Wednesday, December 28, 2011

ഹൃദയറകളില്‍ വിരിയുന്നത്‌

മരുഭൂമികള്‍ക്ക് പറയാനുള്ളത് നഷ്ടപ്പെടലിന്റെയും നേട്ടത്തിന്റെയും കഥകളാണ്. സമ്പന്നമായ എണ്ണയുടെ മണമാണ് മരുഭൂമിക്കാടുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ നമ്മുക്ക് ആദ്യം ഓര്‍മ്മ വരുക. അവിടങ്ങളില്‍ ജീവന്റെ പാതിയും വിയര്‍പ്പായും കയ്പായും അലിഞ്ഞുതീര്‍ത്തവന്റെ ആര്‍ത്തനാദം, മരുഭൂമിയിലെ കാറ്റിന്റെ ചൂളംവിളിപോലെ ചെവിടുനുള്ളില്‍ ആര്‍ത്തലയ്ക്കും. സമ്പന്നതയുടെ മേച്ചില്‍പ്പുറങ്ങളില്‍ ആവതോളം ആസ്വദിച്ച് ജീവിതം അതിമധുരത്തിന്റെ ധാരാളിത്വം നല്‍കിയ ഹര്‍ഷോന്മാദത്തില്‍ ലയിച്ചമര്‍ന്നവരും വേണ്ടുവോളം. ഇതിനിടയില്‍പ്പെട്ട് ഒരു റബ്ബര്‍ബാന്റ് പോലെ വലിഞ്ഞുമുറുകി കുറുകിയവരുടെ ജീവിതചിത്രവും ചുമരിലെ ആണിയില്‍ തറഞ്ഞുനില്‍ക്കും.

മനസ്സില്‍ മരുഭുമികള്‍ ഉണ്ടാകുമ്പോള്‍ ഒരു മഴത്തുള്ളിയുടെ സ്പര്‍ശത്തിന്, അതിന്റെ ആര്‍ദ്രമായ ശബ്ദത്തിന് ചെവിയോര്‍ക്കുന്നതും മനസ്സ് വിമ്പുന്നതും സ്വാഭാവികം. മനുഷ്യന് തലചായ്ക്കാന്‍ ഒരിടം പോലെ ആശ്വാസത്തിന്റെ പുത്തിരിക്കത്തിക്കുന്നതിനും ആ വെള്ളി വെളിച്ചത്തില്‍ മനസ്സിന്റെ ഇരുണ്ട മൂലകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ദൈന്യതയുടെ ചൂട് ഉരുകിയമരുകയും ചെയ്യും.

എനിക്ക് നിന്റെ സാന്നിദ്ധ്യം എത്രമേല്‍ ആവശ്യമാണെന്ന് ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ അത്രമേല്‍ ഉണ്ടാവില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നിന്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ഒരു നാണയത്തിന്റെ മറുവശങ്ങള്‍ പോലെ അസ്വസ്തതകളും സ്വാസ്ത്യവും പ്രദാനം ചെയ്യും. ഞാന്‍ എന്നും നീ എന്നും ഉള്ള വചനങ്ങള്‍ എതിര്‍ലിംഗങ്ങളുടെ സാമ്യാവസ്ഥകളെ പ്രതിനിധാനം ചെയ്യുമ്പോള്‍ ചില അവസരങ്ങളില്‍ പരലിംഗഭാവനെയേയും അത് ദ്യോതിപ്പിക്കും. ഏതായാലും ഇവ നല്‍കുന്ന മാനസീകവും ആത്മീയവുമായ ഉണര്‍വ്വുകളെ കാണാതെ പോകരുത്.

