്‍ സാധിക്കാതെ വ്യഥയായി മാറുന്നു. ഒരേ സമയം ഉടമയുടെയും അടിമയുടെയും കീര്‍ത്തിയും വിധേയത്വവും കൊണ്ടുനടക്കേണ്ട ഗതികേടന്നേ പറയാവൂ. താക്കോല്‍ സൂക്ഷിപ്പുകാരന്റെ കൈയിലെ അതേ താക്കോല്‍ അളവ് മറ്റൊരാളില്‍ കാണുമ്പോഴുണ്ടാകുന്ന ജാള്യതയും അര്‍ത്ഥശൂന്യതയും ഇവിടെ വെളിവാക്കപ്പെടുന്നു.

വാടകയ്‌ക്കെടുക്കുന്ന ഒരു വാഹനത്തിന്റെയും അത് ഉപയോഗിക്കുന്ന ആളിന്റെ മനോവ്യവഹാരക്രിയപോലെയാണ് ജീവനും കൊണ്ട് നിര്‍മിക്കപ്പെട്ട ഈ ശരീരത്തിന്റെ അവസ്ഥ വാടകക്കാരന് വാഹനം തിരിച്ചേല്‍പ്പിക്കുന്നത് വരെ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം അത് ഉപയോഗിക്കുന്ന ആളില്‍ നിക്ഷിപ്തമാകുകയും അതേ സമയം വാഹനത്തിന്റെ ആര്‍സി ഉടമ മറ്റൊരാളുവുകയും അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വാഹനത്തെ തിരിച്ചുവാങ്ങി നമ്മളെ റോഡിലേക്ക് തള്ളി വെറും നടയാനയായി മാറ്റാവുന്നതുമാണ്. മറ്റൊരര്‍ത്ഥത്തില്‍ ഈ വാഹനത്തെ നമ്മള്‍ക്ക് നശിപ്പിക്കുന്നതിനോ മറിച്ച് വില്ക്കുന്നതിനോ കേടുപാടുവരുത്തുന്നതിനോ ഉള്ള അവസരവും ലഭിക്കുന്നു.

ഒരാള്‍ ഒരേ സമയം ഒരു വ്യക്തിയും ആള്‍ക്കൂട്ടത്തിലെ ഒരു കണ്ണിയുമായി മാറപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രവും രീതിയും ചലനവും ഉള്‍ക്കൊള്ളപ്പെടുകയും വ്യക്തി താല്‍ക്കാലികമായെങ്കിലും മരിക്കപ്പെടുകയും ചെയ്യുന്നു. വീട്ടിലേക്കുള്ള വഴിയിലോ ഓഫീസിലേക്കുള്ള നടവഴിയിലോ വച്ച് മാത്രമേ നഷ്ടപ്പെട്ടുപോയ വ്യക്തിത്വത്തെ തിരിച്ചു ലഭിക്കുന്നുള്ളൂ. ഒരു ബസ്സായാലും ട്രെയിനായാലും വിമാനമായാലും അതിനുള്ളിലകപ്പെട്ടുകഴിഞ്ഞാല്‍ വ്യക്തിസ്വാതന്ത്ര്യം എന്നത് അല്ലെങ്കില്‍ നമുടെ ജീവന്‍ എന്നത് മറ്റൊരാളാല്‍ അല്ലെങ്കില്‍ മറ്റൊരു പരിസ്ഥിതിയാല്‍ നിയന്ത്രിക്കപ്പെട്ട് യാന്ത്രികമായ ചലനവും യന്ത്രഭാഗത്തിന്റെ ഭാഗീകമായ പങ്കാളിത്തവും മാത്രമേ ഒരു വ്യക്തിക്ക് കാഴ്ച വയ്ക്കാന്‍ കഴിയുന്നുള്ളൂ. ഒരു ആള്‍ക്കൂട്ടത്തില്‍ ഒരു വ്യക്തിയെ തിരിച്ചറിയുക എന്നുള്ളത് പ്രയാസപ്പെട്ട കാര്യമാണ്. അയാള്‍ എന്താണെന്നും എങ്ങനെയാണെന്നും അറിയണമെങ്കില്‍ അയാളുടെ സ്വരൂപത്തിലേക്കോ അയാളുടെ പരിചിതയിടങ്ങളിലേക്കോ അയാളെ അനുഗമിക്കേണ്ടി വരും. അല്ലെങ്കില്‍ അയാളെ ആള്‍ക്കൂട്ടത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് അയാളിലേക്ക് പരിവര്‍ത്തനം ചെയ്യിക്കേണ്ടതായും വരും. ആ സമയത്ത് അയാള്‍ക്ക് സ്വന്തം വ്യക്തിത്വത്തെ വേറൊരാളിന്റെ കല്പനയാല്‍ മാത്രമേ അയാളുടെ ഇംഗിതത്തിനനുസരിച്ച് മാത്രമേ എടുത്ത് അണിയാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു കൂടിയാണ് പൊതൂവാഹനങ്ങളില്‍ കയറിക്കൂടുന്നവര്‍ വേഗം തന്റെ സീറ്റില്‍ വലിഞ്ഞുറങ്ങുന്ന കാഴ്ച നാം കാണുന്നത്. അത് ഉറക്കത്തിനുവേണ്ടിയുള്ള ഉറക്കം ആവണമെന്നില്ല. ഉറക്കത്തിലേക്ക് നമ്മുടെ വ്യക്തിത്വത്തെ ഉറയിടുകയാണ് ചെയ്യുന്നത്.

(തുടരും)


No comments:

Post a Comment