Wednesday, December 28, 2011

അകംപൊരുള്‍

തോടുവഴിയിലൂടെ പുഴയിലേക്ക്
പുഴയില്‍ നിന്ന് അഴിമുഖം വഴി
കടലിലൂടെ കടന്നുപോയി
അനന്തമായ കടലിന്റെ
മാറില്‍ നിന്നൊഴുകി തഴുകി
സമുദ്രത്തിന്റെഗാധമായ
വിശാല വിഹായസ്സില്‍
തിരമാലകളുടെ ആരവം സാന്ദ്രസംഗീതം
മനസ്സ് പുതുമഴയുടെ കുളിരില്‍

മനസ്സില്‍ മറ്റൊരു കടലിറമ്പി
ദു:ഖവും നൈരാശ്യവും തീര്‍ത്ത്
ചുഴിയില്‍പ്പെട്ട് ഉഴന്നവന്റെ നിലവിളി
പ്രക്ഷുബ്ധം ഈ മഹായാനസഞ്ചാരം
കരിമ്പാറക്കെട്ടുകളില്‍ തലചിതറി
മരിക്കും തിരക്കൂട്ടങ്ങള്‍ ഒന്നിനുപുറമെ
ഒഴുകുകയാണ് ജലം അറുതിയില്ലാതെ
കാലത്തിന്റെ കറുത്തമേലാപ്പണിഞ്ഞ്
ഓരോ തുള്ളിയും ഓരോ നിമിഷബിന്ദുക്കള്‍
നിശ്ശബ്ദത കൂടുകെട്ടിയ ചങ്ങാടം
ജീവിതത്തിലേക്ക് കാഴ്ചയുടെ ചുണ്ടുപലക
എടുത്ത് ചാടിയവര്‍ പൊളളിയമര്‍ന്നു
നോക്കിനില്‍ക്കാന്‍ സമയമില്ലാത്തവര്‍
നര തലയിലൂടെ അരിച്ചിറങ്ങി മുട്ടോളവും
ആട്ടവും പാട്ടും കൈകോര്‍ക്കലും കൂകിവിളിയും
തപ്പണം തരപ്പെടുത്തണം പുതിയവേഷം
പഴയതിന് പത്തരമാറ്റാണ് സ്വര്‍ണ്ണംപോല്‍
അഴിച്ചുവച്ചതോ ആടിത്തിമര്‍ത്തതോ
അല്പം വിയര്‍പ്പുമണം വെറുതെ കിട്ടും.

നോക്കുകുത്തികള്‍ മനോഹരം
നോട്ടം തെറ്റിയ കണ്ണേറ്
വര്‍ണ്ണശബളം ജീവിതം
തുറിച്ച കണ്ണില്‍ തിളച്ച നോട്ടം
ശ്വാസംമുട്ടെ കാണാക്കാഴ്ച,
മൂടിക്കെട്ടിയ കേട്ടുകേള്‍വി.
കെട്ടരുപങ്ങളില്‍ കോലങ്ങള്‍
വൈകൃതമൊരുക്കിയ സൗന്ദര്യം
അടര്‍ന്ന കണ്ണുകള്‍, ചുളുങ്ങിയ മൂക്ക്
ചീര്‍ത്ത ചുണ്ടുകള്‍, തുങ്ങിയ ചെവി
തലമുടി പൊഴിഞ്ഞു, തലവര തെളിഞ്ഞു.
ഭയപ്പെടുത്തുന്ന ആരാന്റെ തലയോട്ടി
തേച്ചുമിനുക്കിയും തുടച്ചുകുളിച്ചും
പാഞ്ഞടക്കും ഭയന്ന നിലവിളി
ഇരുണ്ട അക്ഷരങ്ങള്‍, നാവിറങ്ങിയ ഭാഷ
വാക്കുകള്‍ നഷ്ടമായ വാക്യങ്ങള്‍
ദിനരാത്രങ്ങള്‍ നഷ്ടമായ കാലം
വര്‍ണ്ണങ്ങള്‍ മങ്ങിയ ജീവിതം
ഉറക്കെ നഷ്ടപ്പെട്ട കണ്‍പോളകള്‍
കൃഷ്ണമണിയില്ലാത്ത കണ്‍കുഴിയില്‍
ഉണര്‍ന്നിരിക്കുന്നു ഇരുട്ടിലായി
നാളെ വരും നമ്മളില്ലാത്ത നല്ലകാലം

ചലിച്ചിരിക്കും സമയസൂചി
ഓടിമറയും സമയരഥം
ആഗ്രഹങ്ങള്‍ മരിച്ചുവീഴും
ബോധം മറിഞ്ഞ് സ്വപ്‌നങ്ങളും
പ്രത്യാശയ്ക്ക് വെളിച്ചമില്ല
ആശ്രയിക്കാന്‍ കൈകളില്ല
ചുഴിക്കയത്തില്‍ മുങ്ങിയ ജീവിതം
നിരാലംബരായ യാത്രികര്‍
പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങള്‍
കൂടിലെ കൂട്ടുതേടി കൂട്ടംചേര്‍ന്ന്
അമ്മയുടെ നെഞ്ചിടിപ്പിന്‍ ചൂടില്‍
കണ്ണടച്ച്, സുസ്മിതം പൊഴിച്ച്
അമൃതവര്‍ഷത്തിലലിഞ്ഞുറങ്ങി

മുഖത്തിനുനേരെ കൊട്ടിയടച്ച വാതില്‍
തൂങ്ങിമരിച്ചവന്റെ തുറിച്ച കണ്ണ്
കൊടുക്കാറ്റിന്റെ ഇരമ്പം മുഴങ്ങി
ഇടിമിന്നല്‍ കബന്ധമാക്കിയ ആകാശം
കടല്‍ വിഴുങ്ങിയ ഭൂമി
മഴത്തുള്ളികള്‍ക്ക് ചാട്ടവാറിന്റെ കാര്‍ക്കശ്യം
ഏവരും വിധിച്ചത് കറുത്ത ശിക്ഷ
ചൂണ്ടുവിരലുകള്‍ നെഞ്ചറ തുളച്ചു
കുത്തോലയില്‍ കോര്‍ത്ത ജീവന്‍
പിറന്ന നാവുകള്‍ നിശ്ശബ്ദം അലറി
ഗതികെട്ട കാലുകള്‍ പാഞ്ഞകന്നു

മിഴിച്ച കണ്ണുകള്‍ മരിച്ചിരുന്നു
അസ്ഥിക്കൂടം പല്ലിളിച്ചു
മജ്ജയും മാംസവും ചീഞ്ഞളിഞ്ഞു.
ശ്മശാനങ്ങളില്‍ തോരണം തൂങ്ങി
തീനാവുകള്‍ കത്തിപടര്‍ന്നു
ഊതിയരിച്ച ചിതയ്ക്ക് പെരുമഴ കാവല്‍
ജലകണങ്ങള്‍ എരിഞ്ഞുതീര്‍ന്നു
ഭൂമിയൊരു ചടുലമായ ചുടലയായി.


No comments:

Post a Comment