ഏന്താണോ ഏന്തിനെയാണോ കേള്‍ക്കാനോ കാണാനോ ആഗ്രഹിക്കുന്നത് അവിടെ ഇരുട്ട് പകരുമ്പോള്‍ അല്ലെങ്കില്‍ മുഖമടച്ച് അടയ്ക്കുന്ന വാതിന്റെ ഇരുണ്ടപ്രതലവും അതുണ്ടാക്കുന്ന, മനസ്സിനെ ഉലയ്ക്കുന്ന ശബ്ധവും ഒരു അവസാനത്തെ യാത്രാമൊഴി നല്‍കുന്ന വിവശത പകര്‍ന്നു നല്‍കലാകും. അതുപോലെ കേള്‍വി എന്നാല്‍ സംഗീതവും വാക്കും ഒരു പരിചിതശബ്ദവും നല്‍കുന്ന തണല്‍മരഛായയുടെ സുഗന്ധമാണ് ചിലപ്പോള്‍ നമുക്ക് നഷ്ടമാകുക. അങ്ങനെയുള്ള സമയങ്ങളില്‍ ഹൃദയത്തില്‍ അനുഭവിക്കുന്ന ഒരു സൂചിമുനയുടെ കുത്തിവരയലുകള്‍ നല്‍കുന്ന പാടുകള്‍ ഏത് മഷിത്തണ്ടുകൊണ്ട് മായിച്ചാലും മാഞ്ഞുപോയെന്ന് വരില്ല.

വാക്കുകള്‍ക്ക് മാലപ്പടക്കത്തിന്റെ തിളക്കവും ഗാംഭീര്യവും അന്തരീക്ഷത്തില്‍ ലയിപ്പിച്ച് പതിഞ്ഞിഴയുന്ന മനസ്സുകളില്‍ വിദ്യുത് തരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കും. അതിലൂടെ പുതിയ വികാര വിചാരവേഗങ്ങളെ സംപ്രേക്ഷണം ചെയ്യൂം. അതു മറ്റുള്ളതിനെ സ്വന്തമാക്കുന്നതിനും സ്വന്തം വികാരങ്ങളെ പങ്കുവയ്ക്കുന്നതിനുമുള്ള തീകൊളുത്തലിന്റെ ജ്വലനമാണുണ്ടാക്കുക. വേര്‍ത്തിരിച്ചറിയാനാവിധം ചിന്തകളുടെ സ്വാംശീകരണവും ബഹിര്‍ഗമനവും നടക്കും അപ്പോള്‍. ഒരാളുടെ മനസ്സിന്റെ അകത്തളത്തില്‍ വിഹരിക്കാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ ആ മനസ്സിനെ നിങ്ങള്‍ കീഴ്‌പ്പെടുത്തിയിരിക്കും. മാന്ത്രികന്റെ കരവിരുത് പോലെ ആത്മാക്കളുടെ താവളം വെച്ചുമാറലായി അതുമാറും.

ശരീരത്തില്‍ വേദനിക്കുന്നത് സ്വാഭാവികം. അത് ജനിച്ച നാള്‍ തൊട്ടെ ഉള്ളതാണ്. അവിടെ വേദന, ഇവിടെ വേദന. ബാം പുരട്ടി മിനുക്കിയാല്‍ ശരിയാവുന്ന വേദനകള്‍ ചിലപ്പോള്‍ ഒരേ സമയം നീറ്റലും സുഖവും അറിഞ്ഞു നല്‍കും. ചിലവേദനകള്‍ അങ്ങനെ നമുക്ക് ഹരംകൊള്ളുന്നവയായും മാറും. ചില ചൊറിയലുകള്‍ പോലെ. മനസ്സിന്റെ അഗാധതയില്‍ ഉറവപ്പൊട്ടുന്ന ഇത്തരം വേദനകളില്‍ നമ്മുടെ ശരീരത്തിന്റെ ഭാരമില്ലായ്മയും ഭാരക്കൂടുതലും ഒരു തൂലാസിന്റെ സൂചി മുനയില്‍ അളന്നെടുക്കാന്‍ പ്രയാസമാകും.

