Wednesday, December 28, 2011

പ്രകൃതിയുടെ വികൃതി

മറവിയായി ഭൂതകാലം
നിസ്സംഗം വര്‍ത്തമാനം
മൗനമായി ഭാവിയും
എല്ലാം ശുഭദായകം

പുഷ്പങ്ങളുടെ സുഗന്ധം
കിളികളുടെ ശ്രുതിമധുരരാഗം
അരുവികളുടെ കളകളാരവം
ഇളംതെന്നലിന്റെ മൂളിപാട്ട്

തീയില്‍ വേവാതെ
വെയിലത്ത് വാടാതെ
മഴയില്‍ കുതിരാതെ
കാറ്റില്‍ കുഴയാതെ

ദീര്‍ഘമാം വീക്ഷണം
സത്യത്തെ തേടും കുശാഗ്രത
പരാജയം, ക്ഷയം, മൃത്യു,
ഏതുമില്ലാത്ത സത്യാന്വേഷണം

വര്‍ഷങ്ങള്‍ പോയതറിയാതെ
ഋതുക്കള്‍ മാഞ്ഞുപോയി
ഭൂമി ഉരുണ്ടും കാലം നീണ്ടും
മുന്നോട്ടുപോയാലും പിന്നോട്ടുതന്നെ

കാലുതളര്‍ന്ന് കൈകുത്തിയിഴഞ്ഞ്
അനന്തതയുടെ ഇടനിലങ്ങളില്‍
കണ്ണില്‍ തൃശ്ശൂലവും കാതില്‍ തീപന്തവും
എന്നാലും മുന്നോട്ടുപോകാതെ വയ്യ

ഓരോ നോക്കും ഓരോ വാക്കും
ദൃഢമായ ചിന്തയും പ്രവൃത്തിയും
ആശ്രിതന് ആശ്രയമായവന്‍
അതു നീ തന്നെ; നീ തന്നെ ശരണം

കഴുത്ത് മുറുകിയമര്‍ന്നു
ഞരമ്പിലൂടെ ചോരച്ചാലുകള്‍
ശ്വാസകോശത്തില്‍ മലിനജലം
ശ്വാസം വഴിമുട്ടി നിലവിളിക്കുന്നു

ആമാശയം ചുളിഞ്ഞുപുളഞ്ഞു
കുടല്‍മാല വായിലൂടെ പുറത്തേക്ക്
ശരീരത്തിനുമുകളിലൂടെ ആയിരം
ചക്രങ്ങള്‍ ആര്‍ത്തിറമ്പിയോടി

ജീവനില്‍ നിന്ന് മൃതിയിലേക്ക്
ആഗ്രഹങ്ങളില്‍ നിന്ന് വിരക്തിയിലേക്ക്
ചൈതന്യത്തില്‍ നിന്ന് നിശ്ചേതനയില്‍
വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക്

നടന്നുതേഞ്ഞ പാദവും
നാവുവരണ്ട പേനയും
പട്ടടയെരിയുന്ന മനസ്സും
അസ്ഥിപഞ്ചരമായ ശരീരവും

കാലുകള്‍ ഭൂമിയില്‍ ആണ്ടുപോയി
തല കഴുത്തില്‍ തറഞ്ഞു
സൃഷ്ടി, സ്ഥിതി, സംഹാരം
ജനനം മരണം സമത്വം

ഒഴുകിനടക്കുന്ന വികാരവിചാരങ്ങള്‍
പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍
സിരകളിലൊഴുകുന്ന നിറം ചുകപ്പ്
പ്രകൃതിയിലലിയുന്ന നിറം പച്ച

പൂര്‍ണ്ണമാകാത്ത അപൂര്‍ണ്ണത
ഭയംമുളക്കുന്ന ബഹുമാന്യത
അടിമത്തതില്‍ വിരിഞ്ഞ ആദരവ്
പുച്ഛം വിതയ്ക്കുന്ന വിധേയത്വം

അടിയറ വെക്കാത്ത അസ്തിത്വം
സ്വത്വബോധം നല്‍കുന്ന സ്വാതന്ത്ര്യം
നോക്ക്, വാക്ക്, കേള്‍വി
വികാരം, വിചാരം, വിബോധം

അസമത്വത്തിനും അനീതിക്കും
അസത്യത്തിനും വഞ്ചനയ്ക്കും
ചതി, കളവ്, കാപട്യം,
ആക്രമണം, അധിനിവേശം

കൊള്ള, കൊല, കൊള്ളിവയ്പ്
പരിഹാസം, ചൂഷണം, അടച്ചമര്‍ത്തല്‍
തിന്മകള്‍ വിളയും കാലം
നന്മകള്‍ വറ്റിയ കോലം

പ്രകൃതിയുടെ വികൃതി
ഒരു ജീവി, അതിജീവി, മറുജീവി
പുഴു, പുല്‍ച്ചാടി, പക്ഷികള്‍
ഇഴഞ്ഞു നടന്നും മനുഷ്യനും

മനുഷ്യന്‍ മനുഷ്യനെ വെറുത്തും
അടിച്ചും പിഴിഞ്ഞും അകറ്റിയും
കുതന്ത്രങ്ങള്‍ കാട്ടിയും പയറ്റിയും
സ്വന്തം വിജയകാഹളം മുഴക്കുന്നു.


No comments:

Post a Comment