അകലങ്ങള്‍, ദൂരത്തിന്റെ തോതില്‍ അളന്നെടുക്കുമ്പോഴുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെ തരണം ചെയ്യാന്‍ സാധിച്ചെന്നിരിക്കും. എന്നാല്‍ മാനസീകമായുണ്ടാകുന്ന അകല്‍ച്ചയും അകന്നുപോകലും ഏതൊരു ബാര്‍ട്ടര്‍ സിസ്റ്റപ്രകാരവും പരീഹരിക്കപ്പെടുകയില്ല. അങ്ങനെ നഷ്ടപ്പെട്ട അടുപ്പത്തില്‍ നമുക്ക് നഷ്ടപ്പെടുന്നത്, ഒരിക്കലും ആ ഇടവേളയില്‍ അനുഭവിക്കാന്‍ കഴിയാതെ പോയ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ കൂടിച്ചേരുകളായിരിക്കും. ആ അവസരത്തില്‍, ആര്‍ദ്രമായ നിലാവിന്റെ വ്യാപ്തിയിലുള്ള സ്‌നേഹം ഒരു കൈക്കുമ്പിളില്‍ ദാഹ ജലത്തിനായി നീട്ടി ആശ്വാസകൊള്ളാനും കഴിയില്ല.

മഴക്കാര്‍ നിറഞ്ഞ ആകാശം എപ്പോഴും പെയ്‌തൊഴിയണമെന്നില്ല. അത് കനത്ത് നില്‍ക്കുക മാത്രം ചെയ്യും. പേടിപ്പെടുത്തും. നിശ്ശബ്ദമായ മൂകതയായിരിക്കും പകരം നല്‍കുക. നിറഞ്ഞ കുടം തുളുമ്പില്ലെന്ന് പറയുന്നതുപോലെ വികാരം നിറഞ്ഞ മനസ്സില്‍ നിന്ന് എന്തെങ്കിലും പുറത്തേക്കുവരിക അസാധ്യം. ഒരു പക്ഷേ പുറത്തേക്ക് എന്തെങ്കിലും ബഹിര്‍ഗമിക്കുകയാണെങ്കില്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടുയര്‍ത്തുന്ന ഭീഷണിപോലെ അതിഭീകരമായിരിക്കും അതിന്റെ പര്യവസാനം. അത്തരം വികാരങ്ങള്‍ മൂടപ്പെട്ടുഴലുമ്പോള്‍ നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തെ വെളിപ്പെടുത്താനാകാതെ വല്ലാത്തൊരു മനോവിഷമത്തിന്റെ ചക്രവ്യൂഹത്തില്‍ നട്ടംതിരിയേണ്ട അവസ്ഥയാണ് സംജാതമാവുക.

മറ്റുള്ളവരെ നമ്മൂടെ വികാരങ്ങള്‍/ആവശ്യങ്ങള്‍ അറിയിക്കുന്നത് ഒരു ശബ്ദത്തിലൂടെയോ, ഒരു ആംഗ്യത്തിന്റെ വിക്ഷേപത്തിലൂടെയോ അല്ലെങ്കില്‍ ഏതെങ്കിലും ഉപാധിയുടെ സഹായത്താലോ ആയിരിക്കും. എന്നാല്‍ ഇപ്പറഞ്ഞ സാധ്യതകളൊന്നും ഉപയോഗിക്കാന്‍ അല്ലെങ്കില്‍ പ്രയോഗിക്കാന്‍ സാധിക്കാത്ത അവസരത്തില്‍ അന്ധകാരം നിറഞ്ഞ നടുക്കടലില്‍ എത്തപ്പെട്ട നാവികന്റെ മനോവെപ്രാളമായിരിക്കും പകരം ഉണ്ടാവുക. അടര്‍ത്തിയെടുത്ത ശൂന്യത ബാക്കി വച്ച ഗാഢതയിലും ഘനത്തിലും ഒരു നിസ്സാഹയതയുടെ വേലിക്കിപ്പുറത്തെ മങ്ങിയ കാഴ്ചമാത്രമാകും നമുക്ക് അനുഭവിക്കാനുണ്ടാകുക.

(ആതിരയുടെ 'തനിയെ' എന്ന കവിതയെ ആസ്പദമാക്കിയെഴുതിയത്)

No comments:

Post a Comment